ഗൈഡ്  

Posted by Askarali

ആര്‍. കെ. നാരായണന്റെ ‘ഗൈഡ്’ എന്ന നോവല്‍ വായിച്ചു തീര്‍ത്തു.
മകന് പഠിക്കുവാനുള്ള ബുക്കാണ്.
അതുകൊണ്ട് ബുക്ക് വായിക്കുന്നതിന്റെ ഇടയ്ക്കിടക്കും ചിലപ്പോഴൊക്കെ അവന്‍ ചോദിക്കും, 'അമ്മേ എവിടെവരെയായി'?
ഒരിക്കല്‍ പറഞ്ഞു, ‘നായകന്‍ നായികയെ ഡാന്‍സ് പഠിപ്പിക്കുന്നു’.
പിന്നീട് പറഞ്ഞു , ‘അവന്റെ അമ്മ അവനോട് പിണങ്ങിപ്പോയി’,
‘അവന്‍ നായികയില്‍ നിന്നും അവളുടെ ഭര്‍ത്താവിന്റെ പുതുതായി പബ്ലിഷ് ചെയ്ത ബുക്ക് മറച്ചു വയ്ക്കുന്നു,’
പിന്നീട്, ‘രജിസ്റ്റേഡ് ലറ്റര്‍ സ്വയം സൈന്‍ ചെയ്യുന്നു... ’
വായിച്ചു തീർന്നപ്പോൾ എനിക്ക് അനുഭവപ്പെട്ട രീതിയിൽ മകനോട് കഥയെപ്പറ്റി ഒരു ചെറിയ സമ്മറിയും പറഞ്ഞു..

രാജു ‍ ശരികള്‍ മാത്രം ചെയ്തപ്പോള്‍ ഉണ്ടായ വിജയം എല്ലാം അവന് സൂസിയോട് തോന്നിയ പൊസ്സസ്സീവ്നസ്സിൽ നിന്നും ഉണ്ടാകുന്ന കൊച്ചു കൊച്ച് തെറ്റുകള്‍ ഇല്ലാതാക്കുന്നു. ശരിക്കും അവന്റെ മനസ്സാക്ഷി ആയിരിക്കും അവനെ പീഡിപ്പിക്കുന്നത്. അല്ലെങ്കില്‍ ഇതിനുമുന്‍പും മറ്റുള്ളവരുടെ മുന്നില്‍ അവന്‍ തെറ്റുകാരനായിരുന്നെങ്കിലും സ്വന്തം മനസ്സാക്ഷിയുടെ മുന്നില്‍ അവന്‍ തെറ്റുകള്‍ ഇല്ലാത്തവനായിരുന്നു. അതുവരെ അവന്‍ എല്ലാവരെയും ഗൈഡ് ചെയ്യുകയായിരുന്നു, രക്ഷിക്കുകയായിരുന്നു... പക്ഷെ, ഇപ്പോള്‍ തന്നില്‍ സ്വാര്‍ത്ഥത ഉണരുന്നതും റോസിയോട് ഓവര്‍ പൊസ്സസ്സീവ് ആവുകയാണ് താന്‍ എന്നും അവനുതന്നെ തോന്നിത്തുടങ്ങുന്നു. ആ സ്വാര്‍ത്ഥതയാണ് തന്നെ തെറ്റുകാരനാക്കി മാറ്റിയതെന്നും മനസ്സിലാക്കുന്ന രാജു.

ജയിലില്‍ അകപ്പെട്ടപ്പോഴും അയാള്‍ക്ക് അമ്മയും റോസിയ്ക്കും ആപത്തൊന്നും ഇല്ല്ലെന്ന സമാധാന മായിരുന്നു. ജയിലിനുള്ളില്‍ അയാള്‍ പുറത്തെതിലും നല്ല ഒരു ജീവിതം ഉണ്ടാക്കിയെടുക്കുന്നു. അവിടെയും അയാള്‍ ഒരു ഗൈഡ് തന്നെയായീരുന്നു പലര്‍ക്കും.

ഒടുവില്‍ വെളിയില്‍ വന്ന് തനിച്ചിരുന്ന് ചിന്തിക്കുന്ന അയാളിലെ ചൈതന്യവും ശാന്തതയും അയാളെ അയാളറിയാതെ , എല്ലാ‍വരും ചേര്‍ന്ന് സന്യാസിയാക്കുന്നു
കഥയുടെ അവസാനം മഴപെയ്യിക്കാനായി, നിവര്‍ത്തിയില്ലാതെ നിരാഹാരം നടത്തുന്ന സന്യാസി രാജുവാണ്. ഒടുവില്‍ മരിച്ചോ അതോ അതിജീവിച്ചോ, അത് വായനക്കാരനു തന്നെ വിട്ടുകൊടുത്ത് ആര്‍. കെ, നോവല്‍ എഴുത്ത് നിര്‍ത്തുന്നു. ഇനി ബാക്കിയുള്ളത് ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ചു. മനസ്സാക്ഷിക്കനുസരിച്ചു.
അയാളുടെ നിരാഹാരം അയാളെ അന്ത്യത്തിലെത്തിച്ചോ?
അതോ ശുഭപര്യവസാനിയായി, മഴ പെയ്തുവോ?
സന്യാസി വാഴ്ത്തപ്പെട്ടുവോ?
വാഴ്ത്തപ്പെട്ടത് ഇഹലോകത്തിലോ, പരലോകത്തിലോ?
എവിടെ വാഴ്ത്തപ്പെടുന്നതാണ് മഹത്വം?

----

യധാര്‍ത്ഥത്തില്‍ അയാള്‍ ഇഹലോകത്തിലെ മഹത്വം ആഗ്രഹിച്ചിരുന്നുവോ?
ഇല്ലെന്നുവേണം കരുതാന്‍ . കാരണം ചെറുതിലേ മുതല്‍ രാജു ഒരു സാധാരണ മനുഷ്യനായിരുന്നു. അനുസരണയുള്ള കുട്ടി. ചുറ്റുമുള്ള പ്രകൃതിയിലും പരിവര്‍ത്തനങ്ങളിലും പെട്ട് ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്‍. കര്‍ക്കശക്കാരനായ മാഷിന്റെ മുന്നില്‍ നിന്ന് പ്രാധമിക വിദ്യാഭ്യാസവും പിന്നീട് ഉയര്‍ന്ന പഠിപ്പ് തുടരാനാവാതെ അച്ഛന്റെ കട ഏറ്റെടുത്തു നടത്തുന്നു. കൂടെ അറിയാതെ തന്നില്‍ ഒളിഞ്ഞു കിടക്കുന്ന അറിവാളിയെ അണ്ടെത്തുന്നു. ബുക്കുകളും പേപ്പറുകളും വായിച്ച് അറിവു വളര്‍ത്തുന്നു. ഗൈഡ് ആകുന്നു. ഒക്കെ ഒരു നിമിത്തം പോലെ. രാജുവിന് വലിയ ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നിട്ടുകൂടി, അയാള്‍ അയാളറിയാതെ എന്തൊക്കെയോ ആയി മാറുകയായിരുന്നു.
മനുഷ്യരെല്ലാം ആരാലെങ്കിലും നയിക്കപ്പെടാന്‍ കാത്തു നില്‍ക്കുന്ന മനുഷ്യരായി മാറുന്നു
രാജുവിന്റെ മുന്നില്‍. രാജു അറിയാതെതന്നെ അവന്‍ അവര്‍ക്ക് പല പ്രകാരത്തിലും മാര്‍ഗ്ഗദര്‍ശിയാകുന്നു.

ഒരു ഗൈഡ് ഇവിടെ ജനിക്കുന്നു...

വിധിയോട് അനുസരണ പുലര്‍ത്തുന്ന ഒരു മനുഷ്യന്‍ മാത്രമാകുന്നു രാജു. വിധിയോടെതിര്‍ക്കാതെ ജീവിക്കുന്നിടത്തോളം അയാള്‍ വിജയിക്കുകയും ചെയ്യുന്നു. വളരെ ചെറിയ എതിര്‍പ്പുകള്‍ പോലും അവന്റെ ജീവിതത്തെ തകര്‍ത്തുകളയുന്നു. ഉന്നതങ്ങളില്‍ നിന്ന് തലകുത്തി താഴെവീഴാന്‍ ഒരു ചെറിയ തെറ്റ് മതിയായിരുന്നു.

അമ്മ പിണങ്ങി അമ്മാവനോടൊപ്പം പോകുമ്പോള്‍ അയാള്‍ക്ക് ആശ്വാസമായിരുന്നു.
അമ്മ അവിടെ സുരക്ഷിതയായിരിക്കും. ഒപ്പം റോസിയ്ക്ക് കുറച്ചുകൂടി നല്ല ജീവിതം തനിക്കും
നല്‍കാനാകും എന്ന ചിന്ത. റോസിയെ ഭര്‍ത്താവ് അവഗണിക്കുന്നു എന്ന സഹതാപമാണ് രാജുവിനെ അവളുടെ ഗൈഡ് ആക്കിയത്.

അവരുടെ കൂട്ടുകെട്ട് റോസിയ്ക്ക് ഉതകും വിധം കലാശിക്കുകയും ചെയ്തു. അവര്‍ മറ്റെല്ലാ സ്വന്തബന്ധങ്ങ ളും ഉപേക്ഷിച്ച് കലയില്‍ ശ്രദ്ധിക്കുകയായിരുന്നു. അങ്ങിനെയുള്ള രണ്ടു മനസ്സുകളുടെ ശക്തിയാണ്, ചേര്‍ച്ചയാണ് റോസിയുടെ വന്‍ വിജയം കൊണ്ടുവരുത്തുന്നത്. അതുപോലെ നിസ്വാര്‍ത്ഥമായി ആര്‍ എന്തു ചെയ്താ‍ലും വിജയിക്കും എന്നതിനുദാഹരണം. പക്ഷെ 100% അതില്‍ ഡെഡിക്കേറ്റ് ആയി ചെയ്യണം. രണ്ടുപേരും ഫാമിലി, സൊസൈറ്റി ഒക്കെ ഇഗ്നോര്‍ ചെയ്ത ഒരുമിച്ചു നിന്ന് ഡാന്‍സില്‍ ശ്രദ്ധിക്കുന്നു. അതൊരു വന്‍ വിജയമാകുന്നു. ഒടുവില്‍ ഒരാളില്‍ സ്വാര്‍ത്ഥത തലപൊക്കുന്നതോടെ അതിന്റെ അടിത്തറ ഇളകുന്നു. രാജു ആ കൂട്ടുകെട്ടില്‍ നിന്ന് പുറത്താകുന്നു. റോസി, തനിച്ച് ഗമിക്കുന്നു...

രാജുവിന്റെ വഴി മറി.
അയാള്‍ ജയിലിലും തന്റേതായ കര്‍മ്മപാത കണ്ടെത്തുന്നു. അയാള്‍ മറ്റു കുറ്റവാളികള്‍ക്ക് മാര്‍ഗ്ഗദര്‍ശിയാകുമാറ് ഒരു സമാധാന ജീവിതം ജീവിക്കുന്നു. പച്ചക്കറികള്‍ നട്ടുവളര്‍ത്തുന്നു, പ്രകൃതിയുമായി ഇടകലര്‍ന്ന് ജീവിക്കുന്ന രാജുവിന് ജയില്‍ സ്വര്‍ഗ്ഗമായി അനുഭവപ്പെടുന്നു. അവിടെ സ്നേഹബന്ധങ്ങളുണ്ട്, പാര്‍പ്പിടസൌകര്യം, ആഹാരം, സുരക്ഷിതത്വം, വെളിയില്‍ കിട്ടുന്നതിലും വലിയ സമാധാനവും... രാജുവില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ആത്മീയത, പുറത്തുവരുന്നു.

ഒടുവില്‍ എല്ലാം കഴിഞ്ഞ് ഗ്രാ‍മത്തില്‍ ഒറ്റപ്പെട്ടിരിക്കുന്ന അയാളില്‍ ഗ്രാമവാസികള്‍ ഒരു പരിപൂര്‍ണ്ണ
യോഗിയെ കണ്ടെത്തുന്നു. അയാളുടെ കഥ കേട്ടിട്ടും വേലന് യാതൊരു കുലുക്കവുമില്ല. ഒരു യോഗിക്ക് വേണ്ട വിരക്തി, പാണ്ഠിത്യം ഒക്കെ അവര്‍ രാജുവില്‍ കാണുന്നു. ഒടുവില്‍ രാജു വിധിയ്ക്ക് അടിമപ്പെട്ട്, തന്റെ ജീവിതം പൂര്‍ത്തീകരിക്കുന്നു.

ഒരു കണക്കിന് രാജുവിന്റെ ജീവിതം ഉടനീളം ഈ നിസ്വാര്‍ത്ഥത നിറഞ്ഞു നില്‍ക്കുന്നതായി കാണാം.
അയാള്‍ ശരിക്കും ഒരു ഗൈഡ് തന്നെയായിരുന്നു. പലര്‍ക്കും. പക്ഷെ, സ്വയം വഴിയറിയാതെ ജീവിച്ച ഒരു ഗൈഡ്.


ഓരോരുത്തര്‍ക്കും ഓരോ ബുക്ക് വായിക്കുമ്പോള്‍ പല അഭിപ്രായമായിരിക്കും.
എനിക്ക് അനുഭവപ്പെട്ടകാര്യം ഞാന്‍ എഴുതുന്നു.
തെറ്റോ ശരിയോ.
അല്ലെങ്കില്‍ എന്താണ് തെറ്റ്/ശരി ?
ആരാണ് തെറ്റുകാര്‍?
ആരാണ് ശരിമാത്രം ചെയ്യുന്നവര്‍?

This entry was posted on 9:18 AM and is filed under , , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments