കഥ പറയുമ്പോൾ...  

Posted by Askarali

“അമ്മേ ഒരു കഥപറയൂ”

പതിവായി ഉറങ്ങാൻ സമയമാകുമ്പോൾ മകൾ പറയുന്ന പല്ലവിയല്ല, പരീക്ഷയ്ക്ക് പഠിക്കുന്ന ടെൻഷൻ കുറയ്ക്കാനായും അങ്ങിനെ അപൂർവ്വം ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്ന പല്ലവി.

എന്തു കഥപറയാൻ! രാമായണത്തിലെയും മറ്റും കൊച്ചുകൊച്ചു സംഭവങ്ങൾ ആവർത്തിച്ച് വിവരിച്ചുകൊടുക്കും പലപ്പോഴും.. അങ്ങിനെയെങ്കിലും ഹിന്ദു കൾച്ചറൊക്കെ മനസ്സിലാവട്ടെ എന്നു കരുതും. ഇന്നിപ്പോൾ സമയം 12.30. ഉറക്കം എന്റെ കണ്ണുകളെയും മാടിവിളിക്കുന്നു..അതിനിടയിൽ ഒരു കഥയും തെളിയുന്നില്ല.

പെട്ടെന്ന് ഉദിത്ചൈതന്യയതിയുടെ ഭാഗവതസംഗ്രഹം ഓർമ്മ വന്നു.

'അമ്മ ഒരു കഥ പറയാം ഒരു ഉദിത്ചൈതന്യ യതി ഉദാഹരണമായി പറയുന്ന കഥയാണ്. പണ്ട് ചരിത്രത്തിൽ നടന്ന കഥയാണത്രെ!'

'ശരി'

‘പൃഥ്വിരാജാവിന്റെയും മുഹമ്മദ് ഗൌറിയുടെയും കഥ’

‘പൃഥ്വിരാജ് സിനിമാനടനല്ലേ?’

‘ഇത് ആ പൃഥ്വിരാജല്ല, പണ്ടത്തെ ഒരു രാജാവാണ്’

‘ഗോറി, ഗൌരി ആണോ?’

‘ഗൌരിയല്ല, ഗൌറി. ഒരു മുസ്ലീം/ആരബ് ലീഡർ ആണ്.’

‘ഹിന്ദുക്കളുടെ/ഭാരതീയരുടെ, വിശാലതയും, ആത്മസംയമനവും, സഹനശക്തിയ്ക്കും ഒക്കെ ഉദാഹരണമായി പറയുന്ന കഥയാണ്.. ഒരു ഹിന്ദു രാജാവ് അറബ് രാജാവിന് പലവട്ടം മാപ്പുകൊടുക്കുന്ന കഥയും എന്നാൽ തിരിച്ച് മുസ്ലീം രാജാവ് മാപ്പ് കൊടുക്കാതെ രാജാവിന്റെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുക്കുന്ന കഥ.’

‘I thought Hindu religion is the only religion..’(അവളുടെ ഇംഗ്ലീഷ് അവിടെ നിൽക്കട്ടെ, ഞാൻ മലയാളത്തിൽ പറയാം..)
‘ഞാൻ കരുതി ഹിന്ദുക്കൾ മാത്രമേ മറ്റു മതക്കാരെ കുറ്റം പറയാതിരിക്കുള്ളൂ എന്ന്!’ ഉറക്കച്ചടവിലും അവൾ കടുംപിടുത്തത്തോടെ പറഞ്ഞു, ‘എനിക്കതു കേൾക്കണ്ട മറ്റെന്തിങ്കിലുംകേട്ടാൽ മതി..’
ആ കഥ കേട്ടാൽ ഹിന്ദുമതത്തിനോടുള്ള മതിപ്പ് കുറയും എന്നൊരു ഭയം അവളുടെ വാക്കുകളിൽ നിഴലിച്ചു..
എന്റെ ഉറക്കം പെട്ടെന്ന് വിട്ടകന്നു! മനക്കണ്ണ്‌ തുറന്നു!!
(ഹിന്ദു മതത്തിന്റെ ഒരു മേന്മ എന്തെന്നാൽ, ‘ഹിന്ദുക്കൾ മാത്രമേ മറ്റു മതക്കാരെ കുറ്റം പറയാതെ എല്ലാ ദൈവങ്ങളും ഒന്നാണെന്ന് പറയുന്നുള്ളൂ’ എന്നൊക്ക് പണ്ട് വീമ്പടിച്ചതും ഈ ആത്മതന്നെയായിരുന്നു!)

അങ്ങിനെ, ഹിന്ദു ധർമ്മം പഠിപ്പിക്കാൻ ചെന്ന ഞാൻ, 15 വയസ്സായ കുട്ടിയുടെ ചോദ്യത്തിനു മുന്നിൽ ഒന്നു പതറി, പിന്നെ സാവധാനം പറഞ്ഞു.. ‘ശരിയാണ് ഉദിത് ചൈതന്യയതി ഈ ഉദാഹരണ കഥ പറയണ്ടായിരുന്നു. ക്ഷമയ്ക്കും സഹനശക്തിയ്ക്കും ഒക്കെ ഉദാഹരണമായി എടുത്തുകാട്ടാൻ ഭാഗവതത്തിൽ തന്നെ എത്രയോ കഥകൾ കിടക്കുന്നു..!’ (കുട്ടികൾക്കുപോലും ശരിയും തെറ്റും അറിയാമെന്നിരിക്കെ മുതിർന്നവരെ ധർമ്മം പഠിപ്പിക്കാനായി മറ്റു മതങ്ങളെ കമ്പയർ ചെയ്ത്, അദ്ദേഹം സ്വയം താഴണ്ടായിരുന്നു!)

‘എങ്കിൽ പിന്നെ അശ്വദ്ധാമാവിന്റെ കഥ പറയാം..’ (നല്ല കഥകളൊന്നും ഓർമ്മ വരുന്നുമില്ലായിരുന്നു..)

‘ഉം..’

അശ്വത്ഥാമാവിന്റെ കഥ..
അശ്വത്ഥാമാവ് ദ്രോണാചാര്യരുടെ മകനാണ്. തങ്ങളെ പട്ടിണിയിൽ നിന്നും ദാരിദ്രത്തിൽ നിന്നും രക്ഷിച്ച ദുര്യോദനനോട് അശ്വത്ഥാമാവിന് തീർത്താൽ തീരാത്ത കടപ്പടുണ്ട്.
[പണ്ട് ഒരല്പം പാലു ചോദിക്കുമ്പോൾ, നിവർത്തികേടുകൊണ്ട് അശ്വത്ഥാമാവിന്റെ അമ്മ അശ്വത്ഥാമാവിനു മാവുപൊടി, വെള്ളത്തിൽ കലക്കി, പാലാണെന്നും പറഞ്ഞു കുടിപ്പിച്ചിരുന്നു.]

ദുര്യോധനൻ തുട തകർന്ന് യുദ്ധക്കളത്തിൽ മരിക്കാൻ കിടക്കുമ്പോൾ അതു കണ്ടു വരുന്ന അശ്വത്ഥാമാവ് ‘സ്വാമീ, അങ്ങയെ ഈ വിധം ദ്രോഹിച്ചവരെയൊക്കെ കുലത്തോടെ നശിപ്പിച്ചിട്ടേ ഇനി കാര്യമുള്ളൂ’ എന്നു പറഞ്ഞ് പോകുന്നു..

അശ്വത്ഥാമാവ് രാത്രി പാണ്ഡവരുടെ പർണ്ണശാലയിൽ എത്തുന്നു. അവിടെ പാണ്ഡവരെ കാണാഞ്ഞ്
ഉറങ്ങിക്കിടക്കുന്ന പാണ്ഡവരുടെ അഞ്ച് പുത്രന്മാരുടെയും തല വെട്ടി, തിരിച്ച് ദുര്യോധനെ കൊണ്ട് കാണിക്കുമ്പോൾ, ദുര്യോധനൻ അശ്വത്ഥാമാവിനെ ശപിക്കുകയാണ് ചെയ്യുന്നത്, “ഒന്നാമത് ഒരു ബ്രാഹ്മണനായ നിനക്ക് വധം പറഞ്ഞിട്ടുള്ളതല്ല, രണ്ടാമത് നിരപരാ‍ധികളെ യുദ്ധമുറയൊക്കെ തെറ്റിച്ച് കൊന്നു. അതുകൊണ്ട്, നീ ഒരിക്കലും ഗതികിട്ടാതെ, ചിരഞ്ജീവിയായി അലയുമാറാകട്ടെ” എന്ന് ശപിക്കുന്നു.

പിന്നീട്, അർജ്ജുനൻ അശ്വത്ഥാമാവിനെ പിടിച്ചുകെട്ടി തന്റെ അഞ്ചുമക്കളുടെ മരണത്തിൽ വിതുമ്പിക്കൊണ്ട് നിൽക്കുന്ന പാഞ്ചാലിയുടെ മുന്നിൽ കൊണ്ടു വരുന്നു. അപ്പോൾ പാഞ്ചാലി കേഴുന്നു,
“വേണ്ട ഇവനെ കൊല്ലണ്ട. ഇവൻ ബ്രാഹ്മണനാണ് പോരാത്തതിന് ഗുരുപുത്രനും. അവനെ വിട്ടയക്കുക, ഞാനനനുഭവിക്കുന്ന ഈ കൊടും പുത്രദുഃഖം അശ്വത്ഥാമാവിന്റെ അമ്മകൂടി അനുഭവിക്കേണ്ട. ഭർത്തൃദുഃഖത്താൽ പരിതപിച്ചുകൊണ്ടിരിക്കുന്ന ആ പതിവ്രതയ്ക്ക് പുത്രദുഃഖം കൂടി കൊടുക്കരുതേ” എന്നാണ് പാഞ്ചാലി കേഴുന്നത്.


താൻ ദുഃഖിക്കുമ്പോഴും മറ്റുള്ളവർ ദുഃഖിക്കരുത് ; തനിക്ക് സംഭവിച്ച പോലെ ഒരു ദുഃഖം മറ്റൊരാൾക്ക് നൽകരുതേ, എന്നു പ്രാർത്ഥിക്കാനുള്ള ഹൃദയവിശാലത ഭാരതത്തിനുണ്ടായിരുന്നു...

'മോളേ..'

അവൾ ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയിരുന്നു!

ഭാരതസംസ്ക്കാരത്തിന്റെ മഹിമയ്ക്ക് മറ്റൊരു ഉദാഹരണം (സ്വാമി ഉതീത് ചൈതന്യയുടെ പ്രഭാക്ഷണത്തിൽ കേട്ടത്)

രാജ്യത്തിന്റെ നാനാഭാഗത്തും ജ്യൂതന്മാരെ കൊന്നുനശിപ്പിക്കുമ്പോൾ അവർക്ക്,‘നിങ്ങൾ ഞങ്ങൾക്ക് ചായയിലെ പഞ്ചസാരപോലെ’ എന്നു പറഞ്ഞ് സ്വീകരിച്ച് അവർക്ക് അഭയം നൽകിയവരത്ര ഭാരതീയ രാജാക്കന്മാർ!

സഹനശക്തിയ്ക്ക് മറ്റൊരുദാഹരണം ഗാന്ധിജി
ഒരു കന്നത്തടിക്കുമ്പോൾ മറുകന്നവും കാട്ടിക്കൊടുത്ത് ക്രിസ്തുവിന്റെ വാചകം നടപ്പിലാക്കി, ക്രിസ്തുവിന്റെ ദാസന്റെ കണ്ണുതുറപ്പിച്ച ഒരേ ഒരു വ്യക്തി.

ഭാരതീയാചാര്യന്മാരുടെ ആത്മീയ അറിവ്
ഗലീലിയോയും കോപ്പർനിക്കസ്സും ഒക്കെ ഭൂമിയുടെ ആകൃതിയും വ്യാപ്തിയും ഒക്കെ ടെലെസ്കോപ്പും മറ്റും വച്ച് കണ്ടുപിടിക്കുന്നതിനും എത്രയൊ മുൻപ് തങ്ങളുടെ മനക്കണ്ണ് കൊണ്ട്/ആത്മീയദൃഷ്ടികൊണ്ട്, ഭൂമി ഉരുണ്ടതാണെന്നും, അതിന്റെ ഭ്രമണത്തിനെപ്പറ്റിയും ഒക്കെ ഭാരതീയാചാര്യന്മാർ എഴുതിവച്ചിട്ടുണ്ട്!

ഇതൊന്നും അവളോട് പറയാൻ പറ്റില്ല. ആത്മ പ്രശംസ ആത്മഹത്യയ്ക്ക് തുല്യം എന്ന് ശരിക്കും മനസ്സിലാക്കി തന്നത് അവളാണ്!
ഏതിനും കഥ മകളോടോ നന്നായി പറയാൻ പറ്റിയില്ല, ഇവിടെ എഴുതാം..

പൃഥ്വിരാജിന്റെ കഥ...

പണ്ട് പൃഥ്വിരാജ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുമ്പോൾ മുഹമ്മദ് ഗൌറി രാജ്യം ആക്രമിക്കുന്നു.
പൃഥ്വിരാജ് മുഹമ്മദ് ഗൌറിയെ തോൽ‌പ്പിച്ച് വിട്ടയക്കുന്നു.
മുഹമ്മദ് ഗൌറി വീണ്ടും ആക്രമിക്കുന്നു..
പൃഥ്വിരാജാവ് വീണ്ടും തോൽ‌പ്പിച്ച് വിട്ടയക്കുന്നു..
മുഹമ്മദ് ഗൌറി വീണ്ടും ആക്രമിക്കുന്നു...
ഉദ്ദേശം ഒരു 12 പ്രാവശ്യമെങ്കിലും ഇങ്ങിനെ പൃഥ്വിരാജ് മുഹമ്മദ് ഗൌറിയെ തോൽ‌പ്പിച്ച് വിട്ടയക്കുന്നു!.
13 ആം പ്രാവശ്യം മുഹമ്മദ് ഗൌറി പൃഥ്വിരാജിനെ തോൽ‌പ്പിച്ച് ബന്ധനസ്ഥനാക്കുന്നു. എന്നിട്ട് 12 പ്രാവശ്യവും തനിക്ക് മാപ്പ് തന്ന് വിട്ടയച്ച ആ രാജാവിന്റെ രണ്ട് കണ്ണുകളും ചൂഴെന്നെടുക്കുന്നു! അപ്പോൾ അടുത്തു നിൽക്കുന്ന മന്ത്രി പറയുന്നു, “അങ്ങ് കണ്ണ് ചൂഴ്ന്നെടുത്തകൊണ്ടൊന്നും കാര്യമില്ല, ഇദ്ദേഹത്തിന്റെ ശക്തിമുഴുവനും കേൾവിയിലാണ്. ശബ്ദം കേട്ട ദിക്കിലേക്ക്, കാണാതെ തന്നെ അദ്ദേഹത്തിന് അമ്പയക്കാൻ കഴിയും!” എന്ന്. ഇത് കേട്ട് മുഹമ്മദ് ഗൌറി ദൂരെ പലയിടത്തായി മണികൾ തൂക്കിയിടുന്നു. മണിയടിക്കുമ്പോൾ ആ ശബ്ദം കേട്ടദിക്കിലേക്ക് രാജാവിന് അമ്പെയ്തു വീഴ്ത്താനായി. രാജാവ് മണിയുടെ ഒച്ച് കേൾക്കേണ്ടതാമസം മണി അമ്പെയ്ത് താഴെ വീഴുത്തുന്നു.
ഇത് കണ്ട് അസൂയ മൂത്ത ഗൌറി പൃഥ്വിരാജാവിന്റെ കഴുത്ത് വെട്ടാൻ വാളോങ്ങുന്നു!
അപ്പോൾ രാജാവ് മുഹമ്മദ് ഗൌറിയെ തടുത്ത് പറയുന്നു, “എനിക്ക് ഒരവസരം കൂടി തരൂ എന്റെ കഴിവ് തെളിയിക്കാൻ. എനിക്ക് മണിയുടെ ശബ്ദം കേൾക്കണമെന്നില്ല, അങ്ങയുടെ ശബ്ദം കേട്ടാലും ദൂരെയുള്ള മണി അമ്പെയ്തു വീഴ്ത്താൻ പറ്റും”
ങ്ഹാ! എങ്കിൽ പിന്നെ അതുകൂടി കണ്ടുകളയാം എന്നുകരുതി മുഹമ്മദ് ഗൌറി വീണ്ടും മണി കെട്ടാൻ പറയുന്നു. എന്നിട്ട് “ ഉം എയ്യുക” എന്ന് ഉത്തരവിടുന്നു. ഇത് കേൾക്കേണ്ട താമസം പൃഥ്വിരാജ് മുഹമ്മദ് ഗൌറിയുടെ തല അമ്പെയ്ത് വീഴുത്തുന്നു.. ഇതാണ് കഥ.
12 പ്രാവശ്യം ക്ഷമിച്ച രാജാവ് ഒടുവിൽ മുഹമ്മദ് ഗൌറിക്ക് ശിക്ഷകൊടുക്കുന്നു.
ഇതാണ് ഭാരതീയരുടെ (ഹിന്ദുക്കൾ മാത്രമല്ല ഭാരതീയർ) ക്ഷമയുടെ ഉദാഹരണം.

[ഉദിത് ചൈതന്യയതിയുടെ പുരാണകഥകളൊക്കെ കേൾക്കാൻ വളരെ വളരെ ഇഷ്ടപ്പെടുന്നു. കൂട്ടത്തിൽ, അദ്ദേഹം ഹിന്ദുമതത്തെ മറ്റു മതങ്ങളുമായി കമ്പയർ ചെയ്യുന്നത് ഒഴിവാക്കിയെങ്കിൽ എന്ന് ആത്മാർത്ഥമായും ആശിച്ചുപോകുന്നു]

This entry was posted on 11:13 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments