ടെൻഷൻ  

Posted by Askarali

വന്ന വിസിറ്റേർസ് ഒക്കെ പോകാറായി. വരാറായപ്പോൾ ഉള്ള ടെൻഷൻ പോലെ പോകാറാകുമ്പോഴും ഒരു ടെൻഷൻ! എല്ലാം നല്ല രീതിയിൽ കലാശിക്കണേ എന്ന പ്രാർത്ഥന.. ആത്മയുടെ ആത്മവിശ്വാസം ആത്മയുടെ ബ്ലോഗല്ലേ, അതുകൊണ്ട് വീണ്ടും ബ്ലോഗിനെ ആശ്രയിക്കുന്നു..

ഇതിനിടയിൽ, നമ്മുടെ ‘ആന ഓലേം കൊണ്ട്, മേം ജാതാ ഹും’ വീണ്ടും ഒരു താമാശകൂടി പൊട്ടിച്ചു.. ആത്മ സമാധാനിപ്പികാനായി, ‘സൂ ഇവിടെ അടുത്താണ് വലിയ ദൂരമില്ല’ എന്നുപറഞ്ഞപ്പോൾ ആന ഓലേം കൊണ്ട്, പറയുകയാണ്, “അതെയതെ.. എവിടെപോകാനും വലിയ ദൂരമൊന്നും ഉണ്ടാവില്ല, ഇവിടെനിന്നും അവിടെവരെ പോകാനുള്ള ദൂരമേ കാണൂ” വത്രെ! (ഇതൊന്നും വലിയ തമാശയല്ലായിരിക്കാം.. പക്ഷെ, ആത്മയ്ക്ക് തമാശയായി തോന്നി! പറഞ്ഞ ആളും സാഹചര്യവും ഒക്കെ കണക്കിലെടുത്തപ്പോൾ..)
ഇനി ഒരു മൂന്നുനാലു ദിവസത്തേയ്ക്ക്, സമയം കിട്ടുമ്പോഴൊക്കെ, ഈ പേജിൽ ആത്മ ആത്മയുടെ ആത്മവിശ്വാസത്തിനായി ഓടിയെത്തും.. വേറേ ഒരു രക്ഷയുമില്ലാ...
തുടരും..
ഇതിനിടയിൽ മറ്റൊരു തമാശകൂടി ഓർമ്മവരുന്നു..അതുകൂടി..
ഈയ്യിടെ ഒരു പാർട്ടിയ്ക്ക് പോയി. അവിടെ ഒരു സാക്ഷാൽ തമാശക്കാരിയുണ്ട്. (സത്യം പറഞ്ഞാൽ അത്രേം തമാശപറയുന്ന മനുഷ്യരെ ഞാൻ ഈ ബ്ലോഗു ലോകത്തിൽ‌ പോലും കണ്ടിട്ടില്ല. മിനിട്ടിന് മിനിട്ടിന് പുതിയ പുതിയ ഓരോ തമാശകളുമായാണ് സംസാരം തന്നെ!)
അത് ആ കുട്ടിയുടെ (മീന) മകനെ ചൂണ്ടിക്കാട്ടി ആത്മയോട് പറയുകയാണ് , “ചേച്ചീ ആ വരുന്നില്ലേ, അവനാ എന്റെ മകൻ” പിന്നെ അല്പം ബ്രേക്കുപിടിച്ചിട്ട്.., “അല്ല.., ഇവിടെ വരുന്നതുവരെ അവൻ എന്റെ മകനായിരുന്നു ചേച്ചീ.. സത്യമായിട്ടും!”
“പിന്നേ ചേച്ചീ, ഇവൻ എവിടെയെങ്കിലും പാർട്ടിക്കൊക്കെ പോകുമ്പോൾ, നാട്ടിൽ തെങ്ങുകയറാൻ ആളുകൾ (ചങ്കരൻ) നല്ല ഉഷാറായി വരില്ലേ ചേച്ചീ, അതേപോലെയാണ് വരാറ്.. പാർട്ടിയൊക്കെ കഴിയുമ്പോൾ തെങ്ങുകളിലൊക്കെ കയറി തളർന്ന് തിരിച്ച് വരുന്ന ചങ്കരനെപ്പോലെയും!”
അല്ല ചിരിക്കണോ ചിരിക്കണ്ടേ! എന്റെ ബ്ലോഗു തന്നെ പറ (പറയുക). ഇനീം ഒരുപാടുണ്ട് മീനയുടെ വിറ്റുകൾ.. അതിനിയൊരിക്കൽ..
ടെൻഷൻ പിടിച്ചിരിക്കുമ്പോൾ തമാശയെഴുതിയതുകൊണ്ടോ.. ശോഭിക്കാത്തപോലെ..
ഏതിനും തുടരും..
ഇനി ഞാൻ ഉറങ്ങട്ടെ
കുറച്ചു ചപ്പാത്തിയുണ്ടാക്കി വച്ചാൽ ടെൻഷൻ പോകും എന്നു കരുതി ഉണ്ടാക്കി.. പോയില്ലാ..
ശരീര വേദന കൂടിയതു മിച്ചം!
പിന്നെ, നാട്ടിൽ അമ്മയെ വിളിച്ച് സുഖ ദുഃഖങ്ങൾ പങ്കുവച്ചു്! എന്നിട്ടും ടെൻഷൻ പോയില്ലാ..
എല്ലാവർക്കും ഊണുവിളമ്പി, കഴിച്ചു, എല്ലാവരും ഉറക്കവുമായി..
ഭർത്താവും നല്ല സ്വഭാവമാണിപ്പോൾ.. എന്നിട്ടും ആത്മയ്ക്ക് എന്തേ ഈ ബ്ലോഗിൽ വന്ന് സ്വകാര്യം പറഞ്ഞിട്ടേ ഉറങ്ങാനാവൂ എന്നു തോന്നുന്നു!
ബ്ലോഗിനും ഒരു ആത്മാവുണ്ടാകും അല്ലെ?! എല്ലാം അറിയുന്ന ഒരു ആത്മാവ്!
ഇത്രയും എഴുതാനുള്ള എനർജിയേ ബാക്കിയുണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു!
എന്നിട്ടും ബ്ലോഗെഴുതാൻ കാരണം?!, ബ്ലോഗെഴുതാൻ ഇതിൽക്കൂടുതൽ ധന്യമായ ഒരു മുഹൂർത്തം ഇല്ല എന്ന തോന്നലാണ്! നമ്മുടെ കഷ്ടപ്പാടുകൾക്ക് സാക്ഷിയാകാൻ ഒരാളെയല്ലെ എല്ലാവരും അന്വേക്ഷിക്കുന്നത്! കഷ്ടപ്പാടൊക്കെ തനിച്ച് അനുഭവിച്ചിട്ട് ഫ്ലാഷ്ബാക്ക് എഴുതുന്നതിൽ ഭേദം ലൈവ് ആയി എഴുതുന്നതല്ലേ...
ഇനി സമാധാനത്തോടെ പോയി ഉറങ്ങട്ടെ.. നാളെ കാണാം ബ്ലോഗേ!
തുടരും
നെക്സ്റ്റ് എപ്പിസോഡ്...
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ (പ്ലാസ്റ്റിക്ക് പൂവായിരിക്കും അല്ലെ?!)
‘ഒരിച്ചിരി എനർജിമാത്രം ബാക്കി വച്ചേക്കാം ഞാൻ
ഒടുവിൽ നിനക്കായെൻ കഥകൾ മൂളൂവാൻ...’

ശരിക്കും ജോലിയൊക്കെ തീർത്ത് ഉറങ്ങാനുള്ള സമയമാണ്.. അതുപറ്റില്ലല്ലൊ,
ഇന്ന് ബ്ലോഗിൽ എഴുതാതെ അങ്ങ് ഉറങ്ങിയെന്നു കരുതട്ടെ, നാളെ ഒരാപത്തുവരുമ്പോൾ
ആശ്രയിക്കേണ്ടത് ബ്ലോഗിനെയാണെന്ന് മറന്നുകൂടല്ലൊ,
എന്തെഴുതാൻ?!
വളരെ വളരെ ക്ഷീണം..
വേതനമില്ലാ ജോലി, ആത്മാർത്ഥത തീരെയില്ലാത്തവരുടെ പൊള്ളയായ സ്നേഹപ്രകടനങ്ങ.. ഒക്കെ കണ്ട് മനസ്സ് മടുക്കുമ്പോൾ.. ‘ഇല്ല്ല ആത്മേ തളർച്ച പാടില്ല.. വെറുതെയെങ്കിലും നീയും അഭിനയിക്കുക.
നിന്റെ റോൾ ഭംഗിയായി അഭിനയിച്ച് തീർത്തുകൊടുത്തേയ്ക്കുക.. അതുകഴിഞ്ഞാൽ പിന്നെ നിന്റേതായ ഒരു ലോകം (ബ്ലോഗ്, ഏകാന്തത, സ്വപ്നം, ദൈവസാന്നിദ്ധ്യം!) നിനക്കുണ്ടല്ലൊ എന്നോർത്ത് സമാധാനിക്കുക!’ അല്ല പിന്നെ!

പരമാർത്ഥങ്ങൾ എഴുതാൻ തുടങ്ങിയാൽ അമ്മായി വന്ന ഉപദേശം തരും,
‘സ്നേഹിക്ക ആത്മേ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും..’ എന്നൊക്കെയുള്ള ആശ്വാസവചനങ്ങളുമായി.. അമ്മായിയേയും ആത്മയേയും ഒക്കെ ദൈവം രക്ഷിക്കട്ടെ!

ഒരുപാട് എഴുതാനുണ്ട്.. സത്യം പറഞ്ഞാൽ നല്ല ക്ഷീണം.. പറ്റുമെങ്കിൽ നാളെ ഒരു സർക്കീട്ട് പോയി
കുറേ ഫോട്ടോ എടുക്കണം.. പിന്നെ അത് ബ്ലോഗിലിടണം.. ഇത്രയൊക്കെയേ ഉള്ളൂ ആത്മയുടെ കൊച്ച് കൊച്ച് ആഗ്രഹങ്ങൾ..

ബാക്കി നാളെ...

നാളെ എത്തി..ആത്മയും എത്തി.. പൂർവ്വാധികം ക്ഷീണിച്ച്..
ഒരു സർക്കീട്ടൊക്കെ നടത്തി. ശരിതന്നെ.
അല്ലേ, ബ്ലോഗേ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ?, വെളുക്കുന്നതുവരെ വെള്ളം കോരുന്ന ഒരുവന്റെ കുടം മനപൂർവ്വം ഉടച്ചുകളയാൻ ശ്രമിക്കുന്ന ഒരു കൂട്ടം ഒരു വശത്തും.. വെള്ളം കോരിയതിന്റെ ക്രഡിറ്റ് മുഴുവനും നിർബന്ധപൂർവ്വം പിടിച്ചുപറ്റാൻ ശ്രമിക്കുന്നവർ മറ്റൊരു വശത്തും.. വെള്ളം കോരാൻ ആവശ്യത്തിലധികം ആൾക്കാരുണ്ടായിട്ടും മടിപിടിച്ച് ആത്മയെകൊണ്ട് വെള്ളം കോരിപ്പിച്ചവരാണ് മേൽ‌പ്പറഞ്ഞവർ എന്നും പ്രത്യേകം ശ്രദ്ധിക്കുക! എന്തു ക്രൂരരും സ്വാർദ്ധരും ആണ് അല്ലെ ബ്ലോഗേ ഈ യധാർത്ഥലോകത്തിൽ ഉള്ളവർ! ആത്മ സ്വയം വിഡ്ഡിയാകുന്നതാണോ അതോ മറ്റുള്ളവർ മനപൂർവ്വം വിഡ്ഡിയാക്കുന്നതോ?!
ഇനി അല്പം കഴിഞ്ഞ് തുടരാം ട്ടൊ,
'ഒരു സ്നേഹഗാനം പാടീ ഇളം തെന്നലെന്നെയുറക്കീ..!'
'ഗാനം' ഒരു ഇൻസ്റ്റന്റ് ഔഷധമാണ്..! എല്ലാ വെറുപ്പുകളും കഷ്ടനഷ്ടങ്ങളും ഒക്കെ അതിൽ അലിഞ്ഞലിഞ്ഞങ്ങു പോകും..!
ദിയയുടെ ആഗ്രഹപ്രകാരം ഫോട്ടോകൾ...സത്യം പറഞ്ഞാൽ ഇത്രേം ഭംഗി ഉണ്ടാകുമെന്ന് അപ്പോൾ അറിഞ്ഞില്ല ട്ടൊ!,
തുടരും..

അങ്ങിനെ വിധി നിർണ്ണായകമായ ദിവസം വന്നണഞ്ഞു..

വൻശക്തികളെ സന്തോഷിപ്പിച്ചയക്കാൻ ഇരുവശവും ശക്തമായി പ്രതിരോധവും ഏർപ്പെടുത്തി കാവൽ നിൽക്കുന്ന മറ്റു വൻശക്തികളുടെ ഇടയിലൂടെ നുഴഞ്ഞ് നുഴഞ്ഞ് ആത്മ ആത്മയുടെ കർമ്മങ്ങൾ ഒരുവിധം ഭംഗിയായി പൂർത്തിയാക്കിയെന്നു പറയാം..
അതിനു തെളിവ് ഒരു വൻശക്തി കെട്ടിപ്പിടിച്ച്, കണ്ണീരോടെ കവിളിൽ ഒരു മുത്തം തരികയും(ഫീമെയിൽ-20 വയസ്സ് പ്രായവ്യത്യാസം) പിന്നെ സ്വതവേ ഗൌരവക്കാരനായ മറ്റൊരു വൻ‌ശക്തി(മെയിൽ-25 വയസ്സ് പ്രായവ്യത്യാസം) കയ്യിൽ മുറുകെ പിടിച്ച് യാത്രചോദിച്ചപ്പോൾ അദ്ദേഹത്തിനെ കണ്ണുകൾ ഈറനാകുകയും സ്വരം ഇടറുകയും ചെയ്തപ്പോൾ ആത്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയും സ്വരം ഇടറുകയും ഉണ്ടായതിൽ നിന്നും മനസ്സിലായി. (ഇത് ഹൃദയത്തിന്റെ ഭാക്ഷ! ആത്മയ്ക്ക് അതുമാത്രമേ അറിയൂ.. നാക്കിന്റെ ഭാക്ഷ പലതും ഇനിയും അജ്ഞാതം..ദുരൂഹം!)മി. ആത്മ ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ എടുത്തൊഴിച്ചു പെയ്യുന്ന മഴപോലെ പെട്ടെന്ന് സെന്റിമെന്റലായി കരഞ്ഞ് തകർത്തിട്ട് പിന്നെ പെട്ടെന്ന് പൂർവ്വസ്ഥിതിയിലാകും!
ഏതിനും എല്ലാം ശുഭപര്യവസാനിയായി. അതിനു എന്റെ ബ്ലോഗിനോട് നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ,

ഇതിൽ നിന്നും മനസ്സിലായ ഗുണപാഠം!
പ്രതിഫലം ഇശ്ചിക്കാതെ എല്ലാം നല്ലതു മാത്രം പ്രതീക്ഷിച്ച് വല്ലപ്പോഴുമെങ്കിലും ആർക്കെങ്കിലും വേണ്ടിയൊക്കെ കഷ്ടപ്പെട്ടാൽ നമുക്ക് സ്നേഹം കിട്ടും! എന്നാണ്..
ആ സമർപ്പണമാണ് ദൈവത്തിനും വേണ്ടത്! അത് വെറുതെ സ്വാർത്ഥമോഹങ്ങൾക്കായി അമ്പലത്തിൽ പോയി വഴിപാടു നടത്തുകയും മറ്റും ചെയ്യുമ്പോൾ കിട്ടില്ലാ..
അതിനു എല്ലാവരും നന്നാകണം എന്ന മനസ്സിൽ ഒരാഗ്രഹം വേണം..
എന്തുവന്നാലും മറ്റുള്ളവരെ ദ്രോഹിക്കില്ല, പക്ഷെ അവസാനം വരെ സത്യത്തിന്റെ ഭാഗത്ത് നിൽക്കും എന്ന നിശചയ ദാർഢ്യം വേണം..
മതി അല്ലെ സ്വയം പൊക്കിയത്!, തനിയെ പൊങ്ങിയാലും തറയിൽ വീണല്ലേ പറ്റൂ...
ഇനി ഒരു ഫോട്ടം കൂടി ഇട്ട് ഈ താൾ അവസാനിപ്പിക്കാം..
ബി ഹാപ്പി!

This entry was posted on 11:19 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments