വിടപറയുകയാണോ?  

Posted by Askarali

വീണ്ടും വരുന്നു വർഷാവസാനം. വിടചൊല്ലലുകൾ. വേരോടി തുടങ്ങിയവർ വേരും പിഴുതെടുത്ത് പഴയമണ്ണുതേടിപോകുന്നു.. (ഇത്ര ഈസിയായി പിഴുതെടുത്തുകൊണ്ടോടാൻ ഇത് ആർട്ടിഫിഷ്യൽ വേരായിരിക്കുമോ!). താനും തായ്യാറാകണം വേരുകൾ പിഴുത്, താൽക്കാലികമായി സ്വന്തമണ്ണിൽ ആഴ്ന്നിറങ്ങി, വീണ്ടും പിഴുതെടുത്ത്, തിരിച്ചുവരാൻ.

ഒരാ‍ളുടെ പരീഷ കഴിഞ്ഞു, ഇനിയുമുണ്ട് അടുത്തയാളിന്റെ പരീക്ഷ. ജീവിതവിജയത്തിനായുള്ള പരീക്ഷകൾ! അവർക്ക് കൂട്ടിരിക്കുക. പിന്നെ പരീക്ഷകൾ കഴിയുമ്പോൾ എന്തോ കടമ നിർവ്വഹിക്കാനുള്ളതുപോലെ ഒരു ഷോപ്പിംഗ്.. ഭയന്നു വിറച്ച ഒരു പ്ലയിൻ യാത്ര.. അവിടെ നാട്ടിൽ.. അച്ഛനമ്മമാരുടെ നാട്ടിൽ.. സഹോദരനോടൊത്ത് കാറിൽ.. പൊടിപടലങ്ങലും പരസ്യപ്പലകകളും.. പിന്നെ പിന്നെ നിറയെ മരങ്ങളുമായി കേരളത്തിന്റെ ഉൾനാടൻ ഗ്രാമത്തിലെ ഒരു വീട്ടിൽ എത്തുന്നു!
ഒരു പതിവു യാത്രക്കാരി ദൂരയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പോലെ. പൊടുന്നനവെ യാത്രക്കാരി താൻ ചെയ്ത യാത്രമുഴുവനും മറന്നേ പോകുന്നു !!!
അച്ഛൻ വന്ന് പുഞ്ചിരിക്കുന്നു. കൈയ്യിൽ തലോടി അകത്തു വിടുന്നു. അമ്മ മക്കളെ ചേർത്ത് പിടിച്ച് കരയുന്നു. അനിയൻ ഗൌരവത്തിലൂടെ എല്ലാം കാണുന്നു. അനിയന്റെ ഭാര്യ തന്നെയും അവരിലൊരാളായി നോക്കി ചിരിക്കുന്നു! പിന്നെ താനും അവരിലൊരാളാകുന്നു. എന്റെ പതിവു മുറിയിലേക്ക്..

നിൽക്ക് നിൽക്ക് ആത്മേ.. കണ്ട്രോൾ..കണ്ട്രോൾ..
നീയെന്താ നോവലെഴുതാൻ പോവുകയാണോ?!
ഇപ്പോൾ നീ നാട്ടിൽ പോയില്ലല്ലൊ?, കാണാൻ പോകുന്ന പൂരം ഇപ്പോഴേ പറഞ്ഞറിയിക്കണ്ടല്ലൊ, അല്ലെങ്കിലിപ്പോ എന്താ ഇത്ര പുതുമ പറയാനായിട്ട്?! എല്ലാവരും നാട്ടിൽ പോകുന്നു.. വരുന്നു..
അതിപ്പോ സാഹിത്യഭാഷയിലൊക്കെ എഴുതാൻ മാത്രം ഉള്ള സാഹിത്യമൊന്നും..- ഒരു ബ്ലോഗ് കൈവശമുണ്ടെന്നു കരുതി അങ്ങ് നെഗളിക്കരുതേ ആത്മേ-.. എല്ലാറ്റിനും ഒരു ലിമിറ്റുണ്ട് പറഞ്ഞേക്കാം..

എങ്കിപ്പിന്നെ ഇന്നല്പം സ്നേഹത്തെപ്പറ്റിയായാലൊ?!

ഒ. കെ. സ്നേഹം എന്നത് രണ്ടുതരമാണ്..
അല്ല മൂന്നു തരമാണ്..
അതുമല്ല കോടിതരങ്ങളുണ്ട്..!
ഞാനിപ്പൊ ഏതുതരം സ്നേഹത്തെപ്പറ്റി എഴുതാൻ?!
അല്ലേ, സ്നേഹിച്ചിട്ടുള്ളവർക്കല്ലെ സ്നേഹത്തെപ്പറ്റി എഴുതാൻ അവകാശമുള്ളൂ ആത്മേ?
ഈ സ്വപ്നത്തിലും സങ്കല്പത്തിലും ഒക്കെ സ്നേഹിച്ചാൽ അത് സ്നേഹമാവില്ല എന്റെ ആത്മേ!
ഉദിത് ചൈതന്യയതി പറയുമ്പോലെ, ‘ഞാൻ നല്ലവനാണ് ആരെയും ദ്രോഹിക്കില്ല’ എന്നൊക്കെ ഒറ്റയ്ക്കിരിക്കുമ്പോൾ പറയാൻ എളുപ്പമാണ്, പക്ഷെ ഒരു ഗ്രൂപ്പിൽ അകപ്പെട്ടുപോകുമ്പോൾ അവരോട്
ആത്മസംയമനത്തോടെ ഒത്തുപോകാനാകുമോ? അങ്ങിനെ ചെയ്തിട്ട് പറയൂ.., ‘ഞാൻ ആത്മസംയമനം നേടിയവനാണ്. എനിക്ക് അരോടും ദേഷ്യമില്ല. എല്ലാരേയും സ്നേഹമാണ്’ എന്നൊക്കെ. ങ്ഹാ അതാണ്!

ഇനി ഒരു കഥ പറയാം..

സ്വാമി ഉദിത് ചൈതന്യയതിയുടെ പ്രഭാഷണത്തിൽ നിന്നു കേട്ടതാണ് ട്ടൊ, എങ്കിലും നല്ല രസകരമായ കഥയാണ് കേൾക്കൂ.. നഷ്ടപ്പെടാനായൊന്നുമില്ല. നിങ്ങളുടെ വിലപ്പെട്ട അല്പസമയം മാത്രം!

എങ്കിൽ കഥ തുടങ്ങട്ടെ,

ഒരിക്കൽ. ഒരാൾ തന്റെ അച്ഛന്റെ ശ്രാദ്ധകർമ്മം ചെയ്യുകയായിരുന്നു. അച്ഛന്റെ ആത്മാവിനു ശാന്തി കിട്ടാനായി പ്രാർത്ഥനകളൊക്കെ ചെയ്തുകൊണ്ടിരിക്കെ. പൂജാരി ഒരു മന്ത്രം പറയുന്നു,
താൻ ഒരു മന്ത്രം പറയുമ്പോൾ അത് റിപ്പീറ്റ് ചെയ്യണം എന്ന് പറഞ്ഞ് പൂജാരി തുടങ്ങുന്നു..
“ലോകാഃ”
“ലോകാഃ”
“സമസ്താഃ”
“സമസ്താഃ”
“സുഖിനോഃ”
“സുഖിനോഃ”
“ഭവന്തുഃ.”
“ഭവന്തുഃ.”
അപ്പോൾ പെട്ടെന്ന് ഇടയ്ക്ക് അയാൾക്കൊരു സംശയം! അയാൾക്ക് ആ മന്ത്രത്തിന്റെ അർത്ഥം അറിയണം.
അയാൾ ചോദിക്കുന്നു, “എന്താ സാമീ ഈ മന്ത്രത്തിന്റെ അർത്ഥം?”
പൂജാരി പറയുന്നു, “ലോകാ സമസ്താ സുഖിനോ ഭവന്തു, എന്നാൽ ‘ലോകത്തിൽ ഉള്ള എല്ലാവരും സുഖമായിരിക്കട്ടെ’ എന്നാണ്.
അപ്പോൾ ഉടൻ അയാൾ, “അപ്പോൾ അതിൽ ഗോപാലൻ നായരും പെടുമോ സ്വാമീ?
“ഏതു ഗോപാലൻ നായർ?”
“ഞങ്ങടെ വീട്ടിന്റെ തെക്കേലെ ഗോപാലൻ നായർ.”
“പിന്നെ എല്ലാരും പെടും.”
“ഗോപാലൻ നായർ ഇതിൽ പെടുമെങ്കിൽ ‘ഈ’ മന്ത്രം ‘ഈ’ കേശവൻ കുട്ടി ചൊല്ലില്ലാ.”
“ങ്ങും! അതെന്താ?”
“അതേയ്, ഗോപാലൻ നായർ കൊടുക്കാനുള്ള കടം തിരിച്ചുചോദിച്ചപ്പോൾ, അയാൾ ചീത്തവിളിച്ചപ്പോഴുണ്ടായ മാനസിക വിക്ഷോഭത്തിലാണ് എന്റെ അച്ഛൻ മരിച്ചത്!”
“ഈ മന്ത്രം വേണ്ട സ്വാമീ.. വേറൊരു മന്ത്രം മതി ” എന്ന്!

ഇതുപോലെയാണ്.. ഏത്?
ബാക്കി പിന്നെ,
*
ഓ.കെ, വീണ്ടും വന്നു..! നിസ്വാര്‍ത്ഥമായ എഴുത്താണ് കമന്റൊന്നും പ്രതീക്ഷിക്കാതെ..ഇന്നലെ സ്നേഹത്തെപ്പറ്റി വന്നിട്ട് എഴുതാതെ പോയില്ലേ, അതുകൂടി ചേര്‍ത്തോട്ടെ,സ്നേഹത്തെപ്പറ്റി ഹൃദയത്തിനുള്ളിൽ ഗവേഷണം നടത്തിയപ്പോൾ ഒരു നുറുങ്ങ് ചിന്ത കിട്ടി!
സ്നേഹം എന്നാൽ മനുഷ്യന്റെ ബുദ്ധിയുടെ പരിധിക്കും അപ്പുറത്തുള്ള ഒരു വികാരമാണെന്ന് സമ്മതിക്കാതെ നിവർത്തിയില്ല. എന്നാല്‍ സ്നേഹം ചപലവുമാണ്. അല്ലെങ്കിൽ ഒരാൾ മറ്റൊരാളെ സ്നേഹിക്കുകയും വിശ്വസിക്കുകയും മതിക്കുകയും ഒക്കെ ചെയ്യുമെങ്കിലും ഇടയ്ക്കിടെ ഒരു ഭയം ഉടലെടുക്കുന്നതെന്തിന്?!. അയാൾ മറ്റൊരിണയിൽ ആകൃഷ്ടനായിപ്പോകുമോ എന്ന ഭയം!

അയാൾ വളരെ നല്ല ഒരു വ്യക്തിയാണെന്ന് നമുക്ക് നന്നായറിയാമെങ്കിലും സ്നേഹത്തിന്റെ കാര്യത്തിൽ ചപലനായിപ്പോകുമോ എന്ന ഭയം. നാം ഭയക്കുന്നത് സംശയിക്കുന്നത് ആ വ്യക്തിയെ അല്ല, ആ വ്യക്തിയുടെ സ്നേഹം/പ്രേമം എന്ന വികാരം അയാളെ ചഞ്ചലനാക്കുമെന്ന ഭയം..

ഇത് മക്കൾ തമ്മിലും സ്പർദ്ധയുണ്ടാക്കുന്നു. അച്ഛനമ്മമാർക്ക് തന്നെക്കാളിഷ്ടം സഹോദരനോടായിപ്പോകുമോ, എന്നൊക്കെ. കാരണം, കുട്ടിക്കും അറിയാം അച്ഛന്റെയും അമ്മയുടെയും സ്നേഹം ചപലമാണെന്ന്! കൂട്ടുകാർ തമ്മിലും ഉണ്ടാകാം ഈ അവിശ്വാസം. അവൾ കൂടുതൽ സുന്ദരിയായതുകൊണ്ട്, അല്ലെങ്കിൽ പാട്ടോ ഡാൻസോ ഒക്കെ ചെയ്യുന്നവളാകുന്നതുകൊണ്ട്, അയാളുടെ സ്നേഹം അവളിലേക്കായിപ്പോകുമോ, എന്നൊക്കെ..

(ഒരാളെ നമുക്ക് ഇഷ്ടമാണ്, വിശ്വാസമാണ്. പക്ഷെ, അയാളുടെ ഉള്ളിലെ പ്രേമം ചപലമാണെന്ന സത്യം നമ്മുടെ മനസ്സിനും അറിയാവുന്നതുകൊണ്ടല്ലെ ഈ ഭയം?!)

ഇനി സ്നേഹം സ്നേഹം എന്നൊക്കെ ആത്മയ്ക്ക് തോന്നിയിട്ടുള്ളത് എന്തെന്ന് പറഞ്ഞ് ഉപസംഹരിക്കാം..
‘നാം ഇഷ്ടപ്പെടുന്ന ഒരാളിൽ നിന്നുള്ള ഒരംഗീകാരം’. അത് കിട്ടാതാകുമ്പോൾ നാം സ്നേഹത്തിനുവേണ്ടി അലയുന്നു. നമ്മെ മനസ്സിലാക്കുന്ന ഒരു ഹൃദയം തേടി.. അല്ലാതെ അത് ശാരീരിക സുഖത്തിനുവേണ്ടിയുള്ള അലച്ചിലൊന്നുമല്ല.

അല്ലെങ്കില്‍ അല്പം കൂടി ചേര്‍ക്കാം..

സ്നേഹം എന്നാല്‍ നമ്മുടെ ആത്മാവിനെ മനസ്സിലാക്കിയ മറ്റൊരാത്മാവിനെ കാണുമ്പോഴുള്ള പിടച്ചില്‍. ആ ആത്മാവിന്റെ സാമിപ്യത്തില്‍ നമ്മുടെ ആത്മാവ് ചൈതന്യവത്താകുന്നു. അകലുമ്പോള്‍ ആത്മാവ് തളര്‍ന്ന് കരയുന്നു.
ഇത് ആത്മാക്കള്‍ തമ്മില്‍ മാത്രമുള്ള ഒരുതരം അദൃശ്യബന്ധം ആണെന്നാണ് ഇപ്പോള്‍ കിട്ടിയ ചിന്ത.
അബദ്ധമൊന്നും എഴുതിയിട്ടില്ലല്ലൊ അല്ലെ,
എങ്കിപ്പിന്നെ നിര്‍ത്തട്ടെ,

ദാ കുറച്ചുകൂടി കിട്ടി!

നമ്മുടെ ആത്മാവിന്റെ ഓരോ വശങ്ങളാണ് ഓരോ ആത്മാക്കളും മനസ്സിലാക്കുന്നത്.
നമ്മുടെ നല്ല വശങ്ങൾ മനസ്സിലാക്കുന്ന ആത്മാക്കളോട് നമുക്ക് ഇഷ്ടം തോന്നുന്നു.
നമ്മുടെ തിന്മവശങ്ങൾ മാത്രം കാണുന്ന ആത്മാക്കളോട് അകൽച്ചയും തോന്നുന്നു.
ഓരോരുത്തരും നമ്മെ അറിയുന്നത് പലതരത്തിൽ ആണല്ലൊ,
അപ്പോൾ നമ്മെ പൂർണ്ണമായി മനസ്സിലാക്കുന്ന ഒരാൾ ഭൂമിയിൽ ഉണ്ടാകുമോ?!
ഖേദകരമെന്നു പറയട്ടെ, ഇല്ല തന്നെ.
നമ്മെ/നമ്മുടെ ആത്മാവിനെ പൂർണ്ണമായി മനസ്സിലാക്കുന്നത് സർവ്വേശ്വരൻ മാത്രം!!!
എങ്കിലും സർവ്വേശ്വരൻ അദൃശ്യനായിരിക്കുന്നതുകൊണ്ട് നാം/നമ്മുടെ ആത്മാവ്, കാണപ്പെട്ട ദൈവങ്ങളിൽ/ആത്മാക്കളിൽ സ്നേഹം തേടിക്കൊണ്ടിരിക്കുന്നു.
ശുഭം.

This entry was posted on 11:12 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments