Posted by Askarali

ഗ്രാമത്തില്‍ എനിക്കൊരു അമ്മുമ്മയുണ്ടായിരുന്നു. തൊണ്ണൂറു വയസ്സു കഴിഞ്ഞ അമ്മുമ്മ. നൂറുവയസ്സു കഴിഞ്ഞപ്പോള്‍ പിന്നീട് അമ്മുമ്മയുടെ വയസ്സ് എണ്ണുകയില്ലായിരുന്നു. അച്ഛന്‍ ‍നിഷ്കര്‍ഷിച്ചതാണ്. അച്ഛന് അമ്മുമ്മ ഒരു പഴയ നിധിപോലെ, ഒരു പുരാതനവസ്തുപോലെ സൂക്ഷിച്ചുവ്യ്ക്കാനുള്ള ഒന്നായിരുന്നു. പണ്ടത്തെ പ്രതാപവും പാരമ്പര്യത്തിന്റെയും ഒക്കെ ഒരുബാക്കിപത്രം.[അച്ഛമ്മയുടെ ഏറ്റവും ഇളയ മകനായിരുന്നു,‘കൊച്ചിക്ക’ എന്ന ഓമനപ്പേരില്‍ അമ്മുമ്മ വിളിച്ചിരുന്ന തന്റെ അച്ഛന്‍. അതുപോലെ അമ്മാമ്മയുടെ ഏറ്റവും ഇളയ മകള്‍ എന്റെ അമ്മയും. .അതുകൊണ്ട് ഞങ്ങളുടെ ചെറുതിലേ, അമ്മുമ്മമാര്‍ തീരെ വയസ്സായിരുന്നു. ഒരാള്‍ക്ക് 80 കഴിഞ്ഞും ഒരാള്‍ നൂറിനടുത്തും.ഞങ്ങള്‍ക്ക് ഒരുപാട് കസിന്‍ സിസ്റ്റേര്‍സും ബ്രദേര്‍സും ഉണ്ടായിരുന്നു. ഞങ്ങളെ എടുത്തു വളര്‍ത്തിയവര്‍, ഭീക്ഷണിപ്പെടുത്തിയവര്‍, അങ്ങിനെ പലപ്രകാരത്തിലും സ്വാധീനിച്ചവര്‍.]

മെലിഞ്ഞു വെളുത്ത എന്റെ അമ്മുമ്മ; എപ്പോഴും വെള്ള മുണ്ടും നേര്യതും ഉടുത്ത്, തല മൊട്ടയടിച്ച അമ്മുമ്മ; അച്ഛന്റെ അമ്മ. സദാ സമയവും കട്ടിലിൽ കണ്ണുതുറന്ന്‌, കിടക്കുന്ന, പുറത്തു നടക്കുന്ന സകലതും ഉൾക്കണ്ണുകൊണ്ട്‌ കാണാനാവുന്ന അമ്മുമ്മ. എപ്പോഴും വെള്ള വസ്ത്രം മാത്രം ധരികുന്ന, രാമായണവും മഹാഭാരതവും കഥകൾ മുഴുവൻ ഹൃദിസ്തമാക്കിയിരുന്ന അമ്മുമ്മ. ദേവയാനിയുടേയും ശർമ്മിഷ്ഠയുടേയും കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത്‌ മായയെ വിവരിച്ചു കേൾപ്പിച്ച, പല്ലു കൊഴിഞ്ഞിട്ടില്ലാത്ത അമ്മുമ്മ.

അമ്മുമ്മയുടെ മൊട്ട തലയിലെ മുടി അൽപ്പം വളരുമ്പോൾ അടുത്ത കടയിലെ അമ്പട്ടൻ വരും തന്റെ എല്ലാ ആയുധങ്ങളുമായി. മായയും മധുവും ഒഴിവു ദിവസങ്ങളിൽ അമ്പട്ടോന്റെ കടയിൽ പോയി ഇരുന്നു തങ്ങളുടെ ഊഴം വരുമ്പോൾ മാത്രമേ മുടി വെട്ടൂ. (12 വയസ്സു വരെ മായയുടെ മുടിയും ആണുങ്ങളെപ്പോലെ നീളം കുറച്ച്‌ വെട്ടിപ്പിക്കുമായിരുന്നു അച്ഛൻ)

അങ്ങിനെ അമ്പട്ടോൻ വീട്ടിൽ വന്ന്‌ അമ്മുമ്മയെ നടുമുറ്റത്ത്‌ സ്റ്റൂളിൽ പിടിച്ചിരുത്തി മുടിവെട്ടുമ്പോൾ അമ്മുമ്മ വലിയ രാജകീയ ഭാവത്തിൽ ഇരിക്കും. അതുകാണുമ്പോൾ തോന്നും അമ്മുമ്മയാണു ഈ വീട്ടിൽ ഏറ്റവും ബഹുമാന്യ വ്യക്‌തി. അച്ഛൻ പോലും അമ്പട്ടോന്റെ കടയിൽ ഊഴം കാത്ത്‌ മുടി വെട്ടുമ്പോൾ അമ്മുമ്മയ്ക്കല്ലേ ഈ പ്രത്യേകതകളൊക്കെയുള്ളു!

അമ്മുമ്മ മുടി വെട്ടുന്നതും തലയിൽ എണ്ണ തേയ്ക്കുന്നതും ഒക്കെ നാളും തീയതിയും ഒക്കെ നോക്കിയാണു. അപ്പച്ചിമാർ വീട്ടിൽ വരുമ്പോൾ അവരോട്‌ ചോദിച്ച് ‌ നാൾ ഒന്നുകൂടി ഉറപ്പു വരുത്തിയ ശേഷമേ എണ്ണ തേയ്ക്കൂ.

മായയുടെ അമ്മയ്ക്ക്‌ അതിലൊന്നും വിശ്വാസമില്ല. ദൈവത്തിൽ മാത്രമേ വിശ്വാസമുള്ളു. അമ്മ വിളിക്കുന്നത്‌ "എന്റെ ദൈവമേ" എന്നാണെന്നു മാത്രം. അതുകേൾക്കുമ്പോൾ മായ ഓർക്കും ദൈവവും അമ്മയുടേതു മാത്രമായോ എന്നു.

This entry was posted on 11:02 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments