വൈറസ്സും ആത്മയും  

Posted by Askarali

വൈറസ്സും ആത്മയുമായുള്ള യുദ്ധത്തെപ്പറ്റി ഒരു പോസ്റ്റ് കൂടിയുണ്ട്.വായിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം.
ബോറായി തോന്നുന്നെങ്കില്‍, കണ്ടില്ലെന്നു നടിക്കൂ.
നല്ല പോസ്റ്റ്കള്‍ എഴുതാന്‍ ശ്രമിക്കാം.
‘ഓ! ഒരു പനിയെപ്പറ്റി ഇത്രയൊക്കെ എഴുതാന്‍ എന്തിരിക്കുന്നു’ എന്നു ചിലര്‍ക്കെങ്കിലും തോന്നാതിരിക്കില്ല.
തോന്നാന്‍ വരട്ടെ, അതിനുമുന്‍പ് രണ്ടു വാക്ക്...
ബ്ലോഗിംഗിനെപറ്റി,
----
എന്തിനിങ്ങനെ ബ്ലോഗില്‍ എല്ലാം എഴുതുന്നു?
ഉത്തരം സിമ്പിള്‍- ‘ഇത് സെല്‍ഫ് പബ്ലിഷിംഗ് ആയതുകൊണ്ടാണ്’.
നമ്മള്‍ ഒരു മാഗസീനിലോ, വീക്കിലിയിലോ ഒക്കെ വല്ലതും എഴുതിക്കൊടുത്ത്, മാസങ്ങളോളം കാത്തിരുന്നു, വന്നാലുമായി, വന്നില്ലെങ്കിലുമായി, അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍
നമ്മുടെ പേരുവച്ച നമ്മുടെ രചന നാം കാണുന്നു.
(എത്ര നാളത്തെ കാത്തിരിപ്പ്!)
ഇതോ, നാം എഴുതിക്കഴിഞ്ഞ് ഉടന്‍, ആ മിനിട്ടില്‍ തന്നെ, നമുക്ക് പ്രകടിപ്പിക്കാനുള്ളതെന്തായാലും
നാം സ്വയം പബ്ലിഷ് ചെയ്യുകയാണ്.
ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം. (അത് മാഗസീനില്‍ ആയാലും ഇഷ്ടമുള്ളവരല്ലേ വായിക്കൂ!)
ചിലര്‍ക്ക് കുറ്റം പറയാം. (അത് മാഗസീനിലായാലും കുറ്റം കുറ്റം തന്നെയല്ലെ!)
വിമര്‍ശിക്കാം. (അതും രണ്ടിടത്തും ഒരുപോലെ )
ഇഷ്ടമുള്ളവര്‍ക്ക് അഭിനന്ദിക്കാം (മാഗസീനിലൊക്കെ എഴുതിക്കഴിഞ്ഞ് ഒന്നോ രണ്ടോ മാസമോ വര്‍ഷമോ ഒക്കെ ക്കഴിഞ്ഞ് ആരെയെങ്കിലും കാണുമ്പോള്‍, നിങ്ങള്‍ അന്ന് എഴുതിയിരുന്ന ആ കഥയില്ലേ, വളരെ നന്നായിരുന്നു. ഇത് ഒന്നോ രണ്ടോ മിനിട്ടോ മണിക്കൂറോ കഴിയുമ്പോള്‍ അറിയാം
അഭിപ്രായങ്ങള്‍!)
പിന്നെ നല്ല നല്ല എഴുത്തുകാരുടെയൊക്കെ കയ്യെത്തും ദൂരത്തിരുന്ന് എഴുതി തെളിയാന്‍ കിട്ടുന്ന ഭാഗ്യം
ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ?
ഏതായാലും ആത്മ വേണ്ടെന്നു വയ്ക്കില്ല.
പക്ഷെ, വിമര്‍ശനങ്ങള്‍ താങ്ങാന്‍ അത്ര വലിയ കട്ടിയുണ്ടോന്നൊരു സംശയം.
പിന്നെ കമന്റ് ഒന്നും കിട്ടാതെ കുറെനാള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തോന്നുമായിരിക്കാം, താന്‍ എഴുതുന്നത് അറുബോറനായിരിക്കുമെന്ന്.
എങ്കിലും എഴുത്ത് നിര്‍ത്തുമോ?
എവിടെ?
വെറുതെ കിട്ടുന്ന പേജ്,
വെറുതെ തോന്നുന്ന ചിന്തകള്‍
വെറുതെ കിട്ടിയ ഒരു പേര്.
ആര്‍ക്കു ചേതം!

‘ആത്മ എപ്പോഴും ഇങ്ങനെ പെസ്സിമിസ്റ്റിക്ക് ആയി ചിന്തിക്കുന്നതെന്താ’ എന്ന് ചിലര്‍‍ക്കെങ്കിലും തോന്നാതിരിക്കില്ല.
ആത്മ എപ്പോഴും പെസ്സിമിസ്റ്റിക്ക് അല്ല.
ആത്മയ്ക്ക് തോന്നുന്നു, മുക്കാലും ഒപ്റ്റിമിസ്റ്റിക്ക് ആയതുകൊണ്ടാകും ഈ കാല്‍ പെസ്സിമിസ്സം പുറത്തുവരുമ്പോള്‍ അതൊക്കെ കുറിച്ചു വയ്ക്കാനുള്ള വെമ്പല്‍.
അല്ലെങ്കില്‍, പണ്ടെങ്ങോ, ‘സാഹിത്യം എന്നു വച്ചാല്‍ നമ്മുടെ മനസ്സിലെ നിരാശകളും നൊമ്പരങ്ങളും
കുന്നായ്മകളുമെഴുതല്‍ മാത്രമാണെന്ന്’ പതിഞ്ഞുപോയിരിക്കുന്നു.
അതുകൊണ്ട് മേല്‍പ്പറഞ്ഞ സവിശേഷതകള്‍ പുറത്തുവന്നാല്‍ ഉടന്‍ പേപ്പര്‍ തേടുകയായി(അല്ല, കമ്പ്യ്യൂട്ടര്‍ ഓണ്‍ ചെയ്യുകയായി)
പേന തേടുകയായി( അല്ല, കീബോര്‍ഡ് പരതുകയായി)
എഴുതുകയായി( അല്ല, ടൈപ്പ് ചെയ്യുകയായി)
തീര്‍ന്നോ?
ഇല്ലാ.. അടുത്തതാണ് പ്രധാനം.
‘പബ്ലിഷിംഗ്!’
പബ്ലിഷ് ചെയ്യുകയായി.
അവിടെ നമ്മുടെ മനസ്സില്‍ ഒളിച്ചു വച്ചിരുന്ന ചിന്തകളൊക്കെ അങ്ങിനെ സ്ക്രീനില്‍ നിറഞ്ഞുകിടക്കുന്നതുകാണുമ്പോള്‍ തോന്നും
ഇതിനും വേണം ഒരു ഭാഗ്യം.
മഹാഭാഗ്യം!.
മാഗസീനും വേണ്ട, ബുക്കും വേണ്ട.
ഇതാണ് പബ്ലിഷിംഗ്.
ഇതാണ് യധാര്‍ത്ഥ സാഹിത്യം.
തന്റെ സാഹിത്യം പത്തുപേര്‍ വായിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം, അതുതന്നെയല്ലെ, മാഗസീനില്‍ പബ്ലിഷ് ചെയ്യുന്നവരും ഇച്ഛിക്കുന്നത്?
അന്യന്റെ മനസ്സില്‍/ഹൃദയത്തില്‍ നമ്മുടെ ചിന്തകള്‍ കടത്തിവിടാനൊരു ശ്രമം.
ഒരു കണക്കിന് മറ്റു മനുഷ്യരോട് നേരിട്ട് നുണപറഞ്ഞ് കൊണ്ട് നടക്കുന്ന ഗ്രാമത്തിലെ മനുഷ്യരില്ലേ?
അവരുടെയൊക്കെ ഒരു വകഭേദമാണ്/ ഒരു നുണപറച്ചിലാണ്/പരദൂഷണമാണ് ഈ സാഹിത്യം
/ബ്ലോഗിംഗ് എന്നൊക്കെ വേണമെങ്കില്‍ നമുക്ക് പറയാം. അല്ലെ?
-----

എങ്കിപ്പിന്നെ ആ‍ത്മ വൈറസ്സിനെ നേരിട്ട കഥ ഒരിക്കല്‍ക്കൂടി കേള്‍ക്കാം അല്ലെ?
[പോരാത്തതിന് ഇന്നൊരു വിശിഷ്ട അതിഥിയെ കണ്ട സന്തോഷവും ഉണ്ട്. ചിലരെ കണികണ്ടാല്‍ അന്നു മുഴുവന്‍ അവരുടെ ‘ഔറ’ (എന്തോ ഒന്നില്ലെ തലയ്ക്കു ചുറ്റും പ്രഭ പരത്തുന്ന ഒരു ദൈവീകത, ആ, അതു തന്നെ) നമ്മെയും പിടികൂടും. ഇന്ന് ആ വിശിഷ്ടവ്യക്തിയെയാണ് കണികണ്ടത് (ബ്ലോഗില്‍)അതുകൊണ്ടോ എന്തോ പതിവിനു വിപരീതമായി കാണുന്നതും ചെയ്യുന്നതും ഒക്കെ ഒരു ഉത്സാഹം. എന്തൊരു ചൈതന്യം! എന്തൊരു നര്‍മ്മം...]

എന്നാപ്പിന്നെ വൈറസ് കഥ,

ഓ. കെ.. കേട്ടോളൂ,.....

‘ഒരു വൈറല്‍ ഫീവര്‍ വന്നതാണ്. ആദ്യം അത് സാധാരണ ഫീവര്‍ ആണെന്നു കരുതി പാനഡോളൊക്കെ കഴിച്ച് മൂടിപ്പുതച്ച് അങ്ങിനെ പനിയെ വെല്‍ക്കം ചെയ്യാന്‍ റെഡിയായി കിടന്നു’.
‘ഓ നിന്നെ ഞാനെത്ര പ്രാവശ്യം കണ്ടിട്ടൂള്ളതാ. ഈ മാസവും നീ വരും, എന്റെ ശരീരത്തില്‍ കുറച്ചുകൂടി നാശനഷ്ടങ്ങള്‍ ഉണ്ടാക്കും. രണ്ടു ദിവസത്തില്‍ കൂടുതല്‍ നിനക്ക് എന്നെയും , എനിക്ക് നിന്നെയും സഹിക്കാന്‍ പറ്റില്ല’.
‘ആത്മയ്ക്ക് ബ്ലോഗെഴുതണം,
വെളിയില്‍ ചെടികളെ ശുശ്രൂഷിക്കണം,
കാറ്റിനോടും കിളികളോടും കഥകള്‍ പറയണം.
മി. ആത്മയോട്, കയര്‍ക്കണം, പ്രകോപിപ്പിച്ച്, പാതിരാത്രി (അപ്പോഴേ മി. ആത്മ ഫ്രീ ആവുള്ളു) വെളിയില്‍ കൊണ്ടുപോയി, വീട്ടിലേക്കാവശ്യമുള്ള സാധങ്ങളൊക്കെ 24 ഔവ്വര്‍ ഷോപ്പില്‍ പോയി വാങ്ങിപ്പിച്ച് തിരിച്ചു കൊണ്ടു വരീക്കണം..
നല്ല ചായയിട്ട് കുടിക്കണം,
ഏഷ്യാനെറ്റില്‍ രഞ്ജിനി സഹിക്കബിള്‍ വേഷമാണോ ധരിച്ചിരിക്കുന്നത് എന്നന്വേക്ഷിക്കണം,
രഞ്ജിയെ ഇപ്പോഴും ആളുകള്‍ പഴയപോലെ സഹിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം, (ആത്മയ്ക്ക് രഞ്ജിനിയെ ഇഷ്ടമാണ്, എന്നാല്‍ ചിലപ്പോള്‍ ഇഷ്ടമില്ല. രണ്ടിന്റെയും കൂടി ഇടയ്ക്കുള്ള ഒരു ആരാധന) ശര‍ത്തിന് പഴയതുപോലെ ആരാധനാവൃന്ദം ഉണ്ടോ എന്നുറപ്പുവരുത്തണം,
കുട്ടികളൊക്കെ ശരത്തിന്റെ പ്രതീക്ഷക്കൊത്ത് പാടുന്നുണ്ടോ എന്നറിയണം,
മഹാഭാഗവതം എവിടെവരെയായി, തനിക്കറിയാത്ത കഥകളൊക്കെ കാട്ടിത്തുടങ്ങിയോ?
എല്ലാം റെക്കോഡില്‍ വച്ചിരിക്കുകയാണ്. എന്നു കണ്ടു തീര്‍ക്കുമെന്നും അറിയില്ല.
അതിനിടയിലാണ് അസ്ഥാനത്ത് ഒരു പനി’.

ഉച്ചയായപ്പോള്‍ മൂടിപ്പുതച്ചു കിടന്നിട്ടുള്ള സുഖം കൈവരുന്നില്ല!
പാനഡോള്‍ പണിമുടക്കിയോ?
ഒന്നുകൂടി വിഴുങ്ങി.
ഇല്ലാ.. ഏല്‍ക്കുന്നില്ലാ..
ശരീരം മുഴുവന്‍ കുത്തിവലിക്കുന്ന വേദന. പോരാത്തതിന് തലയ്ക്കകത്തും വല്ലാത്ത ഒരു പുതു വേദന. സുഖം തീരെയില്ല. തികച്ചും അപരിചിതമാണ് വേദനകള്‍ മുഴുവനും.

പോയി ബ്ലോഗ് വച്ചു നോക്കി.
ഒരുവിധമുള്ള കവലകളൊക്കെ അതിലെ ചില പോസ്റ്റ്കള്‍ കാണുമ്പോള്‍ മറക്കും.
ഇല്ല. ബ്ലോഗിലെ അക്ഷരങ്ങളൊക്കെ വെവ്വേറെയിരുന്നു തല‍കുത്തി പല്ലിളിക്കുന്നു.
‘ഇല്ലാ നിന്റെ കണ്ണും മണ്ണാങ്കട്ടിയുമൊന്നും വിചാരിച്ചാല്‍ ഞങ്ങളെ ഒരുമിപ്പിക്കാനോ, അര്‍ത്ഥം കണ്ടെത്തി ചിരിക്കാനോ ഒന്നും ഈ ജന്മം സാധ്യമല്ലാ‍’.
ഒരിക്കലും മടുക്കില്ലെന്നു കരുതിയ ബ്ലോഗ് വേള്‍ഡ് തനിക്കപരിചിതമായപ്പോള്‍ ആത്മയ്ക്ക് ശരിക്കും കണ്ണില്‍ ഇരുട്ടുകയറി. ശരിക്കും തനിക്കെന്തോ പറ്റി. എന്തോ മാരകമായ അസുഖമാണ് തീര്‍ച്ച. ‘സാറ്സ്’, ‘ഡിങ്കി’, കുറെ മാരകപനികളൊക്കെ മനസ്സില്‍ തോന്നി.
എങ്ങിനെ ആത്മ തനിക്കു വന്നുപിടിച്ച് പനി സാധാരണ പനി അല്ലെന്നു തിരിച്ചറിയുന്നു,

മി. ആത്മയ്ക്ക് ഫോണ്‍ ചെയ്യുന്നു,
ക്ലിനിക്കില്‍ മി. ആത്മയുടെ കാറിന്റെ ബാക്ക് സീറ്റില്‍ കേരളത്തിലെ മുഖ്യമന്ത്രി കരുണാകരന്‍ ഗുരുവായൂര്‍ക്ക് പോകുമ്പോലെ (എന്തിനാണ് ഈ ഉപമ തോന്നിയതെന്ന് ആത്മയ്ക്കുമറിയില്ല! - ഒരു പക്ഷെ അല്ലെങ്കില്‍ പുറകില്‍ ഇരിക്കാന്‍ പറ്റില്ല അതാകാം. - മുന്‍പില്‍ ഇരുന്നില്ലെങ്കില്‍ ഓടിക്കുന്ന ആളിനെ ഡ്രൈവറാക്കിയെന്നും പറഞ്ഞ് ഇവിടത്തെ ഗവഃ ഫൈന്‍ അടിക്കുമത്രെ!) അങ്ങിനെ ശരീരം അനക്കാതെ ഇളക്കാതെ ഇരുന്നു.
അടുത്ത ചില നിമിഷങ്ങള്‍ക്കകം എന്തും സംഭവിക്കാം. ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലോ, ക്വാറന്റീന്‍ ഏരിയയി‍ലോ, മകന് പരീക്ഷയും വരുന്നുണ്ട്. ഈശ്വരോ രക്ഷതു!

ക്ലിനിക്കില്‍ എത്തി.
നില്‍ക്കാന്‍ വയ്യ, കിടക്കാന്‍ വയ്യ, നടക്കാനും വയ്യ. എന്നിട്ടല്ലെ സ്വപ്നം കാണാന്‍!
ഈ പനി തന്നേം കൊണ്ടേ പോവൂ..
ആത്മ ഇരുന്നിടത്ത് തന്നെ കിടക്കുന്നു.
മി. ആത്മ സഹതാപത്തോടെ നോക്കുന്നു. (ആ സഹതാപം കാണുമ്പോള്‍ കുറച്ചുകൂടി തളര്‍ച്ച. തന്റെ അന്ത്യം അടുത്തമാതിരി ഒരു തോന്നല്‍. വിടചൊല്ലല്‍ പോലെ എന്തോ ഒന്ന് ആ കണ്ണുകള്‍ ആശ്വസിക്കുന്നില്ലേ! തോന്നിയതാകും. എത്രയായാലും മി. ആത്മയുടെ രണ്ടുമക്കളുടെ അമ്മയല്ലേ!ആശ്വാസമാകില്ല. സമാധാനിച്ചു.)
ഡോക്ടര്‍ ശരീരത്തിലൊക്കെ കുഴല്‍ വച്ചു, ടേബിളില്‍ പിടിച്ചു കിടത്തി, വയറില്‍ അമക്കി, സ്ഥിതീകരിച്ചു ‘വൈറല്‍ ഫീവര്‍’!
‘രണ്ടുമൂന്നു ദിവസം കഷ്ടപ്പെടും...’ (ഡോക്ടര്‍ ആത്മഗതം പോലെ പറയുന്നു! ഈ ഡോക്ടറും ബ്ലോഗ് എഴുതുമോ?!-അയാളൂടെ ഒടുക്കത്തെ ഒരു പ്രവചനം.)
‘അതിപ്പോ ഇയ്യാള്‍ പറയണ്ട. ഇയാള്‍ മരുന്ന് തന്ന് വിട്ടാല്‍ മതി’. (സഹതാപം കിട്ടില്ലെന്നു വന്നപ്പോള്‍ അത് വിദ്വേഷത്തിനു വഴിമാറിക്കൊടുക്കുന്നു- ‘ഹും, ഞാന്‍ നിങ്ങളെപ്പറ്റി ബ്ലൊഗില്‍ എഴുതുന്നുണ്ട്, അസുഖം ഒന്ന് ഭേദമായിക്കോട്ടെ’)
‘ഇന്‍ജക്ഷന്‍ വേണോ?’ ഡോക്ടര്‍ അടവു മാറ്റുന്നു.
ആത്മ അയാളെ ഒന്നിരുത്തി നോക്കി. (ആത്മ നോക്കിയ നോട്ടത്തില്‍ ദൈന്യഭാവം മാത്രം-എല്ലാം വിശ്വസിക്കണ്ട ട്ടൊ)
‘ഇന്‍ജക്ഷന്‍ എടുപ്പിച്ചേ വിടൂ അല്യോ? ഈ പനി ദാ രണ്ടു ദിവസത്തിനകം പുസ്പം പോലെ പറപ്പിച്ച് ഞാന്‍ ദാ ഈ ക്ലിനിക്കിന്റെ മുറ്റത്തൂടെ നടന്ന് ഷോപ്പിങ്ങിനുപോയി കാണിച്ചു തരാം. മനുഷ്യാ, നിങ്ങളാ ഗുളിക ഇങ്ങു താ ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം’.
ഡോക്ടര്‍- “ഇന്‍ജക്ഷന്‍‍ വേണ്ടെങ്കില്‍ വേണ്ട, കൂടുമ്പോള്‍ വീണ്ടും വരാം.”
ഇതെന്തു വില്ലന്‍ ഡോക്ടര്‍ ദൈവമേ!പനി കുറയും എന്നാശീര്‍വ്വദിക്കുന്നതിനു പകരം!
എങ്കിലും ഇങ്ങിനെ ആയിരം വേദനകളുമായി മല്ലടിക്കുന്ന എന്നെപ്പിടിച്ച് ഒരു ഇന്‍ജക്ഷനുംകൂടി തരാന്‍ ഇയാള്‍ക്ക് തോന്നിയല്ലോ!
ഇയാള്‍ നന്നാവില്ലാ..
ഇയാള്‍ക്ക് ആര് എം. ബി. ബി. എസ്സ് കൊടുത്തോ? ചുമ്മാതല്ല ഈ ചീനരുടെ ഇടയിലിരുന്ന് കാഴ്ചബംഗളാവിലെ കടുവയെപ്പോലെ നല്ലൊരു മൂഞ്ചിയുമായി ഇരിക്കുന്നത്. (കാണാന്‍ ചൈനീസിനെപ്പോലെ ചളുങ്ങിയ ഷേപ്പല്ലാത്ത ഒരു സാധാരണ മനുഷ്യരൂപം! ഇന്ത്യാക്കാരനോ യുറേഷ്യനോ ആകാം.- ഇവിടെ ഇന്ത്യയിലെപ്പോലെ ഡോക്ടര്‍മാര്‍ക്ക് അത്ര വലിയ ഗ്ലമറൊന്നും ഇല്ല; -നാട്ടിലൊക്കെ പണ്ട് വെറുതെ ഷര്‍ട്ടിനും/സാരിക്കും മുകളിലൂടെ ഒരു വെള്ള കോട്ടും, സ്തെതസ്ക്കോപ്പും ഇട്ടു നടക്കുന്നവര്‍ ദൈവസമാനരാണ്, കൂടെ കുറെ മാലാഖമാരും. കാണുമ്പോഴേ അസുഖം വന്ന് കിടക്കാന്‍ തോന്നും‌- ഇവിടെയോ?- മുക്കിനും മൂലയിലുമൊക്കെ ഓരോ ക്ലിനിക്കുകള്‍ ഇട്ട്, രോഗികളുടെ കയ്യില്‍ നിന്നും കാശുപിഴിഞ്ഞെടുക്കാന്‍ മാത്രം അറിയാവുന്ന കശ്മലന്മാരായാണ് തോന്നിയിട്ടുള്ളത്. നൊ പെര്‍സണല്‍ ടച്ച്. യന്ത്രമനുഷ്യര്‍.- വലിയ വലിയ ഹോസ്പിറ്റലിലെ ഡോക്ട്ടേര്‍സിന്റെ കാര്യമല്ല ട്ടൊ. അവിടെയും വലിയ വ്യത്യാസമില്ല. നല്ലകാലത്തൊക്കെ കഷ്ടപ്പെട്ട് പഠിപ്പില്‍ മാത്രം ശ്രദ്ധിച്ചും, ഇപ്പോള്‍ രോഗവും മരണവുമായി മല്ലടിച്ച്, കാശുണ്ടാക്കുന്ന മെഷീനായും ജീവിക്കുന്ന? ആ മനുഷ്യരോട് സഹതാപം മാ‍ത്രം.)
അടുത്ത ഇരയെയും പ്രതീക്ഷിച്ചിരിക്കുന്ന അയാളെ അവിടെ ഉപേക്ഷിച്ച്, അയാള്‍ കൊടുത്ത ഗുളികകളുമായി ആത്മ യാത്രയായി,

വീട്ടിലെത്തി,
ഗുളികകള്‍ കഴിക്കുന്നു,
കട്ടിലില്‍ വീഴുന്നു.
വിറച്ചു തുള്ളുന്നു.
ശര്‍ദ്ദിക്കാന്‍ തോന്നുന്നു,
ആകെ പരവേശം.
(ഡോക്ടറോട് ഇന്‍ജക്ഷന്‍ വേണ്ട എന്നു പറയാന്‍ തോന്നിയ ദുര്‍ബ്ബല നിമിഷത്തെ വീണ്ടും വീണ്ടും
ശപിക്കുന്നു)
ഒടുവില്‍ ഒരു 15 മിനിട്ട് ഫൈറ്റ് ചെയ്ത് ശര്‍ദ്ദില്‍ അടക്കി, കുളിരു കുറച്ച്, രണ്ട് ബിസ്കറ്റ് ശാപ്പിട്ട്, ഗുളികകള്‍ ബാക്കികൂടി വിഴുങ്ങി പൂര്‍ണ്ണ രോഗിണിയാവുന്നു.

അന്ന് രോഗിണിയായ ആത്മയെ ഇഞ്ചിഞ്ചായി ആ വൈറസ്സുകള്‍ ആക്രമിച്ച്, തോല്‍പ്പിച്ച്, ആത്മയിലുള്ള എല്ലാ നന്മയും കാര്‍ന്നു തിന്ന്...
ബാക്കി കഥ ആദ്യമേ പറഞ്ഞു കഴിഞ്ഞല്ലൊ, അറിയാന്‍ ഇഷ്ടമുള്ളവര്‍ ബാക്കി വായിക്കൂ...പുനര്‍ജനനം

This entry was posted on 9:18 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments