സന്തോഷം തേടി...  

Posted by Askarali

എല്ലാവരും വെളിയിലൊക്കെ പോകുന്നു.. പാർട്ടിക്കു പോകുന്നു നല്ല നല്ല ഷോ കാണാൻ പോകുന്നു..ആത്മയ്ക്കാണെങ്കിൽ വീട്ടുജോലിയും ഒതുക്കി, മക്കളുടെ സൗകര്യവും ഒക്കെക്കൂടി നോക്കിക്കഴിയുമ്പോൾ ഒന്നിനും നേരാം വണ്ണം പോകാൻ തരപ്പെടില്ല.. അങ്ങിനെ പലപ്പോഴും ഒഴിഞ്ഞുമാറും

എങ്കിലും വെളിയിൽ ആഘോഷിച്ചിട്ടു വരുന്ന ആളുകളെ (പ്രത്യേകിച്ച്‌ മി. ആത്മയെ) കാണുമ്പോൾ കലികയറും.. പിന്നെ വായില്‍ തോന്നിയ കുറച്ചു നല്ല ഡയലോഗുകൾ കാച്ചിയിട്ട്‌, തിരിച്ചും കണക്കിനു കിട്ടിയാലേ അടങ്ങൂ.. ഷോയും പാർട്ടിയും ഒക്കെ സഹിക്കാം, ഓണച്ചാപ്പാടിനും വിഷു സദ്യക്കും ഒക്കെ ആത്മയ്ക്ക്‌ പോകാൻ പറ്റാതെ മി. ആത്മ പോയി കഴിച്ചിട്ട്‌ വരുമ്പോഴാണ്‌ ഉഗ്രൻ വഴക്ക്‌ . 'എങ്കിലും രാവിലെ ആത്മ ഉണ്ടാക്കിയ ചായയും ഇന്നലെ നല്ല മൃഷ്ടാന്നം ആഹാരവും ഒക്കെ ആത്മേടെ കയ്യുകൊണ്ട്‌ വച്ചതു കഴിച്ചിട്ട്‌ ദാ നല്ലൊരു സദ്യ വന്നപ്പോൾ ആത്മയില്ലാതെ പോയി കഴിച്ചിരിക്കുന്നു!' പിന്നെ ആത്മയുടെ സംസാരത്തിലെ സംസ്ക്കാരം എല്ലാം മൈനസ്‌ സംതിംഗിലേക്ക്‌ ഇറങ്ങും..

ഈ കൊച്ചു കൊച്ചു സൗന്ദര്യ പിണക്കങ്ങൾ ആണു പിന്നീട്‌ വലിയ പിണക്കങ്ങൾ ആകുന്നത്‌ എന്ന് അറിയാമെങ്കിലും ഇതൊക്കെ തന്നെ ആവർത്തിക്കും..

ഇത്രേം ആത്മ മനസ്സിലാക്കിയത്‌ ഈ വർഷം ആണ്‌! ഈ വർഷത്തിനു പ്രത്യേകം പ്രത്യേകതകളൊന്നും ഇല്ല.. എങ്കിലും ബോറടി കൂടിക്കൂടി വരുന്നു.. വയസ്സ്‌ കൂടിക്കൂടി വരുന്നു(പണ്ടൊക്കെ കൂടുന്നത്‌ അറിയില്ലായിരുന്നു.. ഇപ്പോൾ അതും ഒരു സംഭവമായിരിക്കുന്നു!) ഇതിനെടേൽ ആകെ കിടന്ന്‌ നട്ടം തിരിഞ്ഞപ്പോൾ എങ്ങിനെ ആത്മയുടെ ജീവിതം ഒരൽപം ഇം പൂവ്‌ ചെയ്യാൻ പറ്റുമോ എന്നൊന്നു ഗവേഷിച്ചു നോക്കിയപ്പോൾ കിട്ടിയ ചില കാരണങ്ങൾ.. നാം തന്നെ നമ്മെ ഒറ്റപ്പെടുത്തരുത്‌, ഇടിച്ചു താഴ്തരുത്‌, (അങ്ങിനെ കുറേ ഉണ്ട്‌..എല്ലാം ഒന്നും വെളിപ്പെടുത്തിക്കൂടാ.. 20 സംതിംഗുകാർ ഒരു 20 വർഷം കഷ്ടപ്പെട്ട്‌ കണ്ടുപിടിക്കാനും 30 സംതിംഗുകാർ 10 വർഷം കൂടി കഷ്ടപ്പെട്ടും കണ്ടുപിടിച്ചാൽ മതി. കുറുക്കുവഴി നന്നല്ല..)

അങ്ങിനെ കിട്ടിയ ഒന്നാണ്‌ വല്ലപ്പോഴും എങ്കിലും നാലുക്കൊപ്പം മി. ആത്മേടെ കൂടെ വല്ല പാർട്ടിക്കോ ഷോകൾ കാണാനോ ഒക്കെ പോകണം. മക്കളേം നിർബന്ധിച്ച്‌ കൊണ്ടുപോകണം..

അങ്ങിനെ ഒടുവിൽ സൂര്യയുടെ ഷോ കാണാൻ കുടുംബസമേധം ഇറങ്ങി..
പതിവുപോലെ മി. ആത്മ സീറ്റ്‌ നമ്പർ തന്ന് മുങ്ങി.. പിന്നെ പൊങ്ങിയത്‌ ഷോ കഴിഞ്ഞാണ്‌.. കുറ്റം പറയരുതല്ലോ, മി. ആത്മയുടെ ബന്ധുക്കള്‍ ഒക്കെ അനങ്ങാന്‍ നിവർത്തിയില്ലാത്തവണ്ണം അരുകിൽ ഉണ്ടായിരുന്നു. വാതുറന്ന് വല്ലതും പറയണമെങ്കിൽ ചിരിക്കണമെങ്കിൽ ഒക്കെ ഭരണ പക്ഷത്തിനെ മിത്രമാക്കിയാലേ രക്ഷയുള്ളൂ എന്നു ബോധം വന്നതിനാൽ പരസ്പരം എല്ലാ തെറ്റുകുറ്റങ്ങളും മറന്ന് ഒരു രണ്ടുമണിക്കൂറത്തെക്ക്‌ ആത്മമിത്രങ്ങളായി ഞങ്ങൾ.. മാതൃകാ കുടുംബ പെണ്ണുങ്ങൾ..

തകർത്തുവച്ച സംഗീതമഴ!, നൃത്ത മഴ..! സംഗീതം കൊണ്ട്ട് ഒരു മായാ പ്രപഞ്ചം തന്നെ ഒരുക്കി സൂര്യക്കാര്‍!..ആത്മ വായും പൊളിച്ചിരുന്നു കണ്ടു..!

എല്ലാം കഴിഞ്ഞ്‌ വീട്ടിൽ തിരിച്ചെത്തുമ്പോൾ കരയാൻ മുട്ടി നിൽക്കുന്ന ഹൃദയം!
ഇതെന്തുപറ്റി ഹൃദയമേ! നിനക്ക്‌ വെളിയിൽ പോയി ആർമാദിച്ചാലേ സന്തോഷം പൂർണ്ണമാകൂ എന്നു പറഞ്ഞിട്ട്‌ ഇപ്പോൾ ഇതെന്തു കഥ?!

എല്ലാവരും ഇങ്ങിനെയായിരിക്കുമോ?! സന്തോഷിക്കാനായി പോയിട്ട്‌ തിരിച്ച്‌ വരുമ്പോൾ ഒരു കൊട്ട നഷ്ടബോധവുമായിട്ടായിരിക്കുമോ?! ആത്മയ്ക്കറിയില്ല ഈ ആത്മയെ!

(ബാക്കി നാളെ ..)

This entry was posted on 11:16 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments