വൈരുദ്ധ്യങ്ങള്‍‌...  

Posted by Askarali

സന്തോഷവും സന്താപവും ഒക്കെ എത്ര പെട്ടെന്നാണ് മാറി മാറി വരുന്നത്! അല്‍പ്പം മുന്‍പാണെഴുതിയത്.. ഇന്ന് എഴുതാന്‍ മൂഡില്ല എന്നൊക്കെ.. പക്ഷെ, ഒന്നു കുളിച്ച് പ്രാര്‍ത്ഥിച്ച് വന്നപ്പോള്‍ എല്ലാം ഓ.കെ!

ചില ദിവസങ്ങള്‍ കടന്നുപോകുന്നതേ അറിയില്ല. ചില ദിവസങ്ങളെ ഉന്തി തള്ളി വിട്ടാലേ കടന്നുപോകുള്ളൂ! ഇന്നത്തെ ദിവസം കടന്നു വന്നതും പോയതും അറിഞ്ഞേ ഇല്ല! ഇന്നലത്തെതിന്റെ ബാക്കിപോലെയായിരുന്നു.. കുളിക്കുന്നതുവരെ.. കുളീം തേവാരവുമൊക്കെ കഴിഞ്ഞമാതിരി നടക്കുകയായിരുന്നു.. പെട്ടെന്നാണോര്‍മ്മ വന്നത് ദൈവമേ അതൊക്കെ ഇന്നലെയല്ലായിരുന്നോ?!

ഇന്നലെ ഒരു മാവിന്റെ ചായ്ഞ്ഞ് കിടക്കുന്ന ശിഖരം വെട്ടി മുറിച്ച് താഴത്തിട്ട് വീണ്ടും ചന്നം പിന്നം വെട്ടി. ആകെയുള്ള അല്പം പുല്‍ത്തകിടി നിറയെ മാവുകളുടെ ശിഖരങ്ങള്‍ കൊണ്ടു നിറഞ്ഞു കിടക്കുകയായിരുന്നു.. അപ്പോഴത്തെ ഒരാവേശത്തില്‍ മാവു വെട്ടിയെങ്കിലും ശരീരം എവിടെയൊക്കെയോ പണിമുടക്കും എന്നു മുന്നറിയിപ്പു തന്നതിനാല്‍ പിന്നെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇനി ഒന്നുരണ്ടു ശിഖരങ്ങള്‍ കൂടി വെട്ടിയാലേ ശരിയാവൂ..!

‘ഈ ആത്മ എന്താ ഒരിക്കല്‍ ഒന്നു പറയും പിന്നീട് മറ്റൊന്ന് പ്രവര്‍ത്തിക്കും!’ എന്ന് ഈ പോസ്റ്റ് വായിക്കാനിടയാകുന്നവര്‍ ചിന്തിക്കുമല്ലൊ, ആത്മയും ചിന്തിച്ചുനോക്കട്ടെ..,

ഒരിക്കല്‍ എഴുതി, ‘മരം മനുഷ്യരെപ്പോലെയാണ് വെട്ടരുത്.. വെട്ടാന്‍ വരുന്നവര്‍ ദ്രോഹികളാണ്’ എന്നൊക്കെ.. പക്ഷെ ആത്മ നിവര്‍ത്തിയില്ലാതെ മാവു വെട്ടിയത് എന്തെന്നാല്‍...

മാവിന്റെ മൂട്ടില്‍ ഒരു നെല്ലി അങ്ങിനെ തഴച്ചു വളരാന്‍ തുടങ്ങീട്ട് കുറേ നാളായി! അതും കാട്ടുനെല്ലി.. ഒരു പക്ഷെ കായ്ച്ചാല്‍ ഈ അന്യനാട്ടില്‍ ആത്മേടെ മുറ്റത്ത് വൈറ്റമിന്‍ സി ഡിഫിഷ്യന്‍സി ഉണ്ടാകില്ലാ, പിന്നെ കാണുന്നവര്‍ മൂക്കത്ത് വിരല്‍ വച്ച് ‘എങ്കിലും ആത്മേ പറ്റിച്ചുകളഞ്ഞല്ലൊ!, കേരളത്തീന്ന് ഒരു നെല്ലിമരം ഇവിടെ മൂടുപിടിപ്പിച്ചല്ലൊ’ എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കുന്ന രംഗം.. അങ്ങിനെ ഒരുപാട് കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ ഈ നെല്ലി മരത്തിനെ ചുറ്റിപ്പറ്റി വിരിയാന്‍ തുടങ്ങുമ്പോഴാണ് ഈ മാവ് ഒരു പ്രതിബന്ധമായി തോന്നാന്‍ തുടങ്ങിയത്.. ഒരു തുള്ളി സൂര്യപ്രകാശം തട്ടാനാകാതെ നെല്ലിയുടെ മുകളിലൂടെ ചായ്ഞ്ഞ് ചരിഞ്ഞ്, പിന്നെ അടുത്തു നില്‍ക്കുന്ന പ്ലാവിന്റെ ഗതിയും തടസ്സപ്പെടുത്തി.., ഒരല്പം ആക്രാന്തം മാവിനു കൂടുന്നില്ലേ.. എന്നൊരു ശങ്ക!

പാവം നെല്ലിമരം പാത്തും പതുങ്ങിയും രണ്ടായി തിരിഞ്ഞ് ഒരു കവരം മതിലിനു വെളിയിലൂടെ ഞൂന്നിറങ്ങിയും മറ്റേത് താഴ്ന്ന് താഴ്ന്ന് തറയില്‍ മുട്ടും വിധം പുല്‍ത്തകിടിയിലേക്കും!

അങ്ങിനെ ഒടുവില്‍ ആത്മ കരുതി.. മാവിന്റെ ഒരു ശിഖരം വെട്ടിയെന്നു കരുതി ദോഷമൊന്നും ഇല്ല. ഒരു നെല്ലിയെ രക്ഷിക്കാനല്ലെ.. അപ്പോള്‍ അതു പാപമാകില്ല.. അങ്ങിനെ വെട്ടോട് വെട്ടല്‍ നടത്തി ക്ഷീണിച്ച് അവശയായി സംതൃപ്തിയോടെ കിടന്നുറങ്ങി ഇന്നലെ.. അപ്പോള്‍ ഒരു സ്വപ്നവും കണ്ടു , ‘സ്വന്തമായി കൃഷിയൊക്കെ ചെയ്ത് ഇതുപോലെ ദേഹം അനങ്ങി അധ്വാനിച്ച് കിടന്നുറങ്ങുന്ന ഭാഗ്യവാന്മാരെപ്പറ്റി..’ ഒപ്പം ആശ്വസിച്ചു, “ഒന്നു ചീഞ്ഞാലേ മറ്റതിനു വളമാകൂ”.. എല്ലായിടത്തും ഇതുതന്നെ ഗതി. പ്രകൃതി മുഴുവന്‍.. സെപ്പറേറ്റ് ആയി ചീഞ്ഞു വളമാകും ചിലര്‍.. ചിലര്‍ ഗ്രൂപ്പായി ചീഞ്ഞ് വളമാകും..

അങ്ങിനെ ആത്മയുടെ തലതിരിഞ്ഞ ചിന്തയും പ്രവര്‍ത്തിയൂം അല്ലായിരുന്നോ ഇന്നത്തെ ചിന്താവിഷയം.. അത് തുടരട്ടെ.. അടുത്ത ചിന്ത എഴുതട്ടെ..

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍.. ഇംഗ്ലീഷിനെ അമിതമായി പൊക്കുന്നവര്‍.. അതിലുപരി മലയാളത്തെ കുറച്ചുകാട്ടുന്നവരെയൊക്കെ ആത്മ വേണ്ടാതീനം പറഞ്ഞല്ലൊ,

എന്നിട്ട് ആത്മ കൊച്ച് കൊച്ച് ഇംഗ്ലീഷ് നോവലും ഒക്കെ വായിച്ച്, തക്കം കിട്ടിയാല്‍ മക്കളോടും അല്പ സ്വല്പം ഇംഗ്ലീഷൊക്കെ കാച്ചി, ആരുമറിയാതെ ഒരല്പം ഇംഗ്ലീഷ് ബ്ലോഗിലും എഴുതി (വെറുതെ, ഇംഗ്ലീഷ് കുറേശ്ശേ.. കുറേശ്ശേ..ഇം‌മ്പ്രൂവ് ചെയ്യാനായി മാത്രം! ) സായൂജ്യമടയുന്ന ഒരു പരിപാടിയുണ്ട്! ഇതെങ്ങിനെ ഒന്നിച്ചുപോകും?!

ഉത്തരം പെട്ടെന്ന് കിട്ടി!

നിലനില്‍പ്പിന്റെ പ്രശ്നം!

ഈ മലയാളത്തിനെ എത്രകണ്ട് വിശ്വസിക്കാന്‍ പറ്റും?!

ഒപ്പം ഒരു പുതിയ പോയിന്റും കിട്ടി. മലയാളികള്‍ ഇംഗ്ലീഷ് മേല്‍ക്കോയ്മ സ്വീകരിക്കാനും ഒപ്പം ഇംഗ്ലീഷിനെ ആരാധിക്കാനും ഇംഗ്ലീഷുകാര്‍ സുപ്പീരിയര്‍ ആണെന്നുമൊക്കെ കരുതി വശായിരിക്കാനും‍ കാരണം എന്തായിരിക്കാം!!

വെറും സാമ്പത്തിക പരാധീനത..

ഫോറിന്‍ മണിയും കോട്ടും സൂട്ടും തൊപ്പിയും ടൈയും ഒക്കെയിട്ട് കപ്പലില്‍ വന്നിറങ്ങിയ വിദേശികളെ കണ്ട്, ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ചിരുന്ന; ഒരു നേരം വിശപ്പടക്കാന്‍ പോലും നിവര്‍ത്തിയില്ലാതിരുന്ന പാവങ്ങള്‍.., പൊള്ളയായ കുറെ ദുരാചാരങ്ങളും പേറി അവരെ ഭരിച്ചു സ്വയം നന്നായി ജീവിച്ചിരുന്ന ജന്മിമാര്‍.., ഇവരെക്കാളൊക്കെ ആഡംഭരത്തോടെയുള്ള ഇംഗ്ലീഷുകാരുടെ ജീവിതം കണ്ട് അതില്‍ അങ്ങ് ഭ്രമിച്ച് വശായിപ്പോയതാകും കാരണം.. അല്ലെങ്കില്‍ റഷ്യാക്കാരും ജര്‍മ്മന്‍ കാര്‍ക്കും ഒന്നും ഇല്ലല്ലൊ ഈ ഇംഗ്ലീഷ് ആരാധന!(കാരണം..അവരും ഈ ആഡംബരമൊക്കെ കുറെ കണ്ടിട്ടുള്ളതുകൊണ്ട് )

ബാക്കി തുടരും..

നല്ല മൂഡുവന്നപ്പോള്‍ കടമകള്‍ വിളിക്കുന്നു.. അടുക്കളേല്‍ നിന്നും...

അപ്പോള്‍ പറഞ്ഞു വന്നത് മലയാളികള്‍ ഇംഗ്ലീഷുകാരെ അനുകരിക്കാനും ഇംഗ്ലീഷ് പറയാനും ഒക്കെ ഈ കൊതിയും വെമ്പലും ഒക്കെ എന്താകാം എന്നതിനെക്കുറിച്ചല്ല്യോ?,

ഉത്തരം സിമ്പിള്‍..

ഒന്നാമത് നിലനില്‍പ്പിന്റെ പ്രശ്നം.

രണ്ടാമതും നിലനില്‍പ്പിന്റെ പ്രശ്നം.. മൂന്നാമതും അതു തന്നെ...

ഇക്കാലത്ത് ഇംഗ്ലീഷ് തെറ്റുകൂടാതെ പെര്‍ഫക്റ്റ് ആയി കൈകാര്യം ചെയ്യാന്‍ കഴിയുന്നത് വലിയ നേട്ടമാണേ..! ഇതിനെടേല്, ‘പാവം മലയാളത്തെ മറന്നുകളയരുതേ യുവജനങ്ങളേ..’ എന്നപേക്ഷിക്കാനേ തല്‍ക്കാലം നിവര്‍ത്തിയുള്ളൂ..

അങ്ങിനെ അങ്ങ് പറഞ്ഞ് പോയാല്‍ നമ്മുടെ മലയാള ഭാഷയെ രക്ഷിക്കണ്ടായോ?! നോക്കട്ടെ വല്ല പോയിന്റുകളും കിട്ടുമോന്ന്! കിട്ടുമ്പോള്‍ വരാം... ബോറായെങ്കില്‍ ദയവായി ക്ഷമിക്കുക..

ഇനി ഒരു വൈരുദ്ധ്യം കൂടിയുണ്ട് : ഇടയ്ക്കിടെ മാറിയും തിരിഞ്ഞും വന്ന് ആത്മയെ മോഹിപ്പിക്കയും മോഹഭംഗപ്പെടുത്തുകയും ചെയ്യുന്ന ചിന്തകള്‍..

ആത്മീയവും ഭൌതീകവും..

ഒരിക്കല്‍ കരുതും വെജിറ്റേറിയനൊക്കെയായി ഭാഗവതം ഒക്കെ മനസ്സിലാക്കി നല്ല ശുദ്ധമായി അങ്ങ് ദൈവത്തിന്റെ അടുക്കലേക്ക് പോകാമെന്ന്. പിന്നെ ചിലപ്പോള്‍ ടെമ്പ്റ്റേഷന്‍ വരുമ്പോള്‍ ഓര്‍ക്കും.. ദൈവം എന്നു പറഞ്ഞു വെജിറ്റേറിയന്‍കാരാണ് നല്ലവരെന്ന്? പറഞ്ഞിട്ടേ ഇല്ലല്ലൊ, അപ്പോള്‍ പിന്നെ നാം നമ്മുടെ ബേസിക്ക് ആഗ്രഹങ്ങള്‍ തടഞ്ഞുവയ്ക്കുന്നതാവില്ലെ ഒരുപക്ഷെ ദൈവത്തിന് ഇഷ്ടക്കേടുണ്ടാക്കുന്നത്?!

ഈ രണ്ടു ചിന്തകളും കൂടി ഇടയ്ക്കിടെ ഒരു ത്രാസില്‍ അങ്ങിനെ പൊങ്ങിയും താണും ആത്മയുടെ എഴുത്തും പ്രവര്‍ത്തിയും തമ്മില്‍ ഇടയ്ക്കിടെ വൈരുദ്ധ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്...

ഇനിയും ഉണ്ടാകും വൈരുദ്ധ്യങ്ങള്‍...

ഇനിയൊരു വൈരുദ്ധ്യം സ്നേഹത്തെപ്പറ്റി ആത്മയുടെ വിചാരങ്ങളാണ്

ആരില്‍ നിന്നും സ്നേഹം കിട്ടാതാകുമ്പോള്‍, വേഴാമ്പലിനെപ്പോലെ കാത്തിരിക്കും.. ‘ഹോ! ഒരിത്തിരി സ്നേഹം ഇല്ലാതെ ജീവിക്കാന്‍ പ്രയാസം തന്നെ..’ നിവൃത്തിയില്ലാതെ പഴയ കൂട്ടുകാരുടെയെങ്കിലും ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ച്.. അവരോട് കൊച്ചു വര്‍ത്തമാനം ഒക്കെ നടത്തി അവരുടെ ഹൃദയത്തില്‍ കയറിപ്പറ്റാന്‍ ശ്രമിക്കും..

എന്നാല്‍ ആരെങ്കിലും നിറയെ സ്നേഹവുമായി ആത്മയുടെ അടുത്തെത്തിയാലോ?!

അപ്പോള്‍ പിന്നെ ചിന്ത നേരെ മറിച്ചാവും.. “ഓ! ഒരു സ്നേഹം! ഇതെത്ര കണ്ടതാ..! ആര്‍ക്കും ഒരാത്മാര്‍ത്ഥതയും കാണില്ലെന്നേ.. എല്ലാ സ്നേഹവും എന്തെങ്കിലും സ്വാര്‍ത്ഥതയില്‍ പൊതിഞ്ഞതാകും.. വിഡ്ഡി ആത്മേ അതിലൊന്നും ചെന്ന് വീണ് ഇനി ഇല്ലാത്ത ചീത്തപ്പേരുണ്ടാക്കണ്ട.. അല്പം ദൂരെ നിന്നോളൂ.. അല്ലെങ്കില്‍ നീ വിഡ്ഡിയാകും..” എന്തിനധികം! പെറ്റമ്മയുടെ സ്നേഹം കാണുമ്പോള്‍ പോലും കണ്ണുമടച്ച് വിശ്വസിക്കാന്‍ ഒരു മടി!

ഒടുവില്‍ ഈശ്വരന്റെ സന്നിധിയില്‍ ചെന്നിരിക്കും..“അങ്ങ് മാത്രമേ ഉള്ളൊ ട്ടൊ, നിസ്വാര്‍ദ്ധമായി സ്നേഹിക്കാന്‍.. അങ്ങയോടുള്ള സ്നേഹം ഒന്നുമാത്രമേ പരിശുദ്ധമായിട്ടുള്ളൂ” ബാക്കിയെല്ലാം വെറുതെ..

എവിടെയും ഈ കുരങ്ങുബുദ്ധി (വൈരുദ്ധ്യബുദ്ധി) തലപൊക്കും.. ഈ വൈരുദ്ധ്യചിന്തകള്‍ കൊണ്ട് തോറ്റു ആത്മ.

This entry was posted on 11:09 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments