തീയും പുകയും പിന്നെ വെളുത്ത പാക്കരനും  

Posted by Askarali

വെളുത്ത പാക്കരന് [വെളുപ്പ് എവിടെ നിന്നു കിട്ടിയതെന്ന് മായക്കഞ്ജാതം. മായയുടെ അമ്മയ്ക്കും അയല്പക്ക ക്കാര്‍ക്കുമൊക്കെ പരസ്യമായ രഹസ്യവും] അറിയാത്ത സിനിമാപ്പാട്ടുകള്‍ ഇല്ല. പശുവിനു പുല്ലറുക്കുമ്പോഴും, പശുവിനെ കുളിപ്പിക്കുമ്പോഴും, പുളിങ്കുരു, പരുത്തിക്കുരു കഞ്ഞി ഒക്കെ വയ്ക്കുമ്പോഴു മൊക്കെ പാക്കരന്റെ ചുണ്ടത്ത് ലേറ്റസ്റ്റ് സിനിമാഗാനങ്ങള്‍ അങ്ങിനെ ഒന്നിനു പുറകേ ഒന്നായി തത്തിക്കളിക്കുമായിരുന്നു. സ്ക്കൂളില്‍ അധികം പഠിച്ചിട്ടില്ലാത്ത; അക്ഷരങ്ങള്‍ ശരിക്കും കൂട്ടിവായിക്കാന്‍ കൂടി അറിയാത്ത; പാക്കരന്‍, നല്ല ശുദ്ധമായ മലയാളത്തില്‍ സിനിമാ പാട്ടുകളുടെ വരികള്‍ ഓര്‍ത്തു വച്ചു പാടുന്നത് കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമായിരുന്നു. തങ്ങള്‍ പാഠപുസ്തകത്തിലെ ഒന്നോ രണ്ടോ കവിതകള്‍ തന്നെ വളരെ പ്രയാസപ്പെട്ട് ഹൃദിസ്തമാക്കുമ്പോള്‍, പാക്കരന്റെ മെമ്മറിയില്‍ നൂറുകണക്കിന് സിനിമാപ്പാട്ടുകളുടെ ശേഖരണം തന്നെ ഉണ്ടായിരുന്നു. കണ്ട സിനിമയിലെയാണെ ങ്കില്‍ പിന്നെ അതിലെ നായകന്റെ ഭാവവിഹാദികള്‍കൂടി ചേര്‍ത്താണ് പാടാറ്. എങ്കിലും പ്രേം നസീറിന്റെ സ്ഥനത്ത് പാക്കരനെ സങ്കല്‍പ്പിക്കാനൊരു മടി. അതുകൊണ്ട് ചെയ്തില്ലേന്നേ ഉള്ളു. ശരിക്കും പ്രേംനസീറിനെക്കാള്‍ നന്നായി പാക്കരന്‍ ഭാവാഭിനയത്തിലും, ഞങ്ങളെക്കാളൊക്കെ മികച്ച മെമ്മറിപവ്വറും ഉണ്ടായിരുന്നു എന്നത് എനിക്ക് രഹസ്യമായി സമ്മതിക്കാതെ നിവര്‍ത്തിയില്ലായിരുന്നു. എങ്കിലും സമ്മതിച്ചു കൊടുത്തില്ല. എന്തായാലും അവനൊരു കന്നുകാലിയെ നോക്കുന്ന ചെറുമനല്ലേ, [അവന്‍ ശരിക്കും തന്നെ കൊച്ചാമ്പ്രാട്ടി എന്നു വിളിക്കേണ്ടതാണ് പക്ഷെ, ജാതിയൊക്കെ പോയി മറയാന്‍ തുടങ്ങുന്ന കാലമായതുകൊണ്ട് അവ്നൊരു മടി]അവരെ‍ക്കാളൊക്കെ ഇച്ചിരി ഗമയില്‍ നടക്കണ്ടേ, അതുകൊണ്ട് വെറുതേ ഭാവിച്ചു നടന്നു, ‘കൊള്ളാം ഇതിലൊക്കെ എന്തിരിക്കുന്നു, ഇതിന്റെയൊക്കെ എമ്പെരട്ടി കാര്യങ്ങള്‍ എന്റെ ബ്രൈനില്‍ ഉണ്ട്’ എന്ന്. അവന്‍ അത് സമ്മതിച്ചു തന്നിരുന്നു താനും, കാരണം അറിയാതെയെങ്ങാനും പാട്ടിന്റെ വരികള്‍ അല്പമൊന്നു തെറ്റിയാല്‍ മായയെ നോക്കി ഔരു ഇളിഭ്യച്ചിരി ചിരിക്കും. മായ, ‘തെറ്റിയത് എനിക്കു മനസ്സിലായി, എങ്കിലും സാരമില്ല കണ്ടിന്യൂ ചെയ്തോളു’ എന്ന് മൌനാനുവാദവും നല്‍കും.
അവന്‍ ‘നളിന മുഖീ നളിന മുഖീ നിന്നുടെ വീട്ടില്‍, നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍‘,
‘ചിത്തിരത്തോണിയിലക്കരെപ്പോകാന്‍ എത്തിടാമോ പെണ്ണേ ചിറയന്‍ കീഴിലെ പെണ്ണേ‘ എന്നൊക്കെ അങ്ങിനെ പാടി തകര്‍ത്തു നടക്കും, പെരുമഴയത്തും കൊട്ടവെയിലത്തും ഒക്കെ. മായയുടെ അമ്മയോ അച്ഛനോ വന്നാല്‍ പിന്നെ പാക്കരനും മായയുടെ അമ്മുമ്മയെപ്പോലെ ഞാനൊന്നു മറിഞ്ഞില്ലേ, എനിക്ക് പാ‍ട്ടു പാടാന്‍ പോയിട്ട് കേള്‍ക്കാന്‍ കൂടി അറിയില്ലേ എന്ന മട്ടില്‍, ‘ഇങ്ങോട്ടു വാ പശുവേ, അങ്ങോട്ടു പോ പശുവേ’ എന്നൊക്കെ പറഞ്ഞ് നടക്കുന്നതുകാണാം. പശു പക്കരന്റെ ഗേള്‍ ഫ്രെന്റിനെപ്പോലെ പാക്കരന്‍ പറയുമ്പോലെ കുണുങ്ങിക്കുണുങ്ങി പുറകേയും [ഞങ്ങളെങ്ങാനും അടുത്തു ചെന്നാലറിയാം ഗേള്‍ ഫ്രണ്ടിന്റെ തനി നിറം. ]

അന്നൊരു ഞായറാഴ്ചയായിരുന്നു। സ്ക്കൂളില്ലാത്തതുകൊണ്ട് ഇഷ്ടമ്പോലെ ഉറങ്ങാം। തോന്നുമ്പോള്‍‍ എണീറ്റാല്‍ മതി। അല്ലെങ്കില്‍ 5 മണിയ്ക്ക് അമ്മയുടെ വക നല്ല ഒരു നുള്ളുമായാണ് എഴുന്നേല്‍ക്കാറ്‌। അമ്മയ്ക്ക് മര്‍മ്മ സഥനമൊക്കെഅറിയാം. വൈകിട്ട് കപ്പലണ്ടിയും മിഠായിയും ഒക്കെ കൊണ്ടുതന്ന്, സുഖിപ്പിച്ച അമ്മതന്നെയാണൊ ഈ പിശാശ് അമ്മ എന്നുള്ള വിഷമത്തിനെക്കാള്‍ അനിയനെ ഒരുപക്ഷെ ഇത്ര നോവിച്ചായിരിക്കില്ല നുള്ളിയത്. പൊന്നുമോനല്ലെ. തന്നെമാത്രമെ ഇത്ര വേദനിപ്പിച്ചുകാണുള്ളു എന്നുള്ള കുശുമ്പാണ് ഉറക്കം കെടുത്തുന്നത്. അടുത്ത നുള്ള് വരുന്നതിനു മുന്‍പ് എഴുന്നേല്‍ക്കണം ചിന്തിച്ചു കിടക്കാന്‍ സമയമില്ല. എഴുന്നേല്‍ക്കുകയേ നിര്‍വ്വാഹമുള്ളു. തന്റെ തല പൊങ്ങുന്നതു കണ്ടാലുടന്‍ ആട്ടോമാറ്റിക്ക് ആയി അനിയന്റെ തലയും ഫോളോ ചെയ്തോളും. പിന്നെ ഒരു പുതപ്പുമായി ലൈറ്റിന്റെ മുന്നില്‍ ഒരു പുസ്തകവും എടുത്തു വച്ച് മത്സരിച്ച് ഉറക്കമാണ്. അമ്മയ്ക്ക് നുള്ളി എഴുന്നേല്‍പ്പിക്കണം എന്ന കടമയേ ഉള്ളു. ഇനി നിങ്ങളായി നിങ്ങളുടെ പാ‍ടായി എന്ന നിലപാടാണ്. വിശാല മനസ്കയായ അമ്മയ്ക്ക്. പോരാത്തതിന് അമ്മയ്ക്കിനി പിടിപ്പത് പണിയുണ്ട് അടുക്കളയില്‍ . പാവം പിടിച്ചജോലിക്കാരി പെണ്ണും ഉറക്കവും ജോലികളുമായി മല്ലയുദ്ധത്തിലായിരിക്കും. അമ്മയ്ക്ക് ഭരിക്കാന്‍ നിറയെ ഉറക്കക്കാരെ കിട്ടിയ സന്തോഷം. അമ്മ ഉറക്കമെണീറ്റയുടന്‍ ആഞ്ഞ് അടുക്കളയിലേയ്ക്ക് പോകുന്ന പോക്കില്‍ ഞങ്ങളെ ഒന്നു നോക്കും അത്ര തന്നെ. മുന്നില്‍ നിവര്‍ത്തി വച്ചിരിക്കുന്ന ബുക്കും പോരാത്തതിന്‍ എന്റെ കയ്യില്‍ ഒരു പേനയോ പെന്‍സിലോ കാണും. കണ്ണു ചതിച്ചാലും കയ്യ് ചതിക്കില്ല. കയ്യ് സൂഷം ബുക്കില്‍ തന്നെ ഉണ്ടാവും പുതപ്പിനടിയിലൂടെ ഊര്‍ന്നിറങ്ങിയ കയ്യ് സൂക്ഷം ബുക്കില്‍ തന്നെ ഉണ്ടാവും.അമ്മ നേരേ പായുന്നത് അടുക്കളയിലേയ്ക്കാണ്. അവിടെ ജോലിക്കാരി പെണ്ണുമായി ഒരു മല്ല യുദ്ധമാണ്. അവളുടെ ദയനീയ സ്ഥിതി കാണുമ്പോല്‍ തന്റെ ഉറക്കമൊക്കെ പമ്പ കടക്കും. മായ സ്ക്കൂളിലെ കണക്കു സാ‍റിനെ അമ്മയുടെ സ്ഥാനത്തും തന്നെ ജോലിക്കാരി പെണ്ണിന്റെ സ്ഥാനത്തും സങ്കല്പിക്കും. പാവംായ അറിയാതെ പഠിത്തം തുടങ്ങും.

അവധി ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കണ്ട എന്നതിലുപരി അമ്മയുടെ ‍ നുള്ളല്‍ കിട്ടില്ല എന്ന സന്തോഷമാണ്. അങ്ങിനെ സുഖമായി കിടന്ന് പുലര്‍കാലത്തെ ദര്‍ശ്ശിക്കാന്‍ തുടങ്ങുമ്പോള്‍ അതാ ദൂരെയെങ്ങോ നിന്നെന്നപോലെ ഒരു നിലവിളി. ഒരു സ്ത്രീയുടെയാണ്. അമ്മയുടെയാണോ! നെഞ്ചൊന്നാളി. അച്ഛനോട് വഴക്കിടുമ്പോഴൊക്കെ ആവര്‍ത്തിച്ചു പറയാറുള്ള ഭീക്ഷണിയൊക്കെ ഓര്‍മ്മവന്നു. അമ്മ വല്ല കടുകൈ ചെയ്തോ. ഇനി അമ്മയെ ജീവനോടേ കാണാനൊക്കില്ലേ? ‘ഇല്ല തനിക്കാ കാഴ്ച്ച കാണാനുള്ള മനക്കട്ടി ഇല്ല ’. ദേഹമാസകലം തളര്‍ന്ന് മായ കട്ടിലില്‍ ഇരുന്നു. പരിസരബോധം വന്നപ്പോള്‍ അടുത്തുകിടന്നിരുന്ന അനിയനെ നോക്കി. അവന്റെ പൊടി പോലും ഇല്ല. അവ്നെപ്പോള്‍ കട്ടിലില്‍ നിന്നും എടുത്തു ചാടി ഓടിയതെന്നൊരു പിടിയും കിട്ടിയില്ല. ഏതിനും അപ്പൂറത്ത് പോയ അനിയന്റെ നിലവിളിയൊന്നും കേള്‍ക്കാത്തതുകൊണ്ട് വലിയ അത്യാഹിതമൊന്നും സംഭവിച്ചിരിക്കാനിടയില്ല എന്ന ധൈര്യത്തില്‍ മായ പതിയെ പിറകില്‍ ചെന്നപ്പോള്‍ കന്നുകാലി തൊഴുത്തിലാണു സംഭവം. അമ്മ ജീവനോടെ ഉണ്ട്. വിജയജേതാവിനെപ്പോലെ അയല്‍ പക്കക്കാരോറട് സംഭവം വിവരിക്കുന്ന തിരക്കില്‍. മൂന്നുനാലുപേര്‍ ചേര്‍ന്ന് വെള്ളം കോരിയൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഏകദേശം കെട്ടടങ്ങിയ തീയില്‍ നിന്നും വമിക്കുന്ന പുക.
വൈകിട്ട് അച്ഛനും അമ്മയ്ക്കും കുളിക്കാന്‍ വെള്ളം ചൂടാക്കുന്നത് കളിയിലീലെ അടുപ്പിലാണ് . അന്ന് പാക്കരന്‍ തീ നന്നായി അണയ്ക്കതെ, നെല്ലുണക്കിയ വലിയ പായ് അതിന്റെ അടുത്ത് ചാരിവച്ചു കിടന്ന് ഉറക്കമായി. ഒരു തീപ്പൊരി മതിയല്ലൊ കാര്യമുണ്ടാക്കാന്‍. ഒരു തീപ്പൊരി സാവധാനം എരിഞ്ഞെരിഞ്ഞ് പായ മുഴുവന്‍ കത്തി ഒടുവില്‍ വീടിന്റെ മേല്‍ക്കൂരയെ ആക്രമിച്ചപ്പോഴേയ്ക്കും ഭാഗ്യത്തിന് നേരം പുലരാറായിരുന്നു. അതുകൊണ്ട് വീടും പാക്കരനും പശുക്കളും കോഴികളും പിന്നെ അടുത്ത് വീട്ടില്‍ കിടന്നുറങ്ങുന്ന മായയും മധുവും മായയുടെ അച്ഛനും അമ്മയും അമ്മുമ്മയും ജോലിക്കാരി ശാന്തയും ഒന്നും വെന്തു വെണ്ണീറായില്ല. അപ്പോള്‍ എന്തു വലിയ പാതകമാണ് പാക്കരന്‍ ചെയ്തത്!. ഇത്രയും പേരുടെ മരണത്തിന് കാരണക്കാരന്‍ ‍[നായകനോ? അതൊ വില്ലനോ!] അന്തം വിട്ട് നില്‍ക്കുന്നതും പിന്നെ പതിയെ...തന്റെ മുന്നിലൂടെ ഒരു വളിച്ചചിരിയുമായി കാലൊച്ച കേള്‍പ്പിക്കാതെ നടന്ന് താഴെയിറങ്ങി...സ്ലോ മോഷനില്‍ കുന്നിന്‍ മുകളിലുള്ള അവന്റെ കുടിലില്‍ പോയി മറഞ്ഞിരുന്നു. താന്‍ മനസ്സില്‍ ‘പൊയ്ക്കോ, പോയി രക്ഷപ്പെട്ടൊ. മാപ്പര്‍ഹിക്കുന്ന തെറ്റൊന്നുമല്ല നീ ചെയ്തിരിക്കുന്നത്. ജീവന്‍ വേണേല്‍ നിന്റെ കുടിലില്‍ പോയി ഒളിച്ചോ’ എന്ന ഒരു താക്കീതോടെ സ്നേഹപൂര്‍വ്വം മായ അവനെ യാത്രയാക്കി‍ എങ്കിലും അവന്റെ മധുര മനോഹരമായ പാട്ടുകളും, ഒപ്പം പ്രേംനസീറിനെയും ഷീലയെയുമൊക്കെ സങ്കല്പിച്ച് നടക്കാനും ഒക്കെയുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടതിലും വല്ലാത്ത നഷ്ടം തോന്നി.

പിറ്റേന്നു തന്നെ വെളുത്ത പാക്കരന്റെ അമ്മ ചെല്ലമ്മ വന്ന് മാപ്പു പറയുകയും അനിയന്‍ തുളസിയെ വീട്ടില്‍ ഏല്പിക്കുകയും ചെയ്തു. തന്റെ ജീവിതത്തില്‍ നിന്നും അതോടെ പാക്കരന്‍ എന്ന കഥാപാത്രം എന്നെന്നേക്കുമായി അപ്രത്യക്ഷമായി!

ഇപ്പോള്‍ ഒരുപക്ഷെ, മക്കളും കൊച്ചുമക്കളുമൊക്കെയായി സുഖമായി എവിടെയോ ജീവിച്ചിരിപ്പുണ്ടാകു
അവര്‍ക്കൊക്കെ സംവരണവുംകൂടിയുള്ളതുകൊണ്ട് ചിലപ്പോള്‍ മക്കളൊക്കെ നല്ല പഠിപ്പും പത്രോസും
ഒക്കെ ഉള്ളവരും പാക്കരന്‍ അവരുടെ ബഹുമാന്യ അപ്പുപ്പനും ആയിരിക്കണം.

This entry was posted on 10:51 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments