നമ്മെ നാമാക്കുന്നവ..  

Posted by Askarali

നമുക്ക്‌ നമ്മെ തന്നെ നഷ്ടപ്പെടുമ്പോഴാണ്‌ ചില അകാരണമായെന്നോണം വലിയ വ്യഥ മനസ്സിനെ ശ്വാസം മുട്ടിക്കുന്നത്‌.
ഒന്നുകിൽ നമ്മെ മറക്കാൻ വണ്ണം ശക്തമായ ഒരു സ്നേഹം, അല്ലെങ്കിൽ വെറുപ്പ്‌
അതുമല്ലെങ്കിൽ പതിവായി കാണുന്ന ഒരു വ്യക്തിയുടെ അഭാവം
അല്ലെങ്കിൽ പതിവിനു വിപരീതമായി ചിലരുടെ സാന്നിദ്ധ്യം..
അങ്ങിനെ എന്തോ ഒന്ന് നമ്മെ നമ്മിൽ നിന്നും മറച്ചുവയ്ക്കുന്നു..
നാം നമ്മളാകണമെങ്കിൽ ചില ചേരുവകകളൊക്കെ ചേരും പടി ചേർക്കേണ്ടതുണ്ട്‌
പതിവായി കാണുന്ന ചില മനുഷ്യർ
പതിവായി ചെയ്യുന്ന ചില ജോലികൾ
പതിവായി കിട്ടുന്ന ചില വഴക്കുകൾ
പതിവായി കിട്ടുന്ന അവഗണന.. അത്‌ സഹിക്കാനുള്ള ഒരു തന്റേടം
പതിവായുള്ള ഉറക്കമൊഴിയൽ..
പതിവായി വാങ്ങാറു വീട്ടു സാമാനങ്ങൾ
പതിവായി കഴുകാറുള്ള ചില പാത്രങ്ങൾ..
പതിവായി കഴിക്കാറുള്ള ചില ആഹാരങ്ങൾ
പതിവായി കാണുകയും ഉപയോഗിക്കയും അലഷ്യമായി വയ്ക്കുകയും പിന്നെ ഒതുക്കിവയ്ക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ നിത്യോപയോഗ വസ്തുക്കൾ..
അവയ്ക്കും നമ്മുടെ ഹൃദയത്തിൽ മനസ്സിൽ ഇടമുണ്ട്‌.. നമ്മുടെ സന്തോഷത്തിൽ പങ്കുണ്ട്‌..
ചിലർക്കാണെങ്കിൽ അത്‌ പതിവായി കാണുന്ന സീരിയലാകാം..
ആത്മക്കാണെങ്കിൽ സീരിയലിനു പകരം പതിവായി ബ്ലോഗിൽ എന്തെങ്കിലും കുത്തിക്കുറിക്കലാകാം..
ചിലർക്ക്‌ ട്വിറ്ററിലോ ഗൂഗിള്‍ ബസ്സിലോ പോയി കൂട്ടംകൂടലാകും
മി. ആത്മയ്ക്കാണെങ്കിൽ.. പുറത്ത്‌ കുറേ പ്രോബ്ലംസ്‌ സോൾവ്‌ ചെയ്യാൻ വേണം..
പിന്നെ അതിന്‌ ഇമ്പോർട്ടൻസ്‌ കൊടുത്ത്‌ ധൃതിപിടിച്ച്‌ പുറത്തേയ്ക്ക്‌ പായണം..
അങ്ങിനെ നമ്മെ നാമാക്കുന്ന ചില ചേരുവകകൾ ഓരോരുത്തർക്കും കാണും..
അതില്ലാതാകുമ്പോൾ ശ്വാസം മുട്ടുമ്പോലെ..
അകാരണമെന്നോണം നാം ദുഃഖിക്കുന്നു...
ഓരോ ശീലങ്ങളാണ് ഒരു മനുഷ്യനെ വാര്‍ത്തെടുക്കുന്നത്.
ചില ശീലങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാമെന്നിരിക്കെ, ചിലവ വിധി നമ്മുടെ മേല്‍ അടിച്ചേൽപ്പിക്കുന്നവയാകാം.. അവയും ഒടുവില്‍ ശീലങ്ങലാകുന്നു..
സന്തോഷമായാലും സന്താപം ആയാലും അവയില്ലാതെ നമുക്ക് ജീവിക്കാനാവാതാകുന്നു..
ഒടുവിലൊടുവില്‍, നമ്മെ നാമാക്കുന്ന ദുഃഖങ്ങളെയും നാം ഇഷ്ടപ്പെട്ടു തുടങ്ങുന്നു..
(ഇത്രേം എഴുതിയപ്പോള്‍ അടുപ്പില്‍ വച്ചിരുന്ന ചിക്കന്‍ ഒരുവിധം നന്നായി അടിയില്‍ പിടിച്ചു!
പിന്നെ പോയി ഒരുവിധം കഴിക്കാവുന്ന പരുവമാക്കി.. ഇത് അപ്രതീക്ഷിതമായ വിഷമങ്ങള്‍
ആണെങ്കിലും ഇതൊക്കെ ആത്മയെ ആത്മയാക്കുന്നു!)

This entry was posted on 11:08 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments