കുക്കിംഗ് ഈസ് എ ‘കലൈ‘  

Posted by Askarali

അവധിയായതുകൊണ്ട് മകന്‍ എനിക്ക് അല്‍പ്പം കറിക്കരിഞ്ഞു തരാമെന്നു കരുതി അടുക്കളയില്‍ അടുത്തുകൂടി, ഞാന്‍ ‘കറിവേപ്പില’ ബ്ലോഗിലെ കൊത്തമരയും കോവയ്ക്കയും ഒക്കെ കണ്ട് എല്ലാം കൂടി വാങ്ങിക്കൂട്ടിയിരിക്കയാണ് പരീക്ഷിക്കാന്‍. അരിയാന്‍ ശരിക്കും ആളെ വേണം താനും. അവന്‍ അമരപയറിനെ പലവിധത്തിലും കട്ടിംഗ് ബോഡില്‍ വച്ച് അരിഞ്ഞു നോക്കി. ഒടുവില്‍ അവന്റെ ദയനീയ സ്ഥിതി കണ്ട് ഞാന്‍ അവന് കോവയ്ക്ക അരിയാന്‍ കൊടുത്ത്, ഞാന്‍ അമര‍പയര്‍ സ്പീടില്‍ അരിയാന്‍ തുടങ്ങി (ടി വി യില്‍ ഇംഗ്ലീഷ് കുക്കിംഗ് പരിപാടികളിലെ ഷെഫ് അരിയും പോലെ) അവനതു കണ്ട് സംശയം!

‘അമ്മാ, അമ്മയെങ്ങിനെയാണ് അരിയാന്‍ പഠിച്ചത്, അതും ഇത്ര സ്പീടില്‍?!’

ഞാന്‍ വാചാലയായി, ‘ഒ. കെ. ആന്‍സര്‍ ഈസ് സൊ സിമ്പിള്‍. ആദ്യം പോയി ഒരു ഡിഗ്രി എടുക്കുക. വേണമെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റിനും പോകാം. നഗരത്തിലെ ഏറ്റവും മുന്തിയ കോളേജില്‍ നിന്നായാല്‍ കുറച്ചുകൂടി നന്ന്. എന്നിട്ട് ഒരു മുന്‍പരിചയവുമില്ലാതെ തനിയെ കുക്കിംഗ് തുടങ്ങുക, കഴിവതും നമ്മുടെ ഡിഗ്രിക്കൊന്നും തീരെ വിലയില്ലാത്ത ഒരു അന്യ നാട്ടിലായാല്‍ അത്രയും നന്ന്; അവിടെ നാം ഇത്രയൊക്കെ സാഹസങ്ങള്‍ കാട്ടിയിട്ടും നമ്മുടെ വീട്ടിലെ ജോലിക്കാരിയുടെ ഗ്രേഡേ കിട്ടിയുള്ളൂ എന്ന ഒരു തോന്നല്‍ വരും. അപ്പോള്‍ തനിയെ സ്പീടൊക്കെ വന്നോളും’. ( ഈ ഡയലോഗ് വേണമെങ്കില്‍ മംഗ്ലീഷിലോ, സിംഗ്ലീഷിലോ ആയി സങ്കല്‍പ്പിക്കാം, അല്ലെങ്കില്‍ മോഹന്‍ലാല്‍ കിലുക്കത്തില്‍ "ഞാന്‍ സിംഗപ്പൂരില്‍ പോയിട്ടു നിനക്ക് കുറച്ചു സിംഗപ്പൂര്‍ ഡോളേര്‍സ് അയച്ചുതരാം..." എന്ന ഡയലോഗിന്റെ ശൈലിയും ആകാം)

അവന്‍ ചിരിച്ചുകൊണ്ട്, - ‘ഒ. കെ. അമ്മാ, മതി, മതി, മനസ്സിലായീ...’

അല്‍പ്പം കഴിഞ്ഞ് മകന്‍ വീണ്ടും, ‘അമ്മാ, എങ്ങിനെയാണ് നാം ഒരാള്‍ക്ക് ഭ്രാന്തുണ്ടെന്ന് കണ്ടുപിടിക്കുന്നത്?’

(അവന് സംശയം എന്നെയാണോ എന്നു തോന്നാതിരുന്നില്ല എങ്കിലും ക്ലാരിഫൈ ചെയ്തുകൊടുത്തു,)

‘ഇപ്പോള്‍ ഒരു സ്ഥലത്ത് ശരിക്കും ഭ്രാന്തുള്ള കുറേ ആള്‍ക്കാര്‍ കൂടിയിരിക്കുന്നു എന്നു കരുതുക;വളരെ നോര്‍മല്‍ ആയ നാം അവിടേയ്ക്ക് കടന്നു ചെല്ലുന്നു എന്നും വയ്ക്കുക ; അവിടെ നാം ആണ് ഭ്രാന്തന്‍. നാലുക്കൊപ്പം അല്ലെങ്കില്‍ പൂരിപക്ഷം പേര്‍ പെരുമാറുന്നതുപോലെ പെരുമാറാത്ത ഒരാളെ അവര്‍ സ്വാഭാവികമായും അബ് നോര്‍മല്‍ എന്നു വിളിക്കും . അല്ലാതെ ഭ്രാന്തിനു പ്രത്യേക അളവുകോലൊന്നുമല്ല . ചിലപ്പോള്‍ നാം ഭ്രാന്തരെന്നു വിളിക്കുന്നവരായിരിക്കാം നോര്‍മല്‍ മനുഷ്യര്‍! ആര്‍ക്കറിയാം...’ (ഈ ഡയലോഗിനും മേല്‍പ്പറഞ്ഞ ശൈലി ആവാം)

അവന്‍ വീണ്ടും, ‘ശരി ശരി മനസ്സിലായീ...’

അടുത്ത് മൈക്രോ വേവിനോട് സ്വകാര്യം പറയുന്ന അമ്മയെ നോക്കി അവന്‍ ചോദിക്കുന്നു,
‘അമ്മേ അമ്മയ്ക്ക് ശരിക്കും വട്ടുണ്ടോ?’

ഞാന്‍- ‘ഏയ്... പക്ഷെ, ചിലപ്പോഴൊക്കെ വട്ടന്മാരെപ്പോലെ പെരുമാറുന്നതും അവരുടെ ദ്രൃഷ്ട്യാ ലോകം കാണുന്നതും ഒക്കെ ഒരു രസം, ഒരു റിലാക്സേഷന്‍ അത്രയേ ഉള്ളു’.(ശൈലി മേല്‍പ്പറഞ്ഞതു തന്നെ ആകാം)


[അമരപ്പയര്‍ തോരനും കോവയ്ക്ക തോരനും ഒക്കെ നന്നായി വച്ചു. ‘കറിവേപ്പില’യ്ക്ക് നന്ദി!, ഇത്തരം എളുപ്പമുള്ള റെസിപ്പികള്‍ ഇടുന്നതിന്. നാട്ടില്‍ എന്റെ അമ്മയും സഹോദരിയും ഒക്കെ വയ്ക്കുമെങ്കിലും എന്തോ എനിക്കതങ്ങ് മനസ്സില്‍ കേറില്ല. കേള്‍ക്കും, പിന്നെ മറക്കും; പിന്നെ ജന്മനാ ഉള്ള മടിയും; ഇപ്പോള്‍ മടിയൊക്കെ പോയി വരുന്നു. രക്ഷപ്പെടുമെന്നു തോന്നുന്നു]

This entry was posted on 9:39 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments