തകര്‍ക്കാനുണ്ട് സ്വപ്നങ്ങള്‍  

Posted by Askarali

അവര്‍ സ്വപ്നങ്ങള്‍ തട്ടിപ്പറിക്കുന്നവര്‍.
മറ്റുള്ളവരുടെ സ്വപ്നങ്ങളെ
വലവീശിപ്പിടിക്കാനായി
കാത്തിരിക്കുന്നവര്‍.

അവരുടെ വലയില്‍ കുടുങ്ങി
അവളുടെ സ്വപ്നങ്ങളൊക്കെയും
പിടഞ്ഞു

വലവീശിപ്പിടിച്ച തന്റെ സ്വപ്നങ്ങളെ
അവര്‍ ലേലം ചെയ്യുന്നത്
അവള്‍ കണ്ടു;
കുറെയൊക്കെ പാഴ് മണ്ണില്‍
എറിയുന്നതും;
ബാക്കി മുക്കുവപ്പിള്ളേര്‍ക്ക്
കളിക്കാന്‍ കൊടുക്കുന്നതും കണ്ടു.

ഒക്കെയും തന്റെ സ്വപ്നങ്ങളായിരുന്നു
എന്ന് ആര്‍ത്തലച്ച്
ഓടി ചെല്ലാന്‍ തിടുക്കപ്പെട്ട
അവളുടെ ആത്മാവിനെ
തടുത്തു നിര്‍ത്തി
അവള്‍ മെല്ലെ പറഞ്ഞു
‘സാരമില്ല,
അവര്‍ കാണാത്ത സ്വപ്നങ്ങള്‍
കാണാന്‍ പഠിക്കാം.’

ഒടുവില്‍ അവള്‍
ആര്‍ക്കും കാണാനാകാത്ത
സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചു.
ആര്‍ക്കും ഒരിക്കലും കടന്നു വരാന്‍
കഴിയാത്ത ഇടങ്ങളില്‍ മൂടിയിട്ടു.

പക്ഷെ, അത് പൂവിട്ടു പരിമളം വീശിയപ്പോള്‍
ആ സൌരഭ്യത്തില്‍ മറന്ന്
നിന്ന അവളോട്
‘ഞങ്ങള്‍ കാണാതെ സ്വപ്നങ്ങള്‍ എവിടെ
ഒളിപ്പിച്ചു വച്ചു’
എന്ന് അവര്‍ അലറി വിളിച്ചു

അവള്‍ സൌമ്യമായി പറഞ്ഞു
‘എന്റെ ഹൃദയത്തില്‍.’

അവര്‍ക്ക് അവളുടെ ഹൃദത്തിനുള്ളില്‍
കടക്കണമെന്നായി.

അവരുടെ മുന്നില്‍ ഒരിക്കലും
തുറക്കാന്‍ കൂട്ടാക്കാത്ത
അവളുടെ ഹൃദയത്തില്‍ അവര്‍
ശക്തമായി മുട്ടിക്കരഞ്ഞു

ഒടുവില്‍ അവളുടെ സ്വപ്നങ്ങളെ നശിപ്പിക്കാന്‍
കിട്ടാതെ പല്ലിറുമ്മുന്ന അവരോട്
സഹതാപം തോന്നി
അവള്‍
അവളുടെ അവസാനത്തെ സ്വപ്നം
അവര്‍ക്ക് സൌജന്യമായി നല്കി;
പടിയിറങ്ങി.

[ഇവിടെ സ്വപ്നം എന്നുദ്ദേശിക്കുന്നത് അമ്മയാകാനുള്ള സ്വപ്നമാകാം, നല്ല മരുമകളാകാനുള്ളതോ, ചേട്ടത്തിയാകാനുള്ളതോ, അനിയത്തിയാകാനുള്ളതോ; അംഗീകാരത്തിനുവേണ്ടിയുള്ള ദാഹമാകാം, എഴുതാനുള്ള ദാഹമാകാം, വായിക്കാനുള്ളതാകാം, വളരെ നിസ്സാരമായ സ്വപ്നങ്ങള്‍..വെറുതെ സ്വപ്നം കാണാനുള്ള സ്വപ്നങ്ങളുമാകാം]

This entry was posted on 9:38 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments