ചാന്തുപൊട്ടും പിന്നെ ഒരു ആൾമാറാട്ടവും...
undefined
ഇന്ന് ഒരു ആൾമാറാട്ട കഥ പറയാം..
എന്റെ മകളുടെ ഡാന്‍സ് മാഷ് ഈയ്യിടെ കുണുങ്ങി, കുഴഞ്ഞു കൊണ്ട് പറഞ്ഞു, ‘ഇനി മുതൽ എന്നെ സ്മിതേ എന്നു വിളിക്കൂ..’
ഞാന്‍ മൂക്കത്ത് വിരല്‍ വച്ച് നിന്നുപോയി.. നല്ല ഒത്ത ഒരാണ് നിന്ന് പെണ്ണുങ്ങളെപ്പോലെ കുഴഞ്ഞു കൊണ്ട് പറയുകയാണ് സ്മിതേന്ന് വിളിക്കാൻ!
എന്നെ കൂടുതൽ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം/അദ്ദേഹി, വാചകം കമ്പ്ലീറ്റ് ചെയ്തു.
‘ഞാന്‍ പെണ്ണാകാന്‍ പോകുന്നു!’
ഒരു ആണു പെണ്ണാകുന്നത് ഡാൻസിനു മേക്കപ്പിടുന്നപോലെ അത്ര എളുപ്പമുള്ള കാര്യമാണെന്നാണോ ഈ മാഷ് കരുതുന്നത്?! ചോദിച്ചില്ല, മനസ്സില്‍ തോന്നി.
സത്യം പറഞ്ഞാല്‍, അദ്ദേഹത്തിന്റെ അധികമായ മേക്കപ്പാസക്തി കാരണമാണ് ഞാന്‍ എന്റെ മകളെ അവിടെ നിന്നും പായിച്ച് വെളിയിലാക്കിയത്. സ്വതവേ മേക്കപ്പിടാന്‍ മടിച്ചിയും, അത് മറ്റുള്ളവര്‍ക്കിട്ടുകൊടുക്കാന്‍ അതിലും മടിച്ചിയും, അമിതമായി മേക്കപ്പിട്ട് നടക്കുന്നവരെ കാണുമ്പോള്‍ ഒരലര്‍ജ്ജിയും മാത്രം തോന്നുന്ന ഞാനെങ്ങിനെ ഒന്നിനുപിറകെ മൂന്നും നാലും കോട്ട് പെയിന്റൊക്കെ അടിച്ച് മക്കള്‍ അങ്ങിനെ മന്ദം മന്ദം താറാവിനെ പായിച്ചുകൊണ്ടൂപോകുന്നപോലെ പോയി ഈ മാഷിനോടൊപ്പം സ്റ്റേജില്‍ നടനം ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍! എന്റെ മകളെവിടെ എന്നു കണ്ടുപിടിച്ചെടുക്കാന്‍ തന്നെ മൂന്നു മിനിട്ടെങ്കിലും പിടിക്കും. അതിനിടയില്‍ കഴിയും അവരുടെ പെര്‍ഫോര്‍മനസും! ആകെ അഞ്ചുമിനിട്ട് നൃത്തത്തിനായിരുന്നു, രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ ഒരുക്കം! എല്ലാം കഴിയുമ്പോൾ മണി 11 ഉം. ഇതിലും ഭേദം വല്ല കഥകളിയെങ്ങാനും അഭ്യസിക്കുകയായിരുന്നു എന്നു തോന്നി.. അല്ല പിന്നെ!
അങ്ങിനെ, പറഞ്ഞു വന്നത്.., ഡാൻസ് മാഷിന്റെ ആള്‍മാറാട്ടത്തെപ്പറ്റി അല്യോ, തുടരട്ടെ...
മാഷിനെപ്പറ്റി പറയുകയാണെങ്കിൽ, മാഷ്, ദിലീപ് ചാന്തുപൊട്ടിൽ (ഇതുവരെ നന്നായി കണ്ടില്ല) കെട്ടിയ വേഷത്തിന്റെ ശരിക്കുമുള്ള രൂപം ഇങ്ങ് ഈ നാട്ടിലുണ്ട് എന്ന് ദിലീപിനോട് വിളിച്ച് പറയണം പറയണം എന്ന് പലവുരു കരുതിയിട്ടുണ്ട്. അത്രയ്ക്ക് സാമ്യമുണ്ട് സാറിന്റെ യധാര്‍ത്ഥ റോളും ദിലീപിന്റെ ഫിലിം റോളും തമ്മില്‍! സാറ് ദിലീപിനെ അനുകരിച്ചതാണോ?
ഏയ് ആവില്ല, ആ സിനിമ ഇറങ്ങുന്നതിനു മുന്‍പേ തന്നെ ഞാന്‍ മാഷിൻനെ കണ്ടിട്ടുണ്ട്.. അന്നും ഇങ്ങിനെ തന്നെ.
ദിലീപ് ഇനി ഇവിടെയെങ്ങാനും വന്ന് മാഷിനെ കണ്ട് അതുപോലെ അനുകരിച്ചതാകുമോ?!
എങ്ങിനെയായാലും.. നല്ല ഒത്ത തടിയും പൊക്കവും മസിലും ഒക്കെയുള്ള
ആരോഗ്യദൃഢഗാത്രനായ നമ്മുടെ ഡാന്‍സ് മാസ്റ്റര്‍ പെണ്ണാകാനുള്ള ഹോര്‍മോണ്‍ ചികിത്സയിലാണിപ്പോള്‍..
ഹും! എത്രയോ അമ്മമാര്‍ ഒരു ആണ്‍കുഞ്ഞുണ്ടാകാത്തതില്‍ മനംനൊന്ത്, അവഹേളിക്കപ്പെട്ട്, അപമാനിപ്പിക്കപ്പെട്ട്, ആത്മഹത്യചെയ്യപ്പെട്ട് ഇരിക്കെ, ഇതാ ഒരു അപൂര്‍വ്വ ജന്മം തനിക്ക് വരദാനമായി കിട്ടിയ പുരുഷ ജന്മം ത്വജിക്കാന്‍ പോകുന്നു!
കമ്പ്ലീറ്റായിട്ട് പെണ്ണായി മാറും മുന്‍പ് തന്നെ മാഷ്, തനിക്ക് അങ്ങ് കൊച്ചിയില്‍ ഒരു ബോയ്ഫ്രണ്ട് ഉണ്ടെന്നും വളരെ അഭിമാനകരമായി പ്രഖ്യാപിച്ചും കഴിഞ്ഞു. അങ്ങിനെ ആ കഥ അവിടെ അവസാനിക്കുന്നു.
ഇനി ആത്മയുടെ കഥ പറയട്ടെ,
ആത്മ ഈ ബ്ലോഗില്‍ ഒരു സ്ത്രീയായിട്ടല്യോ എഴുത്ത് തുടങ്ങിയത്?
ഈയ്യിടെയായി ഒരു തോന്നല്‍, എന്തുകൊണ്ട് ഒരു ആണായി മാറിക്കൂടാ എന്ന് . ആത്മ എന്ന പേര് ആണിനും ചേരുമല്ലൊ അല്ലെ? യധാര്‍ത്ഥജീവിതത്തില്‍ മനുഷ്യര്‍ക്ക് ആള്‍മാറാട്ടം നടത്താമെങ്കില്‍ പിന്നെ വെറും ഒരു ബ്ലോഗ് എഴുത്തുകാരിക്ക് എന്തുകൊണ്ട് ഒരു എഴുത്തുകാരനായിക്കൂടാ? കാരണം എന്തെന്നു വച്ചാല്‍, ആത്മയ്ക്ക് ഇനീം ചിലപ്പോള്‍ ഫ്രീയായിട്ട് സമയം കിട്ടും, ആത്മ വല്ലതുമൊക്കെ എഴുതിക്കൊണ്ടിരിക്കും, എന്നാലും ഒരു സ്ത്രീയ്ക്ക് ഇത്രയും പാടില്ല, എന്ന് ആരെങ്കിലും കരുതും.. പിന്നെ ആത്മ ഇടയ്ക്കിടെ അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരും. അത് സ്ത്രീയായ ആത്മയെ തകര്‍ക്കും. എന്നാല്‍ പുരുഷനായ ആത്മയെ തകര്‍ക്കില്ലായിരിക്കാം എന്ന ഒരു തോന്നല്‍...
പുരുഷനായാലും അല്പം സോഫ്റ്റ് പ്രകൃതമായിരിക്കും കേട്ടൊ,
അധികം ഒന്നും ഹോര്‍മ്മോണ്‍ കുത്തിവയ്ക്കുന്നില്ല.
പുരുഷനാകുന്നതിനെപ്പറ്റി എഴുതിയപ്പോൾ പണ്ടത്തെ ഒരോർമ്മ വരുന്നു..,എന്റെ ഒരു കൂട്ടുകാരി നളിനിയുടെ കഥ..
നളിനി എന്റെ ഹോസ്റ്റലിലെ കൂട്ടുകാരിയായിരുന്നു. നളിനിയ്ക്ക് ഒരു ചേച്ചിയോട് ഭയങ്കര സ്നേഹം. നളിനിക്ക് ഓണത്തിന് “to see your eyes only" എന്നൊക്കെ പറഞ്ഞ് കാർഡയച്ച (ചേച്ചിയുടെ മറ്റ് ആരാധികമാർ കാണരുത്, കുശുമ്പ് വരും, എന്നുകരുതി എഴുതിയതായിരുന്നു) ചേച്ചി.
ആ ചേച്ചി ഹോസ്റ്റലിൽ നിന്നും പിരിയുന്നു.. ചേച്ചി പിരിഞ്ഞുപോയപ്പോൾ നളിനി അമ്പേ തകർന്നു തരിപ്പിണമായിപ്പോയി. തകർച്ച മാറ്റാനായിട്ട് ഒരു നല്ല ഡയറിയെടുത്ത് അതിൽ നിറയെ വയലാറിന്റെ എന്നല്ല, റേഡിയോവിൽ കേൾക്കുന്ന പ്രേമഗാനങ്ങളൊക്കെ വള്ളിപുള്ളിവിടാതെ എഴുതി നിറക്കുകയായിരുന്നു നളിനെ ആ അവധിക്കാലം മുഴുവനും..
ഡയറിയുടെ പകുതിയോളം ഗാനങ്ങൾ നിറഞ്ഞപ്പോൾ, നൊമ്പരം കുറേശ്ശേ കുറേശ്ശേ കുറഞ്ഞു വന്നു..
എങ്കിലും നളിനി വീണ്ടും എഴുത്തു തുടർന്നു. ഡയറിയുടെ ഒരു മുക്കാലൊക്കെ ആയപ്പോഴാണ് നളിനിക്ക് ബോധം ഉദിച്ചത്! അയ്യേ! ഇതൊക്കെ ആണുങ്ങൾ പെണ്ണുങ്ങളെപ്പറ്റി എഴുതിയ പാട്ടുകളല്ലെ?
അപ്പോൾ താനെന്താ ആണാണോ?
പോരാത്തതിന് അപ്പുറത്തെ മുറിയിൽ നല്ല ഒത്ത ഒരാണെന്നും പറഞ്ഞ് ഒരു പുരുഷസഹോദരൻ തയ്യാറെടുപ്പു നടത്തുന്നു.. അവൻ ഉള്ളപ്പോൾ താൻ കൂടി എങ്ങിനെ ആണാകാൻ! ഒരിക്കലും നടക്കുന്ന കാര്യമല്ല. പെണ്ണായാലേ രക്ഷയുള്ളൂ. ഇനിയിപ്പം എന്തുചെയ്യാൻ! പാട്ടുകൾ എല്ലാം എഴുതീം പോയി.. നളിനിക്ക് ആകെ ഒരു ലജ്ജ! അതും പോട്ട്, ഈ എഴുതിയതൊക്കെ വേസ്റ്റായോ? അതിലും വലിയ നഷ്ടം തന്റെ മനസ്സിൽ രണ്ടു വർഷം കൊണ്ടുനടന്ന പ്രേമം അതും കമ്പ്ലീറ്റ് വേസ്റ്റായിരുന്നോ എന്നുള്ള ചിന്തയായിരുന്നു.. അങ്ങിനെ വളരെ വിഡ്ഡിത്തമായിരുന്നു എന്റെ കൂട്ടുകാരി നളിനീടെ ടീനേജ് കാലം..
ആണുങ്ങളുടെ ബോഡി ലാഗ്വേജ് ഇഗ്നോർ ചെയ്ത് ചെയ്ത്, ഒടുവിൽ മനസ്സിലാക്കാനൊട്ട് ആകുന്നുമില്ലായിരുന്നു പാവത്തിന്.
തുടരും..
0 comments