ചിത്തിരത്തോണിയില്‍‌ അക്കരെപ്പോകാന്‍‌...  

Posted by Askarali

അവൾ തനിയെ തുഴയുകയായിരുന്നു.. അപരിചിതമായ സ്ഥലത്തുകൂടി.. ആദ്യം എല്ലാവരുമുണ്ടായിരുന്നു.. അച്ഛനും അമ്മയും സഹോദരനും സഹോദരിമാരും ഒക്കെ.. പരസ്പരം ഒരോന്നു പറഞ്ഞും പങ്കുവച്ചും വരവെ പെട്ടെന്ന് ഒരൊഴുക്കില്പെട്ട് അവളുടെ വള്ളം ഒറ്റയ്ക്കായിപ്പോയി.. ഗതിമാറിയൊഴുകുന്ന ആ വള്ളത്തിലിരുന്ന് അവൾ നിലവിളിച്ചു.. നോക്കെത്തും ദൂരത്തൊക്കെ ആഴിമാത്രം! പരിചയമുള്ള ആരുമില്ല..

അവളുടെ ഗതിവേഗം വളരെ മെല്ലെയായി.. പരിഭ്രാന്തയായി അവള്‍ അലറിവിളിച്ചു.. അവളുടെ കരച്ചിലിന്റെ മാറ്റൊലി മാത്രം ശേഷിച്ചു.. ഒടുവില്‍ ഒടുവില്‍ അവള്‍ യാധാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.. സാവധാനം തന്നെ തഴുകി വരുന്ന കാറ്റിനോടും ഒഴുകിമറയുന്ന വെള്ളത്തോടും കഥകൾ പറയാൻ തുടങ്ങി.. ഉദിച്ചുയരുന്ന സൂര്യനെ നോക്കി അച്ഛൻ എന്നും അകലെ കാണുന്ന ഭൂമിയെ നോക്കി അമ്മ എന്നും വിളിച്ചു..

തീർത്തും എകാകിയായിരുന്ന അവളുടെ അരികിൽ, മറയ്ക്കപ്പുറം ഒരു കൂട്ടുകാരന്‍ വന്ന് ഇരുന്നത് എപ്പോള്‍ എന്ന് അവൾ അറിഞ്ഞതേയില്ല! മറ്റെവിടെയോ പോകാനുള്ള ഒരു യാത്രക്കാരന്‍ എന്നോര്‍ത്ത് അദ്യമൊക്കെ അവൾ അകല്‍ച്ച പാലിച്ചു. പക്ഷെ, തങ്ങള്‍ ഒരേപോലെ ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ യാത്ര സുഖകരമാക്കി. എതോജന്മത്തിൽ തങ്ങൾ ഒന്നിച്ച് തുഴഞ്ഞ ഒർമ്മ..

അവൾ താൻ‍ അറിയാതെ തന്റെ കഴിഞ്ഞകാലം മുഴുവന്‍ അണുവിട നിര്‍ത്താതെ പറയാന്‍ തുടങ്ങി.. എതോ പൂരിപ്പിക്കപ്പെടാനുള്ള കഥയുടെ ബാക്കിപോലെ.. എന്തിനുവേണ്ടിയാണ് പറയുന്നതെന്നറിയില്ലായിരുന്നു. ഒരുപക്ഷെ, തനിക്ക് ആ യാത്രക്കാരനോട് തോന്നിയ തന്മയീഭാവത്തില്‍ നിന്നുമുള്ള മോചനത്തിനാവണം.. അദ്ദേഹം മൂളിക്കേൾക്കയും ഇടയ്ക്ക് ആശ്വസിപ്പിക്കയും ചെയ്തു .

യാത്ര ആസ്വദിച്ചിരുന്നെങ്കിലും ഒരിക്കലും ലക്ഷ്യം ഒന്നാകില്ലെന്നറിയാവുന്നതുകൊണ്ടോ, തന്നില്‍ അദ്ദേഹം ഏതു നല്ല സ്വഭാവമാണൊ കണ്ടെത്തിയത് എന്നറിയാതെ അവള്‍‍ പരിഭ്രാന്തയായി അവള്‍ പറഞ്ഞു, ‘നിങ്ങള്‍ കാണുന്ന ഞാനല്ല ശരി‍ക്കുമുള്ള ഞാന്‍. തനിക്ക് മറ്റുള്ളവര്‍ നിര്‍ബന്ധിപ്പിച്ച് അണിയിച്ച വേഷങ്ങള്‍ ഒന്നൊന്നായി അവള്‍‍ എടുത്തുകാട്ടി. തനിക്ക് പ്രത്യേകമായി ഒരു നിലനില്‍പ്പില്ലെന്നും പലവുരു ആവര്‍ത്തിച്ചു. തനിക്കുണ്ടായിരുന്ന സ്വപ്നങ്ങളൊക്കെ എന്നോ മണ്ണില്‍ ഊര്‍ന്നുപോയി മറഞ്ഞുപോയി എന്നും അത് തിരഞ്ഞുപിടിക്കേണ്ടയാവശ്യം വരുന്നില്ല എന്നും അദ്ദേഹത്തെ ബോധിപ്പിച്ചു.

കാലം കടന്നുപോയത് അവരറിഞ്ഞില്ല.. അവള്‍ തന്റെ കഥ പറഞ്ഞുകൊണ്ടേ ഇരുന്നു.
അദ്ദേഹം ശ്രദ്ധിക്കുന്നതായി ഭാവിച്ചു..
ആദ്യം ആദ്യം ചില മറു ചോദ്യങ്ങള്‍ വല്ലപ്പോഴും ചോദിക്കുമായിരുന്നു.
പിന്നീട് അതും നിന്നു. വെറും മൂളല്‍ മാത്രമായി.
എങ്കിലും അവള്‍‍ തുടര്‍ന്നുകൊണ്ടിരുന്നു.. വാശിയോടെ.. അദ്ദേഹത്തിന് തന്നോട് തോന്നുന്ന പ്രത്യേകത അത് എന്തായാലും എന്റെ കഥപറച്ചിലില്‍ ഇല്ലാതായിത്തീരും വരെ..
ഒടുവില്‍ അദ്ദേഹത്തിന്റെ മൂളലും കുറഞ്ഞുവന്നു.
അവൾ ചോദിച്ചു , കേള്‍ക്കുന്നുണ്ടോ?
ഉവ്വ്! പറഞ്ഞോളൂ.പറയുന്നതെല്ലാം ഹൃദയ്ത്തില്‍ ശേഖരിച്ചു വച്ചിട്ടുണ്ട്.
എങ്കിലും കഥ പറയുന്ന അവൾക്ക് ഒരു വിരക്തി..
പിന്നെ എന്താ ഒന്നും തീരിച്ചു പറയാത്തത്?
അതിനു സാവകാശം തരാതെ എങ്ങിനെ?
താൻ പറയുന്നതുതന്നെ വീണ്ടും പറയുകയാണെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി.
നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്നറിയാമോ?
ഇല്ലല്ലൊ..
എത്ര ദൂരം ഉണ്ടെന്നറിയാമോ?
അതും അറിയില്ല.
പെട്ടെന്ന് അവൾക്ക് ഭയം തോന്നി, താൻ കഥപറച്ചിൽ നിർത്തുമ്പോൾ, തനിക്ക് പുതു കഥകള്‍ ഒന്നും പറയാനില്ലാതാകുമ്പോള്‍ മൌനിയായിരിക്കുന്ന ഈ കൂട്ടുകാരൻ മറഞ്ഞുകളയുമോ?

ലക്ഷ്യമില്ലാതെ നാം എങ്ങോട്ടാണ് പോകുന്നത്? (ചോദിച്ചുകൂടാത്ത ഒരു ചോദ്യം അവള്‍ ഒടുവില്‍ ചോദിച്ചു- ഗംഗാദേവിയോട് ശന്തനു ചോദിച്ചപോലെ..പക്ഷെ, ആ ചോദ്യം ചോദിക്കുന്നതായിരുന്നു ആ യാത്രയുടെ അവസാനം എന്നവള്‍ അറിഞ്ഞില്ല! )
അദ്ദേഹം മടിച്ചു മടിച്ച് ഉത്തരം പറഞ്ഞു..
എന്തിനായിരുന്നു നാം ഒന്നിച്ചു യാത്രചെയ്തത്?
അതുകൊണ്ട്, യാത്രാക്ഷീണമറിയാതെ ഇത്രദൂരം എത്താനായില്ലേ?
പിന്നെ ഈ സ്നേഹത്തിന്റെ അവസാനം?
അത് എനിക്കും അറിയില്ല.
ഇത്തരത്തില്‍ ഒരു സ്നേഹത്തെപ്പറ്റിയും അറിയില്ല.
(സ്നേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അതിനു ഗതിമുട്ടിയത്..സ്വാഭാവിക നഷ്ടപ്പെട്ട സ്നേഹം വഴിമുട്ടി നിന്നു..)

നിങ്ങളുടെ ശരിക്കുള്ള ലോകവും എന്റെ ലോകവും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്.. നിങ്ങള്‍ ആളുകളുടെ ലോകത്തില്‍ വിഹരിക്കുമ്പോള്‍ എന്റെ ദിവസങ്ങള്‍ തീര്‍ത്തും ഏകാന്തവും വിരസവും ആണ്.. മറഞ്ഞിരുന്നുള്ള ഈ സംസാരം.. ഭാവവിഹ്വാദികളില്ലാതെ.. വെറും സ്വരങ്ങളിലൂടെ രൂപത്തെ തേടിപ്പിടിച്ച് ഞാൻ തളർന്നിരിക്കുന്നു.. എനിക്ക് മനുഷ്യരെ നേരിൽ കാണണം.. സ്നേഹം എന്തെന്നറിയണം.. സ്നേഹത്തിന്റെ രൂപവും ഭാവവും അറിയണം.. എന്നൊക്കെ വിളിച്ച് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ, ഇത്തരത്തിലെ സ്നേഹത്തിന്റെ അന്ത്യം ഇങ്ങിനെ ആവാനേ വിധിയുള്ളൂ.. ഇങ്ങിനെ ആകാനേ പാടുള്ളൂ എന്ന് ഉള്ളിലിരുന്ന് ആരോ അവളെ വിലക്കി.

പക്ഷെ, നിശ്ചലമായ ഈ വള്ളത്തില്‍ എത്രനേരം.. വെറുതെ പറഞ്ഞ കഥകൾ തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ട്.. കണ്ടു പഴകിയ ദൃശ്യങ്ങൾ തന്നെ നോക്കി.. എത്രനാൾ... കൂട്ടുകാരന് ബോറായി തുടങ്ങിക്കാണു... വെറുതെ ലക്ഷ്യമൊന്നും ഇല്ലാതെ ആരെങ്കിലും യാത്രചെയ്യാനിഷ്ടപ്പെടുമോ? എങ്ങിലും വെറുതെ തനിക്ക് സുരക്ഷിതത്വം നല്കാനായി കൂടെ വന്നതാകും! മതി!‌ ഇനി തനിയേ തുഴഞ്ഞുനോക്കാം.. ആർത്തുവരുന്ന തിരമാലകളും വൻ ശ്രാവുകളും കൊടും മഞ്ഞും പേമാരിയും ഒക്കെ സുപരിചിതമായല്ലൊ,.. ഇനി തനിയെ തുഴയാം..

അവര്‍ സഹോദരീ സഹോദരന്മാരായിരുന്നോ, അച്ഛനും മകളുമായിരുന്നോ, അമ്മയും മകനുമായിരുന്നോ, ഭാര്യാഭര്‍ത്താക്കന്മാരായിരുന്നോ ആരായിരുന്നു എന്നോര്‍മ്മയില്ല.. എന്തോ ഒരു ബന്ധമുണ്ടയിരുന്നു ഓരോ ജന്മത്തിലും..

അവിടെ ഒരു വള്ളം ഇപ്പോഴും കാത്തുകിടപ്പുണ്ട്.. ഒന്നിനുമല്ലാതെ വളരെ നാള്‍ ഒന്നിച്ചു തുഴഞ്ഞവരുടെ ഓര്‍മ്മയ്ക്കായി...

[കഥ സാങ്കല്പിക്കമാണെന്നു പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസമാകുമെന്നറിയാം.. ജീവിതാനുവങ്ങള്‍ എഴുതി എഴുതി ഇതും അതുപോലെയാണെന്ന് കരുതിപ്പോകും.. അതുകൊണ്ട് കുറച്ചുകൂടി ഭേദഗതി‍ ചെയ്തു.. ഇനി കഥയായി കാണുമെന്ന് വിശ്വസിക്കുന്നു..]

This entry was posted on 4:11 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments