പബ്ലിഷിംഗ്  

Posted by Askarali

ആത്മയുടെ ഒരു കൂട്ടുകാരി ഇന്നലെ കുറെനേരമിരുന്ന് ഒരു (ഗദ്യ) കവിത എഡിറ്റ് ചെയ്തു കൊണ്ടു വന്നു. പക്ഷെ പബ്ലിഷ് പോസ്റ്റിനടുത്തെത്തിയപ്പോള്‍ ഒരു വിറയല്‍. ആത്മ ആത്മയുടെ കൂട്ടുകാരിയോട് പോസ്റ്റ് ചെയ്യാന്‍ പറഞ്ഞു. പക്ഷെ, അവള്‍ക്കും ഭയം . പക്ഷെ രാവിലെ എണീറ്റപ്പോള്‍ എന്തോ ഒരു വല്ലാത ഭാരം ഹൃദയത്തിന്. കൂട്ടുകാരിയുടെ പബ്ലിഷ് ചെയ്യാതെ വച്ച പോസ്റ്റിന്റെ ഗദ്ഗദമാണോ! അപ്പോള്‍ കൂട്ടുകാരിയും റഡിയായി, ധൈര്യവതിയായി രംഗത്തെത്തി. ആത്മയ്ക്കും ഇത്തിരി ധൈര്യമൊക്കെ വന്നു. പുതിയ രണ്ട് , അല്ല, മൂന്ന്! കമന്റുകള്‍! . അപ്പോള്‍ താന്‍ തീരെ മോശമല്ല. ആത്മ കൂട്ടുകാരിയോടു ചോദിച്ചു, എങ്കിപ്പിന്നെ പോസ്റ്റ് ചെയ്യാം അല്ലെ? അതെ അതേ ഇനി നിവര്‍ത്തിയുള്ളൂ. അങ്ങിനെ കൂട്ടുകാരി പോയി...
----
പോസ്റ്റ് പബ്ലിഷ് ചെയ്തിട്ട് വന്ന കൂട്ടുകാരിയുടെ ടെന്‍ഷന്‍ കണ്ടപ്പോള്‍ പ്രയാസം തോന്നി.
എന്തിനിത്ര റിസ്ക്കൊക്കെ എടുത്ത് കവിത പബ്ലിഷ് ചെയ്യുന്നു? കയ്യില്‍ വച്ചിരുന്നാല്‍ പോരെ?
എന്തുചെയ്യാം പോരാ എന്നൊരു തോന്നല്‍.
എന്നിട്ട് പബ്ലിഷ് ചെതിട്ട് എന്തു കിട്ടി?
വിചാരിച്ചതൊക്കെ തന്നെ കിട്ടി. പബ്ലിഷ് ചെയ്യല്‍ ആത്മ സാഷാത്കാരമാണത്രെ!
എങ്കിലും വലിയ ആപത്തൊന്നുമില്ലാതെ രക്ഷപ്പെട്ടു അല്ലെ?
ഉറപ്പാണോ?
അതെ, ( ബോംബ് വച്ചിട്ട് പിടിക്കപ്പെടാതെ രക്ഷപ്പെടാനോടുന്നവരുടെ പരിഭ്രമം കൂട്ടുകാരിയുടെ മുഖത്ത്)

----
‘എന്നാല്‍ ഈ ടെന്‍ഷനൊക്കെ പോകാന്‍ നമുക്കൊരു ഷോപ്പിംഗിനു പോയാലോ? ഈ ‘ബ്ലോഗ്’, ‘പബ്ലിഷിംഗ്’, ‘കമന്റ്’എന്നൊക്കെ പറഞ്ഞ് വീട്ടില്‍ കുത്തിയിരിക്കാതെ നാലുക്കൊപ്പം ജീവിക്കാന്‍ നോക്കാം’. ഞാന്‍ പറഞ്ഞു. ‘നമുക്ക് പോയി ബ്യൂട്ടി പാര്‍ലറിലൊക്കെ പോയി സ്വയം നന്നാകാന്‍ നോക്കാം.’
‘അതുവേണ്ട എന്നായാലും നശിക്കുന്ന ഈ ഒരിച്ചിരി ശരീരത്തിനുവേണ്ടി അങ്ങിനെ കാശൊന്നും തുലക്കണ്ട. എത്ര പട്ടിണി പാവങ്ങള്‍ വിശന്നു പൊരിഞ്ഞ് ഒരുനേരത്തെ ആഹാരം പോലുമില്ലാതെ
കഷ്ടപ്പെടുമ്പോള്‍‍... അതു ഏതിനും വേണ്ട. ദൈവം തന്ന സൌന്ദര്യം മതി’ എന്നായി അവള്‍.
എങ്കിപ്പിന്നെ വെറുതെ, വീട്ടാവശ്യങ്ങള്‍ വല്ലതും വാങ്ങാന്‍ പോകാം.
പോകാം.
ഇവിടെനിന്നും ഒരഞ്ചു മിനിട്ട് നടക്കാനുള്ള ദൂരമേ ഉള്ളു. എന്നിട്ടും അവള്‍ പറഞ്ഞ്, ‘ഇല്ല എനിക്ക് ബസ്സില്‍ പോയാല്‍ മതി’.
‘ബസ്സിലിരിക്കുമ്പോള്‍ മാത്രമാണ് എനിക്ക് ജീവിതത്തില്‍ ഒരിത്തിരി റിലാക്സ് ചെയ്യാന്‍ പറ്റുന്നത്.
എന്റെ എനര്‍ജി ഒന്നും ഇല്ലാതെ തന്നെ എന്റെ ജീവിതം കുറച്ച് നേരം ‘ബസ്സ്’ ജീവിച്ചു തരുന്നു, എന്നെ എന്റെ ലക്ഷ്യത്തിലെത്തിക്കുന്നു എന്നൊരു തോന്നല്‍. കാറിലാണെകില്‍, ഭര്‍ത്താവിനോടൊപ്പ മാണെങ്കില്‍, അവരുടെ ലക്ഷ്യത്തിലേക്കാവില്ലേ യാത്ര. താന്‍ വെറും ഒരു നിഴല്‍. ബസ്സിലാണെങ്കില്‍ അങ്ങിനെ തന്നെപ്പോലെ ഒരുപാട് ലക്ഷ്യങ്ങളുള്ള മനുഷ്യര്‍ ഒരുമിച്ച് അവരവരുടെ ലക്ഷ്യസഥാനങ്ങ ളെത്തുമ്പോള്‍ ഇറങ്ങിപ്പോകുന്നതും, വീണ്ടും പലരും പുതിയ പുതിയ ലക്ഷ്യങ്ങളും സ്വപ്നംകണ്ടുകൊണ്ട് കയറുന്നതും ഒക്കെ കണ്ടിരിക്കാം, കൂട്ടത്തില്‍ തന്റെ ലക്ഷ്യസ്ഥാത്തെത്തുന്ന റിയാതെ വളരെ റിലാക്സിഡായി എത്താം. പതിയെ ലക്ഷ്യങ്ങള്‍ സാഷാത്കരിക്കാം.’

അങ്ങിനെ അവള്‍ ഒടുവില്‍ ബ്ലോഗുലോകം ഉപേക്ഷിച്ച്, പുറം ലോകത്തേയ്ക്ക് പോയി...

------
തന്റെ ഇന്നത്തെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? ഒരു ബ്രഡ് വാങ്ങണം , അല്‍പ്പം മിക്സ്ചര്‍ വാങ്ങണം, (ഒരിന്ത്യന്‍ കടയില്‍ നിന്നും). കടയ്ക്കുള്ളില്‍ കയറിയപ്പോള്‍ അതാ ഇരിക്കുന്നു, ‘റെഡിമേഡ് അടപ്രഥമന്‍’!. പിന്നെ അമാന്തിച്ചില്ല രണ്ടു കവര്‍ വാങ്ങി . അത് രണ്ടുവര്‍ഷം വരെ കേടുകൂടാതിരിക്കുമത്രെ! കാലം പോയ പോക്ക്! എങ്കിലും താന്‍ മണിക്കൂറുകളെടുത്ത് തയ്യാറാക്കുന്ന പ്രഥമന്റെ അത്രയാവില്ല. സമാധാനിച്ചു. എന്നാലും ഇനിയത്തെ കുട്ടികളുടെ ഒരു ഭാഗ്യം! മേലനങ്ങാതെ ജീവിക്കാം. ‘ഓ! തനിക്ക് അതിന് അത്ര പ്രായമൊന്നും ആയില്ലല്ലൊ , തനിക്കും അനുഭവിക്കാം.’ എന്നുപറഞ്ഞ് നോക്കിയത് ‘സെയിത്സ് ഗേളി’ന്റെ മുഖത്ത്. ചതുര്‍ത്ഥി കണ്ടതുപോലെ ഞാന്‍ ഒന്നു പകച്ചു. വേറൊന്നുമല്ല. ഇനിയിപ്പോള്‍ ബില്‍ പേ ചെയ്യുമ്പോള്‍ അവള്‍ കിളിമൊഴിയില്‍ പറയും ‘താങ്ക്സ് ആന്റി’ എന്ന്. ( ‘ആന്റി അല്ല നിന്റെ അമ്മുമ്മ’ എന്നാണ് ആദ്യം മനസ്സില്‍ വരുന്നത്.) എനിക്ക് നിന്റെ ചേച്ചിയുടെ പ്രായമേ ഉള്ളു സ്ത്രീയേ, അല്ലെങ്കില്‍ ഏഴോ എട്ടോ വയസ്സില്‍ ഞാന്‍ നിന്റെ അമ്മയാകണമായിരുന്നു. എന്നു പറയാന്‍ നാവു പൊങ്ങും. പിന്നെ നിരാശപ്പെടും, ‘ ച്ഛെ! അവള്‍ എല്ലാം കളഞ്ഞു കുളിച്ചു, ഞാന്‍ അവളെ എന്റെ അനിയത്തീന്ന് വിളിക്കാനും അവളുടെ നല്ല ചേച്ചിയാവാനും ഒക്കെ റെഡിയായിരുന്നതാണ്. എല്ലാ മോഹങ്ങളും അവള്‍ ആ ഒറ്റ വിളിയില്‍ തകര്‍ത്തുകളഞ്ഞല്ലൊ’. പിന്നെ സമാധാനിക്കും, ‘അവള്‍ക്ക് ഇച്ചിരി കൊച്ചാവാന്‍ ഇതല്ലേ മാര്‍ഗ്ഗമുള്ളു. അങ്ങിനെയെങ്കില്‍ ഞാനിച്ചിരി വലുതായിക്കോട്ടെ. സാരമില്ല. സഹിക്കാം. അല്ലെങ്കിലും സഹനതയാണല്ലൊ ജീവിതം’. ( അല്ലെങ്കിലും ഈ സെയ്ല്സ് ഗേള്‍സിനൊന്നും അത്ര വിവരം കാണില്ലല്ലൊ. അവര്‍ ഇന്നോ നാളെയോ എന്നപോലല്ലെ. അടുത്ത പ്രാവശ്യം വരുമ്പോള്‍ നിന്റെ ഈ സ്വഭാവവും വച്ച് ഈ കടയില്‍ തന്നെ കാണുമോ എന്നു സംശയമായിരിക്കും ...)
[ എന്തായാലും ഇനി ഇന്ത്യന്‍ പ്രസിഡന്റിനോട് പറയാന്‍ അഞ്ചാമതായി ഒരു പരാതി കൂടി കിട്ടിയിരിക്കുന്നു. ‘ആന്റി വിളി നിര്‍മ്മാര്‍ജ്ജനം ചെയ്യുക’. മറ്റെന്തൊക്കെ പരാതികളായിരുന്നു?
1. സ്ത്രീധനം നിര്‍ത്തലാക്കുക, 2. ഭ്രൂണഹത്യ ശിക്ഷാര്‍ഹമാക്കുക, 3. വീട്ടമ്മമാര്‍ക്ക് മിനിമം വേതനം കൊടുക്കുക, 4. വൃദ്ധജനങ്ങള്‍ക്ക് ഒരു ചെറിയ പെന്‍ഷന്‍ തുക നടപ്പിലാക്കുക. തല്‍ക്കാലം ഇത്രയും മതി.]

ആത്മ അവളെ അവിടെ ഉപേക്ഷിച്ച്, അവിടത്തെ ഷോപ്പിംഗും കഴിഞ്ഞ്, അവള്‍ തന്നെ ആന്റി എന്നു വിളിച്ചത് ആരും കേട്ടുകാണില്ലായിരിക്കും എന്ന സമാധാനത്തോടെ അങ്ങിനെ നടക്കുമ്പോഴാണ് വഴിയിലെ ചെടിക്കടയ്ക്കരികിലിരുന്ന് ഒരു ചൈനീസ് അമ്മുമ്മ,
“അന്റീ... കം.. കം.. ലുക്ക്... ലുക്ക്... ങ്ങ്ഹാ ങ്ങ്ഹീ ങ്ങ്ഹൂ” എന്നൊക്കെ പറഞ്ഞ് കുറെ ചൈനീസ്സ് ‘ഹോം മേഡ് സ്നാക്സു’മായിരുന്ന് പല്ലില്ലാത്ത മോണകാട്ടി ക്ഷണിക്കുന്നു. (ഉദ്ദേശം ഒരു 85, 90 വയസ്സു വരും). ചൈനീസുകാര്‍ ‘ആന്റി’ എന്നു വിളിക്കുന്നത് റെസ്പക്റ്റ് കാണിക്കുന്നതാണത്രെ! രണ്ടെക്സ്ട്രീമിറ്റികളും ചെന്നു മുട്ടുന്നത് എവിടെ? ഒരേ ‘ആന്റി ’വിളിയില്‍.

ഞാന്‍ പറഞ്ഞു, ‘നോ താങ്ക്സ്’ (മോളമ്മുമ്മേ)

[സാരമില്ല എന്നെ ആരും എന്തും വിളിച്ചോട്ടെ. ഈ ‘അമേരിക്കന്‍ ജാലകം’ കാണുമ്പോഴാണ് പ്രയാസം തോന്നുന്നത്. ഞാന്‍ അവര്‍ ചോദിക്കുന്നതും പറയുന്നതുമൊന്നുമല്ല കേള്‍ക്കുന്നത്. ആ ചോദിക്കുന്ന സ്ത്രീ ഇപ്പോള്‍ അവളെക്കാളും പ്രായം കുറഞ്ഞ ആ ‘യങ്ങ് കപ്പിള്‍സി’നെ ഇപ്പോ അങ്കില്‍ ‘ആന്റി’ എന്നു വിളിക്കും, ഇപ്പം വിളിക്കും, ദാ വിളിച്ചു, വിളിച്ചു കഴിഞ്ഞു... ഞാനങ്ങിനെ ദയനീയമായി ആ കപ്പിള്‍സിനെ നോക്കി നില്‍ക്കും ‘എങ്കിലും നിങ്ങള്‍ എങ്ങിനെ ഇതു സഹിക്കുന്നു എന്റെ കുട്ടികളേ, ഈ ആന്റി അങ്കിള്‍‍ വിളി കേട്ടിട്ടും, കുലുങ്ങാത്ത നിഷ്കളങ്കതയോടെ, “ഈ പാട്ട് എന്റെ നാട്ടിലുള്ള..” എന്നൊക്കെ മധുരമായി പറയാനാവുന്നു!) അപ്പോള്‍ എന്റെ ഭര്‍ത്താവ്( ഭയങ്കര പ്രാക്റ്റിക്കല്‍ ആണ്. ഇതുപോലെ പ്രാക്റ്റിക്കല്‍ ആയി ഈ ലോകത്തില്‍ ആരും ഇല്ല) ചോദിക്കും, നീ എന്തിനിത്ര ടെന്‍ഷനടിക്കുന്നു. ഇപ്പോള്‍ ആരെങ്കിലുമൊക്കെ ആന്റി അങ്കിള്‍ എന്നൊക്കെ വിളിക്കുന്നതില്‍ എന്തു കാര്യം. നാം നമ്മള്‍ തന്നെയല്ലെ എന്നൊക്കെ...]

ആത്മ സമാധാനിച്ചു, ‘അല്ലെങ്കിലും മക്കളൊക്കെ വളര്‍ന്നു വരികയല്ലെ, താന്‍ ആന്റിയാകാന്‍ ഇനി മാനസികമായി തന്നെ പാകപ്പെടുത്താന്‍ നോക്കുന്നതല്ലേ ബുദ്ധി?’ ആ പ്രശ്നം അങ്ങിനെ പരിഹരിക്കപ്പെട്ടു. ( ഈ ഷോപ്പിംഗ് കൊണ്ട് എത്ര പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടുന്നത്!]

----
താനിങ്ങനെ ആളുകളുടെ കുറവുകുറ്റങ്ങള്‍ കണ്ടു നടക്കുന്നതുകൊണ്ടോ എന്നറിയില്ല പലപ്പോഴും
സ്വന്തക്കുറവുകള്‍ കാണാന്‍ അമാന്തിക്കുന്നു. എന്നാല്‍ ഇനി കുറച്ചു നേരം സ്വന്തക്കുറവുകള്‍ ഒന്നു കണ്ടുകളയാം. ‘നന്നായി ചീകിയൊതുക്കാത്ത മുടി; അലസമായ വേഷവിധാനങ്ങള്‍ ( ഇവിടെ നന്നായി വേഷവിധാനം ചെയ്തിട്ടും കാര്യമൊന്നുമില്ല ആരും ആരെയും സ്റ്റേയര്‍ /കെയര്‍ ചെയ്യരുതെന്നാണ് നിയമം. ആര്‍ക്കും അതിനൊട്ടു സമയവുമില്ല). പിന്നെ അടുത്തത് തന്റെ ബാഗ്. ഓ! ആത്മയുടെ ചങ്ക് കലങ്ങിപ്പോയി. തന്റെ പാവം ബാഗ് തന്റെ സന്തത ഷോപ്പിംഗ് സഹചാരി. അവള്‍ ഒരു പരുവമായിരിക്കുന്നു. ഞാന്‍ എന്തെ ഇത്രനാളും ഇവളെ ശ്രദ്ധിച്ചില്ല! ഇവള്‍ക്ക് ഒരു റെസ്റ്റ് കൊടുക്കാന്‍ സമയം കടന്നുപോയിരിക്കുന്നു. ഒരു പുതിയ ബാഗ് കിട്ടുന്ന സന്തോഷത്തില്‍ ഈ ബ്ലൊഗ് ജ്വരം ഒന്നു കുറഞ്ഞു കിട്ടുകയും ചെയ്യുമല്ലൊ. ഒരു ബാഗ് വാങ്ങിക്കളയാം.

ഒരു ബാഗു കട ലക്ഷ്യമാക്കി നടന്നു. ബാഗുകാരന്‍ ചീനന്‍ അടുത്തു വന്നു. അവരും മുഖത്തു നോക്കില്ല. (ഞാന്‍ പണ്ടും നോക്കില്ല. എനിക്കായി ദൈവം ഉണ്ടാക്കിവച്ച രാജ്യമാണൊ ഇതെന്നും ചിലപ്പോള്‍ തോന്നാറുണ്ട്) ബാഗുകളൊക്കെ ഓരോന്നോരോന്നായി എന്റെ മുന്നില്‍ വരുന്നു, വിലകള്‍ സ്വയം വെളിപ്പെടുത്തുന്നു ഞാന്‍ ‘നോ’ എന്നു പറയുമ്പോള്‍ അപ്രത്യക്ഷമാവുന്നു...
അതിനിടയില്‍ ഒരു ‘സുന്ദരി ബാഗില്‍’ എന്റെ കണ്ണൊന്നുടക്കി. ഉടന്‍ ആ ബാഗ്‍ ഓടി എന്റെ മുന്നിലെത്തി സ്വയം വില വെളിപ്പെടുത്തി. വില കേട്ടപ്പോള്‍ ഉടന്‍ അവളുടെ എന്തെങ്കിലും ഒരു കുറ്റം കണ്ടുപിടിച്ചിട്ടേ ഇനി അവളെ(ബാഗിനെ) വിടുന്ന പ്രശ്നമുള്ളു എന്ന മട്ടില്‍ ഞാനവളെ മുറുകെപിടിച്ചു, പറഞ്ഞു, ‘ഓ ഇവള്‍ക്ക് ഇത്തിരി വലുപ്പം കൂടിപ്പോയി’. അതുകേട്ടതും ‍ ചൈനീസ് ശബ്ദവും കൈകളുമായി അടുത്ത ബാഗ് മുന്നില്‍ വന്നു സ്വയം വര്‍ണ്ണന തുടങ്ങി. ‘നിങ്ങള്‍ക്ക് പറ്റിയ ബാഗ്. ദാ ഇവിടെ ഹാന്‍ഡ് ഫോണ്‍ ഇടാം, ഇവിടെ നിങ്ങളുടെ എസ് ലിങ്ക് കാര്‍ഡ് (ബസ്സിലും എം.ആര്‍.റ്റിയിലുമൊക്കെ ടിക്കറ്റിനു പകരം ഉപയോഗിക്കുന്ന കാര്‍ഡ്) ഇടാം . അതിനൊക്കെ പുറത്തു തന്നെ അറകളുണ്ട്. വിലയും ന്യായം.’ ‘എങ്കില്‍ ഇതുമതി’.
തുകയും കൊടുത്ത്, താ‍ങ്ക്സ് പറഞ്ഞ് സാധനങ്ങളുമായി വീണ്ടും ബസ്റ്റോപ്പിലേയ്ക്ക്.
------
വേണമെങ്കില്‍ നടന്നുപോകാം. എങ്കിലും നടക്കില്ല.
ബസ്സില്‍ പോകാം. (ജീവിത ഭാരം കുറയ്ക്കാന്‍)
ഇപ്പോള്‍ കാറോഡിക്കാത്തത് ഒക്കെ ഒരു കുറച്ചിലല്ലേ? (ആരോ ഉള്ളിലിരുന്ന് ചോദിക്കുന്നു)
അത് കാറ് സ്വന്തമായിട്ടുണ്ടെങ്കിലല്ലേ? ആത്മ പറഞ്ഞു.
അതിനു നിന്റെ ഭര്‍ത്താവിനുണ്ടല്ലോ?
അദ്ദേഹം അതീന്നു പുറത്തിറങ്ങീട്ട് വേണ്ടേ എനിക്ക് ഓടിക്കാന്‍ കയറാന്‍?
‘അല്ലെങ്കിലും എനിക്ക് അത്ര വലുതൊന്നും വേണ്ട. ഒരു കൊച്ചു കാര്‍ മതി. ഒരു ചുവന്ന മാരുതീ കാര്‍ മതി. നാട്ടിലെ എന്റെ കൂട്ടുകാരിക്കുള്ളപോലെ’ (‘ആത്മേ, ഇപ്പോള്‍ കാറൊക്കെ ഒരു സാധാരണ വസ്തുവായി, ദാ ഈ എനിക്കുപോലും കാറുണ്ട് ’എന്ന് ധീരമായി പ്രഖ്യാപിച്ച എന്റെ സ്വന്തം കൂട്ടുകാരി വനിത.) ആത്മ ഡ്രൈവിങ്ങൊക്കെ പഠിച്ചിട്ട് 10, 20 വര്‍ഷമായി. അതും തിരുവനന്തപുരം പട്ടം, വെള്ളയമ്പലം, പേട്ട, പിന്നെ പേരറിഞ്ഞുകൂടാത്ത പല ഇടങ്ങളിലൂടെയും ഓടിച്ചു പാടുപെട്ട് പഠിച്ചവള്‍. പിന്നേ, ആത്മയുടെ ഡ്രൈവിംഗ് കൊണ്ടല്ലെ ഇനി ഈ നാട്ടുകാര്‍ക്ക് നന്നാകാന്‍!- "നിനക്ക കഴിക്കാന്‍ ആഹാരമില്ലേ, ഉടുക്കാന്‍ വസ്ത്രമില്ലേ, കിടക്കാന്‍ പാര്‍പ്പിടമില്ലേ, പിന്നെ നീ റോഡുനീളെ വണ്ടിയോടിച്ചിട്ടുവേണോ ഇനി ജീവിക്കാന്‍?" (അപ്പോള്‍ ഇതൊന്നും ഇല്ലാത്ത പെണ്ണുങ്ങളാണോ, ലിപ്സ്റ്റിക്കുമൊക്കെയിട്ട്, കൂളിംഗ്ലാസുമൊക്കെ വച്ച് അങ്ങിനെ കാറോഡിച്ച് വിലസുന്നത് എന്നു തിരിച്ചു ചോദിച്ചാല്‍ തര്‍ക്കുത്തരമായിപ്പോവില്ലേ. ചിരിച്ചോണ്ട് ചോദിച്ചാല്‍ വേണമെങ്കില്‍ തമാശയാക്കാം. എന്തായാലും ഒരു കുന്തവുമില്ല പ്രാക്റ്റിക്കലിന്) എന്നൊക്കെ വരും ശരവര്‍ഷങ്ങള്‍. പിന്നെ പ്രാക്റ്റിക്കലായി ചിന്തിച്ചാല്‍, ഭര്‍ത്താവിന്റെയോ അവര്‍ക്ക് പ്രയോജനപ്പെട്ടവര്‍ക്കോ ലൈസെന്‍സ് പോയിന്റ് കുറയുമ്പോള്‍ ആതമയുടെ ലൈസസന്‍സിലെ പോയിന്റുകള്‍ വെട്ടിക്കുറയ്ക്കാം.അങ്ങിനെ ഡ്രൈവിംഗ് പഠിച്ചതുകൊണ്ട് തീര്‍ത്തും പ്രയോജനമില്ലാതില്ല.
-----

ആത്മ അങ്ങിനെ ഓരോന്നാലോചിച്ച് ബസ്റ്റോപ്പെത്തിതറിഞ്ഞില്ല. അവിടെ ഒരിടത്ത് മാറി നിന്ന് വാങ്ങിയ സാധനങ്ങളൊക്കെ ഒന്നു റീ അറേഞ്ജ് ചെയ്യവേ...
അതാ സാധനങ്ങളുടെ ഇടയ്ക്ക് ആ വലിയ ബാഗു സുന്ദരി! പൊങ്ങച്ചക്കാരി.
ദൈവമേ!
ആത്മ തിരിഞ്ഞു നോക്കി.
ഇല്ല പോലീസും പട്ടാളവുമൊന്നും എത്തിയിട്ടില്ല.
പിന്നെ രണ്ടാമതൊന്നാലോചിക്കാതെ ആത്മ ഒരോട്ടമായിരുന്നു (പകുതിവരെ- പിന്നെ നടന്നു- അല്ലെങ്കില്‍ അതും ആപത്താണെന്നു തോന്നി) ബാഗുകടയില്‍ തിരിച്ചെത്തിയിട്ടേ ശ്വാസം വീണുള്ളു.
എത്തിയിട്ടും ശ്വാസം നന്നായി വീണീല്ല . വലിയ സത്യസന്ധതയോടെ (കണ്ടോ ഒരിന്ത്യക്കാരിയുടെ സത്യസന്ധത എന്നപോലെ), “ഇതാ നിങ്ങളുടെ ബാഗ് ഇതുവരെ എന്റെ കൂടിയുണ്ടായിരുന്നു” എന്ന് ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു.
( അവര്‍ക്ക് ഭാക്ഷ പ്രശ്നമല്ല. ചൈനീ കണ്ണുകള്‍ സൂക്ഷം എന്റെ നീട്ടിപ്പിടിച്ച കൈകളിലെ ബാഗ്
കാണുന്നു, ചൈനീസ് കൈകള്‍ നീണ്ടുവന്ന് അത് ത്സിടീന്ന് സ്വീകരിച്ച്, ‘ഓ! താങ്ക്യു, താങ്ക്യു’ എന്ന് വളരെ മധുരമായി പറയുന്നു.
ഇത്രയുമായപ്പോഴേ എന്റെ‍ ശ്വാസം നേരെ വീണുള്ളു.

----
താന്‍ അഭിനന്ദിക്കപ്പെട്ടില്ലെങ്കിലും തെറ്റിധരിക്കപ്പെട്ടില്ലല്ലൊ എന്നുമുള്ള ആശ്വാസ്ത്തില്‍ അങ്ങിനെ എന്തൊ ഒരു വീരക്ര്‌ത്യം ചെയ്തമാതിരി തിരിച്ചു നടക്കുമ്പോള്‍... മനസ്സില്‍ ആശ്വസിച്ചു, ഇത്രയും വലിയ സംഭവത്തിനെങ്കിലും എന്നെ എന്റെ ബ്ലോഗ് ജ്വരത്തില്‍ നിന്ന് രക്ഷിക്കാനാവുമായിരിക്കും.
അപ്പോല്‍ മനസ്സിനകത്തിരുന്ന് മറ്റൊരു കുരങ്ങന്‍ മനസ്സാക്ഷി പറയുന്നു, ‘അയ്യോ ആത്മേ നിനക്ക് ബ്ലോഗെഴുതാന്‍ പുതിയ ഒരാശയം കൂടി കിട്ടിയിരിക്കുന്നു! സന്തോഷിക്കൂ...!’

അങ്ങിനെ എന്തില്‍ നിന്നു രക്ഷപ്പെടാ‍നാണോ ആത്മ ഈ കൊട്ടവെയിലത്ത് വെളിയില്‍ പോയതോ
അവിടെതന്നെ തിരിച്ചെത്തിയിരിക്കുന്നു വീണ്ടും. ഇതാണ് പറയുന്നത്. ‘അവരവര്‍ ചെയ്യുന്ന തെറ്റുകള്‍ അവരവര്‍ തന്നെ തിരുത്തിയാലേ മതിയാവൂ . അല്ലെങ്കില്‍ അത് നമ്മെ എന്നും പിന്തുടര്‍ന്നുകൊണ്ടെ ഇരിക്കും മരണം വരെ. അല്ല മരണം കഴിഞ്ഞും.’

This entry was posted on 10:48 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments