സ്വപ്നം  

Posted by Askarali

ബ്ലോഗെഴുതിയില്ലെങ്കില്‍ ആര്‍ക്കാണു നഷ്ടം ആത്മേ? ആര്‍ക്കുമില്ല. നിനക്കു മാത്രം. നിനക്കു നീ മാത്രം. നിന്റെ ബ്ലോഗ് മാത്രം. ബ്ലോഗ് എഴുതിയില്ലെങ്കില്‍ നീ ബോറടിച്ച് ചത്തുപോകാനും സാധ്യതയുണ്ട്.
ഉദാഹരണത്തിന് ഇപ്പോള്‍ നടന്ന് ഒരു കഥ പറയാം...

ബ്ലോഗ് ഒന്നും എഴുതണ്ട എന്നും കരുതി മടിപിടിച്ച് പോയി കിടന്ന് ഉറങ്ങാന്‍ നോക്കി (ബുസിനസ്സ് ആയതുകാരണം വീട്ടില്‍ മുതിര്‍ന്നവരൊക്കെ വരാന്‍ ഇനിയും മണിക്കൂറുകള്‍ കിടക്കുന്നു താനും!)
ഉറങ്ങിയപ്പോള്‍, അതാ സ്വപ്നം..

സ്വപ്നത്തില്‍ ഭൂമികുലുക്കമോ, വെള്ളപ്പൊക്കമോ ഒക്കെ ഉണ്ടാകുന്നു. ആത്മ എല്ലാവരില്‍ നിന്നും ഒറ്റപ്പെടുന്നു, ഒടുവില്‍ ആത്മയുടെ അമ്മയെ ഒരു ട്രയിനില്‍ നിന്ന് ഇറങ്ങി വരുന്നവരുടെ ഇടയില്‍ കാണുന്നു, ഓടി അടുത്തു ചെല്ലുന്നു. ‘ഈ സ്വപ്നം തരക്കേടില്ല. ഒന്നുമില്ലെങ്കിലും അമ്മയെ കാണിച്ചു തന്നല്ലൊ!’ എന്നു സമാധാനിക്കാന്‍ തുടങ്ങുമ്പോള്‍ ആത്മ കണ്ണു തുറന്നുപോയി. സസ്പെന്‍സ്.. സസ്പെന്‍സ്.. അമ്മ ആത്മയെ തിരിച്ചറിഞ്ഞോ ഇല്ലയോ? (അമ്മക്ക് മെമ്മറി നഷ്ടപ്പെട്ട ഒരു ഭീതി തോന്നിയിരുന്നു) അമ്മയിലൂടെ ആത്മയ്ക്ക് നഷ്ടപ്പെട്ട മറ്റുള്ളവരെയൊക്കെ കണ്ടുകിട്ടുമോ?
ആത്മയുടെ മക്കളെവിടെ? ഭീതി! നിരാലംബത! നിസ്സഹായത!
അറിയാതെ ചോദിച്ചു പോവുകയാണ് , ‘ഈ സ്വപ്നങ്ങള്‍ക്കും ആത്മയോടെന്താണിത്ര പക’!

അടുത്ത ചിന്ത
എന്തിനാണ് ഇടയ്ക്കിടെ പോയി ബ്ലോഗുകള്‍ മാറ്റിയും മറിച്ചും ഒക്കെ ഇടുന്നത്?
അതും ബോറടി മാറ്റാനാണ്. അല്ലാതെ ആരോടും പകയുള്ളതുകൊണ്ടോ, ശ്രദ്ധപിടിച്ചുപറ്റാനോ ഒന്നും അല്ലെ. ഒരു ഹോബി. ചിലപ്പോല്‍ ബോറടിക്കുമ്പോള്‍ വീട്ടിലെ സാധനങ്ങള്‍, ചെടികള്‍ ഒക്കെ അടുക്കും ചിട്ടയും വരുത്തും; അതുപോലെ, ബ്ലോഗിലും ചില വ്യത്യാസങ്ങള്‍ വരുത്തി നോക്കുന്നതാണ് മൂഡ് ശരിയാകാന്‍.
[‘ആരെങ്കിലും ചോദിച്ചോ ഇപ്പോള്‍ എക്സ്പ്ലൈന്‍ ചെയ്യാന്‍’ എന്നു ചോദിച്ചാല്‍, ആത്മയ്ക്കു തന്നെ ആത്മയുടെ ബ്ലോഗിനോട് ഒരു ബാധ്യത (കുറെക്കൂടി നല്ല വാക്ക് കിട്ടുമ്പോള്‍ മാറ്റാം) ഇല്ലേ, അതുകൊണ്ടാണ്.. ]

ബോറടി മാറും വരെ ഇനിയും ചിലപ്പോള്‍ തുടരും...

വീണ്ടും ചിന്ത
എന്തിനാണിപ്പോള്‍ ബ്ലോഗിലൊക്കെ വന്ന് ചിന്തിക്കുന്നത്? വേറെ എങ്ങും പോയി ചിന്തിച്ചുകൂടെ
എന്നു ചോദിച്ചാല്‍, ഇങ്ങിനെ ചിന്തകള്‍ കുറിച്ചിട്ട് കുറിച്ചിട്ട് വരുമ്പോള്‍ ഒരിക്കല്‍ പ്രയോജനമുള്ള
നല്ല ചിന്തകള്‍ വരും. അല്ലെങ്കില്‍ പിന്നെ എന്തിനിങ്ങനെ എഴുതുന്നു?!
മനസ്സിന് എന്തെങ്കിലും ഒരു ലക്ഷ്യം കാണും... കാണാതിരിക്കില്ലാ...

ലക്ഷ്യത്തിനെ പറ്റി എഴുതിയപ്പോള്‍ അടുത്ത ചിന്ത

ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങളാണ് അല്ലെ, എന്റെ ലക്ഷ്യമല്ല മറ്റൊരാളുടെ ലക്ഷ്യം.
മറ്റൊരാളുടെ ലക്ഷ്യമല്ല ഇനിയൊരാളുടെ ലക്ഷ്യം. ലക്ഷ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.
നമ്മുടെ ലക്ഷ്യ സാധ്യത്തിനായി മറ്റൊരാളെ പിടിച്ച് വലിച്ച് താഴെയിടണോ?
വേണ്ടാ..
കാരണം, ചിലരുടെ ലക്ഷ്യങ്ങള്‍ ഒന്നായിരിക്കാം. പക്ഷെ, ഓരോ മനുഷ്യര്‍ക്കും മാര്‍ഗ്ഗങ്ങള്‍ വെവ്വേറെയാണ്. ഒരു മനുഷ്യനെപ്പോലെ മറ്റൊരു മനുഷ്യന്‍ ഇല്ലാത്തിടത്തോളം കാലം ഒരാളുടെ മാര്‍ഗ്ഗം മറ്റൊരാളുടേതാകാന്‍ സാധ്യമല്ല. അതുകൊണ്ട്, ‘അയ്യോ അവന്‍ ആ വഴിയില്‍ നിന്നൊന്നു മാറിയെങ്കില്‍’, അല്ലെങ്കില്‍ ‘ഹും!, വഴിമുടക്കാനായി വന്നിരിക്കുന്നു!’ എന്നൊന്നും ആരും വിലപിക്കണ്ട ആവശ്യമില്ല. കാരണം എത്ര ജീവികളുണ്ടോ, അത്രയും മാര്‍ഗ്ഗങ്ങളുണ്ട്.
എങ്കില്‍ പിന്നെ എന്തേ ഈ ഉറുമ്പുകള്‍ ഒരു വരിയായി പോകുന്നത്?! (മനുഷ്യന്മാര്‍ ക്യൂ വില്‍ നിന്ന് മുഷിയുന്നത്?!)
അതിനും ഉത്തരമുണ്ട്. വരിവരിയായി ഒരേ വഴിയിലൂടെ പോകുന്നെങ്കിലും ഓരോരുത്തരുടെയും വേഗത വേറേ, പ്രവര്‍ത്തി വേറേ, കടമകള്‍ വേറേ, ചിന്തകള്‍ വേറേ, സാറ്റിസ്ഫാക്ഷന്‍ വേറേ...

ഇനിയും തുടരും.. വേറേ നിവര്‍ത്തിയില്ല..

ഇനിയും ചിന്ത
തൊട്ടുമേല്‍ എഴുതിയ ചിന്ത ബ്ലോഗിലെ അനുഭവമാണോ? അല്ലേ അല്ല. യധാര്‍ത്ഥ ജീവിതത്തില്‍ ഓരോരുത്തര്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടു മാത്രമാണ് നൂറുശതമാനം ഗ്യാരന്റി (വിശ്വസിച്ചാലും ഇല്ലെങ്കിലും).

എങ്കിപ്പിന്നെ ഇന്ന് മതിയാക്കാം അല്ലെ ആത്മെ? വിശ്വസാഹിത്യമൊക്കെ രചിക്കാന്‍ ഇനിയും സമയം കിടക്കുകയല്ലെ...
എങ്കിപ്പിന്നെ മതിയാക്കുകയല്ലെ?
മതിയാക്കണോ?
ഒന്നുകൂടി ആലോചിക്കട്ടെ മതിയായോന്ന്...

ആത്മവിലാപം (പുതിയത്)

അപ്പോള്‍, പോസ്റ്റ് വായിക്കാനിടയായവര്‍ക്കൊക്കെ കഥയുടെ ബാക്കി എന്തായി എന്നു സ്വാഭാവികമായി സംശയം വരുമല്ലൊ...

ആത്മ പോയി ഒരു ഇന്‍സക്റ്റ് സ്പ്രേ എടുത്ത് കൂട്ടം കൂട്ടമായി വീടുവയ്പ്പും ഓടിക്കളിയും അര്‍മാദവുമായി വിഹരിച്ചിരുന്നു എറുമ്പിനു നേരേ പ്രയോഗിച്ചു. ഒരു മനസ്സാക്ഷിയുമില്ലാതെ. സത്യം പറഞ്ഞാല്‍ മനസ്സക്ഷി ആദ്യമൊക്കെ ഉണ്ടായിരുന്നു... സംഭവിച്ചതിപ്രകാരമാണ്...

ആദ്യമൊക്കെ ഓരോ എറുമ്പിനെ കാണുമ്പോഴും കുശലപ്രശ്നങ്ങളൊക്കെ നടത്തി, കഴിക്കാനൊക്കെ കൊടുത്ത്, വെള്ളത്തില്‍ വീണതിനെ പൊക്കി എടുത്ത് വെളിയിലിറക്കി, അത് ഞൂന്ന് പോകുന്ന കാണുമ്പോള്‍‍ നിര്‍വൃതിപ്പെട്ട്; പഞ്ചസാര ടിന്നില്‍ അകപ്പെട്ടുപോയതിനോടൊക്കെ മര്യാദയ്ക്ക് ഇറങ്ങിപ്പൊയ്ക്കോളാന്‍ പറഞ്ഞ് ടിന്നും തുറന്ന് നില്‍ക്കും; എല്ലാം സുരക്ഷിതമായി പോയി കഴിഞ്ഞെന്നുറപ്പു വരുത്തിയതിനുശേഷമേ ടിന്‍ അടക്കൂ. അങ്ങിനെ എത്ര എത്ര സംഭവങ്ങള്‍...

ഇന്ന് അവര്‍ ഒരു ബറ്റാലിയന്‍ ആയി വീടിന്റെ പല ഭാഗവും തുരക്കാന്‍ തുടങ്ങിയിട്ടും ഒരു നിസ്സംഗത.‘ഓ നിങ്ങള്‍ തുരന്നാലൊന്നും ഒന്നും സംഭവിക്കില്ല’. എങ്കിലും ഇടക്കിടക്ക് ചോദിക്കും, ‘ദയവുചെയ്ത് നിങ്ങള്‍ക്ക് വളപ്പിലെങ്ങാനും പോയി വീടു വച്ചുകൂടേ. ഇതിനകത്തു തന്നെ വേണോ?’

ഇതിനിടെ വീടു വൃത്തിയാക്കാന്‍ വന്ന ഒരു ‍ മേഡം ( അവര്‍ എന്നെ അങ്ങിനെയാണ് വിളിച്ചത്. അങ്ങിനെ ഞാന്‍ അവരുടെ മേഡം ആയി) പറഞ്ഞു, ‘നീങ്ങ ഇപ്പടി ഇതിനെ വിട്ടാല്‍ നിങ്കടെ വീട് മുഴുവന്‍ തുരന്ന് നാശമാക്കും’ ( ആത്മ തമിഴ് നന്നായി സംസാരിക്കും , ഒന്നുമല്ലെങ്കിലും മലയാളത്തിനോട് ഇച്ചിരി സാമ്യമുള്ള ഭാക്ഷയല്ലെ, അവരോട് സംസാരിക്കാന്‍ എന്തിനു സായിപ്പിന്റെ ഭാഷ് കടം വാങ്ങുന്നു, എന്നും പറഞ്ഞ് ‘ങ്കെ’ ‘ആമാ’ എന്നൊക്കെ പറഞ്ഞ് കസറി സംസാരിക്കും. പക്ഷെ, പറയാനുള്ളതെല്ലാം പറഞ്ഞു കഴിയുമ്പോള്‍ കേട്ടു നില്‍ക്കുന്ന തമിഴര്‍ പറയും ‘നീങ്ക മലയാളം താനേ പേശണത് എന്ന്’!. ഹും! ഈ ലോകത്ത് ആരും ഒന്നും സമ്മതിച്ചു തരില്ല. സാരമില്ല).

അങ്ങിനെ മേഡത്തിന്റെ വാണിംഗ് കുറിക്കു കൊണ്ടു. (ആത്മയ്ക്ക് ഏതിനും എന്തിനും പുറത്തൂന്ന് ഒരു ശക്തി ഇല്ലാതെ പറ്റില്ല.) അങ്ങിനെ ചെയ്ത കൊടും പാതകത്തിന്റെ രക്ത സാക്ഷികള്‍ മുറ്റത്ത് നിറഞ്ഞ് കിടക്കുന്നു...ആത്മ വിലപിച്ചു..‘ദൈവമേ എന്തൊരു പാതകമാണ് താന്‍ ചെയ്തത്!’ ഈ മരിച്ചു കിടക്കുന്നവരില്‍ എത്ര പാണ്ഡവര്‍, എത്ര കൌരവര്‍ ഒക്കെ കാണുമായിരുന്നു, അര്‍ജ്ജുനനും, ഭീമനും, ഒക്കെ കാണുമായിരുന്നിരിക്കണം യുദ്ധത്തിനു തയ്യാറെടുത്ത്, അല്ലെങ്കില്‍ ചൂതുകളിക്കാന്‍ തയ്യാറായി ഒക്കെ നിന്നവരാകും. ഉത്തര, പരീക്ഷിത്ത്, രാജ്യഭാരം കയ്യിലേന്താന്... ‍എല്ലാം താറുമാറാക്കി. ഒരു കുലം മുഴുവനും ഒരു ഞൊടിയിടക്കുള്ളില്‍ മുടിച്ച സാമദ്രോഹി ആത്മ ഇനി എവിടെ ഈ പാപം കഴുകിക്കളയാന്‍!

[സത്യത്തില്‍ ആത്മ മാനസികമായി അല്പം പ്രയാസപ്പെട്ടിരിക്കുകയാണ്. ‘സുഖമൊരു ബിന്ദു; ദുഃഖമൊരു ബിന്ദു’ എന്നല്ലെ. ഈ പോസ്റ്റ് നേരത്തെഎഴുതിയതുകൊണ്ട് അങ്ങ് പോസ്റ്റു ചെയ്യുന്നു]

വീണ്ടും ഒരിക്കല്‍ക്കൂടി

ദുഃഖത്തിന്റെ ബിന്ദുവില്‍ നിന്നും പെന്റുലം വീണ്ടും സുഖത്തിലേക്ക് ഒരിച്ചിരി സമയം വന്നു.
ആ സമയം കൊണ്ട് ഇന്നത്തെ എഴുത്ത് ഒന്ന് ഉപസംഹരിച്ചേക്കാമെന്ന് കരുതി വീണ്ടും..

എന്തിനെഴുതുന്നു?!
പോസ്റ്റ് വായിച്ച് ചിലര്‍ക്കെങ്കിലും തോന്നാതിരിക്കില്ല, ഈ സ്ത്രീ എന്തിനിങ്ങനെ എഴുതുന്നു?
എപ്പോഴും ബ്ലോഗിന്റെ മുന്നിലായിരിക്കുമോ എന്ന്. പക്ഷെ അങ്ങിനെയല്ല, വീട്ടുജോലികള്‍ക്കിടയില്‍ ഇടയ്ക്കിടക്ക് ഐഡിയകളുമായി ഓടി വന്ന് എഴുതിയിട്ട് പോകുന്നതാണ്. (വീട്ടിജോലികള്‍ ചെയ്യാന്‍ ഇന്‍സ്പിറേഷന്‍ കിട്ടാന്‍ ബ്ലോഗിലും,
വീട്ടുജോലിയില്‍ നിന്നു കിട്ടിയ ഇന്‍സ്പിറേഷനുമായി വീണ്ടും ബ്ലോഗിലും.. അങ്ങിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു വൃത്തത്തില്‍)

പോസ്റ്റ് നീണ്ടു നീണ്ടു പോയതിന്റെ കാരണം
ഒരു പോസ്റ്റിട്ടാല്‍ ഒരു കമന്റെങ്കിലും കിട്ടിയില്ലെങ്കില്‍ ഒരു ഫെയില്യുര്‍ ആയി കരുതും.( ആത്മ) ഒരു കമന്റെങ്കിലും കിട്ടുന്നതുവരെ ടെന്‍ഷന്‍.. ടെന്‍ഷന്‍. ഇന്ന് ആത്മയ്ക്ക് ടെന്‍ഷന്‍ എടുക്കാന്‍ തക്ക മനക്കട്ടി തോന്നിയുമില്ല അതുകൊണ്ട് കിട്ടിയ ഒരു കമന്റിന്റെ ബലത്തില്‍ സമാധാനമായി വല്ലതുമൊക്കെ എഴുതാമെന്നു കരുതി എഴുതിപ്പോയതാണ്. ക്ഷമിക്കുമല്ലൊ ആത്മയുടെ ഫ്രീ തിങ്കിംഗിനെ.

This entry was posted on 10:11 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments