എന്റെ താളുകൾ..  

Posted by Askarali

താളുകൾ മറിയുമ്പോൾ എന്നെഴുതി വച്ചാൽ മതിയോ?! മറിച്ചാലല്ലെ മറിയൂ..!
എല്ലാറ്റിനും ആത്മ തന്നെ വേണം..അല്ലെങ്കിൽ പിന്നെ സാരമില്ല.
ഈ താളിനെങ്കിലും ആത്മയെ വേണമല്ലൊ,
ആത്മയില്ലെങ്കിലും വേണ്ടില്ല, ‘നീ എനിക്കാരുമല്ല, വേണമെങ്കിൽ ഇപ്പോൾ പറഞ്ഞുവിടും കാണണൊ’ എന്നൊന്നും ക്രൂരമായി പറഞ്ഞ് വേദനിപ്പിക്കാനൊന്നും എന്റെ താളിന് കഴിയില്ലല്ലൊ,
ആത്മയില്ലെങ്കിൽ മറിയില്ല എന്ന ആ വാശിയുമായി കാത്തു കിടന്നില്ലെ, ആ.. അതാണ് ആത്മയ്ക്കിഷ്ടമായത്, നോക്കട്ടെ താളേ.. നിന്നെ ഒന്നു മറിയ്ക്കാൻ പറ്റുമോന്ന്..
*
ജീവിതത്തിന്റെ താളുകൾ ആവർത്തന വിരസതകൊണ്ട് നിറയുമ്പോൾ ബ്ലോഗിന്റെ താളുകളും വിരസമായിപ്പോകില്ലേ, വിരസമല്ലാതെ പുതിയ സംഭങ്ങളോ അനുഭവങ്ങളോ തേടിപ്പോകാനോ അനുഭവിക്കാനോ ഒന്നും സാധ്യമല്ലാത്ത ഒരു ഇടുങ്ങിയ ജീവിതത്തിനിടയ്ക്ക് നിന്നെ ഇങ്ങിനെ മറിച്ചുകളയാം എന്നു കരുതിയ എന്റെ ചങ്കൂറ്റത്തെ ഞാനൊന്നഭിനന്ദിച്ചോട്ടെ,

പറയാൻ വന്നതെന്തെന്നു പറഞ്ഞാൽ..

അങ്ങിനെ പരീക്ഷയും (ശ്ശ് മിണ്ടരുത്.. കമ്പ്ലീറ്റ് നിശ്ശബ്ദത). ഏകാന്തതയും, ബോറടിയും, പിന്നെ ഏകാന്തത ഫിൽ ചെയ്യാൻ ഭാഗവതം കേൾക്കലും (ഇയർഫോൺ വച്ച്), ഒക്കെക്കൂടി ബഹളമല്ലായിരുന്നോ..

ഇന്നലെ മോൾ പരീക്ഷയ്ക്ക് പോകാൻ ഒരുങ്ങുമ്പോൾ ദാ ഒരു കാൾ, “അമ്മേ ഞാൻ എന്റെ ഫയൽ എടുക്കാൻ മറന്നുപോയി. അടുത്ത പീര്യഡ് കിട്ടിയാൽ കൊള്ളാമായിരുന്നു. അത്യാവശ്യമാണ്.” മകനാണ് കോളേജീന്ന്!
“നീ അച്ഛനോട് പറഞ്ഞോ?”
“പറഞ്ഞു, അച്ഛൻ ബിസിയാണ്. വേണമെങ്കിൽ വൈകിട്ട് കൊണ്ടുതരാമത്രെ. പക്ഷെ എനിക്കിപ്പോൾ വേണം..”
ഓഹോ! അപ്പോൾ അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ് അല്ലെ, ഹും, സാരമില്ലാ.. പോവഴിയുണ്ടാക്കാം..
ആത്മയിലെ അമ്മ കർമ്മ നിരതയായി.. അറ്റൻഷനായി..
അങ്ങിനെ ഒടുവിൽ ആത്മയെ തേടി വ്യത്യസ്തതയുള്ള ഒരു കർമ്മം ഓടിയെത്തിയിരിക്കുന്നു!
“അമ്മ അനിയത്തി പരീക്ഷയ്ക്കിറങ്ങിക്കഴിഞ്ഞാൽ ഉടൻ തന്നെ ഒരു ടാക്സിപിടിച്ച് അവിടെ കൊണ്ടു തരാം. ശരിക്കുള്ള അഡ്രസ്സും, മോൻ എവിടെയാണ് നിൽക്കുന്നതെന്നും പറയൂ..”
മോൻ ആശ്വസിക്കുന്നത് ഫോണിലൂടെ കേട്ട് ആത്മ കുറെക്കൂടി ഉഷാറായി..
*
കുളിച്ചിട്ട് മൂന്നായി (അല്ല രണ്ട്). സാരമില്ല, ടൌവ്വൽ നനച്ച് ദേഹശുദ്ധിയൊക്കെ വരുത്തി, അല്പം സ്പ്രേയും പൌഡറും പിന്നെ ശപ്രശ തലമുടിയിൽ കുറെ ഹെയർ ഓയിലും അപ്ലൈ ചയ്ത്, ഔരു ചുരീദാറും ഒക്കെ ഇട്ടപ്പോൾ
ആരു കണ്ടാലും കുളിച്ചിട്ട് രണ്ടായെന്നോ ഒന്നും പറയില്ലാ.. അല്ലെങ്കിൽ തന്നെ ഇപ്പം ഒരു ടാക്സിയിൽ കയറി ഈ കൊച്ചു രാജ്യത്തു നിന്ന് മറ്റൊരറ്റത്ത് പോയി വരാൻ ഇപ്പം എന്തിന് കുളിക്കയും മേക്കപ്പിടുകയും ഒക്കെ ചെയ്യുന്നു..!
ടാക്സി വിളിച്ചു.
‘5 മിനിട്ടിനകം 2 ഡോളർ അധികനിരക്കിൽ നിങ്ങളൂടെ വീടിനു മുന്നിൽ വരും.. ഹാപ്പി ജേർണി’ ഇനി നിങ്ങളായി നിങ്ങളുടെ പാടായി, എന്ന് പറഞ്ഞ് ചീന തരുണി ഫോൺ വച്ചു.
ആത്മ ആക്രാന്തത്തോടെ ഫയൽ എടുക്കുന്നു, കീ എടുക്കുന്നു, കതകുകൾ അടക്കുന്നു, പിന്നെ തിരിച്ചുവരുമ്പോൾ വാങ്ങാ‍നുള്ള സാധങ്ങളുടെ ലിസ്റ്റ് ഫ്രിഡ്ജിൽ ഒട്ടിച്ചിരിക്കുന്നത് വലിച്ചെടുത്ത് ബാഗിൽ തിരുകുന്നു, മകന്റെ അഡ്രസ്സ് തിരുകുന്നു..
ലാസ്റ്റ് സ്റ്റെപ്പ്, ഇറങ്ങാൻ നേരം പൂജാമുറിയുടെ മുന്നിൽ‌ പോയി നിന്ന് പ്രാർത്ഥിക്കുന്നു.., ‘ആപത്തൊന്നും വരുത്തല്ലെ, എല്ലാം ശുഭമായിരിക്കണേ.., അങ്ങേയ്ക്ക് ഞാനും എനിക്ക് അങ്ങയുമേ ഉള്ളേ ഗുരുവായൂരപ്പാ, ബാക്കി എല്ലാവരും മായയാണേ.. കാത്തോളണേ..’ (അല്ല റോങ്ങ്, ‘എനിക്ക് അങ്ങും, അങ്ങയ്ക്ക് എല്ലാവരും..’എന്നെ വിഷമിപ്പിക്കുന്നവരും, സ്നേഹിക്കുന്നവരും, ഒക്കെ ഉണ്ട്. എനിക്ക്-അല്ല.. ഗുരുവായൂരപ്പന്- എന്തൊരു വിശാ‍ലത!)..എന്നൊക്കെ പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
ദൈവം പറഞ്ഞു, ‘ഡോണ്ട് വറി ആത്മേ ഡോണ്ട് വറി, നിനക്ക് ഞാനുണ്ട് ഇവിടെയായാലും എവിടെയായാലും..’ ഓ.. ഹൃദയം തണുത്തു. ഇതു കേൾക്കാൻ ഞാൻ എത്ര ജന്മം തപസ്സിരുന്നു..! ഒടുവിൽ ഈ ടാക്സി വിളിക്കണ വരെ കാത്തുനിൽക്കേണ്ടിവന്നല്ലൊ, എന്നാലും കേട്ടല്ലൊ സമാധാനമായി.. സമധാനമായി..
‘നന്ദി ഗുരുവായൂരപ്പാ..നന്ദി!’ എന്നൊക്കെപ്പറഞ്ഞ് കാൽ നീട്ടി വെളിയിൽ വച്ചു, കതകടച്ചു.
ഗേറ്റിനുവെളിയിൽ.. ഒരു ടാക്സി വന്ന്, വളയ്ക്കുന്നു.
ആത്മ ഗേറ്റുതുറക്കുന്നു.. അടയ്ക്കുന്നു.. അവസാനമായി വീടിനെ ഒന്നുകൂടി നോക്കി, പിന്നെ ടാക്സിയെ നോക്കി ഒറ്റകയറ് കൊടുത്തു.

*
അകത്ത് 70 നടുത്ത ഒരമ്മാവനാണ്. നല്ല ഫോമിൽ ഇരിക്കുന്നു. പണ്ട് നല്ല ജോലിയെങ്ങാനും ഉള്ളയാളായിരുന്നിരിക്കണം.
ഹും! 70 വയസ്സാ‍യ ഈ മനുഷ്യന് വണ്ടിയോടിക്കാം. ആത്മയ്ക്കിനിയും..
(ആത്മേ.. നൊ കമ്പ്ലൈന്റ്, ലെറ്റ് അസ് എജൊജോയ് ദി ജേർണീ)
അകത്തു കയറിയപ്പോൾ ചീനഭാക്ഷയിൽ തകർത്ത് വച്ച് കവിത/മ്യൂസിക്ക് കേൾക്കുന്നു!
ലെറ്റ് അസ് എഞ്ജോയ്യ് അമ്മാഅങ്കിൾ.. ആത്മയും പ്രിപ്പയർ ആയി..
പോകേണ്ട സ്ഥലം പറഞ്ഞു,..
അവിടെ അവന്യൂ ഏതാ?
ഏതവന്യൂ ? കുഴങ്ങിയോ?!
ഈ ഇത്തിരിവട്ടം രാജ്യത്തിലെ ആകെ രണ്ടു കോളേജുകളിൽ, ഒന്നിൽ പോകാനും അറിയില്ലേ മനുഷ്യാ നിങ്ങൾക്ക്..?! എന്നിട്ടാണൊ ടാക്സീം കൊണ്ടിറിങ്ങിയിരിക്കുന്നത്! വിമർശിക്കാനും ചിന്തിച്ചു നിൽക്കാനും (ഇരിക്കാൻ) സമയമില്ല, ആത്മ അടുത്ത ബിസിനസ്സിലേക്ക് കടന്നു..
‘ഹലോ, മി. ആത്മയാണോ?’
‘ഉം..’
‘ഞാൻ ഒരു ടാക്സിക്കകത്താണ്.’
‘ഉം..’(നോ‍ വികാരം)
‘മോളുടെ ഫയൽ കൊണ്ടു കൊടുക്കാൻപോവുകയാണ്.’
(പറഞ്ഞിട്ടുപോകാതെ അഡ്വഞ്ചർ കാട്ടി വിരട്ടാൻ ഇരുന്നത് പൊളിഞ്ഞ ചെറിയ ഒരു ചമ്മലും ഉണ്ട്)
‘മോൾ പറഞ്ഞില്ലേ’,
‘ഉം..’ (മി. ആത്മയോട് പറയാതെ ആത്മ ഇങ്ങിനെ ടാക്സിക്കകത്തൊക്കെ കയറുന്നത് ഒരു സംഭവമാണേ!)
സാരമില്ല, മക്കളുടെ ആവശ്യമല്ലെ, അന്തംവിട്ട് പോകുന്നതാകും എന്ന് ക്യുക്ക് ഡിസിഷൻ മേക്കറിനു മനസ്സിലായി.
ആത്മ വീണ്ടും: ‘ഈ ടാക്സിക്കാ‍രന് ശരിക്കുള്ള അഡ്രസ്സ് അറിയില്ല!’
മറുതലക്കൽ: ‘പറഞ്ഞു കൊടുക്കണം’ (എനിക്ക് നിന്നെ വേണ്ടെങ്കിലും, നീ എവിടെപ്പോയാലും എന്റെ ആവശ്യം വരുമെടീ.. അനുഭവിക്ക്... എന്നുള്ള ഒരു നേരിയ പ്രതിഷേധം ഇല്ലെ ആ സ്വരത്തിൽ.. തോന്നിയതാകും..)
ഒടുവിൽ മി. ആത്മ കറക്റ്റ് പേര് പറഞ്ഞതും ആത്മ റിപ്പീറ്റ് ചെയ്തതും, ചീന തിരുവടികൾ ഏറ്റുപറഞ്ഞു! സ്ഥലം സ്പഷ്ടമായി!
‘ഓക്കെ. താങ്ക്സ്..’
യാത്രാ വിഘനം കടന്നുകിട്ടി!
*
ആത്മ അങ്ങിനെ ഇരുവശവും പച്ച മരങ്ങൾ തിങ്ങിനിൽക്കുന്ന മനോഹരമായ പാതയിലൂടെ.. മുന്നിൽ ചീനന്റെ പാട്ടും, ആത്മയുടെ ഇയർഫോണിൽ മഹാഭാഗവതവും കേട്ട്.. അങ്ങിനെ പോവുകയാണ്..
പോകുന്നവഴി, ഇത്രയൊക്കെ മരങ്ങളുണ്ടായിട്ടും എന്റെ കേരളത്തിനില്ലാത്ത പ്രത്യേകതയെന്താകും
എന്നൊന്നു ഗവേക്ഷിച്ചു നോക്കി.. ഒരു പോയിന്റ് കിട്ടി! കേരവൃക്ഷങ്ങളുടെ അഭാവം! പിന്നെ വാഴ വയൽ, പ്ലാവ് തുടങ്ങിയ മരങ്ങൾ...
ഇവിടെ ഇരുവശവും കാട്ടുമരങ്ങളല്ലേ, അതും അമേരിക്കേലും മറ്റുമുള്ള ഡൈവേർസിറ്റിയോ കളറൊ ഒന്നും ഇല്ല. എല്ലാം ഒരേ പച്ച.
അപ്പോൾ ‘ഞങ്ങളും ഉണ്ടേ..’എന്നും പറഞ്ഞ് ഇടക്ക് രണ്ട് കേരവൃക്ഷങ്ങൾ അങ്ങിനെ ദൂരെ ഫോറിൻ കാട്ടുമരങ്ങളുടെ ഇടയിൽ നിന്നും ചിരിക്കാൻ പ്രയാസപ്പെടുന്നു.
‘ചിരിക്കണ്ട ചിരിക്കണ്ട.. എനിക്കറിയാം നിങ്ങളുടെ പ്രയാസം..’ ആത്മ സമാധാനിപ്പിച്ചു.
ആത്മ ശ്രീമഹാഭാഗവതം കേട്ടു. ഭക്തി രസത്തിൽ മുഴുകിയാൽ പിന്നെ എല്ലാം മായ.. ഈ കൊച്ചു രാജ്യമായാലും അമേരിക്കയായാലും ഇന്ത്യയായാലും എല്ലാം ഒന്നു തന്നെ...
*
അങ്ങിനെ ഒടുവിൽ കിറുകൃത്യം മോന്റെ കോളേജു വളപ്പിലെത്തി, ചിരിച്ചുകൊണ്ടു നിൽക്കുന്നു മകൻ (ആ ചിരി പിന്നെ അഭിമാനമായി മാറുന്നു! എന്റെ അമ്മ ഇത്രയൊക്കെ ചെയ്തുവല്ലൊ എന്ന). അവനെ ഫയൽ ഏൽ‌പ്പിച്ച് കാറിൽ ചീനനമ്മാവനും ആത്മയും കൂടി തിരിച്ചു ഗമിക്കുന്നു. മകൻ റ്റാ റ്റാ കാണിക്കുമ്പോൾ അമ്മാവനിൽ ഒരു ഒരു മാന്യത കൈവന്ന പോലെ!
‘യുവർ സൻ വിച് ഇയർ?’
അത്രയൊന്നും പൊക്കണ്ട അമ്മാവാ.. ‘ഒൺലി.. ഫർസ്റ്റ് ഇയർ ഹി.. ഹി..’ എന്റെ എളിമത്വം കാട്ടി. ആത്മ വീണ്ടും ഭാഗവതം കേട്ടു.. അയാൾ അയാളുടെ ചീനസംഗീതം ആസ്വദിച്ചോട്ടെ,
ഈ ജന്മത്തിൽ നമുക്ക് ഇത്രയൊക്കെയെ പറയാൻ വിധിച്ചിട്ടുള്ളൂ അമ്മാവാ.. കീപ്പ് ക്വയറ്റ്.. ലെറ്റ് അസ് എഞ്ജോയ് അവർ മ്യൂസിക്ക്..
(ലൈഫ് ഈസ് നോട്ട് ബ്യൂട്ടിഫുൽ വിതൌട്ട് മ്യൂസിക്)
*
ഒടുവിൽ തിരിച്ച് ആത്മേടെ വീടിനടുത്തെ ഷോപ്പിംഗ് സെന്റർ ആയി പോങ്ങമ്മൂട് (അല്ല ചോങ്പാങ്) രണ്ടും തമ്മിൽ എന്തോ ഒരു സാമ്യം അല്ലെ?! (അതിപ്പോൾ എഴുതിയപ്പോഴാണ് കണ്ടുപിടിച്ചത്!)
‘ദേ ആ കാണുന്ന ബസ്സ്റ്റോപ്പിനടുത്തായി നിർത്തിയാൽ മതി.’
‘ഒ.കെ’
നോട്ട് കെട്ടുകൾ (നാലെണ്ണം!) അമ്മാവന്റെ കയ്യിൽ കൊടുക്കുമ്പോൾ ആത്മയുടെ കൈകൾ വിറക്കാതിരിക്കാൻ ആത്മ പ്രത്യേകം ശ്രദ്ധിച്ചു.
പിന്നെ തലയുയർത്തിപ്പിടിച്ച് ‘ചോങ്പാങി’നകത്തേയ്ക്കങ്ങ് ഊളിയിട്ട് കയറി...
*
ഇനിയല്ലെ, നമ്മുടെ സാമ്രാജ്യം!
എന്തെരെല്ലാം വാങ്ങാൻ കിടക്കണ്!
ഉപ്പിത്തൊട്ടു കർപ്പൂരം വരെ..
മി. ആത്മ വീണ്ടും ഡീസന്റ് ആയതുകൊണ്ട് അൽ‌പ്പം കൂടി ഭാരം താങ്ങേണ്ടി വരും...
ആദ്യം നമ്മുടെ മലയാളി കടയിൽ കയറി. അവിടെ പണ്ടത്തെ കോമളാംഗികളൊക്കെ മാറി ഇപ്പോൾ യുവകോമളന്മാരാണ്. അസ്വസ്ഥപ്പെടണോ?എന്തിന്? എല്ലാം നമ്മുടെ പിള്ളാരല്ലെ,
ആത്മ ആത്മയ്ക്ക് വേണ്ടുന്നതൊക്കെ എടുത്ത് കാഷ്കാർഡൊക്കെ കൊടുത്തിട്ട് പറഞ്ഞു,
‘ഞാൻ അടുത്ത കടയിൽ പോയി വരും വരെ ഇതിവിടെ വച്ചോട്ടെ?!’
‘നോ പ്രോബളം..’
*

ആത്മ അങ്ങിനെ കയ്യും വീശി നടന്നു..
ഇനിയാണ് കഥയിലെ (ഈ താളിലെ ) ഹൈലൈറ്റ്.
ആത്മ ചെന്നു നിന്നത് ഒരു മൊബൈൽ കടയിൽ!
ആത്മയുടെ സ്ഥിരം കടകളാണ് ഇതൊക്കെ.. മക്കളുടെ ഫോൺ വെള്ളത്തിലും ഫിത്തിയിലുമൊക്കെ വീണ് കുതിരുകയും തകരുകയും ഒക്കെ ചെയ്യുമ്പോൾ ഇരുചെവി അറിയാതെ (മി. ആത്മേടെ)
സെക്കന്റ് ഹാൻഡ് ഫോണൊക്കെ വാങ്ങി ആത്മ അങ്ങ് എക്സപർട്ട് ആയിപ്പോയീ..
‘കഴിഞ്ഞ പ്രാവശ്യം വാങ്ങിയില്ലേ അത്തരത്തിലൊരു ഫോൺ ഉണ്ടോ, വളരെ ലൈറ്റ് ആയിട്ടുള്ളത്?’
അവൻ ഞൊടിയിടയിൽ തപ്പിയെടുത്തു തന്നു.
നല്ല ലൈറ്റ് സോണി എറിക്സൺ. അത് മകളാണ് പറഞ്ഞത്. അതേ കൊള്ളാവൂ എന്ന്.
‘നിങ്ങൾക്കിവിടെ 2GB കാർഡുണ്ടോ?’
‘ഉണ്ടല്ലൊ’
‘എത്രയാകും?’
ടാക്സിക്കുകൊടുത്ത കാശിന്റെ അത്രേമാകില്ല. ആശ്വാസം! (പണ്ടത്തെ അമ്മായിമാരെങ്ങാനും കണ്ടാൽ മുടിക്കാനായിട്ടു കയറിവന്നത് എന്ന് തീർച്ചയായും പറയും.. -ഏതിനും ഭാഗ്യത്തിന്, അപ്പോൾ അതൊന്നും ഓർത്തില്ലാ-‘മണി ഈസ് വാട്ട് മണി ഡസ് ആണ്, ഡസ് ചെയ്യാത്തതല്ല’ എന്നൊക്കെ ആർക്കും അറിയില്ലെന്നേ..!)
‘അതിലും വലിയ കാർഡുണ്ടോ?’
അവൻ ദാ ചിരിക്കാൻ പോകുന്നു!
‘വലുതല്ല.. GB.., GB.. മോർ GB?’
‘ഉണ്ടല്ലൊ, 4 GB’
ങ്ഹേ! എങ്കിപ്പിന്നെ ഇങ്ങെട്
എന്റെ മഹാഭാഗവതോം, രാമായണോം, മുഹമ്മദ് റാഫീം, യേശുദാസും, ആവോംഗെയും, കായാമ്പൂവും.. എന്തുവേണമെങ്കിലും കൊള്ളും...
സോളിനു തൽക്കാലം ശാന്തി കിട്ടീ..
*
അപ്പോഴുണ്ട് ദൂരെ പരിചയമുള്ള ഒന്നല്ല രണ്ട് തലകൾ..
‘ചേച്ചീ.. കടയിലുള്ള എല്ലാമൊന്നും എടുക്കല്ലെ..’
അസിൽ നാട്ടുമ്പുറം. (ഇത് ചോങ്പാങ് തന്നെയോ അതോ പോങ്ങമ്മൂടോ!)
രണ്ടും കൂടി ഇറങ്ങിയിരിക്കയാണ് ഷോപ്പിംഗിനെന്നും പറഞ്ഞ്!
ആത്മ ചിരിച്ചു.. ഭാഗ്യത്തിന് ഇപ്പോൾ ഒരു ഇയർ ഫോൺ കടയിലാണ് നിൽക്കുന്നത്. തന്റെ ലാവിഷ്
ഷോപ്പിംഗ് അവർ കണ്ടില്ലല്ലൊ ഭാഗ്യം!
‘നാട്ടിൽ പോകുന്നില്ലേ? മക്കളുടെ പരീക്ഷ കഴിഞ്ഞോ? എളുപ്പമായിരുന്നോ? (അതുചോദിക്കുമ്പോൾ ഒരു കരയുന്ന മുഖഭാവം വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നു) എത്ര ചോദ്യങ്ങളാണ് തുരുതുരാ രണ്ടുംകൂടി!’
നാട്ടിൽ ഡിസംബറിൽ പോകുന്നു.
മക്കളുടെ ഒരാളുടെ പരീക്ഷ നടക്കുന്നു.
അതിപ്പൊൾ അവർക്കല്ലെ അറിയൂ.

‘നിങ്ങൾ എവിടെപ്പോയിട്ട് വരുന്നു?’
‘ഞങ്ങൾ മക്കളെ നർസറിയിൽ കൊണ്ടാക്കിയിട്ട് വരുന്നു.’
‘എന്നു നാട്ടിൽ പോകുന്നു?’
‘ഞങ്ങൾ നാട്ടിൽ നവമ്പറിൽ പോകുന്നു.’ (അതും രണ്ടുകൂടി തന്നെ പോണത്! എന്തൊരൈക്യം!)
‘എങ്കിപ്പിന്നെ നടക്കൂ.. ഞാൻ കഴിഞ്ഞു. ആ കടയിൽ വാങ്ങിവച്ചിരിക്കുകയാണ്’
‘മി. ആത്മാണ്ണൻ വരുമോ കൊണ്ടുപോകാൻ?’
അപ്പോഴാണ് ആത്മേം ശിന്തിച്ചത്! വരുമോ?!
വിളിച്ചുനോക്കാം...
(അവരോട് മി. ആത്മ ‘വരില്ല’ എന്ന് ദയനീയമായി പറഞ്ഞ്, യാത്രയാക്കി..റ്റാ..റ്റാ..)
*
നമ്മൾ ചിന്തിക്കുമ്പോലെയല്ലെ പ്രവർത്തികൾ! അതുപോലെയല്ലെ ഫലങ്ങളും! പക്ഷെ ഇന്നലെ
മി. ആത്മ പറഞ്ഞത് അല്പം കൂടിപ്പോയില്ലേ? അങ്ങിനെ പറയാമോ?
ഓ, സാരമില്ല.. ക്ഷമിച്ചുകളയാം.. എല്ലാം മായയല്ലേ..
‘ഹലോ മി. ആത്മയാണോ? ഞാൻ ചോങ്പാങിൽ നിൽക്കുന്നു!’
‘ഉം!’
‘കൂറെ സാധങ്ങളും വാങ്ങി വച്ചിട്ടുണ്ട്’
‘ഉം?!’ (അതിനു ഞാനെന്തുവേണം എന്നമട്ടിൽ)
‘നല്ല ഭാരമുണ്ട്. എനിക്ക് തൂക്കിക്കൊണ്ട് അതുവരെ നടക്കാൻ പറ്റില്ല’ (സ്ത്രീയിൽ നിന്നും വേണ്ട ഹെല്പ്‌ലസ്സ്‌നസ്സ്!)
‘മോളേ വെളിച്ചുകൊണ്ടു വരുംപ്പോൾ ഇതുവഴി വരുമോ?’ (പിണക്കം അവസാനിപ്പിച്ച് നമുക്ക് കൂട്ടുകൂടാം..)
‘പറ്റില്ല.’ (ഭീക്ഷണി)
‘ങ്ഹേ പറ്റില്ലേ?!’(ഞടുക്കം!) എന്നെക്കൊണ്ട് ഇതും പൊക്കിയെടുത്തും കൊണ്ട് നടക്കാൻ പറ്റില്ല (തീരെ ഹെല്പ്‌ലസ്സ്)
അപ്പോൾ അപ്പുറത്ത് നേരിയ ഒരനക്കം! (ദയ)
ഇതൈ ഇതൈ താൻ നാം ഇരുവരും എതിർപാർത്തത്..!!!
‘ഉം. അരമണിക്കൂറിനകം അവിടെ വരും..’
‘ഓ..കെ നോ പ്രോബ്ലം. എത്താറാകുമ്പോൾ ഒന്നു വിളിക്കണേ.. എപ്പോൾ, എവിടെ നിൽക്കണമെന്നറിയാൻ’ (അപ്പോൾ നമ്മൾ വീണ്ടും കൂട്ടായേ..)
‘ഉം..’ (പരിഗണിക്കാം..)

*
അപ്പോൾ ഇനി അര മണിക്കൂർ..! ചോങ്ങ്പാങ്ങ്..! ചുറ്റുംകടകൾ..! ഒരുപാട് സാധനങ്ങൾ..! മഴ..! കുട..!
ഇനീം എഴുതിയാൽ എന്റെ താൾ നിറഞ്ഞു കവിയും...
എന്റെ അടുക്കള അനാഥമായിപ്പോകും...
തൽക്കാലം വിട..

This entry was posted on 11:07 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments