ഇന്നത്തെ എന്റെ ചിന്താവിഷയങ്ങൾ...  

Posted by Askarali

ഇന്നലെ ഒരു ബ്ലോഗിൽ പോയി വായിച്ചപ്പോൾ അവരൊക്കെ വലിയ പത്രാസിൽ ഇപ്പോൾ ബ്ലോഗ് വായനയും എഴുത്തും ഒന്നും ഇല്ല; ട്വിറ്ററും, ഫേസ്ബുക്കും ഒക്കെയാണ് ഉപയോഗിക്കുതെന്ന് വായിച്ചു! അത് ആത്മയെ ചില്ലറയൊന്നും അല്ല തളർത്തിയത്.
ബ്ലോഗെഴുത്ത് എന്നെങ്കിലും ഒരു കാലത്ത് അക്സപ്റ്റ് ചെയ്യപ്പെടും, എന്നൊക്കെ എന്തൊക്കെയോ നിർവ്വചിക്കാനാകാത്ത കുറെ പ്രതീക്ഷകൾ ഒക്കെ ഞൊടിയിടയിൽ തകരുകയായിരുന്നു. ട്വിറ്ററും, ഫേസ് ബുക്കും ഒക്കെ ആളുകൾക്ക് ആശയവിനിമയം ചെയ്യാനും; ബ്ലോഗ്, സാഹിത്യം ചമയ്ക്കാനും, എന്നൊക്കെയായിരുന്നു ആത്മ കരുതിയത്.. ഒക്കെ തകർന്നു!
അരോട് പറയേണ്ടൂ ഞാനെൻ വ്യഥ!
‘ക്ഷണപ്രഭാചഞ്ചലം ബ്ലോഗുലോകം’ എന്നാണോ ദൈവമേ?!
(രാത്രിയും പകലും ഇടക്കു കിട്ടുന്ന സമയമൊക്കെ ഓടിയോടി വന്ന സാഹിത്യസൃഷ്ടി നടത്തി മുന്നേറാൻ ശ്രമിക്കുന്ന പാവം ഒരു വീട്ടമ്മയുടെ ആത്മരോദനം..!)

[സാരമില്ല. അപ്പോൾ അത്രയ്ക്കൊക്കെയേ ഉള്ളൂ ഈ ബ്ലോഗ്, ബ്ലോഗ് എന്നൊക്കെ പറയുന്നതെന്ന് മുൻപേ നടക്കുന്നവർ തന്നെ സ്ഥിതീകരിച്ച സ്തിതിക്ക് എനിക്ക് എന്റെ ബ്ലോഗിൽ എന്തും എഴുതി ജീവിക്കാമല്ലൊ (എന്നുവച്ചാൽ വലിയ വലിയ എഡിറ്റിംഗൊന്നും ഇല്ലാതെ )].

ഇന്നത്തെ വിശേഷം എന്തെന്നുവച്ചാൽ..,

ഒരാഴ്ചയായി ഒരു സ്പ്രിംഗ് ക്ലീനിംഗ് മൂഡ്.
പുറത്തെ ചെടികളൊക്കെ വെട്ടി നിരപ്പാക്കുക; ആവശ്യമില്ലാത്തതൊക്കെ മാറ്റുക;
എത്ര ചെടിച്ചട്ടികളാണെന്നോ (ഒരു 50 ലും അധികം വരും) എടുത്ത് സൂക്ഷിച്ച് വച്ചിരിക്കുന്നത്!
ഇനി എന്നാണോ എവിടെയാണൊ അതൊക്കെ ഉപയോഗിക്കാൻ പോകുന്നത്!
അതൊക്കെ കെട്ടുകെട്ടാക്കി കെട്ടിവച്ചു. ഇനി ഇതിലേ ഡസ്റ്റ്ബിൻ ക്ലിയർ ചെയ്യാനോ റീസൈക്കിൾ കാരൊ ഒക്കെ വരുമ്പോൾ കൊടുക്കണം..

പണ്ട് തല ക്ലിയർ അല്ലാതിരുന്നപ്പോൾ, അടുക്കളേൽ ഉപയോഗിക്കാൻ തക്ക വണ്ണമുള്ള എത്ര എത്ര നല്ല പാത്രങ്ങളായിരുന്നെന്നോ കെട്ടുകെട്ടുകളായി കൊണ്ടു കളയാൻ കെട്ടി വച്ചിരുന്നത്! സ്പ്രിംഗ് ക്ലീനിംഗ് മൂഡിൽ പോയി ഒന്നുകൂടി അഴിച്ചു നോക്കിയപ്പോൾ ശിവ! ശിവ ! നല്ല ഒന്നാം തരം പാത്രങ്ങൾ! എല്ലാം തിരിച്ചു പറക്കി വച്ചു, പിന്നല്ല! (ഇപ്രാവശ്യം നന്നായി അടുക്കി ഒതുക്കി വയ്ച്ചു).

കൂട്ടത്തിൽ ഒരു നല്ല കുക്കിംഗ് പാത്രത്തിന്റെ അടപ്പ് പൊട്ടിപ്പോയി, ടപ്പ്!
നാട്ടിൽ നിന്നും കൊണ്ടുവന്നതായിരുന്നു, നല്ലതായിരുന്നു.. അതിൽ ഒരുപാട് എന്തൊക്കെയോ ചെയ്യണമെന്നൊക്കെ സ്വപ്നം കണ്ടിരുന്നു..
സാരമില്ലാ.. അടപ്പു പൊട്ടിയെന്നും പറഞ്ഞ് കളയാനൊന്നും പോണില്ല. അടച്ചുമൂടി വേവിക്കണ്ടാത്തതൊക്കെ വേവിക്കാം കേട്ടോ പാത്രമേ.. അതിനെ സമാധാനിപ്പിച്ചു.
പിന്നെ പൊട്ടിയ അടപ്പിനെ കെട്ടി ഭദ്രമായി വച്ചു. (അതും ഇനി വണ്ടി വരുമ്പോൾ കയറ്റി വിടണം..)

ഇന്നലെ കിടന്നപ്പോൾ ഒരു പുതു ശിന്ത!

ആത്മ ബ്ലോഗിൽ പലപ്പോഴും വിഢ്ഢി വേഷം കെട്ടുകയായിരുന്നോ എന്നൊരു ശങ്ക! വയസ്സാം കാലത്ത് നിനക്ക് ഇത് വേണോ ആത്മേ എന്നായി പിന്നെ.. അത്മേടെ മനസ്സാക്ഷി സമാധാനപ്പെടുത്തി.. അതിനു നീ ഒരു സ്വാർദ്ധോദ്ദ്യേശ്യത്തോടേയും അല്ലല്ലൊ ബ്ലോഗെഴുതി തുടങ്ങിയത്.. നിന്റെ എഴുതാനുള്ള അദമ്യമായ മോഹമല്ലായിരുന്നോ.. നീ എഴുതുന്നതൊക്കെ നാലുപേർ വായിക്കണമെന്ന അത്യാഗ്രഹമല്ലായിരുന്നോ..? ഇറ്റ് ഇസ്സ് നാച്യുറൽ ആത്മേ.. ഇറ്റ് ഇസ്സ് നാച്യുറൽ.. പ്രത്യേകിച്ച് വീട്ടിൽ ജോലിയും പ്രത്യേകിച്ച് കൂലിയും ഒന്നുമില്ലാതെ മൂലയിൽ ഇരുന്ന് ആത്മേ നോക്കുന്ന ആ ചപ്പാത്തിപ്പലകയ്ക്കോ, പുട്ടുകുറ്റിക്കോ ഒക്കെ ഒരു ഷോകേസിൽ ഇരിക്കാൻ ഇടം കിട്ടിയാൽ എങ്ങനിരിക്കും അതുപോലെ..

ഇനി അല്പം സ്ത്രീ ചിന്തകൂടി ചേർത്ത് ഇന്നത്തെ ബ്ലോഗെഴുത്ത് അവസാനിപ്പിക്കാം.. (ഇത് ഏറെക്കുറേ ഇന്നലെ എഴുതി വച്ചിരുന്നതാണ് ട്ടൊ)

ഈയ്യിടെയായി സ്ത്രീ സമത്വത്തിനെപ്പറ്റിയല്ല്യോ പലയിടത്തും സംസാരം..
എങ്കിപ്പിന്നെ ആത്മ കുറച്ചുകൂട് ആത്മചിന്തകൾ എഴുതിക്കോട്ടെ,
ആദ്യം, ഇന്നലെ ആത്മ പോസ്റ്റിൽ എഴുതിയില്ല്യോ, ഒരു ചെറുമി കുറ്റിക്കാട്ടിൽ ഓടിപ്പോയി പ്രസവിച്ച് കുഞ്ഞിനെയും കൊണ്ട് വെളിയിൽ വന്നു എന്നും മറ്റും..
ഇന്നിതാ പത്രത്തിൽ അതിലും അപ്പുറം ഒരു വാർത്ത!. ചിത്രത്തിൽ കാണുന്ന സ്ത്രീ ട്രയിനിലെ ക്ലോസെറ്റിൽ പ്രസവിച്ചു എന്നും, കുഞ്ഞ് ക്ലോസറ്റിനകത്തൂടെ താഴെ പാളത്തിൽ വീണുപോയതുകണ്ട് സ്ത്രീയും കൂടെ ചാടിയെന്നും രണ്ടുപേരും വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടുവെന്നും ആയിരുന്നു വാർത്ത!!

ഇതിൽ നിന്നും എന്തു മനസ്സിലാക്കുന്നു??

പുരുഷൻ ഫിസിക്കലി സുപ്പീരിയർ ആണെങ്കിലും വിധേയത്വത്തിന്റെ/ക്ഷമയുടെ (ഇതിലും കൂടിയ ഒരു ഭാവമാണുദ്ദേശിച്ചത്) കാര്യത്തിൽ സ്ത്രീയോളം താഴാൻ(?) പുരുഷനും ആകില്ല എന്നതു സമ്മതിക്കേണ്ടതുണ്ട്. പുരുഷൻ കായികശക്തിയിൽ സിംഹത്തെവരെ ജയിക്കുമായിരിക്കാം. പക്ഷെ, സഹനശക്തിയിൽ സ്തീയോടൊപ്പം എത്താൻ കഴിയില്ല എന്നു തർക്കമില്ലാത്ത കാര്യം.
പുരുഷൻ തന്റെ കായികശക്തിയാൽ പല ദുർഘടങ്ങൾ തരണം ചെയ്യാനാകുമെങ്കിൽ
സ്ത്രീ ശരീരവും പലേ ദുർഘടങ്ങളിലൂടെ തരണം ചെയ്യേണ്ടതുണ്ട്.
ആദ്യം ഒരു പുരുഷനു അടിയറവക്കുന്നു സ്ത്രീ തന്റെ ശരീരം (75% സ്ത്രീകളും തങ്ങൾ പ്രേമിക്കുന്നവരെയോ ഇഷ്ടപ്പെടുന്നവരെയോ ആയിരിക്കില്ല വിവാഹം കഴിക്കുന്നത്.) ഒരു അപരിചിതന് തന്റെ ശരീരം കാഴ്ച്ചവയ്ക്കുക/വിധേയപ്പെടുകയാണ് അവർ ചെയ്യുന്നത്/.

അതുകഴിഞ്ഞുള്ള വിധേയത്വമാണ് സ്ത്രീയെ ജയിക്കാനാകില്ല എന്നു പറയാൻ മുഖ്യ കാരണമായി തോന്നിയത്!!
മുകളിലത്തെ പത്ര വാർത്ത തന്നെ അതിനൊരു ഉത്തമ ഉദാഹരണം. ഒരു ഗർഭിണിയായ സ്ത്രീയ്ക്കു മാത്രമേ ഈ ധീരത തോന്നൂ. ധീരതയല്ല, അവളുടെ കർത്തവ്യം ആണത്. അവൾപോലും അറിയാതെ പ്രകൃതി അവളിൽ നിഷിപ്തമാക്കിയിരിക്കുന്ന ഏറ്റവും പാവനമായ കർത്തവ്യം. അത് പൂർത്തീകരിക്കുന്നതാണ് ഈ ഭൂമിയിലെ ഒരു സ്ത്രീയുടെ ഏറ്റവും വലിയ കർത്തവ്യം! അതിനായി അവള്‍ സ്വന്തം ജീവന്‍ പോലും ത്വജിക്കാന്‍ സന്നദ്ധയാകുന്നു...
പുരുഷന്റെ കായികബലം തന്നെ ഒരുപക്ഷെ, സ്ത്രീയെയും കുഞ്ഞിനെയും രക്ഷിക്കാനായും പോറ്റാനായും ദൈവം കനിഞ്ഞരുളിയതാകുമെന്നും എന്നിലെ സ്ത്രീപക്ഷചിന്തകൾ പറയുന്നു..
‘ഞാൻ പാതി നീ പാതി കണ്ണെ
ഞാൻ പാതി നീ പാതെ കണ്ണാ..’
എന്നിങ്ങനെ പാടി നടക്കൂ.. ജീ‍വിക്കൂ..

ആൺ സുപ്പീരിയോരിറ്റി, പെൺ ഇൻഫീരിയോരിറ്റി എന്നൊന്നും വേർതിരിക്കാൻ പോകാതെ,
(രണ്ടുപേരും ചേർന്നാലേ ഒരു പൂർണ്ണ മനുഷ്യനുണ്ടാകൂ എന്നതുതന്നെ ഒരു സത്യം അല്ലെ,
എന്തിനു കണ്ണടച്ചിരുട്ടാക്കുന്നു.?!) സ്ത്രീയുടെ സെൻസിറ്റിവിറ്റി, സോഫ്റ്റ്നസ്സ്, ഒക്കെ ഒരു വീക്ക്നസ്സ് അല്ലെന്നു മനസ്സിലാക്കി, അത് അവളിലെ സ്ത്രീത്വമാണെന്നും ആ സ്ത്രീത്വമാണ് പുരുഷന്റെ അഭയസ്ഥാനമെന്നും (ഭർത്താവായാലും മകനായാലും ഒക്കെ.. ഒരു സ്ത്രീവേണം.. പുരുഷനു പൂർണ്ണനാകാൻ; തന്റെ വംശം നിലനിർത്താൻ; തനിക്ക് പൂർണ്ണവളർച്ചയെത്താൻ.)

മാനം മര്യാദയുള്ള ഒരു സ്ത്രീയും അവകാശവാദവുമായി മുന്നിലെത്തില്ല, ‘ഞാനാണ് നിനക്ക് ശരീരം തന്നത്, അല്ലെങ്കിൽ ഞാനാണ് നിങ്ങൾക്ക് കുഞ്ഞിനെ പ്രസവിച്ചു തന്നത്’ എന്നൊന്നും പറഞ്ഞ്. അതും അവരിലെ സ്ത്രീത്വത്തിന്റെ മേന്മയാണ്. ഇതിനൊരപവാദമായി ചിലരൊക്കെ, ‘ഹും! അവനെ ഞാൻ 10 മാസം വയറ്റിലിട്ട് നൊന്തുപെറ്റതാണെന്നും , പെറ്റവയറിന്റെ നൊമ്പരം’ എന്നുമൊക്കെ അവകാശവാദവുമായി വരുന്നുണ്ടെങ്കിൽ അത് അവരുടെ ഗത്യന്തരമില്ലയ്മയോ വീക്ക്നസ്സോ ആകാം..

വൈചിത്ര്യമായി പറയാവുന്നതെന്തെന്നാൽ, ആൺകുഞ്ഞിനെ പ്രസവിച്ച ഉടൻ കൂടുന്ന സ്ത്രീയുടെ വിലയാണ്! ആൺകുഞ്ഞുണ്ടാകുമ്പോഴേ ഫുൾ ക്രടിറ്റും സ്ത്രീ തന്നെ അവനു നൽകുന്നു!
ആൺകുഞ്ഞിനെ പ്രാസവിച്ച അമ്മ! കുഞ്ഞും പതിയെ അംഗീകരിക്കുന്നു താനെന്ന സുപ്പീരിയർ ജീവിയെ പ്രസവിക്കാനായി ഉണ്ടാക്കിയ ഒരു യന്ത്രം! അല്ലെങ്കിൽ തനിക്കൊരു മകനെ തരാനായി ദൈവം എനിക്കു തന്ന യന്ത്രം ഒക്കെയായി മാറുന്നു സ്ത്രീയുടെ വില. അങ്ങിനെയാകുമ്പോൾ ആണുകുഞ്ഞുങ്ങളില്ലാത്തവർക്ക് എന്തു വില! അവർ നൊന്തുപെറ്റതിനും വിലയില്ല, പത്തുമാസം ചുമന്നതിനും വിലയില്ല. മനം നൊന്ത് അമ്മമാർ തന്നെ പിറന്നു വീഴുന്ന പെൺകുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതും ഒക്കെ ഈ പുരുഷ മേധാവിത്വത്തിൽ നിന്നും ഉണ്ടായതാണ്. (ഇവൾ നാളത്തെ ഒരു ഇന്ദിരാഗാന്ധിയോ, മദർ തെരേസയോ ഒക്കെ ആയിക്കൂടെന്നില്ല എന്നുചിന്തിച്ചില്ലെങ്കിലും, ഇവൾക്ക് ഭാവിയിൽ നാലോ അഞ്ചോ ആണ്മക്കളെ പ്രസവിച്ച് വളർത്താനായേക്കുമെന്നെങ്കിലും ഓർത്ത് ആ കുഞ്ഞുങ്ങളെക്കൂടെ അക്സപ്റ്റ് ചെയ്തുകൂടെ?!)

പുരുഷന്മാരേ ഒന്നോർക്കുക: നിങ്ങൾ സ്ത്രീക്ക് സമത്വം ഇല്ലാത്ത ഒരു ലോകമാണ് പടുത്തുയർത്തുന്നതെങ്കിൽ നാളെ നിങ്ങൾക്ക് പിറക്കാൻ പോകുന്ന പെൺകുഞ്ഞും ഈ ഭൂമിയിൽ സുരക്ഷിതയായിരിക്കില്ല.

ശുഭം

This entry was posted on 11:09 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments