പാറയും സൂര്യനും തൂണും പറഞ്ഞത്...  

Posted by Askarali

പാറ
എന്റെ കണ്ണീര്‍ ഉലയ്ക്കുന്നത്
നിന്റെ വീടിന്റെ അടിത്തറയായിരിക്കും.

ഞാനൊരു പാറയാണ്
ഇളകാതെ,ഉലയാതെ, നില്‍ക്കേണ്ട ഒരു പാറ.
എന്റെ ഉലച്ചില്‍ തകര്‍ക്കുക കെട്ടിടങ്ങളുടെ ഭദ്രതയായിരിക്കും,
അവിടെ വാഴുന്ന അനേകം പേരുടെ സ്വപ്നങ്ങളായിരിക്കും..

മഴയേ,
എന്നെ വെറുതെ തഴുകിയിറങ്ങൂ
വേനലില്‍ കരുവാളിച്ചു നില്‍ക്കുന്ന എന്റെ ചൂട് അല്പമൊന്ന്
ശമിച്ചോട്ടെ.

എന്നില്‍ ആര്‍ദ്രത തീരെയില്ല നിനക്ക് ആഴ്ന്നിറങ്ങാന്‍
എന്റെ ആര്‍ദ്രത ആപത്തു വരുത്തി വയ്ക്കും..
ഒരു പക്ഷെ,അത് തകര്‍ക്കുക മറ്റനേകം പേരുടെ ഭദ്രതയാകും..
എന്റെ അചഞ്ചലതയില്‍ മറ്റുള്ളവര്‍ സ്വപ്നങ്ങള്‍ പണിതോട്ടെ.

സൂര്യന്‍

ദാ നോക്കൂ ഞാന്‍ ഒന്നു മയങ്ങിയിട്ട് എത്ര നാളായെന്നോ!
ഒന്നു മയങ്ങിയാല്‍ എന്നെ പൊതിയുന്ന സ്വപ്നങ്ങളില്‍ പെട്ട്
എന്റെ കര്‍മ്മങ്ങള്‍ മറന്നുപോകുമോ എന്നു ഭയക്കുന്നു ഞാന്‍!

എന്റെ ഓരോ കണ്‍ ചിമ്മലില്‍ക്കൂടി ഞാന്‍ ജീവികള്‍ക്ക്
പകലും രാത്രിയും ഒരുക്കുന്നു..
കണ്ണടയ്ക്കുമ്പോള്‍ പകുതിപ്പേര്‍‍ ഉറങ്ങുന്നു..
അനേകം സ്വപ്നങ്ങള്‍ കണ്ട് കണ്ട്..
അപ്പോഴും ഞാന്‍ എരിയുന്നു
മറ്റു പകുതിപ്പേര്‍ക്ക് വെളിച്ചവുമായി..

എന്റെ ഉറക്കമില്ലായ്മയിലാണ് ജീവികളത്രയും ഉറങ്ങിയുണരുക
എന്റെ എരിഞ്ഞടങ്ങലില്‍ ആണ് അവരുടെ ജീവന്റെ നിലനില്പേ..

തൂണ്‍

ഒരു നിമിഷം.. ഒരു നിമിഷം, എന്റെ കയ്യൊന്ന് തളര്‍ന്നാല്‍,
ഞാന്‍ തളര്‍ന്നാല്‍,
നിന്നെ താങ്ങി നിര്‍ത്താനാവാതെ വന്നാല്‍,
നീയാകെ തകര്‍ന്ന് തരിപ്പിണമാകും.
എന്റെ മുകളില്‍ തകര്‍ന്നു തരിപ്പിണമായി
വീഴുന്ന നിന്റെ ആയിരം സ്വപ്നങ്ങളുടെ ചിതയാകും.
ആ ചിതയില്‍ കിടന്നുകൊണ്ട് ഞാനെങ്ങിനെ
എനിക്കായി മാത്രം ഒരു സ്വപ്നം നെയ്തെടുക്കാന്‍!
വേണ്ട! എനിക്കായി ഒരു സ്വപ്നം വേണ്ട
സ്വപ്നങ്ങള്‍ എന്നെ തളര്‍ത്തിയാലോ!
നിന്റെ സ്വപ്നങ്ങള്‍ എന്റെയും സ്വപ്നങ്ങളാകട്ടെ..


[ആക്ച്വലി, റിയലി, ഞാനിപ്പോള്‍ Khaled Hossein- ന്റെ A thousand splendid Suns വായിച്ചുകൊണ്ടിരിക്കയാണ്. അതില്‍ സ്വപ്നം കണ്ടുകൊണ്ടു നടന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ നിന്നും ദൂരെ,അപരിചിതമായ ഒരിടത്ത്,അപരിചിതനായ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. അവിടെ അവള്‍ ജീവിക്കാന്‍
ശ്രമിക്കുന്നു.. ഭയപ്പാടോടെയെങ്കിലും..ഇഴുകിച്ചേരാന്‍ ശ്രമിക്കുന്നു.. (കുറച്ചേ വായിച്ചുള്ളൂ)
ഇനി ഈ ബുക്ക് വായിക്കുന്നതുകൊണ്ടാകുമോ ഇത്തരം ചിന്തകള്‍ ഉരുത്തിരിയുന്നത് എന്നും അറിയില്ലാ..]

This entry was posted on 10:38 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments