ഭയങ്ങള്‍  

Posted by Askarali

ഈയ്യിടെ എന്റെ മകള്‍ പറഞ്ഞു, "അമ്മേ അമ്മക്കോര്‍മ്മയുണ്ടോ? പണ്ട് നമ്മള്‍ ഇന്ത്യയില്‍ പോയപ്പോള്‍ ഒരിക്കല്‍ അമ്മയുടെ അമ്മാവന്‍ വന്ന് അമ്മയേയും അമ്മുമ്മയേയും ഒക്കെവലിയ ഒച്ചവച്ച് വഴക്കുപറഞ്ഞു. ഞാന്‍ അന്ന് കൊച്ചു കുട്ടിയായിരുന്നു. എങ്കിലും എനിക്കോര്‍മ്മയുണ്ട്,അമ്മാവന്‍ അമ്മയെ വഴക്കുപറയാതിരിക്കാനായി ഞാന്‍ ഓടി മുറ്റത്ത് ചെന്ന് ഒരു പൂപറിച്ച് അമ്മാവന്റെ കയ്യില്‍ കൊടുത്തു. അമ്മാവന്‍ പൂവാങ്ങി കയ്യില്‍ വച്ചിട്ട് വീണ്ടും വഴക്കു തുടരും ഞാന്‍ വീണ്ടും ഓടി മുറ്റത്തുപോയി പൂപറിച്ച് അമ്മാവനു കൊടുക്കും അമ്മയെ അമ്മാവന്‍ വഴക്കുപറയാതിരിക്കാന്‍".

ഞാന്‍ അതിശയിച്ചുപോയി.ഇത്ര ചെറുപ്രായത്തില്‍ സാഭവിച്ചത് അവള്‍ ഓര്‍മ്മിച്ചു വച്ചിരിക്കുന്നല്ലൊ!

അവള്‍ വീണ്ടും ചോദിച്ചു, "അമ്മ്ക്കോര്‍മ്മയുണ്ടൊ ആ അമ്മാവനെ? എന്തിനാണ് അയാള്‍ അമ്മയെയും അമ്മുമ്മയെയും വഴക്കു പറഞ്ഞത്? അയാളുടെ കയ്യില്‍ ഒരു മൈലൊ റ്റിന്നും ഉണ്ടായിരുന്നു. എറിയാനായി".

ഞാന്‍ പറഞ്ഞു, "അങ്ങിനെ ഞങ്ങളെ , പ്രത്യേകിച്ചും എന്റെ അമ്മയെ വഴക്കുപറായാനായി അവിടെ ഗ്രാമത്തില്‍ ആരുമില്ലായിരുന്നു. ഒരു വലിയമ്മയുടെ മകന്‍ ഫുള്‍ റ്റൈം കള്ളുമടിച്ച് കറങ്ങി നടക്കുന്ന മൂത്ത ‍അണ്ണന്‍ -അണ്ണാണ്ണന്‍ എന്നു ഞങ്ങള്‍ വിളിയ്ക്കും- പോലും അമ്മയുടെ ശാബ്ദം കേട്ടാല്‍ പത്തിയൊക്കെ താഴ്ത്തി നടന്നകലും".

അപ്പോള്‍ ഓര്‍മ്മ വന്നു. മറ്റൊരപ്പച്ചിയുടെ മകനുണ്ട്, ഡെല്‍ഹി വാല. അയാള്‍ ഇംഗ്ലണ്ടില്‍ പോയ ഞങ്ങളുടെ വലിയച്ഛനെ അനുകരിച്ച് എല്ലാവരോടും അല്പം ശംബ്ദമുയര്‍ത്തി, ഭയപ്പെടുത്തുന്നതു പോലെയേ സംസാരിക്കുമായിരുന്നു. (വലിയച്ഛനു തികച്ചും എല്ലാവരെയും ഭരിക്കാന്‍ ലൈസന്‍സുണ്ടായിരുന്നു) അയാളുടെ മനസ്സില്‍ കേരളം വിട്ട് വെളിയില്‍ പോയി മടങ്ങിവന്നാല്‍ നാട്ടിലുള്ളവരോടോക്കേ ഒച്ച വച്ചു സംസാരിക്കണം എന്നതായിരിക്കണം. അതിനുവേണ്ടി, മറ്റുള്ളവരുടെ കുറ്റമോ കുറവോ വല്ലതും അമ്മയുടെ മുന്നില്‍ അവതരിപ്പിച്ചതാവും എന്റെ മകള്‍ വഴക്കായി കണ്ടത്. ഞാനും ഭയന്നു നിന്നത്രെ. ഞാന്‍ ഒരു പക്ഷെ, അയാളുടെ വിദേശ ഗ്ലാമറിനെ മാറ്റു കുറയാതിരിക്കാന്‍ അങ്ങിനെ അഭിനയിച്ചതാകും.

എന്നാലും പിള്ള മനസ്സില്‍ കള്ളമില്ലല്ലോ. അവള്‍ പറയുകയാണ്, “ഞാന്‍ വീണ്ടും പലപ്പോഴും സ്വപ്നത്തില്‍ പോലും ആ അമ്മാവന്‍ നിങ്ങളെ വഴക്കു പറയുന്നതായും ഞാന്‍ പൂ പറിക്കാനോടുന്നയും കാണാറുണ്ട്”.

അവളുടെ മനസ്സില്‍ പതിഞ്ഞുപോയ ആ രംഗം ഇനി മായ്ക്കാനാവില്ലാ‍ായിരിക്കാം. എനിക്ക്
ഇത്ര ചെറുതിലേ എന്റെ മകള്‍ എന്നെ രക്ഷിക്കാന്‍ ചെയ്ത് വീരകൃത്യം ഓര്‍ത്ത് ചിരിയും വന്നു, ഒപ്പം
ചെറിയ കുട്ടികള്‍ കാണിക്കുന്ന വലിയ കാര്യങ്ങള്‍ നമ്മള്‍ കാണാതെ പോകുന്നല്ലൊ! എന്നുമോര്‍ത്തു.

--
എന്റെ ചെറുതിലേ ഇതുപോലെ എന്നെ പേടിപ്പിക്കുന്ന ഒരു സ്വപ്നമുണ്ടായിരുന്നു. ഒരിക്കല്‍ എന്തോ വസ്തു തര്‍ക്കമോ അതിര്‍ത്തി തര്‍ക്കമോ ഒക്കെ വന്നപ്പോള്‍ ഒരു കുഞ്ഞമ്മയുടെ ഭര്‍ത്താവ് വന്ന് അമ്മയെയും തൊണ്ണൂറു കഴിഞ്ഞ അമ്മുമ്മയേയുമൊക്കെ ഭീക്ഷണിപ്പെടുത്തിയ രംഗം ഇപ്പോഴും ഓര്‍ക്കുന്നു...

കട്ടിലില്‍ കിടക്കുന്ന അമ്മുമ്മയുടെ അടുത്ത് ഒരു സ്റ്റൂള്‍ പിടിച്ചിട്ട് ഇരുന്ന്, അയാള്‍ ഉച്ചത്തില്‍ എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ പറഞ്ഞു നിര്‍ത്തിയത് ഇങ്ങ്നെയാണ്. “ഇതിനൊരു തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മുറ്റത്ത് ഞാന്‍ അഞ്ചു കുഴികള്‍ എടുക്കും. ഒന്ന് - ന് (എന്റെ അച്ഛന്), ഒന്ന് - യ്ക്ക് ( എന്റെ അമ്മയ്ക്ക്), ഒന്ന് -യക്ക് (എനിക്ക്), ഒന്ന് -നുവിന് (അനിയന്), ഒന്ന് മുത്തശ്ശിയ്ക്ക്. എന്തിനെന്നോ? എല്ലാറ്റിനേയും വെട്ടി അതിലിട്ട് മൂടാന്‍”

ദൈവമേ! വാതിലില്‍ മറവില്‍ ഒളിച്ചു നിന്നിരുന്ന എന്റെ സര്‍വ്വ നാടികളും മരവിച്ചു. ഞാന്‍ ആ രംഗം ഭാവനയില്‍ കണ്ടു. അയാളുടെ ഏറ്റവും അടുത്ത് അമ്മുമ്മയാണ്. ആദ്യം അമ്മുമ്മയുടെ കഥ കഴിഞ്ഞതുതന്നെ! അടുത്ത ഇര ഞാനായിരിക്കും. പുറത്തെങ്ങോ ഓടിക്കളിച്ചുകൊണ്ടു നില്‍ക്കുന്ന അനിയനെ ഓടിച്ചിട്ട് പിടിക്കുന്ന രംഗവും, കുടയും ബാഗുമൊക്കെയായി ഗൌരവത്തില്‍ വരുന്ന അച്ഛനെയും, സാരിയൊക്കെയുടുത്ത കോമളാംഗി അമ്മയെയും ഒക്കെ വെട്ടുന്ന രംഗവും ഒക്കെ ഓര്‍ത്തപ്പോള്‍, (ഓര്‍മ്മ മുഴുവനാക്കാന്‍ കൂടി ശക്തിയില്ലാതെ), ‘ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലും’ എന്ന പരുവത്തില്‍... അയാളുടെ കണ്‍ വെട്ടത്തൊന്നും പെടാതെ നുഴഞ്ഞു മാറിയ ഒരോര്‍മ്മ.

കുട്ടിക്കാലത്ത് ചെറിയ ഒരു കുടുംബ വഴക്കുണ്ടായാല്‍പ്പോലും പലപ്പോഴും രാത്രി അയാള്‍ കത്തിയുമായി വന്ന് എല്ലാവരെയും വെട്ടുന്ന രംഗം ഉയര്‍ന്നു വരുമായിരുന്നു.

പിന്നീട് വലുതായപ്പോള്‍ സ്ക്കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍, നെറ്റിയില്‍ വലിയ ചന്ദനക്കുറിയുമൊക്കെയിട്ട് അയാള്‍ എതിരിനു വരുന്നതുകാണുമ്പോള്‍ ആദ്യം നോക്കുന്നത് കയ്യില്‍ കൊടുവാളുണ്ടോ എന്നാണ്. ആദ്യത്തെ ഇരയാണോ താന്‍ അധവാ അവസാനത്തെതോ?

മുറുക്കിച്ചുവപ്പിച്ച ചുണ്ടില്‍ നിന്നും നല്ല വെളുത്ത പല്ലുകള്‍ പുറത്തുകാട്ടി ചിരിച്ചാലോ, മിഠായിയോ മറ്റോ വച്ചു നീട്ടിയാലോ ഒക്കെ മരവിച്ചപോലെ നില്‍ക്കും. ഇതൊക്കെ കാട്ടി അടുത്തു വിളിച്ച് കൊല്ലാനായിരിക്കും പ്ലാന്‍ എന്നാണ് ഭയമുദിക്കുന്നത്. അയാള്‍ അകന്നു കഴിയുമ്പോഴാണ് ശ്വാസം നേരെ വിടുന്നത്.

പ്രായവും പക്വതയും ഒക്കെ വന്നപ്പോള്‍ (അല്പം പതുക്കെയേ വരികയുള്ളു താനും) ആണു അയാളെ മനുഷ്യനായി അംഗീകരിക്കാന്‍ കഴിഞ്ഞത്. അന്ന് ജീവിത പ്രാരബ്ധങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ അറിയാതെ പറഞ്ഞുപോയതാകും. അടുത്തറിഞ്ഞപ്പോള്‍ ഇതുപോളെ പാവം ഒരാളെ കാണാന്‍ കിട്ടില്ല. അത്ര പാവമായിരിന്നു അമ്മാവന്‍.

This entry was posted on 10:31 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments