വീണ്ടും ബ്രൂസിലി!  

Posted by Askarali

മായക്ക് അന്ന് തീരെ സുഖമില്ല. അമ്മ ഓഫീസില്‍. സ്ക്കൂള്‍ അവധി. അനിയന്‍ പുറത്തെവിടെയോ കളിക്കുന്നു. ജോലിക്കാരിയോട് തന്റെ ശരീര ക്ഷീണം പറയാനും തോന്നിയില്ല. അമ്മ വരട്ടെ. അസുഖമാണെന്നൊക്കെ കണ്ടാല്‍ പിന്നെ അമ്മയ്ക്ക് ഭയങ്കര സ്നേഹമാണ്. ഇടയ്ക്കിടക്ക് വന്ന് നെറ്റിയില്‍ കൈവച്ചു നോക്കും, പഠിക്കാനൊന്നും നിര്‍ബന്ധിക്കില്ല, നല്ല ചക്കരക്കാപ്പിയൊക്കെ ഇട്ട്, അടുത്ത് വന്നിരിക്കും...

അമ്മയുടെ ഈ സ്നേഹവും പരിചരണവും കിട്ടാന്‍ വേണ്ടി, ചെറിയ അസുഖങ്ങള്‍ വന്നാല്‍പ്പോലും ഊതിപ്പെരുപ്പിച്ച്, വലിയ അവശത കാട്ടി നടക്കുമായിരുന്നു മായ. ഒരു ജലദോഷമോ പനിയോ ഒക്കെ വന്നാല്‍ പിന്നെ ഒരാഴ്ച്ച വരെ നീട്ടിപ്പിക്കും അതിന്റെ ലക്ഷണങ്ങള്‍. ജലദോഷമാണ് എളുപ്പം. പനി കുറഞ്ഞാലും മൂക്ക് അടഞ്ഞ് ശബ്ദമാണ്. അത് വലിയ അവശതയോടെ പല പ്രകാരത്തിലും അമ്മയെ മൂളി കേള്‍പ്പിച്ച് അമ്മയുടെ അറ്റന്‍ഷന്‍ കിട്ടായായി അങ്ങിനെ ഞരങ്ങിയും മൂളിയും നടക്കും. കെയര്‍ ഫ്രീ ആയി.

അമ്മ വരുമ്പോള്‍ 'അസുഖം കുറച്ചുകൂടി പ്രത്യക്ഷമാകണേ', എന്ന പ്രാര്‍ത്ഥനയുമായി മായ അങ്ങിനെ മൂടി പുതച്ചു കിടക്കുമ്പോഴാണ് മധു തൊടിയിലെവിടുന്നോ ഒരു പടവുമായി ഓടിവരുന്നത്,
വന്നയുടന്‍ അവന്‍ ചോദിക്കുന്നു,
“നീ ഇതു കണ്ടോ?”
മധു ഒരു ശോഷിച്ച മനുഷ്യന്‍ മുഷ്ടിയും ചുരുട്ടി നില്‍ക്കുന്ന പടം കാണിക്കുന്നു. മായക്ക് എന്തോ പന്തികേട് തോന്നുന്നു
“എനിക്കറിയില്ല, നീ ഒന്നു പോകുന്നുണ്ടോ. എനിക്ക് പനി വരാന്‍ പോകുകയാണ്” .
മധുവിന് ബ്രൂസിലിയെക്കാളും വലുതോ പനിയെന്ന ദേഷ്യം വരുന്നു.
“ഇത് ബ്രൂസിലിയാണ്” അവന്‍ വീണ്ടും ആവര്‍ത്തിക്കുന്നു.
“എനിക്കറിയില്ല ബ്രൂസിലിയെ ഒന്നും എനിക്ക് പനിവരാന്‍ പോവുകയാണെന്ന് പറഞ്ഞില്ലേ നീ ഒന്നു പോകുന്നുണ്ടോ” മായ ഒന്നുകൂടി ആവര്‍ത്തിച്ചു.
മധു, മായയുടെ പ്രതികരണം വകവയ്ക്കാതെ, 'ഇത് ബ്രൂസിലിയാണ്, ബ്രൂസിലി ഇടിക്കുന്നത് കണ്ടിട്ടുണ്ടോ?'' “ദാ ‘ഇങ്ങിനെ’ ‘ഇങ്ങിനെ’ ‘ഇങ്ങിനെ’... എന്നൊക്കെ പറഞ്ഞ് അന്തരീക്ഷത്തില്‍ മുഷ്ടി ചുരുട്ടി കുറെ നേരം അഭ്യാസം കാണിച്ച് ബ്രൂസിലി ഇഫക്റ്റ് വരുത്താന്‍ ശ്രമിക്കുന്നു.
ഇതെന്തു കോപ്രായമാണെന്നറിയാതെ മായ പകക്കുന്നു. ‘അല്ലെങ്കിലും വാരിയെല്ലു മുപ്പത്തിരണ്ടും കാണാം. ഇനി ബ്രൂസിലി ആവാത്തതിന്റെ കുറവേ ഉള്ളു’ എന്നോര്‍ത്ത് തിരിഞ്ഞതും..
അന്തരീക്ഷത്തില്‍ ഒന്നും തടയാത്തതുകൊണ്ട്, നിരാശനായ മധുവിന്റെ ബ്രൂസിലി ഇടികള്‍ നാച്യുറലി മായയുടെ പനിപിടിച്ചുകിടക്കുന്ന ശരീരത്തിന്റെ നേര്‍ക്കാകുകയും ചെയ്യുന്നു.
ചറപറാ ബ്രൂസിലി ഇടികള്‍ ദേഹത്തില്‍ വീഴുന്നതേ മായക്കറിയൂ . എങ്ങിനെ തടുക്കണമെന്നറിയാതെ മായ പകയ്ക്കുന്നു. ഒന്നാമത് വരാന്‍ പോകുന്നെന്നു തോന്നിയ പനിയുടെ ക്ഷീണം അധികരിക്കുന്നപോലെ.
ശരീരമാസകലം ബ്രൂസിലി ഇടികല്‍ കിട്ടിയ മായ തിരിച്ചൊന്നും ചെയ്യാതെ തളരുന്നതുകണ്ട്,
(അല്ലെങ്കില്‍ ഒന്നിനൊമ്പതായി തിരിച്ചും നല്‍കാറുള്ള മായ, അടുത്തുകിട്ടിയില്ലെങ്കില്‍ അരികത്തുകിടക്കുന്ന കല്ലെങ്കിലും പെറുക്കി എറിഞ്ഞ് വാശി തീര്‍ത്തേ അടങ്ങാറുള്ള മായ; ഒടുവില്‍ അമ്മയെന്ന ‘കോമണ്‍ വില്ലി’ പ്രതികരിക്കാനായി പ്രത്യക്ഷപ്പെടുമ്പോഴേ രണ്ടുപേരും ഒന്നാവൂ. പിന്നെ അമ്മയറിയാതെ ശരീരത്തിലേറ്റ മുറിവുകള്‍ എണ്ണലാണ് പ്രധാന പരിപാടി. എനിക്ക് പത്ത്, എനിക്കും പത്ത് (ഒമ്പതെന്നു പറഞ്ഞുകൂട, അപ്പോള്‍ തന്നെ കുറവു തീര്‍ത്തുതരും) ‘എനിക്ക് പതിനൊന്ന്’ . ‘എനിക്കും പതിനൊന്ന്’, എന്നിങ്ങനെ പരസ്പരം ആശ്വസിപ്പിച്ച് വേദന പരിഹരിക്കും ഇരുവരും ) മധു ഇടി നിര്‍ത്തി പിന്മാറുന്നു.

മായ പോയി മൂടിപ്പുതച്ചു കിടക്കുന്നു
ഇപ്പോള്‍ പനി ശരിക്കും പിടിച്ചു.

അമ്മ അരുമ്പോള്‍ ബ്രൂസിലി ഇടികളും വാങ്ങി, മിണ്ടാനാവാതെ അനങ്ങാനാവാതെ തളര്‍ന്നു കിടക്കുന്ന മായയും. തെളിവൊന്നുമില്ലാതെ രക്ഷപ്പെട്ട കുറ്റവാളി, ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ’ എന്നും ഭാവിച്ച്, മിഠായിയുണ്ടോ, ബിസ്ക്കറ്റുണ്ടോ എന്നൊക്കെ അമ്മയുടെ ബാഗ് തപ്പലും...
‘ഇനിയും നിന്നെ എന്റെ കയ്യില്‍ കിട്ടാതിരിക്കില്ലാ.. നീയും നിന്റെ ബ്രൂസിലിയും’. മായ നിറകണ്ണുകളോടെ ആ രംഗം നോക്കിക്കിടന്ന്, ആത്മഗതം തുടരുന്നു, ‘സുഖമയെണീക്കട്ടെ ആദ്യം ഇവന്റെ ബ്രൂസിലിയെ ഇല്ലാതാക്കീട്ടു തന്നെ കാര്യം.’

മാസങ്ങള്‍ കഴിഞ്ഞ്, ‘ബ്രൂസിലി പടം കാണാന്‍ പോകണോ?’ എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ മധു ആദ്യമായി മായയെ(ചേച്ചിയെ) വിനീതമായി നോക്കി, മായ മാന്യമായി തന്നെ പറഞ്ഞു, ‘അയ്യേ, അത് ആണുങ്ങള്‍ക്ക് മാത്രമുള്ള പടമാണ്’. (മധുരമായ പ്രതികാരം!)

ഇടികൊണ്ടെങ്കിലെന്ത്, ഒരിക്കലെങ്കിലും അവന്‍ തന്നെ ചേച്ചിയായി അംഗീകരിച്ചല്ലൊ. എല്ലാ വിജയത്തിനു പിന്നിലും വേദനാജനകമായ കുറെ അനുഭവങ്ങള്‍ കാണും എന്നു പറയുന്നതിതുകൊണ്ടാകാം..

പിന്നീട് കുറച്ചുകൂടി വലുതായപ്പോള്‍ അനിയന്‍ കൂട്ടുകാരോടൊപ്പം പോയി നിറയെ ബ്രൂസിലി പടങ്ങള്‍ കണ്ടു കാണും... കാണാതിരിക്കില്ല.

വര്‍ത്തമാനകാലം
‘ഹലൊ മധുവാണോ’?
‘അതെ’.
‘ഇതു മായയാണ്. അവിടെ അച്ഛനും അമ്മയുമൊക്കെ സുഖമായിട്ടിരിക്കുന്നൊ’?
‘ഇവിടെ എല്ലാപേര്‍ക്കും സുഖം തന്നെ.മോന് അമ്പലത്തില്‍ ഇന്നൊരു സംഗീതകച്ചേരിയുണ്ട്. കൊണ്ടുപോകാനൊരുങ്ങുന്നു’.
‘പിന്നേ മധൂ, നിനക്ക് നമ്മുടെ കുട്ടിക്കാലമൊക്കെ നന്നായോര്‍മ്മയുണ്ടല്ലൊ അല്ലെ’?
‘പിന്നെ, നല്ല ഓര്‍മ്മയുണ്ട്. അതല്ലേ ഓര്‍മ്മകള്’.
‘‍ഞാന്‍ ചോദിക്കാന്‍ കാര്യം, ഞാന്‍ ഇപ്പോള്‍‍ അതിനെപ്പറ്റി മലയാളം ബ്ലോഗില്‍ എഴുതുന്നു, ഒരു കഥപോലെ. നിനക്കോര്‍മ്മയുണ്ടോ ഞാന്‍ ഊഞ്ഞാലില്‍ നിന്ന് വീണതൊക്കെ’?
‘പിന്നെ നല്ല ഓര്‍മ്മയുണ്ട് , നീ പുളിമര‍ത്തിന്റെ മുകളിലൂടെ പറന്ന് പറന്ന് (എന്റെ അതേ വാക്കുകള്‍!)(അവന്‍ ബ്ലോഗിനെ പറ്റി കൂടുതല്‍ ശ്രദ്ധിക്കുന്നില്ല, ഓര്‍മ്മകളും, മെമ്മറി പവ്വറിലുമാണ് അവന്‍ കൂടുതല്‍ കോണ്‍സന്‍ഡ്രേറ്റ് ചെയ്യുന്നത്. അതേതിനും ഭാഗ്യമായി, അല്ലെങ്കില്‍ അവന്റെ ഈ അപാര ഓര്‍മ്മയും, വായനയും -എസ്. കെ പൊറ്റക്കാടും, എം. മുകുന്ദനും, തകഴിയും,പെരുമ്പടവും - ഒക്കെ ക്കൂടി അവന്‍ ബ്ലോഗെഴുതാനെങ്ങാനും വന്നാല്‍ പിന്നെ, -ഏതു നിമിഷവും അവന്റെ ഉള്ളിലെ വായനക്കാരന്‍ എഴുത്തുകാരനായി മാറാന്‍ സാദ്ധ്യതയുണ്ട്.- ആ നിമിഷം താന്‍‍ എഴുത്ത് നിര്‍ത്തുന്നതാണ് മാന്യത. അതിനുമുമ്പ് തനിക്ക് പറയാനുള്ളത് താന്‍ പറഞ്ഞു നിര്‍ത്തട്ടെ, ഒന്നുമില്ലെങ്കിലും പതിനൊന്നു മാസത്തെ സീനിയോരിറ്റി...)
മധു തുടരുന്നു, ‘എന്റെ സഹപ്രവര്‍ത്തകരൊക്കെ എന്റെ ഓര്‍മ്മശക്തിയെപ്പറ്റി ഭയങ്കര മതിപ്പാണ്. കുഞ്ഞിലെ ഉള്ള സകല കാര്യങ്ങളും എനിക്കോര്‍മ്മയുണ്ട്.
മായ, ‘പാക്കരന്‍ കളിയിലിനു ‍ തീ വച്ചത് ’
മധു, ‘അത് പാക്കരനല്ല അവന്റെ അനിയന്‍ സുകുമാരനാണ്’
‘ഓ, ഞാന്‍ പേര് ഒന്നു മാറ്റി’. ഞാനിതൊക്കെ കഥപോലെ എഴുതുന്നുണ്ട്.
‘എഴുത് എഴുത് എനിക്ക് എല്ലാം നല്ല ഓര്‍മ്മയുണ്ട്’.
നീ ഡിസമ്പറില്‍ വരില്ലേ?
വരും.
അപ്പൊ ശരി.
(മധു ബ്ലോഗെഴുത്തില്‍ ശ്രദ്ധിക്കുന്നില്ല. മധുവിന് മക്കളുടെ പാട്ടും ഡാന്‍സുമാണ് തല്‍ക്കാലം

ഇംപോര്‍‍ട്ടന്‍സ് എന്ന് കണ്ട് മായ ആശ്വാസത്തോടെ നിശ്വസിക്കുന്നു. ഏതിനും പ്രധാനനായകന്റെ അനുമതി കിട്ടിയല്ലൊ എഴുതാന്‍. സമാധാനമായി. ഇനി ഒരുകാലത്ത്-വളരെ പേരും പ്രസിദ്ധിയും ഒക്കെ കിട്ടുമ്പോള്‍-, ‘നീ എന്തിന് ഞങ്ങളെപ്പറ്റി ബ്ലോഗില്‍ എഴുതി?’ എന്നെങ്ങാനും പറഞ്ഞ് ആരെങ്കിലും കേസുകൊടുത്താല്‍ മധു ‘രക്ഷിക്കും, രക്ഷിക്കാതിരിക്കില്ല’).

This entry was posted on 11:06 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments