ഒരു വയസ്സുകൂടി...?  

Posted by Askarali

ഇന്ന് നമുക്ക് കൊച്ചുകുട്ടികളുടെ കഥ പറയാം..
ഒരു കുട്ടി ഡേകെയര്‍ സെന്ററില്‍ കളിപ്പാട്ടങ്ങളും മറ്റു കൂട്ടുകാരും ഒക്കെയായി കളിക്കുന്നു എന്നു കരുതുക.
ആ കുട്ടി കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടം പെട്ടെന്ന് മറ്റൊരു കുസൃതിക്കുരുന്ന് തട്ടിപ്പറിച്ച് കൊണ്ടുപോകുന്നു

ആ കളിപ്പാട്ടത്തില്‍ തന്നെ ആകൃഷ്ടരായിരുന്ന ആദ്യത്തെ കുട്ടി വാവിട്ട് നിലവിളിക്കുന്നു.
ഇതിനിടയിലൂടെ കണ്ണീരിനിടയിലൂടെ കാണുന്നു, മറ്റേകുട്ടി ആ കളിപ്പാട്ടം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്യുന്നു.
ആദ്യത്തെ കുട്ടി കുറച്ചുകൂടി ഉച്ചത്തില്‍ വാപിളര്‍ന്ന് കരയുന്നു..
കുറേനേരം കരഞ്ഞ് വാ കഴച്ചു തുടങ്ങുമ്പോള്‍.. വായ് പതിയ അടച്ചിട്ട്, ചുറ്റുവട്ടവും നോക്കിത്തുടങ്ങുന്നു..
അടുത്തുകാണുന്ന മറ്റൊരു കളിപ്പാട്ടം കാണുന്നു, വേറൊന്നുകാണുന്നു.. പിന്നെ അതിലൊക്കെ ആകൃഷ്ടനായി ആദ്യത്തെ ടോയ് മറക്കുന്നു.. ഒപ്പം അതുതട്ടിപ്പറിച്ചുകൊണ്ടുപോയ കുട്ടിയേയും.

പക്ഷെ, മുതിര്‍ന്നവരോ!
നമ്മുടെ ഇഷ്ടമുള്ള സാധനങ്ങളൊ മറ്റോ അന്യനൊരുവന്‍ കൈക്കലാക്കുകയോ തകര്‍ക്കുകയോ ചെയ്താല്‍ ഒരു ജന്മം മുഴുവന്‍ കാത്തിരുന്ന് പകരം വീട്ടിയിട്ടേ പിന്നെ ശാന്തിയുള്ളൂ..
അപ്പോള്‍ കൊച്ചുകുട്ടികളോ മുതിര്‍ന്നവരോ വലിയവര്‍???!!!

ഉദാഹരണത്തിന് ഈ ആത്മ തന്നെ പകല്‍ മുഴുവന്‍ ആത്മയെ മറ്റുള്ളവര്‍ ദ്രോഹിച്ചകാര്യങ്ങളും തളര്‍ത്തിയതും ഒക്കെ ആലോചിച്ചാലോചിച്ച് തലപുണ്ണാക്കലാണ് ജോലി. ഒറ്റ നല്ല ചിന്ത ചിന്തിക്കില്ല.
ഒടുവില്‍ ബ്ലോഗില്‍ എത്തും.. അവിടെയും പരാതികളോടു പരാതി.
എന്തേ ഒന്നും മറക്കാനാവാത്തത്?! ഒരുകണക്കിന്‍` നമ്മള്‍ ഓരോ വയസ്സു കൂടുന്നു എന്നു പറയുന്നത്
നമുക്ക് ഓരോ വയസ്സ് ആയുസ്സില്‍ നിന്നും കുറയുന്നു എന്നല്ലെ?
അപ്പോള്‍ നമ്മള്‍ ആ കൊച്ചുകുട്ടിയില്‍ നിന്നും അടുത്ത കൊച്ചുകുട്ടിയിലേയ്ക്കുള്ള പ്രയാണത്തില്‍
പ്രായത്തില്‍ പക്വതയില്‍ ചെറുതായി ചെറുതായി.. അങ്ങിനെ ഒടുവില്‍ ഇല്ലാതാകും..
അപ്പോള്‍.. ഇനി മുതല്‍ പറയേണ്ടത്, നാം ഒരു വയസ്സുകൂടി കുറഞ്ഞു എന്നാണ് കേട്ടോ?

എങ്കിപ്പിന്നെ, അടുത്ത് നല്ല ചിന്തകള്‍ വല്ലതും വരുന്നതുവരെ വിട..
ഒരു വിസ്ഡം എഴുതിക്കഴിഞ്ഞപ്പോള്‍ അടുത്തത്.. വന്നാല്‍ പിന്നെ ഒരു നിര്‍ത്തില്ല.
എന്തുചെയ്യാന്‍!

അപ്പോള്‍, ഡേകെയര്‍ സെന്ററിലെ കൊച്ചുകുട്ടികളുടെ കഥയല്ലെ പറഞ്ഞുകൊണ്ടിരുന്നത്.
( ഇവിടെ നിന്നു നോക്കിയാല്‍ രാവിലെ രണ്ടും മൂന്നും വയസ്സുള്ള കൊച്ചു മക്കളെ ഉന്തിയും തള്ളിയും
കോഴിയെയും ആടുമാടുകളെയും കൂട്ടില്‍ കയറ്റുന്നതുപോലെ ഉന്തിതള്ളി ഡേകെയര്‍ സെന്ററിനകത്തേയ്ക്കാക്കിയിട്ട് സ്പീടില്‍ കാറും വിട്ട് അച്ഛനും അമ്മയും അങ്ങിനെ നിസ്സംഗരായി പോകുന്നത്..)

നമുക്ക് കഥ അല്പം കൂടി തുടര്‍ന്നു നോക്കാം...
അപ്പോള്‍ ആദ്യത്തെ കൊച്ചുകുട്ടി അങ്ങിനെ കളിപ്പാട്ടം പോയ വിഷമത്തില്‍ കരയുന്നു..
കുറച്ച് കഴിഞ്ഞ്, മറ്റൊരു കളിപ്പാട്ടം കണ്ടു ആദ്യത്തെ നഷ്ടം മറന്ന് വീണ്ടും സന്തോഷിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം കളിപ്പാട്ടം തട്ടിത്തെറിപ്പിച്ച വിരുതന്‍ തന്നെ ആദ്യത്തെവന്റെ കരച്ചില്‍ കാണുന്നതില്‍ രസം പൂണ്ട് തട്ടിപ്പറിക്കല്‍ ഒരു ശീലമാക്കി അങ്ങിനെ ഓടി വന്ന് അടുത്ത കളിപ്പാട്ടവും തട്ടിപ്പറിച്ച് വീണ്ടും ഓടുന്നു എന്ന് കരുതുക...

ഇപ്പോള്‍ ആദ്യത്തെ കുട്ടി എന്തുചെയ്യും?

ഇപ്പോഴും ആദ്യത്തെ തീവ്രതയോടെ കരയുമോ? (വിഡ്ഡിത്തം)

അതോ, മറ്റേ കുട്ടിയുടെ പുറകേ പോയി കളിപ്പാട്ടന്‍ തിരികെ വാങ്ങാന്‍ നോക്കുമോ?(ന്യായം)

അല്ലെങ്കില്‍ മല്ലയുദ്ധത്തിനു തയ്യാറാകും(പോര്)

അതുമല്ലെങ്കില്‍ വിട്ടുകൊടുക്കല്‍ ഒരു ശീലമാക്കി ശീലമാക്കി നെടുവീര്‍പ്പും ഇട്ട കണ്ണില്‍ കണ്ണുനീരും നിറച്ച്, ഉണ‍ങ്ങിയ കണ്ണീരുമായി വൈകിട്ട് വരുന്ന അമ്മയെയും അച്ഛനെയും പ്രതീക്ഷിച്ച് അങ്ങിനെ ഇരിക്കും..(ഒരുപക്ഷെ, ഇങ്ങിനെയുള്ളവരായിരിക്കുമോ ഇനി ആത്മയെപ്പോലെയൊക്കെ വലിയ ചിന്തകന്മാരൊക്കെ :) ആയി മാറുന്നത്?! ആ ആര്‍ക്കറിയാം..)

[എന്തിനിങ്ങനെ ചിന്തിച്ചു എന്ന് സത്യമായിട്ടും ആത്മയ്ക്കുപോലും അറിയില്ലേ... എന്തെങ്കിലും നല്ലതു ചിന്തിക്കാമെന്നു വിചാരിച്ചപ്പോല്‍ കിട്ടിയതാണ്.. ]

ഇന്ന് കണ്ണില്‍ കണ്ണീരുറഞ്ഞ് അമ്മയെയും കാത്തിരിക്കുന്ന ആ കുട്ടിയെപ്പറ്റി ഓര്‍ത്തപ്പോള്‍ അല്പം കൂടി എഴുതാന്‍ തോന്നി..
ആ കുട്ടി അങ്ങിനെ കണ്ണീരും ഒലിപ്പിച്ച്, സന്ധ്യയാകാന്‍ പ്രതീക്ഷിച്ച്, കാത്തിരിക്കുകയാണ്, അമ്മയെക്കാണാന്‍..
സന്ധ്യയാവുന്നു.. ഒരോ അമ്മമാര്‍ വരുന്നു.. അച്ഛന്മാര്‍ വരുന്നു.. മക്കളെ വിളിച്ചുകൊണ്ടു പോകുന്നു...
തന്റെ കളിപ്പാട്ടം തട്ടിപ്പറിക്കുന്ന കുട്ടിയുടെ അമ്മ വരുന്നു, ആ കുട്ടിയെ വാരി എടുക്കുന്നു.. ഉമ്മ വയ്ക്കുന്നു.. കുട്ടിയുടെ ബാഗും എടുത്ത്, അവനെ മാറോട് ചേര്‍ത്ത് വെളിയില്‍ കൊണ്ടുപോകുന്നു..
ഈ കുട്ടി അത് കണ്ട് നെടുവീര്‍പ്പിടുന്നു.. ആശ്വസിക്കുന്നു.. ഇനി കളിപ്പാട്ടം തട്ടിപ്പറിക്കാന്‍ ആരുമില്ലല്ലൊ എന്നാശ്വസിക്കുന്നു..
പക്ഷെ, ചുറ്റും കളിപ്പാട്ടങ്ങളും ഇല്ല..
അപ്പോള്‍ അതാ കുട്ടിയുടെ അമ്മ വരുന്നു, ഒക്കത്ത് ഒരു കൈക്കുഞ്ഞിനേയും കൊണ്ട്!
വന്ന് കുട്ടിയെ പിടിച്ചെണീപ്പിക്കുന്നു, ‘ഒന്ന് പെട്ടന്ന് വാ മോനേ, സമയം ലേറ്റായി, അച്ഛന്‍ കാത്തു നില്‍ക്കുന്നു...’
കുട്ടിക്ക് വീണ്ടും കരച്ചില്‍ വരുന്നു..
‘ഇതെന്തു കുട്ടി! എന്തുപറഞ്ഞാലും ഒരു കരച്ചില്‍.. ദാ അനിയന്‍ കണ്ടോ ചിരിച്ചുകൊണ്ടിരിക്കുന്നത്?’
കുട്ടി പണിപ്പെട്ട് ബാഗും എടുത്ത് തോളിലേറ്റി, കുഞ്ഞിക്കാലുകള്‍ നീട്ടി വച്ച് അമ്മയോടൊത്തെത്താന്‍
പണിപ്പെട്ടു നടക്കുന്നു..
തന്റെ തോളില്‍ തൂങ്ങുന്ന ഭാരം വീട്ടില്‍ ചെന്നാലെങ്കിലും ഇറക്കിവയ്ക്കാനാകും എന്ന പ്രത്യാശയോടെ..


കാറില്‍ വീട്ടില്‍ പോകുന്നതിനിടയ്ക്ക്,

കുട്ടിയുടെ അച്ഛന്‍, “മോന് ഇന്നത്തെ ടെസ്റ്റില്‍ എത്ര മാര്‍ക്കു കിട്ടി?”
“89.”
“അജിത്തിനു് (കുട്ടിയുടെ കളിപ്പാട്ടം പിടിച്ചു പറിക്കുന്ന കുട്ടി‍) എത്ര കിട്ടി?”
“95.”
“അതെന്താ അവനു വാങ്ങാമെങ്കില്‍, മോനെന്താ അത്രേം കിട്ടാത്തത്?”
കുട്ടി മൌനം പൂണ്ടിരിക്കുന്നു.
“അടുത്ത ടെസ്റ്റില്‍ അവനെക്കാളും നല്ല മാര്‍ക്ക് മോന്‍ വാങ്ങണം ട്ടൊ.”
അമ്മ, “പിന്നെ, അവന്‍ നല്ല കുട്ടിയല്ലെ, അവന്‍‍ അതൊക്കെ വാങ്ങും..”

കുട്ടി, “അച്ഛാ ഇന്ന് പാര്‍ക്കില്‍ പോകുമോ?”

“ഇല്ലല്ലൊ മോനേ ഇന്ന് അച്ഛന് ഒരുപാട് ഓഫീസ് ജോലിയുണ്ടല്ലോ കുട്ടാ, നമുക്ക് വീക്കെന്റില്‍ പോകാം”

വീട്ടിലെത്തുന്നു..
അമ്മ ആദ്യം ഇളയ കുട്ടിയെ ഒരുവിധം എല്ലാം കൊടുത്ത് ഒരിടത്താക്കിയശേഷം മൂത്തവനെ കുളിപ്പിച്ച്, ആഹാരം കൊടുക്കുന്നു.. അതിനിടയില്‍ ഇളയവന്‍ കരയുമ്പോള്‍, മൂത്തകുട്ടിയോട്,
“മോന്‍ വലിയകുട്ടിയല്ലെ, തനിച്ചു കഴിക്കൂ ട്ടൊ, അമ്മ അനിയനെ ഉറക്കീട്ട് വരാം..”
കുട്ടി, തനിയെ ആഹാരം കഴിച്ച് അച്ഛന്റെ അടുത്ത് ചെല്ലുന്നു.

“അച്ഛാ, നമുക്ക് ടോം ആന്‍ഡ് ജെറി കാണാം.”

“അയ്യോ മോനേ അച്ഛനു നിറയെ ജോലിയുണ്ട്.”

“മോനു ഹോം വര്‍ക്കില്ലേ അതു ചെയ്തോ?”

“ഓഹോ തീര്‍ത്തുവല്ലൊ”

“എങ്കിപ്പിന്നെ കുറച്ചു സമയം കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് വാച്ച് കണ്ടോളൂ ട്ടൊ.”

കുട്ടി പതിയെ ടി.വിയുടെ മുന്നില്‍ എത്തുന്നു.

ടി. വി കണ്ട് കണ്ട് അവിടെത്തന്നെ ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുന്നു..

അമ്മ ഇളയകുട്ടിയെ ഉറക്കീട്ട് വരുമ്പോള്‍ ഉറങ്ങിയ മൂത്തകുട്ടിയ കണ്ട് അവനെ എടുത്ത് ബെഡ് റൂമില്‍ കൊണ്ടുപോയി കിടത്തുന്നു. അമ്മ കുനിഞ്ഞ് കുട്ടിയുടെ മുടി മാടിയൊതുക്കി പതിയെ നെറ്റിയില്‍ ഉമ്മ വയ്ക്കുന്നു. ( ഉറക്കത്തില്‍ അല്പം ഉണരുന്ന കുട്ടി, അമ്മയുടെ സ്പര്‍ശ്ശനം വീണ്ടും കൊതിക്കുന്ന കുട്ടി) ‘അമ്മേ ഒരു കഥ..’

അമ്മ കേള്‍ക്കാത്തപോലെ (കുട്ടിയെ കൂടുതല്‍ ഉണര്‍ത്താതിരിക്കാന്‍), പതിയെ, ശബ്ദമുണ്ടാക്കാതെ വെളിയിലേയ്ക്ക്..

കുട്ടി ബോള്‍സ്റ്റര്‍ കുറച്ചുകൂടി നന്നായി കെട്ടിപ്പിടിച്ച്, പതിയെ ഉറങ്ങുന്നു... അടുത്ത പ്രഭാതത്തിനെ വരവേല്‍ക്കാനായി(?)

This entry was posted on 10:27 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments