അകവും പുറവും...  

Posted by Askarali

ഈ ബ്‌ളോഗ്‌ ഞാൻ എഴുതുന്നതു തന്നെ എന്നിലെ എന്നെ കണ്ടുപിടിക്കാൻ കൂടിയാണ്‌..
എന്റെ അനുഭവങ്ങൾ അത്‌ പുറം ലോകത്ത്‌ അവതരിപ്പിക്കാവുന്നതാണോ.. എങ്കിൽ എത്രമാത്രം അവതരിപ്പിക്കാം.. ഏതുരീതിയിൽ അവതരിപ്പിക്കാം എന്നൊക്കെ ഒരു പരീക്ഷണം.. പിന്നെ, നാം ജീവിച്ചിരുന്നു എന്നതിനു ഒരു തെളിവും വേണമല്ലോ,

‘പ്രഥമ പ്രതിശ്രുതി‘ വായിച്ചു തുടങ്ങി. അന്നത്തെ കാലത്ത്‌ പെണ്ണുങ്ങൾ അനുഭവിച്ചിരുന്ന വിഷമതകൾ!
എഴുത്തുകാരിക്ക്‌ ആ അനുഭവങ്ങളെയും യധാർത്ഥ ശരി അല്ലെങ്കിൽ തെറ്റുകളെക്കുറിച്ചും ഒക്കെ നല്ല ബോധമുണ്ടായിരുന്നതുകൊണ്ടാണ്‌ ആ അനുഭവങ്ങൾ എടുത്തുകാട്ടാൻ ആയത്‌ .
ആ ബുദ്ധി ഒരു സാധാരണ ആത്മയ്ക്ക്‌ ഇല്ലല്ലോ, ആത്മ അനുഭവിക്കുന്ന തെറ്റും ശരിയും വിശകലനം ചെയ്യാനോ, ചുറ്റും നടക്കുന്ന ശരിയും തെറ്റുകളും ആയി കമ്പയർ ചെയ്യാനോ ഉള്ള വിവേകം/ബുദ്ധി ഇല്ലാതായിപ്പോയി..
എന്നാൽ എല്ലാറ്റിനേയും അനുസരിക്കുമെങ്കിലും ഉള്ളിൽ, എതിർക്കുന്ന ഒരു മനസ്സാക്ഷി..
അതാണ്‌ ആശയക്കുഴപ്പമുണ്ടാക്കുന്നത്‌..

പോട്ടെ, ഇത്രയും എഴുതിയത്‌ ഒരുപക്ഷെ, ആ നോവൽ വായനയിൽ നിന്നു കിട്ടിയ ഒരു മൂഡ്‌ ആയിരിക്കാം..

ഇപ്പോൾ ആത്മ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നു. ആത്മയെ മനസ്സിലാക്കാൻ ആത്മ മാത്രമേ ഉള്ളൂ എന്നും... ആത്മയ്ക്ക്‌ തണലായും തുണയായും ഒക്കെ ആത്മ തന്നെ എപ്പോഴും വേണം എന്നും..(ബ്‌ളോഗിൽ അല്ല യധാർത്ഥ ജീവിതത്തിൽ) കൂടാതെ രണ്ടു മക്കളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വവും ആത്മയ്ക്കുണ്ടെന്നും ആത്മ മനസ്സിലാക്കുന്നു.. ഭർത്താവ്‌ ചെയ്യുന്നതൊക്കെ ശരിയായാലും തെറ്റായാലും അനുസരിച്ച്‌ പോകാതെ ഇതിനൊന്നും സാധ്യമല്ലെന്നും ഒക്കെ അംഗീകരിക്കേണ്ടിയിരിക്കുന്നു..
എന്നാല്‍ ഈ അനുസരണയുടെ ഇടയിലും ഞാന്‍ തീര്‍ത്തും അടിമയല്ല, വിഡ്ഡിയുമല്ല, എല്ലാം അറിയുന്ന ഒരാത്മാവ് എന്റെ ഉള്ളീലും ഉണ്ട് എന്ന ഒരു മുറവിളി.. അത് നിയത്രിക്കാന്‍ പലപ്പോഴും ആകുന്നില്ല..

എന്നാല്‍ ആത്മ ഒരിക്കലും ഒന്നും അല്ലായിരുന്നു എന്നാതാണ്‌ ശരി.. ആരുടെയോ ഒക്കെ ശരിയില്‍ കരുവാകാനായി ഉണ്ടായ ഒരു ജന്മം.. തന്റേടം നഷ്ടപ്പെട്ടുതുടങ്ങിയത് താന്‍ പെണ്ണാണെന്ന ബോധം ഉണ്ടായി തുടങ്ങിയശേഷവും.. പെണ്ണിന്റെ ലോകം ആണിനെ അപേക്ഷിച്ച് വളരെ ഇടുങ്ങിയതാണെന്നും ഉണ്ടായ തിരിച്ചറിവിനു ശേഷമാകണം..
----

അതൊക്കെ പോകട്ടെ, നമുക്ക് ശരിക്കുമുള്ള ലോകത്തിലേക്ക് വരാം..

ആത്മ ഇന്നും ഇന്നലെയുമായി രണ്ടുമൂന്ന് നല്ല കാര്യങ്ങള്‍ ചെയ്തു..
മക്കള്‍ക്ക് കണ്ണാടി വാങ്ങാന്‍ പോയി..
സിനിമാ കാണാന്‍ പോയി..
ആത്മ സ്വയം ഒരു ചെക്കപ്പിനു പോയി..-ഇവിടെ മി. ആത്മയെകിട്ടില്ല.. നാട്ടില്‍ ചെന്നാലും ആരെയും കിട്ടില്ല-
ഒരുകണക്കിനു എല്ലാം തനിയെ ചെയ്യുന്നതിലും ഒരു സുഖമുണ്ട്..!
നമുക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് ഡോക്ടര്‍ പറയുന്നെങ്കില്‍ അത് ആത്മാര്‍ത്ഥതയില്ലാത്ത ലോകത്തെ അറിയിക്കുന്നതിലും ഭേദം നാം മാത്രം അറിയുന്നത്.. അതല്ല ആരോഗ്യമുള്ള ശരീരമാണെന്നറിയുന്നെങ്കില്‍ അത് നമ്മുടെ മാത്രം ഒരു ഗൂഢാനന്ദമായി
മനസ്സില്‍ സൂക്ഷിക്കാം..

അങ്ങിനെ ക് ളിനിക്കില്‍‍ പോകുമ്പോള്‍ കിട്ടിയ ചിന്തകള്‍ കുറിക്കട്ടെ..,

ആത്മയ്ക്ക് ചുറ്റും കാണുന്ന മനുഷ്യര്‍ പലരും ക് ളിനിക്കില്‍ പോകുന്നവരായി ഒരു തോന്നല്‍..
സിനിമാ കാണാന്‍ പോയപ്പോള്‍ ചുറ്റും കാണുന്ന മനുഷ്യരൊക്കെ ഉല്ലസിക്കാന്‍ പോകുന്നവരാണെന്ന ഒരു തോന്നല്‍..
മി. ആത്മയുടെ പരുഷ സ്വരം കേട്ടിട്ട് വെളിയില്‍ പോകുമ്പോള്‍ കാണുന്ന സ്ത്രീകളെല്ലാം ഭര്‍ത്താവിനാല്‍ ഇല്‍ട്രീറ്റ് ചെയ്യുന്നവരായി തോന്നും..
മക്കളുടെ റിസള്‍ട്ടറിയുന്ന ആയിടയ്ക്ക് വെളിയില്‍ കാണുന്ന മനുഷ്യരൊക്കെ മക്കളുടെ നല്ല റിസള്‍ട്ടില്‍ ത്രില്ലടിച്ചു നടക്കുന്നവരോ, മോശം റിസള്‍ട്ടില്‍ ഡെസ്പ് ആയി നടക്കുന്നവരോ
ഒക്കെയായി തോന്നും..!
മി. ആത്മയുമായി യോജിച്ചു പോകാന്‍ കഴിയുന്ന ദിവസങ്ങളില്‍ വെളിയില്‍ കാണുന്ന സ്ത്രീകളോടൊക്കെ പറയണം എന്നു തോന്നും.. എല്ലാം ടേക്ക് ഇറ്റ് ഈസി.. എല്ലാം മറക്കുക.. പൊറുക്കുക അപ്പോള്‍ ഒന്നും വലിയ പ്രശ്നമായി തോന്നില്ല..
പിന്നെ ബോറഡി മൂഡാണെങ്കില്‍ പുറത്തെ മനുഷ്യരെല്ലാം (കുഞ്ഞുകുട്ടി സഹിതം) ബോറഡിയാല്‍ പൊറുതിമുട്ടുന്നവരായി തോന്നും ..
ഡിപ്രഷന്‍ മൂഡാണെങ്കില്‍ മിക്ക പെണ്ണുങ്ങളും ഡിപ്രസ്സ്ഡ് ആയി തോന്നും..

അതല്ല, പ്രായത്തെ പറ്റിയുള്ള ‘വറി’ വരികയാണെങ്കില്‍ പിന്നെ ചുറ്റുമുള്ള മനുഷ്യരെയൊക്കെ പ്രായത്തിന്റെ ഒരു അളവുകോലില്‍ അളക്കാന്‍ തോന്നും.
ടീനേജേഴ്സൊക്കെ ‘എങ്ങിനെയെങ്കിലും ഒന്നു വലുതായാല്‍ മതി‘ എന്ന ചിന്തയുമായി നടക്കുന്നവരായും..
പ്രായമായവര്‍ ‘ദൈവമേ നല്ല പ്രായമൊക്കെ കഴിഞ്ഞുപൊയല്ലൊ‘ എന്നു വിലപിച്ചു നടക്കുന്നവരായും..
20-40 വയസ്സുകാര്‍ - ശരിക്കും യവ്വനയുക്തര്‍- അവരുടെ പ്രായം എന്താണെന്ന് അവര്‍ പോലും അറിയാതെ കുട്ടികളെ വലര്‍ത്തലും മറ്റുമായി പ്രായം കടന്നുപോകുന്നതറിയാതെ ജീവിക്കുന്നവരായുമൊക്കെ തോന്നും..
അപ്പോള്‍ തോന്നും ശരിക്കും പ്രായത്തിനെയല്ല മനുഷ്യര്‍ മതിക്കുന്നത് യവ്വനത്തിനെയാണ് എന്ന്!
യവ്വനത്തിലെത്താന്‍ തിടുക്കം കൂട്ടുന്ന കൌമാരക്കാര്‍.. യവ്വനം വിടപറയാറാകുമ്പോള്‍ അസ്വസ്ഥരാകാന്‍ തുടങ്ങുന്ന മദ്ധ്യവയസ്ക്കര്‍..

സ്വന്തം മകന്റെ കയ്യില്‍ നിന്നും യൌവ്വനം ഇരന്നു വാങ്ങിയ യയാതി(?) യുടെ പരമ്പരയല്ലെ ഭാരതീയര്‍.. പിന്നെ എങ്ങിനെ യൌവ്വനത്തെ അത്ര ഈസിയായി അങ്ങിനെ തരണം ചെയ്യാനാകും..??!!

എന്നാല്‍ ആത്മ യൌവ്വനത്തെ വരവേറ്റത് വെറുപ്പോടെയാണ്.. സ്ത്രീയായ ഞാന്‍ ശരിക്കും സ്ത്രീയായി മാറിയിരിക്കുന്നു! ഇനി അനിയന്റെ വേഷമിട്ടതുകൊണ്ടോ, മുടി നീളം കുറച്ചു വെട്ടിയിട്ടോ ഒന്നും കാര്യമില്ലാ.. അങ്ങിനെ കീഴടങ്ങുകയായിരുന്നു.. എന്നാല്‍ ഇപ്പോള്‍ വിടപറയാന്‍ തുടങ്ങുമ്പോള്‍ ഒരു വിഷമം.. ഇഷ്ടമില്ലാതെ കൊണ്ടുനടന്നെങ്കിലും, അവഗണനയേ നല്‍കിയുള്ളൂ എങ്കിലും.. എന്തോ പറയാന്‍; അറിയാന്‍, ബാക്കി നില്‍ക്കുന്ന ഒരു വിഷാദ ഭാവം!.. ആ.. അത്രയേ ഉള്ളൂ..
ഒരുപക്ഷെ, വാര്‍ദ്ധക്ക്യത്തിലായിരിക്കും ആത്മ ശരിക്കും സ്വതന്ത്രയായി ജീവിക്കുന്നത്!.. ആര്‍ക്കറിയാം..

ചിലപ്പോള്‍ തുടരും..

This entry was posted on 11:15 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments