പൊന്‍ തൂവല്‍  

Posted by Askarali

അന്ന്‌ പതിവായി താമസിച്ചു വരാറുള്ള അച്ഛൻ നേരത്തെ ഓഫീസിൽ നിന്നും വന്നു. അമ്മയും അച്ഛനും കൂടി സ്നേഹമായി സംസാരിക്കുന്നു. അവരുടെ ചലങ്ങളിൽ പുതു ഉത്സാഹം. മായക്ക്‌ അറിയാനുള്ള ആകാംഷ കൂടി കൂടി വന്നു. മായയോടാണെങ്കിൽ ആരും ഒന്നും പറയുന്നും ഇല്ല. അവസാനം മായ തന്നെ അമ്മയോടു ചോദിച്ചു,

"എന്താ അമ്മേ വിശേഷം?"

“വിശേഷമോ അതോ, നിന്റെ വലിയച്ഛൻ ലണ്ടണിൽ നിന്നും വരുന്നുണ്ടെന്ന്‌!”

മാ‍യക്കും സന്തോഷമായി, മായക്ക്‌ അപരിചിതനല്ല വലിയച്ഛൻ. ലണ്ടണിൽ നിന്നും ഇടക്കിടെ വരാറുള്ള എയർ മെയിൽ ലറ്റർ, അതിലെ സ്റ്റാമ്പ്‌ ഒക്കെ മായക്കു നിധിപോലാണ്‌. അതിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റാമ്പ്‌ കളക്റ്റ്‌ ചെയ്യാൻ മായയും അനിയനും തമ്മിൽ മത്സരമാണ്‌. അനിയന്‌ കാറിന്റേയും ട്രെയിനിന്റേയും ഒക്കെ പടം മതി. നല്ല നല്ല പൂക്കളും ശലഭങ്ങളുടേയും ഒക്കെ വർണ്ണശബളമായ സ്റ്റാമ്പുകൾ എപ്പോഴും മായ കൈക്കലാക്കും. മായക്ക്‌ ആ ചിത്രങ്ങൾ എത്ര കണ്ടാലും മതിവരില്ല.

പിന്നെ വല്ലപ്പോഴും വരാറുള്ള ഓണം/കൃസ്തുമസ്സ്‌ കാർഡ്‌, ഒക്കെ മായയുടെ നിധികളാണ്‌. മായ ഇതൊക്കെ ഭദ്രമായി സൂക്ഷിക്കുന്നതു കണ്ട്‌ അനിയനും സൂക്ഷിച്ചു വയ്ക്കും. മായയെ അനുകരിക്കാനായി മാത്രം. അല്ലെങ്കിൽ, അപ്പോഴും പന്തുകളിയും ഒക്കെയായി നടക്കുന്ന അവനെന്തിനേ ഈ പടങ്ങളെല്ലാം! എങ്കിലും അവൻ സൂക്ഷിച്ചു വയ്ക്കുന്നതു കാണുമ്പോൾ മായക്കു സന്തോഷം ഇല്ലാതില്ല. എത്രയായാലും അവൻ തന്റെ അനിയനല്ലെ. അനിയനുള്ളതും തനിക്കുള്ളതുപോലല്ലെ! മറ്റുകുട്ടികൾ വരുമ്പോൾ മായ അഭിമാനത്തോടെ തന്റേയും അനിയന്റേയും സ്റ്റാമ്പ്‌ ശേഖരണം കാട്ടിക്കൊടുക്കും. അവർ അൽഭുതം കൂറുന്ന മിഴികളുമായി നോക്കി നിൽക്കുമ്പോൾ മായക്ക്‌ സഹതാപം തോന്നും. ഒന്നോ രണ്ടോ അവർക്കു കൂടി കൊടുക്കാമെന്നു വച്ചാൽ, മണ്ണിലും ചേറിലും നടക്കുന്ന അവർക്കെന്തിനേ ഇതൊക്കെ? ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ എല്ലാം നശിപ്പിക്കും. വേണ്ട അത്ര സഹതാപമൊന്നും വേണ്ട എന്നു മായ സ്വയം കരുതും. അങ്ങിനെ കളയാനുള്ളതല്ല മായയുടെ ശേഖരണങ്ങൾ.

പിന്നെ ആണ്ടിലൊരിക്കൽ ഓണത്തിനും മറ്റും വലിയച്ഛന്‍ കാശയച്ചു എന്നു പറഞ്ഞ്‌ അമ്മുമ്മ ആപ്പച്ചിമാർക്കും അച്ഛനും ഒക്കെ വീതിച്ചു കൊടുക്കുന്നത്‌ മായ കണ്ടിട്ടുണ്ട്‌. മായക്കതു കാണുമ്പോൾ ആശ്വാസമാണ്‌. ഇനി കുറച്ചു നാൾ എല്ലാപേരും പണക്കാരാണല്ലൊ. ആർക്കും പരാതിയില്ല, പരിഭവമില്ല. എങ്ങും സുഭിഷത. (വളരെക്കഴിഞ്ഞാണു മനസ്സിലായത്‌ പണം കൊടുത്ത്‌ ആരേയും ധനവാന്മാരാക്കാനാവില്ലെന്ന്‌. ആഗ്രഹങ്ങൾ കൂടുന്നതിനനുസരിച്ച്‌ നമ്മൾ ദരിദ്രരായി തന്നെ തുടരും. ആഗ്രഹങ്ങൾ കുറയുമ്പോള്‍ ധനവാന്മാരും. ഒന്നുമില്ലാത്ത സന്യാസിമാരെ കണ്ടിട്ടുണ്ടോ, എന്തൊരു നിറവും സുഭിഷതയുമാണ്‌ അവരുടെ മുഖത്തും ജീവിതത്തിലുമെന്നറിയാമൊ? നമ്മൾ ഉള്ളതെല്ലാം പൂട്ടിവച്ച്‌ കിട്ടാത്തതിനുവേണ്ടി കേണുകൊണ്ട്‌ എന്നും ദരിദ്രരായി തുടരുന്നു)

കഥ തുടരട്ടെ...

മായയുടെ അച്ഛനും അമ്മയും ഒത്തൊരുമിച്ച്‌ വീടു വൃത്തിയാക്കുന്നു, ബെഡ് ഷീറ്റൊക്കെ മാറ്റിയിടുന്നു, ആകെക്കൂടി അകത്തും പുറത്തും മോടി വരുത്തുന്നു.. ഓണത്തിനു മാവേലിയെ വരവേൽക്കാനൊ രുങ്ങുന്ന ഉത്സാഹം എല്ലാവർക്കും. പുറത്ത്‌ മുറ്റത്തിനു ചുറ്റും ഒക്കെ വെടിപ്പാക്കുന്നുണ്ട്‌.

പിറ്റേ ദിവസം സന്ധ്യയ്ക്ക്‌ വലിയച്ഛൻ വന്നു. വന്നുകയറിയപ്പോഴേ ഒരു പ്രത്യേക സുഗന്ധം. ഫോറിൻ സെന്റിന്റെയൊക്കെയാകണം. മായ നോക്കി നിന്നു. അച്ഛനുമായി ഒരു സാമ്യവുമില്ല വലിയച്ഛന്‌. എങ്കിലും അച്ഛന്റെ ചേട്ടനാണ്‌. അച്ഛനെപ്പോലെ, അതിനെക്കാളും ബഹുമാനം കാട്ടണം. അച്ഛനെ മായക്ക്‌ ബഹുമാനം കലർന്ന പേടിയാണ്. അച്ഛൻ ഒന്നുറക്കെ വഴക്കുപറഞ്ഞാൽ മായ പിന്നെ അന്നു മുഴുവനും വേണമെങ്കിലും കരയും. പക്ഷെ, മായയെ അച്ഛനു വലിയ കാര്യമായതുകൊണ്ട്‌ വല്ലപ്പോഴുമേ വഴക്കു പറയൂ. വഴക്കു പറയേണ്ടുന്ന കാര്യങ്ങൾ ഒപ്പിച്ചു വയ്ക്കുന്നത്‌ അനിയനാണെങ്കിലും അവസാനം പിടിക്കപ്പെടുന്നത്‌ മായയെക്കൂടിയാകും. മായക്കു ഭയമായി വലിയച്ഛനും വഴക്കു പറയുമോ? വലിയച്ഛന്‍ മായയെ നോക്കി ചോദിച്ചു ,

"നീ ഏതു ക്ലാസ്സിലാ പഠിക്കുന്നത്‌?”

"മൂന്നിൽ." മായ മറുപടി പറഞ്ഞു."

“മധു എവിടെ?" മധു ഓടി വന്നു. വലിയച്ഛന്റെ മുന്നിൽ നിന്നു. അവനൊരു കൂസലുമില്ല. എന്തോ ധൃതിയായി ചെയ്‌തുകൊണ്ടിരുന്നതിനിടക്കു ഓടിവന്ന പ്രതീതി. വികൃതി ചെറുക്കൻ. അവനെന്താ കുറച്ചു കൂടി ബഹുമാനം കാണിച്ചാൽ. വലിയച്ഛൻ എന്തു വിചാരിക്കും. അവൻ വലിയച്ഛന്റെ കഷണ്ടിതലയും കുടവയറും ഒക്കെ നിർലോഭം നോക്കി നിൽക്കുകയാണ്!.

വലിയച്ഛൻ മധുവിനോടും ചോദിച്ചു ഏതു ക്ലാസ്സിലാണ്‌ പഠിക്കുന്നതെന്നും മറ്റും.

പിന്നെ വലിയച്ഛൻ അമ്മുമ്മയുടെ അടുത്തു ചെന്നു. അമ്മുമ്മ വലിയച്ചനെ എന്തോ നിധി കാണും പോലെ പിടിച്ച്‌ അടുത്തിരുത്തി. അമ്മുമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ടു. വലിയച്ചൻ കരയുന്നതൊന്നും കണ്ടില്ല. അവിടേയും ഒരു ഗാംഭീര്യം.

"മരുന്നൊക്കെ മുറയ്ക്കു കഴിക്കുന്നുണ്ടോ?"

അമ്മുമ്മ തലയാട്ടി.

വലിയച്ഛൻ കുറച്ചു കഴിഞ്ഞ്‌ തനിക്കായി ഒരുക്കിയ മുറിയിൽ കയറി പോവുകയും ചെയ്‌തു. വലിയച്ഛൻ അടുത്തു വരുമ്പോൾ അപരിചിതമായ എന്തൊക്കെയോ സ്പ്രേയുടെ മണം. അതും ലണ്ടണ്‍ മണമാകും! വലിയച്ഛന്റെ പെട്ടിക്കുള്ളിൽ എന്തോക്കെയാകും?! മായ ഓർത്തു. ‘മായക്കു നല്ല ഒരു പാവ എന്തായാലും ഉണ്ടാകും തീർച്ച’. പിന്നെ നല്ല ഡ്രസ്സുകൾ..മായ ഫോട്ടോവിൽ ലണ്ടണിലുള്ള വലിയച്ഛന്റെ മക്കൾ അണിഞ്ഞിരുന്ന ഡ്രസ്സുകൾ ഓർത്തു. എത്ര മനോഹരമാണവ. ഇവിടെ അങ്ങിനത്തെ ഒന്നും നന്ദിനി കണ്ടിട്ടില്ല . ‘ഹായ്‌ വലിയച്ചൻ അതൊന്ന്‌ ഒന്ന് വേഗം എടുത്ത്‌ തന്നെങ്കിൽ’ മായക്ക്‌ ക്ഷമയില്ലാതായി. പക്ഷെ അങ്ങോട്ടു കയറി ചോദിച്ചു കൂടാ. അതു ചീത്തക്കുട്ടികളാണ്‌ അങ്ങിനെ ചെയ്യുന്നത്‌. വലിയച്ചൻ എടുത്തു തരുന്നതു വരെ ക്ഷമിക്കുക തന്നെ. അല്ലാതെന്തു ചെയ്യാൻ.!

രാത്രിയായി അപ്പച്ചിമാരും വലിയച്ഛനും എല്ലാവരും കൂടി സംസാരവും ചാപ്പാടും ആകെ ബഹളം തന്നെ. വലിയച്ചൻ ശബ്ദം വളരെ ഉയർത്തിയാണ്‌ സംസാരിക്കുന്നത്‌. ചിരിക്കുമ്പോഴും വലിയ ശബ്ദം. മായയുടെ അച്ഛനെക്കാളും ഗാംഭീര്യം വലിയച്ചന്‌. എല്ലാപേരും വലിയച്ചൻ പറയുന്നത്‌ കേൾക്കാനും ഒക്കെയായി വിനയാന്വിതരായി നിൽക്കും പോലെ. മായ അപ്പച്ചിയെ നോക്കി. അപ്പച്ചിയുടെ കണ്ണിലും ഒരഭിമാനത്തിന്റെ ഗര്‍വ്വും സ്നേഹവും കലർന്ന നോട്ടം. ‘കണ്ടോ എന്റെ സഹോദരനെ, ഈ വലിയ ആളിന്റെ ഓമന സഹോദരിയായാണ്‌ ഞാൻ ഇവിടെ വളർന്നത്‌. നിങ്ങളൊക്കെ പിന്നെ വന്നു കുടിയേറിയവരാണ്‌’ എന്ന നോട്ടം.

മായയുടെ അച്ഛൻ പതിവുപോലെ മായയേയും അനിയനേയും ശാസിക്കാനൊന്നും നിൽക്കുന്നില്ല. അമ്മയോടു കയർക്കുന്നില്ല, നല്ല അനുസരണയുള്ള സഹോദരനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്‌. മായക്ക്‌ അച്ഛനോട്‌ സഹതാപം തോന്നി. ഒപ്പം വലിയച്ചനോട്‌ ഒരൽപ്പം നീരസവും. മായക്ക്‌ അച്ഛനോട്‌ പറയണം എന്നു തോന്നി . ‘ഇത്രയധികംപേടിക്കയൊന്നും വേണ്ട’ എന്ന്‌. അച്ഛൻ കുറ്റവാളിയും വലിയച്ചൻ ഉയർന്ന പോലീസുദ്യോഗസ്ഥനും പോലെ! നാണക്കേട്‌. പക്ഷെ പറഞ്ഞില്ല പറയാമോന്നറിയില്ല.

എല്ലാപേരും കൂടിയിരുന്ന്‌ ഭക്ഷണമൊക്കെ കഴിഞ്ഞു. പതിവുപോലെ മായയേയേയും അനിയനേയും കൂടെ കിടത്തി കഥകളൊന്നും പറയുന്നില്ല അമ്മ. അമ്മയും ബിസിയാണ്‌. കിടക്കുന്നതിനു മുൻപ്‌ നിർബന്ധിച്ചു കുടിപ്പിക്കാറുള്ള പാലിന്റെ കാര്യവും അമ്മ മറന്നു പോയിരിക്കുന്നു. സാരമില്ല. വലിയച്ഛൻ അങ്ങു ദൂരെ നിന്നും വന്നതല്ലെ, അതും കുറച്ചു ദിവസത്തേയ്ക്ക്‌. പിന്നെ വലിയച്ഛനെ വേണമെന്നു കരുതിയാൽ കൂടി കാണാൻ കിട്ടില്ല. എല്ലാവരും സന്തോഷമായിട്ടിരിക്കട്ടെ, ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ. ഇതുപോലെ എല്ലാവരും ഒരു കുടുംബമായിട്ട്‌, അപ്പച്ചിമാരും, മക്കളും, എല്ലാവരും.. എങ്കിൽ മായക്കും വെറുതേ ഇരുന്ന്‌ ബോറടിക്കില്ലായിരുന്നു.

അപ്പച്ചിയുടെ മക്കൾക്ക്‌ അൽപ്പം വിഷമമുള്ളതു പോലെ, വലിയച്ഛന്‍ ഇവിടെ നിൽക്കുന്നതിലും മറ്റും. മായക്ക്‌, അഭിമാനവും ഒപ്പം സഹതാപവും തോന്നി. വലിയച്ചൻ അവിടെയാണ്‌ വന്നിരുന്നെങ്കിൽ മായയും ഇതുപോലെ വിഷമിച്ച്‌ നിൽക്കേണ്ടി വന്നേനെ. പാവം.. മായക്ക്‌ ഉറക്കം വന്നു തുടങ്ങി . അപ്പോഴും മായയുടെ മനസ്സിൽ കിട്ടാതിരുന്ന പാവയും ഉടുപ്പുകളുമായിരുന്നു. ഒരുപക്ഷെ നാളെ തരുമായിരിക്കും. മായ അറിയാതെ ഉറങ്ങിപ്പോയി.

പിറ്റേ ദിവസം ഉറക്കം ഉണർന്നതും വീട്ടിൽ പുതിയ ഒരാൾ കൂടിയുണ്ടെന്ന ബോധത്തോടെ തന്നെയായിരുന്നു. അമ്മയും അച്ഛനും ഒന്നും പറയാതെ തന്നെ മായയും അനിയനും പല്ലുതേച്ചു, കുളിച്ചു, നല്ല കുട്ടികളായി , കുരുത്തക്കേടൊന്നും കാട്ടാതെ നടന്നു.

ഉച്ചയായപ്പോഴേയ്ക്കും മായയുടെ വീട്ടിൽ പുതിയ കുറെ വിരുന്നുകാർ കൂടി വന്നു. പല നിറങ്ങളിൽ , ചുണക്കുട്ടന്മാരായ കുറെ പൂവങ്കോഴികൾ! മായയുടെ വീട്ടിലെ, പഴയ വൃത്തികെട്ട കോഴികൾക്കിടയിൽ നിന്നപ്പോൾ അവർ രാജകുമാരന്മാരെപ്പോലെ തോന്നിച്ചു. വലിയച്ചൻ തങ്ങൾക്ക്‌ സമ്മാനമായി വാങ്ങി തന്നതാകും. പാവയും ഉടുപ്പും ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഇതിലൊരു രാജകുമാരനെ മായക്കു വേണം.

മായ ഓടി അമ്മയുടെ അടുത്തെത്തി, “അമ്മേ, വലിയച്ചൻ നമുക്ക്‌ കോഴിയെ വാങ്ങി തന്നു അല്ലെ, നല്ല വലിയച്ചൻ. എനിക്കിതിലൊരെണ്ണം വേണം. ആ ഭംഗി‍യുള്ള ചുവപ്പു നിറത്തിലുള്ള വാലുള്ള പലനിറത്തിലുള്ള വാലോടു കൂടിയ ആ പൂവൻ എന്റേതാണ്‌ ട്ടോ”.

അമ്മ പറഞ്ഞു "അയ്യോ മോളേ, അതിനെയൊക്കെ, വലിയച്ഛനും കൂട്ടുകാർക്കുമൊക്കെയായി കറിവച്ചുകൊടുക്കാനാണ്‌."

മായ ഷോക്കടിച്ചപോലെ നിന്നു. അയ്യോ ഇത്ര ഭംഗി‍യുള്ള ഈ കോഴികളെ കൊല്ലുകയോ!

‘വേണ്ട അമ്മേ, നമുക്കിതിനെ വളർത്താം’. അമ്മ ഇതിനകം മറ്റെന്തിനോ ധൃതിയില്‍ മറഞ്ഞിരുന്നു.

ഏതിനും പിറ്റേ ദിവസം മുതൽ മായയുടെ ശ്രദ്ധ അതിലായി. കോഴിയെ ഓരോന്നിനെയായി കൊല്ലാൻ പിടിക്കുമ്പോഴും നന്ദിനി ഓടി ചെല്ലും.

“ആ ചുവപ്പു വാലനെ കൊല്ലല്ലെ, അതെന്റേതാ”.

കൊല്ലാൻ പിടിക്കുന്നവർ മനസ്സില്ലാ മനസ്സോടെ പിടി വിടും.

ഇതിനിടയിൽ, വലിയച്ഛന്റെ തുറന്നു മലർത്തിയിട്ടിരിക്കുന്ന പെട്ടി കണ്ടു. അതിൽ കുട്ടികൾക്കൊന്നും ഇല്ല. പാവയുമില്ല, ഡ്രസ്സുമില്ല. വലിയച്ഛൻ കൂട്ടുകാർക്കും അയൽപക്കക്കാർക്കും ഒക്കെ ഓരോന്നു കൊടുക്കുന്ന കണ്ടു. അമ്മയ്ക്കു സാരി കിട്ടിയെന്നു തോന്നുന്നു. അച്ഛനു ഷർട്ടും. മായയേയും അനിയനേയും വിളിച്ച്‌ ഒന്നും തന്നില്ല. മായക്കൊന്നും വേണ്ട. മായയുടെ അച്ഛന്റേയും അമ്മയുടേയും സ്നേഹം കൂടി വലിയച്ഛൻ എടുത്തോട്ടെ (അതു തന്നെയായിരുന്നു സംഭവിച്ചതും).

വലിയച്ഛൻ ഒരിക്കൾ മായയെ അടുത്തു വിളിച്ച്‌ ചോദിച്ചു,

“നീ നന്നായി പഠിക്കുമോ?, നിന്റെ സ്ക്കൂളിലാണ്‌ വലിയച്ഛനും പഠിച്ചത്‌” എന്നൊക്കെ,

“നല്ലപോലെ പഠിക്കണം ട്ടോ”.

മായ എല്ലാറ്റിനും മീണ്ടു കേട്ടു. നല്ല കുട്ടിയായി അനുസരണയോടെ മാറി നിന്നു. വലിയച്ഛന്റെ അടുത്തു നിൽക്കാൻ മായക്ക്‌ പേടി തോന്നി. കുടവയറും വലിയ കണ്ണുകളും, ഭയങ്കര ശബ്ദവും ഒക്കെയുള്ള, മായയുടെ അച്ഛനും അമ്മയും ഒക്കെ ഭയക്കുന്ന വലിയച്ഛനെ മായയും ഭയന്നു.

വലിയച്ഛൻ എന്നാ തിരിച്ചു പോവുക. വലിയച്ഛൻ തിരിച്ചു പോകുന്നതിൽ മായക്കു വിഷമമുണ്ട്‌. പിന്നെ എന്നും താമസിച്ചു വീട്ടിലെത്തുന്ന അച്ഛനും, ഓഫീസിൽ നിന്നു വന്നാലുടൻ തൊട്ടതിനും പിടിച്ചതിനും വഴക്കുപറയുന്ന അമ്മയും, സ്ക്കൂളും , പഠിത്തവും എല്ലാം സ്ഥിരമായുള്ളവ . ബോറടിക്കും മായക്ക്‌. എങ്കിലും സാരമില്ല അമ്മയെ തങ്ങൾക്കു മാത്രം കിട്ടുമല്ലോ. അതുപോലെ അച്ചനും അമ്മയും ഇതുപോലെ താണു വണങ്ങി നിൽക്കുന്നതും കാണണ്ടല്ലോ.

അച്ഛനെ വലിയച്ഛൻ ഒരിക്കൽ വളരെ ഉറക്കെ വഴക്കുപറയുന്നത്‌ കേട്ടു. എല്ലാവരേയും വഴക്കു പറഞ്ഞു ശാസിച്ചും ഒക്കെ നടക്കുന്ന അച്ഛനെ വലിയച്ഛനെ എന്തിനാണ്‌ മറ്റുള്ളവർ കേൾക്കെ വഴക്കുപറയുന്നത്‌. മായക്ക്‌ ദേഷ്യവും സങ്കടവും തോന്നി. വലിയച്ഛനോടു ‘തന്റെ അച്ഛന്റെ ഇങ്ങിനെ ആൾക്കാരു കേൾക്കെ ശാസിക്കാണ്ട’ എന്നും പറയണമെന്നു കൂടി തോന്നി. അതിനുള്ള ധൈര്യം ഇല്ലാതെ പോയല്ലോ എന്നോർത്തു കുണ്ഠിതപ്പെടുകയും ചെയ്‌തു. പക്ഷെ, അച്ഛൻ അതു സാരമാക്കുന്നതു കണ്ടില്ല. അതുകൊണ്ടു മായ സഹിച്ചു കളഞ്ഞു.

ഒരു ദിവസം രാത്രിയായപ്പോൾ അമ്മ പറയുന്നത്‌ കേട്ടു .
‘നാളെ വലിയച്ഛൻ പോകുകയാണ്’.
രാത്രിയായപ്പോൾ വലിയച്ഛന്റെ കുറേ കൂട്ടുകാർ വന്നു. ഉല്‍സാഹത്തോടെ വലിയച്ഛൻ വിളിച്ചു ചോദിക്കുന്നതു കേട്ടു,
‘ഇന്നു കോഴിക്കറിയുണ്ടാകുമോ?’
'ഉണ്ടാക്കാം' എന്ന്‌ അടുക്കളയിൽ നിന്ന്‌ മറുപടിയും വന്നു.

ഉടനേ അപ്പച്ചിയുടെ മകന്‍ കോഴിയെ പിടിക്കാൻ ഓടുന്നതു കണ്ടു. മായക്കു തോന്നി ഇന്നു തന്റെ ചുവന്ന വാലന്റെ ഊഴമാകുമോ. മായയും പുറകേ ഓടി.
മായ പറഞ്ഞു, "പിടിക്കണ്ട ട്ടോ, അതു മായയുടേതാ”.
ശശി അതിനു മറുപടി എന്നോണം ചിരിച്ചു കൊണ്ടു പറഞ്ഞു, "അയ്യോ, ഇതിനെക്കൂടെ കൊല്ലാതെ ഇറച്ചിക്കറി തികയില്ലല്ലോ. "
മായക്ക്‌ സങ്കടം വന്നു. പക്ഷെ മനസ്സിലായി. തന്റെ സങ്കടം ഇവിടെ ബാലിശമായാണ്‌ എല്ലാവരും കാണുന്നത്‌.

ശശി പോയി മായയുടെ പൂവാലനേയും പിടിച്ചു കൊണ്ടു വരുന്നത്‌ കണ്ടു മായക്ക്‌ കരച്ചിൽ വന്നു. ചുവന്ന വാലനെ രക്ഷപ്പെടുത്താൻ മായയുടെ ബുദ്ധിയിൽ ഒന്നും കണ്ടില്ല. എന്തു ചെയ്യാൻ , അരോടു പറയാൻ!, എല്ലാവരും ധൃതി പിടിച്ച്‌ നടാക്കുകയാണ്‌. അടുക്കളയിൽ ജോലിക്കാരുടെ ഇടയിൽ നിവർന്നു നോക്കാൻ കൂടി സമയമില്ലാത്ത അമ്മ. അച്ഛനെ കാണാൻ കൂടി കിട്ടുന്നില്ല.
മായ തന്റെ മുറിക്കുള്ളിൽ പോയിരുന്ന്‌ കരഞ്ഞു . പൂവാലന്റെ അവസാനത്തെ കരച്ചിൽ കേൾക്കാതിരിക്കാൻ മായ കാതുകൾ ഇറുക്കെ പൂട്ടിയടച്ചു.

എത്ര ഭംഗിയാണവൻ. തനിക്കവനെ രക്ഷിക്കാനായില്ലല്ലോ. ഇറച്ചിക്കറി കഴിക്കുന്നവരോടൊക്കെ മായക്ക്‌ ദേഷ്യം തോന്നി. അവരറിയുന്നോ അവർ കാരണം കൊല്ലപ്പെട്ട ഒരു ഉയിരിന്റെ വില. അവർ വിചാരിച്ചാൽ ഒരിക്കലും ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത ഒരു ജീവനെ അവർക്കു കൊല്ലാൻ ആരാണ്‌ അധികാരം കൊടുത്തത്‌! ഓടിച്ചാടി നടന്നു കളിക്കേണ്ട ഒരു ജീവൻ. മറ്റുള്ള കോഴികളുടെ ഇടയിൽ അവൻ എന്തു ശോഭയോടെയാണ് വിളങ്ങിയിരുന്നത്‌. ഒരു രാജകുമാരണെപ്പോലെ. ഇപ്പോൾ അവൻ മരിച്ചുകാണും. തനിക്കിനി ഒരിക്കലും കാണാൻ കഴിയില്ല തന്റെ പൂവാലനെ. പക്ഷെ, താനും ഇറച്ചിക്കറി രുചിയോടെ കഴിക്കുമായിരുന്നല്ലോ. അന്നൊന്നും ഓർത്തില്ല, ഇതുപോലെ ഒരു ജീവനെ കുരുതികഴിച്ച മാംസമാണ്‌ താൻ ഭക്ഷിക്കുന്നതെന്ന്‌. ഇല്ല, താനിനി കഴിക്കില്ല. ഒരു ഉയിരിനെ ബലികഴിച്ച ഭക്ഷണം തനിക്കിനി വേണ്ട. നന്ദിനി പ്രതിജ്ഞ ചെയ്‌തു.

പിറ്റേന്ന് വലിയച്ഛന്‍ തിരിച്ചു പോയി. വീട്ടില്‍ നിന്നും എല്ലാപേരും പിരിഞ്ഞു. തിരക്കൊഴിഞ്ഞ കല്യാണപ്പന്തല്‍ പോലെ മൂകമായ വീടും പരിസരവും. എല്ലാവര്‍ക്കും വലിയച്ഛന്‍ പോയതിന്റെ വിഷമമാണ്. തൊണ്ണൂറു ചെന്ന അമ്മുമ്മ നേര്യതുകൊണ്ട് പലപ്രാവശ്യം കണ്ണീര്‍ തുടയ്ക്കുന്നതു കണ്ടു. ഇനി വര്‍ഷങ്ങളോളം കാത്തിരിക്കണം മകനെ കാണാന്‍. പക്ഷെ മായയ്ക്ക് എന്തുകൊണ്ടോ വിഷമം തോന്നിയില്ല.

മായ പതിയെ തൊഴുത്തിന്റെ പുറകിലേക്ക് നടന്നു. അവിടെ, ഇനിയും കുഴിച്ചിട്ടിട്ടില്ലാത്ത കോഴിത്തൊവലുകള്‍ കിടപ്പുണ്ടായിരുന്നു. മായ അതിലൊക്കെ തന്റെ ചുവന്ന വാലന്റെ ചിറകിനുവേണ്ടി പരതി. ഒടുവില്‍ കണ്ടെത്തിയപ്പോള്‍ അറിയാതെ കണ്ണില്‍ നിന്നും കണ്ണുനീര്‍ അടര്‍ന്നു വീണു. ശശിയും മറ്റും കാണാതിരിക്കാന്‍ അവള്‍ തന്റെ കണ്ണീര്‍ പെട്ടെന്നു തുടച്ചു, പിന്നെ പൂവാലന്റെ തൂവല്‍ ഭദ്രമായി നെഞ്ചോടു ചേര്‍ത്ത് വച്ചു, എന്നും സൂക്ഷിച്ചു വയ്ക്കാനായി. തന്റെ സ്റ്റാമ്പ് ശേഖരങ്ങളുടെയും കാര്‍ഡ് ശേഖരങ്ങളുടെയും ഇടയില്‍ വേദനിക്കുന്ന ഒരോര്‍മ്മയായി ആ ചുവന്ന തൂവല്‍ അവള്‍ ഒരു നിധിപോലെ സൂക്ഷിച്ചുവച്ചു.. വളരെനാള്‍...

This entry was posted on 9:17 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments