രക്ഷപ്പെട്ടോര്‍  

Posted by Askarali

രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മുഖത്ത് നിറയെ ചിരിയുമായി അവന്‍ കടന്നു വന്നു. വിവാഹം കഴിഞ്ഞു പത്ത് വര്‍ഷമായിട്ടും ഒരു കുഞ്ഞിക്കാലുകാണാന്‍ ഭാഗ്യമില്ലാതെ നടക്കുന്ന അയാളുടെ കൂട്ടുകാരന്‍. ഭാര്യ ഗര്‍ഭിണിയാണെന്നു പറയുമ്പോള്‍‍ അവനില്‍ തെളിഞ്ഞുകണ്ട വികാരം. ലോകത്തിലെ മറ്റൊന്നിനും ഇത്രയധികം സന്തോഷം ഒരു മനുഷ്യനില്‍ ഉണ്ടാക്കാനാവില്ല എന്നയാള്‍ക്ക് തോന്നി.

അവനോടൊപ്പം ചായ കുടിച്ചു, അവന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കുറച്ചു സമയം പോയതറിഞ്ഞില്ല. രണ്ടു വര്‍ഷം കൂടി കുട്ടികള്‍ വേണ്ട എന്നു കരുതി നിന്ന ഭാര്യയിലും
അത് വല്ലാത്ത സന്തോഷം വരുത്തി. അവളുടെ മനസ്സ് മാറാന്‍ സാദ്ധ്യതയുണ്ടാകും എന്ന്
അയാള്‍ക്ക് തോന്നി. ഒരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യം തനിക്കും...

അവന്‍ പോയശേഷം വീണ്ടും ഒറ്റയ്ക്കാ‍യപ്പോഴാണ് എന്നത്തെയും പോലെ അയാളുടെ വിപരീധബുദ്ധി ഉണര്‍ന്നത്. അയാള്‍ക്ക് പെട്ടെന്ന് തോന്നി, ‘ഓരോ ജീവനുകളും മരണത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടവരാണ്. മരണവും ജനനവും തമ്മില്‍ വലിയ അന്തരമൊന്നും ഇല്ല.നൂലിഴ വ്യത്യാസം മാത്രം.കൊലപാതകികളും അമ്മമാരും തമ്മിലും!’

താന്‍ തന്റെ അമ്മയ്ക്ക് ട്രാന്‍സ്ഫര്‍ ആയി ദൂരെ ഒരിടത്ത് ജോലിചെയ്യേണ്ടിവന്നപ്പോള്‍ വയറ്റില്‍ പിറന്നതുകൊണ്ട് അച്ഛന്‍ പറഞ്ഞു,‘നിനക്കിപ്പോള്‍ ആവില്ലെങ്കില്‍ നമുക്കതിനെ അബോര്‍ട്ട് ചെയ്യാം.’തന്റെ അനിയനും ഒരബോര്‍ഷനില്‍ നിന്ന് രക്ഷപ്പെട്ടവന്നാണ്. താന്‍‍ തീരെ ചെറുതായിരിക്കെ അനിയന്‍ വയറ്റില്‍ പിറന്നപ്പോള്‍ വീണ്ടും അച്ഛനുമമ്മയും ഗൂഢമായാലോചിച്ചു,‘മൂത്തവന്‍ ഇത്ര ചെറുതായിരിക്കുമ്പോള്‍ ഒന്നുകൂടി, വളര്‍ത്തണോ അതോ- ?’ പിന്നീട് എന്തോ ആര്‍ക്കോ ധൈര്യം തോന്നി വളര്‍ത്താമെന്നു തീരുമാനിച്ചു,അങ്ങിനെ അവന്‍ ഭൂമിയില്‍ ജാതനായി.

അയാളുടെ ചേച്ചിക്ക് വയറ്റിലുണ്ടായപ്പോള്‍ കുടുംബത്തില്‍ പല അനര്‍ത്ഥങ്ങള്‍ ഉണ്ടായ സമയമായതുകൊണ്ട് ആരൊക്കെയോ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍‍ ചേച്ചിയെ പ്രേരിപ്പിക്കുകയും ചേച്ചിയറിയാതെ ശ്രമിക്കുകയും ചെയ്തു. അയാളുടെ മറ്റൊരു സഹോദരിയ്ക്ക് രണ്ടാമതും പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോള്‍ മനസ്സില്‍ പാപചിന്ത കടന്നു ചെന്നു, ‘അബോര്‍ട്ട് ചെയ്യാമായിരുന്നു അല്‍പ്പം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍.’ രണ്ടു പെണ്‍കുട്ടികളുള്ള അയാളുടെ കൂട്ടുകാരന്‍ മൂന്നാമതും ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആണോ പെണ്ണോ എന്നറിയാനുള്ള കരളുറപ്പില്ലാത്തതുകൊണ്ട് അബോര്‍ട്ട് ചെയ്തുകളഞ്ഞു!

പെട്ടെന്ന് അയാള്‍ക്ക് ഭയം തോന്നി. ചുറ്റുമുള്ളവരൊന്നും യധാര്‍ഥ മനുഷ്യരല്ല, മരണത്തില്‍ നിന്നും രക്ഷപ്പെട്ട വിചിത്ര മനുഷ്യര്‍ എന്നു തോന്നി, അയാളുള്‍പ്പെടെ. ചുറ്റിനും, അന്തരീക്ഷത്തില്‍ നിറയെ ജനിക്കും മുന്‍പ് അമ്മയുടെ വയറ്റില്‍ വച്ച് കൊലചെയ്യപ്പെട്ട ആത്മാക്കളുടെ തേങ്ങല്‍ നിറഞ്ഞുനില്‍ക്കുന്നപൊലെ.

അയാള്‍ സമാധാനിക്കാന്‍ ശ്രമിച്ചു. തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകന്‍ സുഹൃത്ത് പറഞ്ഞതോര്‍ത്തു ‘അബോര്‍ഷന്‍ എന്നാല്‍ സര്‍വ്വ സാധാരണം. നാട്ടില്‍ ഗ്രാമത്തിലൊക്കെ പെണ്ണുങ്ങള്‍ മനപൂര്‍വ്വം ഗര്‍ഭിണികള്‍ ആകും,അബോര്‍ഷനിലൂടെ എന്തോ വന്ധ്യംകരണം ചെയ്താല്‍ വേദന കുറവാണത്രെ!’

ഉള്ളില്‍ ഉരുത്തിരിയുന്ന ജീവനു വേദനിക്കുമോ എന്നവര്‍ക്കൊരു നിമിഷം ഓര്‍ക്കാനാവുന്നില്ലല്ലോ! അയാള്‍ വീണ്ടും വിഷാദവാനായി.

പണ്ടത്തെ അമ്മമ്മാര്‍ പട്ടിണിയും പരിവട്ടവുമായിട്ടും, ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും പത്തും പന്ത്രണ്ടും പ്രസവിച്ച് ‘ എന്തു ചെയ്യാന്‍ ദൈവം തന്നു’ എന്നും പറഞ്ഞ് ന്യായീകരിച്ച്, കഷ്ടപ്പാടിനിടയിലൂടെയും വളര്‍ത്തി വലുതാക്കിയവരുടെ ചെറുമക്കളായിരിക്കും ഇന്നത്തെ യുവതലമുറയിലെ അച്ചനമ്മമ്മാര്‍.

ഇതിനിടയില്‍; ഫൈലോപ്പിയന്‍ ട്യൂബില്‍ ഇരുന്ന നാലാമത്തെ പെണ്‍കുട്ടിയെപ്പോലും ധൈര്യത്തോടെ പ്രസവിച്ചു വളര്‍ത്തിയ അമ്മമാര്‍; അവിഹിത ബന്ധത്തില്‍ അറിയാതെ ഉണ്ടായിട്ടുപോലും തന്റെ ജീവിതം ഹോമിച്ചും പ്രസവിച്ചു വളര്‍ത്തുന്ന ചെറു കന്യകമാര്‍; ബലാത്സംഗത്തിന്നിരയായവര്‍കൂടി കുഞ്ഞിന്റെ ജീവന്‍ അപഹരിക്കാന്‍ മനസ്സനുവദിക്കാതെ പ്രസവിച്ചോര്‍; ഇവരൊക്കെയാണോ അമ്മമാര്‍? അതോ ആദ്യത്തെ വിഭാഗമോ?

അമ്മാമാരുടെയൊക്കെ (അച്ഛന്മാരുടെയും) നിര്‍വ്വചനം (മഹത്വം) തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അയാള്‍ സ്വയം പിറുപിറുത്തു. ഇപ്പോഴുള്ള ജനനം ഒക്കെ മരണത്തില്‍ നിന്നുമുള്ള വെറുമൊരു രക്ഷപ്പെടല്‍ മാത്രം.

[ഒരു ചെറുകഥ എഴുതി നോക്കിയതാണ്. ഒന്നുമായില്ല. കുറച്ചുകൂടി നന്നാക്കാന്‍ നോക്കാം. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക]

This entry was posted on 9:36 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments