പച്ച വെളിച്ചം!
undefined
പച്ച നിറം എന്നും അവൾക്കിഷ്ടമായിരുന്നു. പണ്ട് മലേഷ്യയിലെ വലിയമ്മ കൊടുത്ത ഒരു വയല്പച്ച നിറത്തിലുള്ള സാരികൊണ്ട് പാവാട തയ്പ്പിച്ച്, അതുമിട്ടുകൊണ്ട് പാടവരമ്പിലൂടെ ട്യൂഷനു പോയിവരുമ്പോൾ പാടവും താനും ഒന്നായപോലെ തോന്നും..
പച്ചപുതച്ച ഭൂമിയും, പച്ച വേഷം ധരിച്ച താനും ഒന്നായപോലെ തോന്നും..
വയലേലകളെയും തന്നെയും ഒന്നായി തഴുകി കടന്നുപോകുന്ന തണുത്ത കാറ്റിൽ അവൾ എല്ലാം മറന്ന് വല്ലാത്ത ഒരു മാസ്മരികതയിൽ നടന്നു..
അന്നു തുടങ്ങിയതാകണം പച്ചയോടിഷ്ടം
പിന്നീടിഷ്ടം തോന്നിയത് നല്ല പച്ച നിറത്തിലുള്ള പുളിമരത്തിന്റെ പൂക്കളോടായിരുന്നു..
വല്ലാത്തൊരിഷ്ടം.. ചുറ്റും കൊഴിഞ്ഞു കൂമ്പാരമായിക്കിടക്കുന്ന പച്ച തളിരിലയും അതിനിടയിലെ ഇളം പച്ചയും മഞ്ഞയും ചുവപ്പും ഇടകലർന്ന നിറത്തിൽ അതിമനോഹരമായ ആ കൊച്ചുപൂക്കൾ വീണുകിടക്കുന്നത് നോക്കി വളരെനേരം ഇരുന്നിട്ടുണ്ട്.. കയ്യിലെടുത്താൽ പെട്ടെന്ന് ഇറുന്നുപോകുന്ന പൂക്കൾ.. പക്ഷെ വളരെ മനോഹരം അതിന്റെ സൌന്ദര്യം!
അതുകഴിഞ്ഞ് നല്ല കടും പച്ച ഇലകൾക്കിടയിൽ വിടരുന്ന തൂവെള്ള മുല്ലമൊട്ടുകളോടായി ഇഷ്ടം..
തീർത്താൽ തീരാത്ത ഒരിഷ്ടം.. ഒരിക്കൽ ഒരു സന്ധ്യസമയത്ത് ഏകാകിയായി, ഓണത്തിന് ഊഞ്ഞാലിടാറുള്ള തേന്മാവിൻ ചുവട്ടിൽ, അപ്പുപ്പന്റെ അസ്തിത്തറയുടെ അരികിലായി എന്തോ ചിന്തയിൽ മുഴുകി, അല്ലെങ്കിൽ വെറുതെ പ്രകൃതിയെ നോക്കി ഇരിക്കുമ്പോഴാണ് പതിവില്ലാതെ അങ്ങോട്ട് ശ്രദ്ധിക്കാൻ തോന്നിയത്. വളരെ വർഷങ്ങളായി ആ കുടമുല്ലവള്ളി ഒരു കൊച്ചു ചെടിമരത്തിൽ പടർന്നുകയറി കിടക്കുന്നുണ്ടായിരുന്നു..
അവൾ നോക്കിയപ്പോൾ വെളിച്ചം മങ്ങിത്തുടങ്ങിയ ആ വേളയിൽ ആ ഇലകൾക്കിടയിൽ ചെറിയ കൊച്ച് തൂവെള്ള നിറത്തിൽ എന്തോ കണ്ടപോലെ.. കുറച്ചുകൂടി അടുത്തു ചെന്നു നോക്കി.
വിടരാൻ തുടിക്കുന്ന മുല്ലമൊട്ടുകൾ..!
ഒന്നും രണ്ടുമല്ല.. ചെടി നിറയെ..
ഇലകൾക്കിടയിലെല്ലാം.
അവൾ താഴെ നോക്കി.
മുല്ല പൂത്തുതുടങ്ങിയിട്ട് രണ്ടുമൂന്നു ദിവസമായിക്കാണും
ചുറ്റിനും തലേന്നത്തെ പൂക്കളും അഭിഷേകം നടത്തിയിരിക്കുന്നു.
അവൾ എന്തുചെയ്യണമെന്നറിയാതെ കുറേ നേരം നിന്നു.
പിന്നെ പതിയെ ഓരോ മൊട്ടുകളായി നുള്ളിത്തുടങ്ങി.
എത്ര നുള്ളിയിട്ടും തീരാത്തത്ര മൊട്ടുകൾ.
ചെടിയിൽ തന്നെ നിർത്തിയാൽ നാളെ താഴെവീണു തകരുന്ന പൂക്കൾ..
എല്ലാറ്റിനേയും തനിക്ക് സ്വന്തമാക്കണമെന്ന വെറിയിൽ
അവൾ ഒരുവിധം എല്ലാം ഇറുത്തെടുത്തു.
ഇനി എന്തുചെയ്യാൻ!
തലയിൽ ചൂടുന്ന ശീലം ഇല്ല.
ആർക്കും കൊടുക്കാനും ഇല്ല.
അവൾ കൂട്ടിയിട്ടിരിക്കുന്ന മുല്ലമൊട്ടുകളെ ഓരോന്നായെടുത്ത് ഒരു ഹാരമുണ്ടാക്കി.
ഒരു വലിയ ഹാരം തന്നെ ഉണ്ടായി.
പൂവിന്റെ മത്തുപിടിപ്പിക്കുന്ന മണം..
പൂമാല പൂജാമുറിയിൽ ചാർത്താനും സ്വാർത്ഥത അനുവദിച്ചില്ല.
അവിടെ പതിവായി വയ്ക്കാറുള്ള പൂക്കൾ അച്ഛൻ വച്ചിട്ടുണ്ട്.
അവിടെ ഇത് അധികപ്പറ്റാകും പോലെ..
അല്ലെങ്കിലും അതിനകത്തായാൽ തനിക്കീ സൌരഭ്യം നഷ്ടമാകില്ലേ?!
അവൾ ഒടുവിൽ മാല തന്റെ തന്നെ കഴുത്തിലണിഞ്ഞു നടന്നു..
പണ്ടത്തെ കഥയിലെ ഏതോ നായികമാരെപ്പോലെ..
പന്ത്രണ്ടുവയസ്സുകാരിയായ നായിക..
പച്ച അവളെ ഒരുപാട് വിഷമിപ്പിച്ചിട്ടുമുണ്ട്..
തനിക്കിഷ്ടപ്പെട്ട ഒരാൾ പച്ച നിറമണിഞ്ഞ്, മറ്റൊരാളുടെ ഹൃദയത്തിൽ സന്തോഷം വിരിയിക്കുന്നത് കണ്ട് കുറെ വർഷങ്ങൾ അസൂയ പിടിച്ചു നടക്കേണ്ടി വന്നു. പച്ച അവളുടെ നിറമായതിനാലാണ് അവൾക്ക് കൂടുതൽ വിഷമം വന്നത്..
പക്ഷെ, തന്റെ ഏറ്റവും പ്രിയ സുഹൃത്ത് ആദ്യമായും ഒരു പക്ഷെ അവസാനമായും തന്നെ കണ്ടതും
പച്ച നിറത്തിലുള്ള വേഷവുമിട്ടാണ്..
പിന്നെയാണ് അവൾക്ക് വട്ടുപിടച്ചത്..
കൊച്ചു പച്ച പൊട്ടുകളിൽ നോക്കി അവൾ ഏറെ നേരം ഇരിക്കും..
ആ ലൈറ്റുകൾക്ക് തന്നോട് എന്തോ പറയാനുണ്ട് എന്ന ഒരു തോന്നലിൽ..
തുടരും..
[വെറുതെ എഴുതിയതാണ്.. പനിയൊക്കെ തീർന്നു വരുന്നതെയുള്ളൂ.. നാളെ പൂർത്തിയാക്കാം..]
0 comments