സ്വപ്നങ്ങള്‍..  

Posted by Askarali

കുറച്ചു ദിവസംകൂടി കഴിഞ്ഞാല്‍ തനിക്കും നാട്ടില്‍ പോകാം!
ഹായ്! പ്രിയപ്പെട്ട കേരളം!
വയലേലകള്‍, കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍, അര്‍മാദിക്കുന്ന-അമേരിക്കക്കാരെക്കാള്‍ സുപ്പീരിയര്‍ എന്ന ഭാവത്തില്‍ നടക്കുന്ന-മാറുന്ന മലയാളികള്‍..
റോഡു നിറയെ ചീറിപ്പായുന്ന വാഹനങ്ങള്‍..
അവ പാറിപ്പറത്തുന്ന പൊടിപടലങ്ങള്‍...
അവയ്ക്കിടയിലൂടെ നുഴഞ്ഞു കയറി നീങ്ങുന്ന ഓട്ടോ റിക്ഷകള്‍..
മുക്കിനും മൂലയിലും വാനത്തോളം ഉയര്‍ന്നു നില്‍ക്കുന്ന പരസ്യപ്പലകകള്‍..
അവയില്‍ നിന്നും താഴേക്കു നോക്കി ചിരിക്കുന്ന മലയാളത്തിന്റെ പ്രിയ നടീനടന്മാര്‍..
അന്നും ഇന്നും എന്നും നല്ല ഡീസന്റായി തനിക്കൊന്നും സംഭവിച്ചില്ലേ എന്ന മട്ടില്‍ ഓടിമറയുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍..

തന്നെ കാത്തിരിക്കുന്ന വയസ്സായി വരുന്ന ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍.
അവരുടെ കണ്ണുകളില്‍ തെളിയുന്ന പ്രകാശത്തില്‍ എനിക്ക് തിരിച്ചു കിട്ടുന്ന ഞാന്‍‍. എന്നെ തിരിച്ചു കിട്ടിയ ഞാന്‍ ചുറ്റിനും പരതുമ്പോള്‍ പഴയതൊന്നും കാണാതെ നിരാശപ്പെടുമ്പോള്‍ വെളിയില്‍ പ്രകൃതിയെ നോക്കി , ‘അയ്യോ, എന്റെ നാട്ടുമാവേ’ (അല്ല, റബ്ബര്‍ മരമേ, നീ കഴിഞ്ഞ തവണ
കണ്ടതിലും വലര്‍ന്നല്ലോടീ..)
മുറ്റത്തുനില്‍ക്കുന്ന പല ചെടികളെയും കഴിഞ്ഞ വര്‍ഷവും കണ്ടതാണല്ലൊ എന്നോര്‍ത്ത് അവരോടും കുശലം പറയുന്നു..
രാവിലെ വീശുന്ന കുളിര്‍കാറ്റിലൂടെ ഒഴുകിയൊഴുകി വരുന്ന അമ്പലത്തിലെ ഭക്തിഗാനങ്ങള്‍ കേട്ട് തരളിതമാകുന്ന ഹൃദയം..
താന്‍ കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കുറച്ചുദിവസത്തേയ്ക്ക് മാത്രം വന്ന ഒരു അതിഥി എന്ന ദുഃഖം മറന്ന്, ഇത് എന്റേയും നാടാണ്, ആര്‍ക്കും എന്നെ ഒരു വിദേശിയാക്കാന്‍ ആവില്ല എന്ന്
മനസ്സില്‍ ഉറപ്പിച്ച്, കേരളത്തിന്റെ സ്വന്തം പുത്രിയായി, അര്‍മാദിച്ച്, കുറച്ച് ദിവസങ്ങള്‍ ജീവിക്കുന്നു..

ഒടുവില്‍..
സ്വന്തബന്ധങ്ങളൊക്കെ ഓടിനടന്ന് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിട്ട്, വീണ്ടും വലിച്ചു പൊട്ടിച്ച് ,
തിരിച്ച് പ്ലയിനില്‍ കയറാന്‍ പോകുമ്പോള്‍ വിങ്ങിക്കരയുന്ന ഹൃദയം ..
എന്തിനായിരുന്നു നീ ഓടി വീണ്ടും വന്നത് ?
ഉണങ്ങിത്തുടങ്ങിയ മുറിവുകള്‍ വീണ്ടും മുറിപ്പെടുത്താന്‍ മാത്രമോ..?
നീ പോകുന്ന മണ്ണിന് നിന്റെ മുറിവുകള്‍ ഉണക്കാന്‍ തക്ക കരുത്തുണ്ടോ ആത്മേ?
കേരള മാതാവിന്റെ ഹൃദയം വിങ്ങിയുള്ള ചോദ്യം അവളെ തളര്‍ത്തുന്നു.

പ്ലയിനുള്ളിലെ പ്രവാസിക്കോലങ്ങളില്‍ ഒരുവളായി ഒതുങ്ങിക്കൂടുമ്പോള്‍ ഉള്ളില്‍ ആത്മാവ് നിര്‍ത്താതെ കരയുന്നു..
എന്തിനായിരുന്നു ആത്മേ ഇതെല്ലാം?
ഓരോ വര്‍ഷവും ജനിച്ചു മരിക്കുന്ന ജന്മങ്ങള്‍ നിറഞ്ഞതോ നിന്റെ ജീവിതം?
പടം പൊഴിക്കുന്ന പാമ്പിനെപ്പോലെ..
വേദനയോടെ പുറംതൊലി വലിച്ചുകീറിമാറ്റി നീ മുറിവേറ്റ ശരീരം ആരും കാണാതെ
പുതച്ചുവച്ച് നിര്‍വ്വികാരതയുടെ മുഖം മൂടി ഒരിക്കല്‍ക്കൂടി എടുത്തണിഞ്ഞ് -വിദേശിയുടെ മുഖം മൂടി-
വെറുതെ ഒന്നു തിരിഞ്ഞു നോക്കുന്നു...
ഉപേക്ഷിച്ചു പോകുന്ന പെറ്റ നാടിനെ...
വീണ്ടുമൊരിക്കല്‍ക്കൂടി ഉപേക്ഷിച്ച്..
ഉണങ്ങി വരണ്ട മുറിവുകളിലെ പുതു രക്തം കണ്ടില്ലെന്നു നടിച്ച് , വിദൂരതയില്‍ കണ്ണും നട്ട്,
ഒന്നുമല്ലാതായി മറയാന്‍ മേഘങ്ങളിലൂടെ ഊളിയിടുന്ന പ്ലയിനിലിരുന്നു ആശ്വസിക്കുന്ന. ഇല്ല ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ രണ്ടാഴച്ച നടന്നതൊക്കെ അതിവേഗം മറക്കാനാവുന്ന ഒരു സുന്ദരസ്വപ്നം മാത്രമായിരിക്കട്ടെ.

കണ്ണടച്ചു തുറക്കുമ്പോള്‍ എത്തുന്ന വൃത്തിയുള്ള രാജ്യത്തില്‍ തനിക്കായി കാത്തിരിക്കുന്ന ഒരു അടുക്കളയുണ്ട്, നടന്നെത്താവുന്ന ദൂരത്തില്‍ മാര്‍ക്കറ്റുണ്ട്, ബസ്സില്‍ കയറിപ്പോയി എത്താവുന്ന സ്ഥല‍ത്ത് ഒരു ‘ലിറ്റില്‍ ഇന്ത്യ’യുണ്ട് , ഫോണെടുത്താല്‍ കേള്‍ക്കാവുന്ന പ്രിയപ്പെട്ടവരുടെ ശബ്ദമുണ്ട്..
ഒരു മകളെ വീണ്ടും കണ്ടതില്‍ സായൂജ്യമടഞ്ഞ രണ്ട് ആത്മാക്കളുടെ വിങ്ങല്‍ മറക്കാന്‍ പണിപ്പെട്ട് അവള്‍ വീണ്ടും ഒരു പ്രവാസിയാകുന്നു..

തുടരും...
---

തുടരും എന്നെഴുതിയതുകൊണ്ട് തുടരുന്നു,

നമ്മുടെ പഴയ വൈറസ്സ് ആത്മ നാട്ടില്‍ പോകുന്നതില്‍ പ്രതിഷേധിച്ച്, മി. ആത്മയെ പിടികൂടി.
മി. ആത്മ പിടികൊടുക്കുമോ?
മി. ആത്മ ഒരാശുപത്രിയല്ല, മൂന്നാശുപത്രി മാറി മാറി കയറിയിറങ്ങി, മരുന്നുകള്‍ മാറിമാറിക്കഴിച്ച്
-ഇന്‍ഡയറക്റ്റ് ആയി വൈറസ്സിനെ വളര്‍ത്തുകയായിരുന്നു എന്ന് പാവം മി. ആത്മയുണ്ടോ അറിയുന്നു- (അറിയാവുന്നവരുടെ വാക്ക് -ഇളയവര്‍ ചൊല്ലുന്നതൊന്നും മുതുനെല്ലിക്കയല്ലല്ലൊ- കേള്‍ക്കാനും മടി.) ഏതിനും രണ്ടുപേരും കൂടി അഹോരാത്രം യുദ്ധമായിരുന്നു. ഒടുവില്‍ നീചന്‍ വൈറസ്സ് പാവം മി. ആത്മയെ കീഴടക്കി. രണ്ടു ദിവസമെങ്കില്‍ രണ്ടുദിവസം എങ്കിലും ഹോസ്പിറ്റലില്‍ കൊണ്ടു കിടത്തി.

വൈറസ്സിന് ഇപ്രാവശ്യം സന്തോഷം സഹിക്കാന്‍ വയ്യാ..
ചെറിയകാര്യം വല്ലതുമാണോ ചെയ്തിരിക്കുന്നത് ?
അസുഖം വരാത്ത മി. ആത്മയെ കീഴടക്കി, ആത്മയുടെ നാട്ടില്‍ പോക്ക് നീട്ടി നീട്ടി ഒരു പരുവമാക്കി,,
മി. ആത്മയെയും ആത്മയെയും ഹോസ്പിറ്റലിലെ റൂമില്‍ മുഖത്തോടു മുഖം നോക്കിപ്പിച്ച്,
‘നിനക്കു ഞാനും എനിക്കു നീയും’ (മൊബൈല്‍ ഫോണ്‍ പോലും വേണ്ട, ആത്മ മതി!)
എന്ന മട്ടില്‍ ജീവിപ്പിച്ചു. ( അതിനു വൈറസിനോട് നന്ദി പറയണോ? വേണ്ട അല്ലെ?
അല്ലെങ്കില്‍ പറയാം. )

ആത്മ ഇതിനകം മി. ആത്മയെക്കൊണ്ട് സത്യം ചെയ്യിച്ചു: “പനിയുടെ മരുന്ന് കഴിച്ചാല്‍ അടങ്ങി റസ്റ്റ് എടുക്കണം, എക്സര്‍സൈസ് ചെയ്യരുത്.”
മി. ആത്മ മൂളി, ഉം..
ആത്മ: അസുഖം വന്നാലും റസ്റ്റ് എടുക്കണം.
മി. ആത്മ: ഉം..
അത്മ: ജീവിതം ജീവിക്കാനുള്ളതാണ്
മി. ആത്മ: ഉം..
ആത്മ: ഇങ്ങിനെ എപ്പോഴും അന്യരുടെ കാര്യം നോക്കി ഓടി നടക്കാതെ, പാവം ആത്മയെയും, മക്കളെയും, മി. ആത്മയെത്തന്നെയും നോക്കി, ഇടയ്ക്കൊക്കെ വീട്ടിലോ, കാട്ടിലോ ഒക്കെ പോയി സുഖവാസം ചെയ്യണം.
മി. ആത്മ: ഉം..(നിനക്ക് വച്ചിട്ടുണ്ട്, നീ അല്പം ഓവര്‍ ആകുന്നു..)
മി. ആത്മ: നീ ഒന്നു നിര്‍ത്താമോ?
ആത്മ നിര്‍ത്തി.

കുറച്ച് കഴിഞ്ഞ് വീണ്ടും..
ആത്മ: പക്ഷെ, മറ്റൊന്നും കേട്ടില്ലെങ്കിലും മരുന്നു കഴിച്ചിട്ട് ഓടാന്‍ പോകരുത്.
മി. ആത്മ: ഉം...
[ഗ്യാപ്പ്.. രണ്ടുപേരും ആത്മഗതത്തില്‍ മുഴുകി ഇരിക്കുന്നു..]
മി. ആത്മ മൌനം ഭേദിക്കുന്നു: എങ്കിലും നിന്നെ സമ്മതിച്ചു തരണം. നീ എങ്ങിനെ സഹിച്ചു ഈ വൈറസ്സിനെ?
ആത്മ:- (ഒരടി പൊങ്ങുന്നു. ഈ പൊങ്ങല്‍‍ എങ്ങിനെ സ്ഥിരമാക്കാം എന്നാലോചിക്കുന്നു. അതിന് വൈറസ്സിന്റെ സഹായമില്ലാതെ പറ്റില്ലല്ലൊ എന്നോര്‍ത്ത് ഖേദിക്കുന്നു)
ആത്മ: ഓ! ഞാനൊന്നും ചെയ്തില്ല, മരുന്ന് കുടിച്ചിട്ട് അടങ്ങി ഒരിടത്ത് കിടന്നു അത്രതന്നെ.

കുറച്ചു കഴിഞ്ഞ്,

ആത്മ: ഇനി പനി പോയാലും രണ്ടാഴ്ച്ച റസ്റ്റ് എടുക്കണം ട്ടൊ.
മി. ആത്മ ദയനീയമായി: ഉം.. (അത് പിന്നത്തെ കാര്യമല്ലെ)

[വൈറസ്സ്, ഇടയ്ക്ക് മക്കളെയും ഒന്നു തഴുകിത്തലോടി കടന്നുപോയി. കുറ്റം പറയരുതല്ലൊ, അവരോടൊക്കെയുള്ള വൈറസ്സിന്റെ സമീപനം അല്‍പ്പം മൈല്‍ഡായിരുന്നു. ( ഏതിനും വൈറസ്സിന് ആളും തരവും ഒക്കെ നോക്കി പ്രവര്‍ത്തിക്കാനറിയാം! അത്രയും ആശ്വാസം.)]

ഇനിയും ചിലപ്പോള്‍ ആത്മ വരും നാട്ടില്‍ പോക്കിനെപറ്റി എഴുതാന്‍..

എന്തെഴുതാന്‍..? വലിയ സാഹിത്യങ്ങളൊന്നും വായിച്ചിട്ടില്ല, നല്ല സ്റ്റൈലായി എഴുതാന്‍.
എങ്കിലും ബ്ലോഗ് ഇങ്ങിനെ ഫ്രീയായി കിട്ടുമ്പോള്‍ മനസ്സിന്റെ എഴുതാനുള്ള ഒടുങ്ങാത്ത ആഗ്രഹം
തടുത്തു നിരുത്തുന്നതെങ്ങിനെ? (ദാഹിച്ചു വലയുന്ന ഒരുവന്റെ മുന്നില്‍ ഒരു കുടം വെള്ളം കൊണ്ടു വച്ചിട്ട്, ‘എടാ, തൊട്ടുപോകരുത്’ എന്നു പറയുമ്പോലെ. തൊടുകയല്ല, പറഞ്ഞയാള്‍ മാറിയാലുടന്‍
ഓടിപ്പോയി ദാഹം തീരുവോളം കുടിക്കും.. കുടിക്കാതിരിക്കില്ല. പിന്നത്തെ കാര്യം പിന്നല്ലെ, )
തുടര്‍ന്നേക്കും...

This entry was posted on 9:20 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments