നോ ഐ കോണ്ടാക്റ്റ്...  

Posted by Askarali

മിനിയുടെ നോട്ടത്തിന് എന്തോ പ്രത്യേകതകളുണ്ടെന്ന് പണ്ട് അമ്മയാണ് ആദ്യം അറിഞ്ഞത്. മിനിയെ പ്രായമായ അമ്മുമ്മയോടൊപ്പം അയച്ചിട്ട്, അമ്മയെ പിരിഞ്ഞ വിരഹം താങ്ങാ‍നാകാതെ തിരിച്ച് ചെല്ലുമ്പോൾ, കട്ടിലിൽ അമ്മയുടെ അരികിൽ കൈകാലിട്ടടിച്ച് തുള്ളിക്കളിക്കുന്ന അനിയനെ കണ്ട് ഉയിരെരിയുമ്പോൾ, സഹതാപത്തോടെ അമ്മ മിനിയെ നോക്കിയപ്പോൾ...

പിന്നെ, തെറ്റുചെയ്യാത്ത മിനിയെ അനിയനൊപ്പം ശിക്ഷിക്കുമ്പോൾ മിനി മൌനമായി ഒന്നു നോ‍ക്കിയാൽ മതി, അമ്മ ചൂളിപ്പോകുമായിരുന്നു. തന്റെ ജാള്യത മറയ്ക്കനായി അമ്മ ദേഷ്യം വരുത്തി ചോദിക്കും, ‘ഹും എന്താടീ തുറിച്ചു നോക്കുന്നത്?’ സത്യത്തിൽ നിന്നും ഇനിയും മറച്ചുപിടിക്കാനറിയാത്ത തന്റെ കണ്ണുകൾ എങ്ങോട്ട് നോക്കണമെന്നറിയാതെ മിനി ഒരു ഒളിവിനായി പിടയ്ക്കും.

പിന്നീട് സ്ക്കൂളിൽ ചേരാറായപ്പോൽ സത്യം മാത്രമേ പറയാവൂ.. അന്യന്റെ സാധനങ്ങൾ എടുക്കരുത്, തുടങ്ങി കുറെ നിബന്ധനകൾ രണ്ടുപേരെയും ഇരുത്തി പറഞ്ഞുതന്നപ്പോൾ, ‘ഇതൊക്കെ നടക്കുന്ന കാര്യമാണോ അച്ഛാ?! എന്നോ, ‘അയ്യേ! ഇതൊക്കെ ആൾ‌റഡി എനിക്കറിയാമായിരുന്നല്ലൊ അച്ഛാ’ എന്നോ മറ്റോ വലിയ ഗമയിൽ അനിയന്റെ അടുത്ത് ഞെളിഞ്ഞിരുന്ന് മിനി അച്ഛനെ നോക്കിയപ്പോൾ; അച്ഛനും കൂടി ഇതേ ചോദ്യം ചോദിച്ചപ്പോൾ മുതൽ തുടങ്ങി, ‘നോ ഐ കോണ്ടാക്റ്റ്...’

അനിയൻ അമ്മയുടെ കുട്ടിക്കൂറാ പൌഡറിലും നൈലോൺ സാരിയിലും മൂടിയ മിനുസമാർന്ന ശരീരത്തിൽ മാതൃത്വം കണ്ടെത്തിയപ്പോൾ, താൻ മാറിമാറിവരുന്ന വീട്ടുജോലിക്കാരികളുടെ വിയർത്തൊട്ടിപ്പിടിച്ച ദേഹങ്ങളിലും അമ്മുമ്മയുടെ ചുക്കിച്ചുളിഞ്ഞ തൊലിയിലും മാതൃത്വം കണ്ടെത്താൻ ശ്രമപ്പെടുമ്പോൾ.., ‘അനിയന്റെ അമ്മ’ മുന്നിൽ വന്നുനിൽക്കുമ്പോൾ.. ‘നോ ഐ കോണ്ടാക്റ്റ്’

പിന്നെ പൊടുന്നനെ അമ്മുമ്മ പടിയിറങ്ങിപ്പോയപ്പോൾ അനാധയായ താൻ അതുവരെ അപരിചിതമായിരുന്ന അമ്മയുടെ കിടപ്പുമുറിയിൽ അധികപ്പറ്റുപോലെ ഓരത്ത് കിടക്കുമ്പോൾ, ആരോടും ‘നോ ഐ കോണ്ടാക്റ്റ്...’

ഒന്നാം ക്ലാസ്സിൽ, നീട്ടിയ കൈകളിലൊക്കെ ചുവപ്പ് വരകൾ സമ്മാനിച്ച് നീങ്ങുന്ന ടീച്ചറിന്റെ വടി കുറുപ്പുചേട്ടന്റെ മകളുടെ കൈകളിൽ മാത്രം വീഴാതെ നീങ്ങുമ്പോൾ പരുങ്ങലോടെ കൈകൾ താഴുത്തുന്ന കുട്ടിക്ക് ‘നോ ഐ കോണ്ടാക്റ്റ്.. ’

ആകെ 20 പേർ മാത്രം ഉള്ള; ഇംഗ്ലീഷ് മീഡിയം ക്ലാസ്സിൽ, ഇംഗ്ലീഷില്‍ വിഷയങ്ങളെല്ലാം പഠിപ്പിക്കാന്‍ ടീച്ചേറ്സും പഠിക്കാന്‍ കുട്ടികളും ബദ്ധപ്പെടുമ്പോള്‍, പൈതഗോറസ് സാറ് അച്ഛനോട് , ‘ഇതിൽ അല്പം ഹോപ്പ് ഉള്ളത് മിനിയിൽ മാത്രം ’ എന്നു പറഞ്ഞതിൽ പിന്നെ സാറുമായി ‘നോ ഐ കോണ്ടാക്റ്റ്...’

അനിയന്റെ ട്യൂഷൻ സെന്ററിൽ അവന്റെ കൂട്ടുകാർ, ഇടയിലെ തട്ടിയിലെ വിടവിലൂടെ ചേച്ചിയെക്കാണാൻ ഔത്സുക്യത്തോടെ നോക്കുമ്പോൾ പരിഭ്രാന്തപ്പെട്ട്(?) തിരിച്ച് അവരെ കണ്ടുപിടിക്കാനുഴലുന്ന കണ്ണുകൾ കണ്ട് അവർ, ‘നിന്റെ ചേച്ചിയ്ക്ക് സൈക്കോളജി അറിയാമോ? വല്ലാത്ത നോട്ടം!’ (ഒരു പക്ഷെ, ഇനിയും കണ്ടുപിടിക്കാതിരുന്ന ഷോർട്ട് സൈറ്റ് ആയിരുന്നിരിക്കാം എന്റെ ആ തുറിച്ചു നോട്ടത്തിന്റെ പിന്നിൽ..) അതില്പിന്നെ അവരുറ്റെ നേർക്ക്, ‘നോ ഐ കോണ്ടാക്റ്റ്...’

തിരുവനന്തപുരത്ത് സാമാന്യം ഭേദപ്പെട്ട ഒരു വിമൺസ് കോളേജിലെ മലയാളം ക്ലാസ്സിൽ (രണ്ടുക്ലാസ്സ് ചേർത്തിട്ട് നൂറോളം പിള്ളേരുടെ ഇടയിൽ) ഒരു നല്ല മലയാളം ടീച്ചർ എല്ലാവരോടുമായി എന്തോ ഒരു വിഷയം തന്നിട്ട് അതെപ്പറ്റി എഴുതാൻ പറഞ്ഞപ്പോൾ അതിൽ നിന്നും സിലക്റ്റ് ചെയ്ത രണ്ടുമൂന്നെണ്ണത്തിൽ നിന്നും ഒന്ന് തന്റെതായിരുന്നു എന്നു കണ്ട്, തന്നെ തിരയുന്ന കണ്ണുകളുമായി ഏറ്റുമുട്ടാതിരിക്കാൻ (ക്ലാസ്സിന്റെ ശ്രദ്ധ തന്നിലേക്കാകാതിരിക്കാൻ..) ‘നോ ഐ കോണ്ടാക്റ്റ്...’

ഡിഗ്രിക്ക് ഇക്കണോമിക്സ് ക്ലാസ്സിൽ നല്ല മാർക്കും കൂടാതെ അടുത്തിരുന്ന പാവപ്പെട്ട കുട്ടികളെ സാമ്പത്തികമായി ഇരുചെവിയറിയാതെ സഹായിക്കുകയും ചെയ്തപ്പോൾ ഒരു ടീച്ചർ എല്ലാം അറിഞ്ഞമാതിരിയോ എന്നു തോന്നുമാറ് ‘ഇവിടെ പാവപ്പെട്ട കുട്ടികൾ ഒരുപാടുണ്ട്, അവരെക്കൂടെ സഹായിക്കുക’ എന്നുപറഞ്ഞപ്പോൾ താൻ പിടിക്കപ്പെടുമോ എന്നു കരുതി, ‘നോ ഐ കോണ്ടാക്റ്റ്...’

സത്യമേ പറയാവൂ എന്നു പറയുന്ന അച്ഛൻ ഒടുവിൽ കളവു പറയുമ്പോൾ ‘നോ ഐ കോണ്ടാക്റ്റ്’. എല്ലായിടത്തും വിജയിച്ച് ശരിയുടെ പ്രതീകമായി മനസ്സിൽ സങ്കല്പിച്ച അമ്മയുടെ ഇമേജ് പെട്ടെന്നൊരിക്കൽ തകർന്നുടഞ്ഞുവീണപ്പോൾ തകർന്നത് തന്റെ ജീവിതം മുഴുവനുമായിരുന്നു എന്നറിഞ്ഞതിൽ‌പ്പിന്നെ അമ്മയോടും ‘നോ ഐ കോണ്ടാക്റ്റ്’

വിവാഹക്കമ്പോളത്തിൽ ഒരു തലനാരിഴവ്യത്യാസത്തിൽ ഇരുവരും നഷ്ടം വരിക്കാൻ തയ്യാറായപ്പോൾ... ഒടുവിൽ മറ്റുള്ളവരോട് ചേർന്ന് മിനിയെ അവഗണിക്കാൻ പഠിച്ച ഭർത്താവിനു നേരേയും ‘നോ ഐ കോണ്ടാക്റ്റ്’, അച്ഛനുനേരെയും അമ്മയുടെ നേരെയും ‘നോ ഐ കോണ്ടാക്റ്റ്..’

തന്റെ കയ്യിൽ നിയതി ഭദ്രമായി ഏൽ‌പ്പിച്ച ജീവനെ രക്ഷിക്കാൻ കഴിയാതെപോയതിൽ‌പ്പിന്നെ മക്കളുടേ നേർക്കും, ‘നോ ഐ കോണ്ടാക്റ്റ്..’

ഒടുവിൽ യധാർത്ഥ സ്നേഹം മുന്നിൽ വന്നു നിന്നപ്പോൾ(?), ഒരിറ്റുസ്നേഹത്തിനുവേണ്ടി പിടയ്ക്കുകയായിരുന്ന തന്റെ ഹൃദയത്തെ ‘സ്നേഹം’ കണ്ടുപിടിക്കാതിരിക്കാനായി, ‘നോ ഐ കോണ്ടാക്റ്റ്...’

പറക്കമുറ്റാറായ മക്കൾ ദൂരെ ചേക്കേറുമ്പോഴും, ബലക്ഷയം വന്ന ശരീരത്തിനും മനസ്സിനും തണലിനോ ആശ്രയത്തിനോ ആരുമില്ലെന്നറിയുമ്പോഴും, ആരുടെ നേർക്കും.. ‘നോ ഐ കോണ്ടാക്റ്റ്’

ഒടുവിൽ അവൾ മനസ്സിലാക്കി, താൻ കണ്ണുകളിൽ ഒരു വലിയ മറയിട്ട്, എല്ലാവരെയും, എല്ലാറ്റിനെയും, നോക്കാൻ പഠിച്ചിരിക്കുന്നു!!! സത്യത്തിന്റെ നേർക്കും, അസത്യത്തിന്റെ നേർക്കും, ഒരുപോലെ കണ്ണടയ്ക്കാൻ പഠിച്ചിരിക്കുന്നു!!! പിന്നെ ആരോട് മാത്രമാണ് തനിക്ക് ഐ കോണ്ടാക്റ്റ്?! നിഷ്കളങ്കതയുടെ പര്യായമായ പിഞ്ചു കുഞ്ഞുങ്ങളുടെ നേർക്ക്... (വേദനയോടെയെങ്കിലും..);
പ്രകൃതിയുടെ കണ്ണുകളിൽ ഉറ്റുനോക്കിയിരിക്കാൻ...; പിന്നെ അക്ഷരങ്ങളുടെ കണ്ണിലും...

(സങ്കൽ‌പ്പവും യാധാർത്ഥ്യവും ചേർത്ത് ഉണ്ടാക്കിയെടുത്ത ഒരു കഥ)

This entry was posted on 11:08 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments