അഹല്യ  

Posted by Askarali

വൈകിയ വേളയിലീപ്പൂപെറുക്കാന്‍
എത്തുമോ ദേവന്‍ അറിയില്ല തെല്ലും
കൊടിയ വേനലില്‍ കരിഞ്ഞുപോയ് പൂക്കള്‍
മണമേറെയില്ലിനി മധുവൊട്ടുമില്ല

വാടിയ പൂവുമായ് നില്‍ക്കുന്നു ഞാനീ
ആളൊട്ടുമില്ലാത്തൊരീ പൂവാടിയില്‍
ആട്ടം കഴിഞ്ഞു അരങ്ങുമൊഴിഞ്ഞു
തന്‍ കഥാനായകനെങ്ങോ മറഞ്ഞു

എത്തുമോ വീണ്ടും ഒരുദിനമവനീയരങ്ങില്‍
വിധുരയാം രാധപോല്‍ വിരഹം വിതുമ്പി
മുകരുമോ ദേവനീ വാടിയ പൂക്കള്‍
നിവേദിക്കാനെനിക്കുമില്ലര്‍ഹത തെല്ലും

പാടിയുണര്‍ത്തുന്നു മറന്ന ഗാനങ്ങള്‍
പണ്ടെങ്ങോ കളഞ്ഞുപോയൊരാ
പുല്ലാംഗുഴലിനെ തേടുകയാണിന്നും
പാതിനിദ്രയിലറിയാതെ എന്മനം

നാളെ പുലര്‍കാലെ പൂത്തുവിടരുമാ
പുതുപുഷ്പങ്ങളുമായ് കാത്തുനില്‍ക്കും
രാഗാര്‍ദ്രനായ് വരുമെന്റെ ദേവന്റെ
കല്‍കളില്‍ കാണിക്കയായര്‍പ്പിച്ചീടും

അല്ലാതെ വേറെന്ത് ആശിക്കുവാനിനി
ശാപമോക്ഷം തേടും മറ്റൊരഹല്യ ഞാന്‍
കണ്ടില്ലൊരിക്കലും ശാപമോക്ഷം തേടും
അഹല്യതന്‍ ഹൃത്തടം രാമന്‍

[എന്റെ കൂട്ടുകാരി അഹല്യയെപ്പറ്റി എഴുതിയ ഒരു കവിതയാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായം തോന്നുന്നെങ്കില്‍ എഴുതൂ.. വലിയ അനുഭവസമ്പത്തൊന്നുമില്ലാതെ തട്ടിക്കൂട്ടുന്ന കവിതയായതുകൊണ്ട് കുറ്റങ്ങളും കുറവുകളുമൊക്കെ ധാരാളം കാണും.
കഥ എങ്ങിനെയെന്നാല്‍..
ഗൌതമ മുനിയുടെ പതിവ്രതയായ ഭാര്യ അഹല്യ ഭര്‍ത്താവിനെ ശുശ്രൂക്ഷിച്ച് കഴിയവെ, ഇന്ദ്രന് അഹല്യയില്‍ മോഹമുദിക്കുകയും , ഗൌതമമുനിയുടെ രൂപത്തില്‍ വന്ന് അവളോട് ഇഷ്ടംകൂടുകയും ചെയ്തു(പക്ഷെ, അഹല്യ തെറ്റുകാരിയായിരുന്നോ?). മുനി കാര്യങ്ങള്‍ ഗ്രഹിച്ചപ്പോള്‍ ഇന്ദ്രനെയും അഹല്യയെയും
ശപിച്ചു.
അഹല്യയെ ശപിച്ച് കല്ലാക്കി അനേകവര്‍ഷം നിര്‍ത്തി. ഒടുവില്‍ ശ്രീരാമന്റെ പാദസ്പര്‍ശന മേല്‍ക്കുമ്പോഴാണ് അഹല്യക്ക് ശാപമോക്ഷം കിട്ടുന്നത്. സ്വാഭാവികമായും അഹല്യക്ക് തന്നെ ശപിച്ച് കല്ലാക്കിക്കളഞ്ഞ ഭര്‍ത്താവിനെ ഇഷ്ടപ്പെടാന്‍ കഴിയുമോ? അല്‍പ്പം കൂടി ഉയര്‍ന്ന ഒരു ഹൃദയത്തില്‍ ഇടം തേടാനായി ശ്രീരാമന്‍/ശ്രീകൃഷ്ണന്‍ ( മനസ്സില്‍ മാത്രം) അവള്‍ നിന്നതാകും. വര്‍ഷങ്ങളോളം കല്ലായി നിന്ന അഹല്യയില്‍ മണവും മധുവും ഒന്നും കാണില്ല. മോക്ഷം(കൂടെ ഒരിച്ചിരി സ്നേഹവും) നേടാനുള്ള ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ആരും അഹല്യയെ അറിഞ്ഞില്ല എന്നൊക്കെ കരുതി എഴുതി നോക്കിയതാണ് എന്റെ കൂട്ടുകാരി . ഒന്നും ശരിയായില്ല അല്ലെ, സാരമില്ല.]

This entry was posted on 10:27 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments