പുനര്‍ജനനം  

Posted by Askarali

ബ്ലോഗെഴുതണമെന്നു കരുതി. എഴുതുന്നതൊന്നും ശരിയാവുന്നില്ല.
എങ്കില്‍ പിന്നെ പഴയപോലെ ആത്മഗതം തന്നെ തുടരാം.

ആത്മയ്ക്ക് കുറച്ചു ദിവസമായി പനിയായിരുന്നു. ‘വൈറല്‍ ഫീവര്‍’. ആദ്യത്തെ ആഴ്ച്ച പനി പതിയെ പതിയെ ആക്രമിച്ച്, ആത്മയുടെ സെന്‍സ് ഒഫ് സൈറ്റ്, സെന്‍സെ ഒഫ് ടച്ച്, സെന്‍സ് ഒഫ് ടേസ്റ്റ്, സെന്‍സ് ഒഫ് ഹിയറിങ് തുടങ്ങി, ഓരോന്നായി, സെന്‍സ് ഒഫ് ലൈഫ് ഇറ്റ്സെല്‍ഫ് , ഇല്ലാതാക്കി.
ഒരു ജീവച്ഛവം പോലെ ആത്മ കിടന്നു.
ആഹാരം കാണുമ്പോള്‍ വെറുപ്പ്;
പ്രകൃതി കാണുമ്പോള്‍ അമ്പരപ്പ് ;
ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയം ;
ഒന്നിലുമില്ല ഒരു പ്രതിപത്തിയും.
സമയാസമയങ്ങളില്‍ ഗുളികള്‍ വിഴുങ്ങുക, ആ ഗുളികള്‍ക്ക് ഉതകാനായി ഒരല്പം ബിസ്കറ്റോ മറ്റോ
രുചിയറിയാതെ അകത്താക്കുക.
വിരക്തി.
സകലതിനോടും വിരക്തി.
ബ്ലോഗ് എഴുതാന്‍ പോയിട്ട് വായിക്കാന്‍പോലും ശക്തിയില്ല.
*
രണ്ടാമത്തെ ആഴ്ച്ച, ആത്മയും ആഹാരസാധനങ്ങളുമായി രമ്യതയിലെത്താന്‍ ഒരു വിഫലശ്രമം നടത്തി നോക്കി.
എല്ലാറ്റിന്റേയും രുചി മറന്നുപോയിരിക്കുന്നു.
പക്ഷെ, ഈ മുന്നില്‍ കാണുന്ന ഓരോന്നും രുചിപ്രകാരം ഭക്ഷിച്ചു തുടങ്ങിയാലേ തനിക്കു ജീവിക്കാനാവൂ എന്ന് ആത്മ വേദനയോടെ മനസ്സിലാക്കുന്നു.
ആഹാരവും താനുമായുള്ള അഭേദ്യമായ ബന്ധം മനസ്സിലാക്കിയ ആത്മ ആദ്യമായി അതിന്റെ വണങ്ങുന്നു.
പിന്നെ ഓരോ ദിവസം ഓരോന്നായി വീണ്ടും പരിചയപ്പെടുന്നു.
ഇത് പച്ച വെള്ളം (രുചിയില്ലെങ്കിലും വായിലൊഴിക്കുന്നു).
ഇത് പഴം. (രുചിയില്ലെങ്കിലും അകത്താക്കുന്നു).
ഇത് ചോറും തൈരും, കലര്‍ത്തി അല്‍പ്പം അച്ചാറും കൂടി മിക്സ് ചെയ്താല്‍ വളരെ നല്ലതാണ്.
ആത്മ സെന്‍സെ ഒഫ് ടേസ്റ്റിനെ ആദ്യം മുതല്‍ ക്ലാസ്സുകള്‍ എടുക്കുന്നു.
അത് ഒടുവില്‍ മനസ്സില്ലാമനസ്സോടെ അനുസരിച്ചു തുടങ്ങുന്നു.
*
ആഹാരസാധനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്ന ആത്മയുടെ സെന്‍സ് ഒഫ് ടേസ്റ്റ് അത് സെന്‍സ് ഒഫ് സൈറ്റിനു പകരുന്നു. അത് പിന്നെ പതിയെ സെന്‍സ് ഒഫ് സ്മെല്ലിനും പിന്നെ ടച്ചിനും...
അങ്ങിനെ ആത്മ വീണ്ടും ജീവിതത്തില്‍ അവതരിക്കുന്നു.
പുറത്തെ പ്രകൃതിയെ കാണുന്നു
അകത്ത് അഴുക്കുപിടിച്ചും അലങ്കോലപ്പെട്ടുകിടക്കുകയും ചെയ്യുന്ന സാധനങ്ങല്‍ വീണ്ടും പൂര്‍വ്വ സ്ഥിതിയിലാക്കുന്നു.
അധികവും ആവശ്യമില്ലാത്തതാണെന്നു കണ്ട്, ഉപേക്ഷിക്കാന്‍ തയ്യാറാകുന്നു.
അതിനുമുന്‍പ് തന്റെ ലക്ഷ്യം എന്താണെന്ന് ഒരു നിമിഷം ആലോചിക്കുന്നു...
*
തനിക്ക് ലക്ഷ്യമേ ഇല്ലെന്നു കണ്ട് അമ്പരക്കുന്നു!
മക്കളുടെ വഴിയില്‍ താങ്ങാകുകയാണോ തന്റെ ലക്ഷ്യം?
മി. ആത്മയുടെ ബിസി ലൈഫില്‍ ഇന്റര്‍ഫിയര്‍ ചെയ്യാതെ ശിഷ്ടകാലം ജീവിക്കുകയാണോ തന്റെ ലക്ഷ്യം?
മുഖവും രൂപവുമൊന്നുമില്ലാത്തെ ഇന്റര്‍നെറ്റ് മനുഷ്യരെ സ്നേഹിച്ച്, ആ സ്നേഹത്തില്‍ വിശ്വസിച്ച്,
സാധാരണ മനുഷ്യരില്‍ നിന്നൊക്കെ അകന്ന് സന്യാസിനിമാരെപ്പോലെ ഒറ്റപ്പെട്ട് ജീവിക്കുകയാണോ
ആത്മയുടെ ലക്ഷ്യം?
ആത്മയ്ക്ക് പ്രത്യേകിച്ച് ഒരു ലക്ഷ്യങ്ങളുമില്ലെന്ന തിരിച്ചറിവ് ആത്മയെ വീണ്ടും തളര്‍ത്തുന്നു.
*
ഇപ്രാവശ്യം വൈറസ്സിന്റെ സഹായമില്ലാതെ തന്നെ ചുറ്റിനും കാണുന്ന എല്ലാം വെറുത്തു തുടങ്ങുന്നു.
ജീവിതത്തിന്റെ സ്ഥായിയായ ഭാവം വെറുപ്പാണെന്നു ആത്മ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആത്മാവിനെ
പഠിപ്പിക്കുന്നു. കമ്പ്ലീറ്റ് വെറുപ്പില്‍ ആണ്ടു കിടക്കുന്ന ആത്മക്ക് ഒരു ബുക്ക് കിട്ടുന്നു!
‘ഗൈഡ്’ എന്ന ആര്‍. കെ. നാരായണന്റെ ബുക്ക്!
*
ആത്മ പുറം ലോകം ഒക്കെ വിസ്മരിച്ച് ബുക്കിലെ രാജുവായി രണ്ടു ദിവസം ജീവിക്കുന്നു.
ജീവിതത്തില്‍ ആത്മ പലതും പഠിക്കുന്നു.
രാജു ആത്മയുടെയും ഗൈഡ് ആയി മാറുന്നു...
റോസിയുടെ വിജയത്തില്‍ ആത്മ സന്തോഷിക്കുന്നു.
രാജുവിന്റെ പ്രതിഫലേച്ഛയില്ലാത്ത ജീവിതം ആത്മയെ മത്തുപിടിപ്പിക്കുന്നു.
രാജുവിനാകാമെങ്കില്‍... ആത്മയ്ക്കും ആകാം.
ഒന്നിനുമല്ലാതെ, ജീവിതം ജീവിച്ചു തീര്‍ക്കാന്‍...
അങ്ങിനെ ഒരു പുതിയ ആത്മ വീണ്ടും ജനിക്കുന്നു...

ചിലപ്പോള്‍ തുടരും...


[ബ്ലോഗുലോകത്തെ ആത്മാക്കള്‍ക്കൊക്കെ സുഖം തന്നെ എന്നു കരുതുന്നു...]

This entry was posted on 9:19 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments