നമ്മുടെ ദുഃഖങ്ങൾക്കൊക്കെ നാം തന്നെയാണ് ഉത്തരവാദികൾ...  

Posted by Askarali

ആരെയും പറ്റി കുറ്റം പറയണ്ട; 'നമ്മുടെ ദുഃഖങ്ങൾക്കൊക്കെ നാം തന്നെയാണ് കാരണക്കാർ എന്ന ഒരു ഉത്തരവാദിത്വം ഉണ്ടാക്കണം, എന്നാലേ ജീവിക്കാ‍നാവൂ', എന്നൊക്കെ അല്പം മുൻപ് ആലോചിച്ചുറച്ചതാണ്.
എങ്കിലും..
ഇന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ ശ്രീമഹാഭാഗവതവും പകർത്തി എഴുതിക്കൊണ്ടിരുന്നപ്പോൾ
ഗൃഹനാഥൻ ചോദിക്കുന്നു, “ എന്താ, നിനക്ക് വല്ല തീസിസും സമർപ്പിക്കുവാനുണ്ടോ?
കമ്പ്യൂ‍ട്ടറിന്റെ മുന്നിൽ ധ്യാനിച്ചപോലെ ഇരിക്കുന്നു?”
തിരിച്ചു ചോദിച്ചു, ‘എന്റെ ജോലിയൊക്കെ തീർത്തിട്ടല്ലേ ഇരിക്കുന്നത്?’
അപ്പോൾ, അദ്ദേഹം, വേണമെങ്കിൽ ഇനിയും തീർക്കാനായി കുറെ ജോലികൾ നിരത്തി..
(വീട്ടുജോലി തീർന്നു എന്നു പറയാനാകില്ലല്ലൊ...കുളിക്കാം, പ്രാർത്ഥിക്കാം, നെയിൽ പോളിഷോ, ഹെയർ ഡൈയോ ഒക്കെ ഇടാം...)

അതെ, എനിക്ക് തീസീസ് സമർപ്പിക്കാനില്ല, ആരും അവാർഡൊന്നും തരാനുമില്ല,
(ഇതിനകം രണ്ടുമൂന്ന് മാന്യമായ അവാർഡുകൾ കിട്ടിയ വിവരം വെളിയിൽ പറയാനൊട്ടു കൊള്ളുകയുമില്ല!) എങ്കിലും എഴുതുന്നു, വെറുതെ ബോറഡി മാറ്റാനായി.
ഇത് ഒരു നിരുപദ്രവമായ ഹോബിയാണെന്നു കരുതി മാത്രം.

[ഗൃഹനാഥനെപ്പറ്റി അങ്ങിനെ എഴുതിയെങ്കിലും എപ്പോഴും അങ്ങിനെയല്ല, അദ്ദേഹത്തിനു വെളിയിൽ വലിയ സന്തോഷവും അംഗീകാരവും ഒക്കെ കിട്ടുമ്പോൾ ചോദിക്കാതെ തന്നെ വലിയ സ്നേഹവും അംഗീകാരവും ഒക്കെ വീട്ടമ്മയ്ക്കു നേരെ പ്രവഹിക്കും../ ഈ രണ്ടു വരി എഴുതുന്നതിനകം മൂന്നുപ്രാവശ്യം മക്കളുടെ ഓരോ ആവശ്യത്തിനായി പോകേണ്ടി വന്നു. ഗൃഹനാഥൻ ഇപ്പോൾ വല്ല പാർട്ടി മീറ്റിംഗിലോ മറ്റോ തീസീസ് സമർപ്പിക്കുകയാവും..]

പിന്നെ, കഴിവില്ലാത്തവരെയും (വീട്ടമ്മമാർസ്, ഓവർ ഏജ് ആയിട്ടുള്ളവർ, എക്സട്രാ എക്സട്രാ..) ഒക്കെ ഉയർത്താൻ ആരും ധൈര്യപ്പെടില്ല. അവരെ ആരും സ്നേഹിച്ചും കൂടാ..ദുർവ്യാഖ്യാനം ചെയ്യും)
പക്ഷെ, ഒരു കാര്യം പറയാം.
ഈ ബ്ലോഗിൽ ആർക്കും ഗ്ലാമർ കണ്ടോ, കഴിവുകൊണ്ടോ, പദവികൊണ്ടോ അല്ലല്ലോ സ്നേഹം തോന്നുന്നത്. അവരുടെ എഴുത്തുകൊണ്ടല്ലെ?

അല്ല! വെറുതെ സ്നേഹത്തിനെ ഒന്നു പോളിഷ് ചെയ്തെടുക്കാമെന്നു കരുതിനോക്കുകയാണ്.

ചിലപ്പോൾ വീണ്ടും തുടരും..

ഞാൻ എഴുതുന്നത് എന്തിനെന്ന് ചോദിച്ചാൽ, എന്നെ രക്ഷിക്കാൻ!
(ഒരു സാറ്റിസ്ഫാക്ഷൻ; പിന്നെ കൂട്ടത്തിൽ ‘ഞാനും ഈ ബൂലോകത്തിൽ ജീവിച്ചിരിക്കുന്നു’ എന്നു ബോധ്യപ്പെടുത്തുമ്പോലെ വല്ലപ്പോഴും കിട്ടുന്ന ഓരോ കമന്റുകളും)
ആല്ലാതെ, എന്റെ എഴുത്തിൽ മായമോ മന്ത്രമോ വശീകരണമോ ഒന്നും തന്നെയില്ല.
പച്ചയായ ജീവിത സത്യങ്ങൾ മാത്രം.
ഉദാഹരണത്തിന്,
നാം പെട്ടെന്ന് അങ്ങ് ഇഹലോകവാസം വെടിഞ്ഞു പോകുന്നു എന്നു കരുതുക..
അപ്പോൾ തീരും എഴുത്ത്.
അതുവരെയേ ഉള്ളൂ..
പിന്നെ ഇനി സ്വർഗ്ഗത്തിലും നരകത്തിലും ഒക്കെ ഉന്റർനറ്റ് സൌകര്യം ഉണ്ടാകുമോ?! (കുളിക്കാനും ജപിക്കാനും നയിൽ‌പോളിഷ് ഇടാനുമൊന്നും അല്ലേ..) ബ്ലോഗുകൾ ഉണ്ടാകുമോ?, അവിടെ മലയാളം ഫോണ്ട് ഒക്കെ ഉണ്ടാകുമോ?, അവിടത്തെ ദൈവങ്ങൾ ആൺ‌തുണയില്ലാത്ത പെണ്ണുങ്ങൾക്കൊക്കെ ബ്ലോഗെഴുതാൻ സ്വാതന്ത്രം നൽകുമോ എന്നുള്ളതിനെയൊക്കെ ആശ്രയിച്ചിരിക്കും കണ്ടിന്വേഷൻ..

ഞാന്‍ നോക്കിയിട്ട്, എന്റെ ബ്ലോഗെഴുത്തുകൊണ്ട് ഒരു ഗുണം കാണുന്നുണ്ട്..
എന്തെന്നാല്‍, എന്റെ ജീവിതം എനിക്കോ പ്രയോജനപ്പെട്ടില്ല, എങ്കിപ്പിന്നെ മറ്റാര്‍ക്കെങ്കിലുമെങ്കിലും
പ്രയോജനപ്പെട്ടോട്ടെ!
എങ്ങിനെയെന്നല്ലെ?
എന്നില്‍ അനുകരിക്കത്തക്കതൊന്നും ഇല്ല എന്നതു തന്നെ !
(അനുകരിച്ചുകൂടാത്തതായും ഒന്നും ഇല്ല!!. അത് പിന്നെ പറയാം..)

‘അനുകരിക്കൻ ഒന്നും ഇല്ല’, എന്നുവച്ചാല്‍,
നാളെ ഒരു കാലത്ത് ആര്‍ക്കെങ്കിലും ആത്മയെ ചൂണ്ടിക്കാട്ടി പറയാന്‍ പറ്റിയാലോ!, ‘നീ ആ ആത്മയെപ്പോലെ ജീവിക്കാനറിഞ്ഞുകൂടാത്തവളായിപ്പോകരുത് എന്ന്!’
ഒരു തെറ്റുണ്ടെങ്കിലല്ലെ, ശരിയുണ്ടാകൂ.
നമുക്ക് ഒരു കാ‍ര്യം ശരി എന്നു പറയണമെങ്കില്‍ അതിനെ ഒരു തെറ്റുമായി കമ്പയര്‍ ചെയ്യണ്ടേ!
ഉദാഹരണത്തിന്, ദുര്യോദനന്‍ അത്രയ്ക്ക് നീചനായതുകൊണ്ടല്ലെ, അര്‍ജ്ജുനന്റെ നന്മ ഇത്രയും മികച്ചു നില്‍ക്കുന്നത്.
അതുപോലെ..
ആത്മയുടെ ജീവിതത്തില്‍ അനുകരിക്കത്തക്കതൊന്നും ഇല്ല (കൊള്ള, കൊല, -വൃത്തി...എന്നൊന്നും കാടുകയറി ചിന്തിക്കല്ലേ.. -അനുകരിക്കതായി ഒന്നും ഇല്ല എന്നാല്‍ ഒരു ‘യൂസ്‌ലസ്സ് ലൈഫ്’ എന്നേ അര്‍ത്ഥമുള്ളൂ) എന്ന് നന്നായറിയാം. അതുതന്നെയാണ് അതിന്റെ പ്രത്യേകതയും!

ഇനി, ‘അനുകരിച്ചുകൂടാത്തതായും ഒന്നും ഇല്ല’ എന്നു വച്ചാൽ..
അതു പറയാൻ ഒരുപാടുണ്ട്...
ഈ ലോകം പല രീതിയിലും അധഃപ്പതിച്ചുകൊണ്ടിരിക്കുമ്പോൾ, ‘തമ്മിൽ ഭേദം നമ്മുടെ ആത്മേടെ ജീവിതം തന്നെ മക്കളേ/ഭാര്യേ..’ എന്നും ചുരുക്കം ചിലരെങ്കിലും ഒരിക്കൽ പറഞ്ഞുകൂടാതില്ല.
ആപ്പോൾ, ആത്മ ചെയ്യുന്ന കാര്യങ്ങൾക്കല്ല ക്രഡിറ്റ്!
ചെയ്യാതിരിക്കുന്ന കാര്യങ്ങൾക്കാണ് അവാർഡ്!

ശുഭം

This entry was posted on 11:06 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments