ആ‍ത്മാവിന്റെ കരച്ചില്‍...  

Posted by Askarali

രവിലെ എണീറ്റപ്പോള്‍ ഉള്ളില്‍ ആത്മാവ് എന്തോ ഘനീഭവിച്ച ദുഃഖത്താല്‍ കരയുന്നു.
ആത്മ ചോദിച്ചു ,’എന്തു പറ്റി ആത്മാവേ, നിന്നെ വല്ലവരും അടിച്ചോ? അതോ വഴക്കുപറഞ്ഞോ’?
'ഊ ഹും'.
‘പിന്നെ എന്തിനാ ഇങ്ങിനെ വിങ്ങിപ്പൊട്ടുന്നത്’?

ആത്മാവ് പതിയെ പറഞ്ഞു തുടങ്ങി,...

‘അത്, ഞാന്‍ ഒരു സ്വപ്നം കണ്ടുകൊണ്ടു കിടക്കുകയായിരുന്നു, സ്വപ്നത്തില്‍, ഞാന്‍ എന്റെ ഇതുവരെയുള്ള കുറെ എഴുത്തുകള്‍ (സാഹിത്യങ്ങള്‍ എന്നു കരുതിയവ) ഒരു മാഗസീന്‍ എഡിറ്ററിന്റെ കയ്യില്‍, പരിചയത്തിന്റെ പുറത്ത് കൊടുത്തിരിക്കുകയായിരുന്നു. അയാള്‍ കുറച്ചു മുന്‍പ് വീട്ടില്‍ വന്ന് പൂമുഖത്തിരുന്ന് എന്റെ സൃഷ്ടി വെട്ടുകയും തിരുത്തുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഞാനെന്തോ തിരക്കിലകപ്പെട്ടതുകൊണ്ട്, അയാള്‍ അല്പസമയം വെയിറ്റ് ചെയ്യേണ്ടതായും വന്ന് തിരക്കൊഴിഞ്ഞ് ഓടിപ്പിടച്ച് അയാളുടെ അരികിലെത്തുമ്പോള്‍ അയാള്‍ പറഞ്ഞ്, ഇത് പബ്ലിഷ് ചെയ്യാം പക്ഷെ, കുറച്ചുകൂടി തിരുത്തലുകള്‍ ആവശ്യമാണ്. സ്വതവേ ആത്മവിശ്വാസം കുറവുള്ള ആത്മ ഉടന്‍ ചാടിക്കയറി, അയാളെ സപ്പോര്‍ട്ട് ചെയ്തു, ‘സാരമില്ല, പബ്ലിഷ് ചെയ്യണമെന്നില്ല, ഇതൊക്കെ ഞാന്‍ ആദ്യകാലങ്ങളില്‍ എഴുതി വച്ചതാണ്. കൊള്ളാമോന്നറിയാനുംകൂടി തന്നതാണ്,(അതല്ല, പച്ചക്കള്ളം. അതില്‍ ആത്മ അതിലും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു) വെറുതെ ഒരു രസത്തിനു തന്നതാണ്.
അയാള്‍ ഉടന്‍ വല്ലാതായി, എന്നാല്‍ ചിരി കണ്ടിന്യൂ ചെയ്തുകൊണ്ട്, ‘എങ്കില്‍പ്പിന്നെ ഞാന്‍ പിന്നെ കാണാം’ എന്നു പറഞ്ഞ് ഉടന്‍ തന്നെ, വന്ന വാനില്‍(വണ്ടിയില്‍) തന്നെ പോയി മറയുന്നു.

അയാള്‍ പോകുമ്പോള്‍ ആത്മ പെട്ടെന്ന് വല്ലാതാവുന്നു.

താന്‍ പറഞ്ഞതബദ്ധമായോ! പെട്ടെന്ന് ആത്മയ്ക്ക് ബോധം ഉദിക്കുന്നു.
അയാള്‍ എന്റെ എഴുത്തുകളിലെ കൊച്ചു കൊച്ചു തെറ്റുകള്‍ തിരുത്തി അത് പ്രസിദ്ധീകരണത്തിന്
യോഗ്യമാക്കുകയായിരുന്നോ?
അപ്പോള്‍ പെട്ടെന്നോര്‍ത്തു, അയ്യോ, താന്‍ ആഥിത്യ മര്യാദയും മറന്നുപോയിരുന്നു.
ചായയോ എന്തെങ്കിലും കുടിക്കാന്‍ എടുക്കട്ടെ എന്നുപോലും ചോദിച്ചില്ല!
ആകെ അബദ്ധമായി.

മുന്നിലെ കണ്ണാടിയിലൂടെ പുറകില്‍ കൈവീശി നില്‍ക്കുന്ന ആത്മയെ അയാള്‍ക്ക് കാണാം.
അയാള്‍ ആത്മയെ നോക്കി ചിരിക്കുന്നു.
ആ ചിരിയില്‍ എന്തോ മറച്ചു വയ്ക്കാന്‍ പണിപ്പെടുന്നുണ്ടോ?!
ആത്മയും ചിരിക്കുന്നു.
ആത്മയുടെ ചിരിയിലും എന്തൊക്കെയോ തെറ്റുകള്‍ക്ക് മാപ്പുചോദിക്കുന്ന പോലെ, മോഹഭംഗങ്ങള്‍ ഉള്ളിലൊതുക്കുന്നപോലെ.
താന്‍തന്നെ കൊള്ളില്ലെന്നു പറഞ്ഞ തന്റെ എഴുത്തുകളാണോ? ഇങ്ങിനെ തേങ്ങുന്നത്?
പറഞ്ഞുകൊണ്ടിരിക്കെ ആത്മാവിന് വീണ്ടും കരച്ചില്‍ വന്നു. വല്ലാത്തൊരു നഷ്ടബോധം.

അപ്പോള്‍ ആത്മ പറഞ്ഞു,
‘നീ കരയാതിരിക്കൂ ആത്മാവേ,
ഇപ്പോള്‍ പബ്ലിഷേര്‍സിനെയും ഒന്നും തേടിപ്പോകണ്ട.
അതിനല്ലെ ഇപ്പോള്‍ ഫ്രീയായി കിട്ടുന്ന ഈ ബ്ലോഗുകള്‍.
നീ എഴുതൂ, നിന്റെ ആത്മാവിന്റെ പിടച്ചില്‍ തീരുന്നതുവരെ.
ഇവിടെ നിയമങ്ങളില്ല,
ഇവിടെ, ശുപാര്‍ശകള്‍ വേണ്ട
ഇവിടെ സാമര്‍ത്ഥ്യവും വേണ്ട
നിനക്ക് , നിന്റെ ആത്മാവിനു എഴുതാന്‍ തോന്നുന്നവ എഴുതുക.

അപ്പോള്‍ ആത്മയ്ക്ക് പെട്ടെന്നോര്‍മ്മ വന്നു
കഴിഞ്ഞ പോസ്റ്റില്‍, ഈ ബ്ലോഗിനകത്തെതെ ജീവിതമേ അല്ല, പുറത്തെതാണ് ശരിക്കുള്ള ജീവിതമെന്ന് . അല്ല. ഈ ബ്ലോഗിനകത്തും ജീവിതമുണ്ട്.
പുറാത്തുള്ളതിനെക്കാളും വലിയൊരു ജീവിതം.
ആത്മാവിന്റെ ജീവിതം.
ആത്മാവു നഷ്ടപ്പെട്ട ശരീരവുമായി പുറത്തലയുന്നതിനെക്കാള്‍ വലുതല്ലെ,
ശരീരം നഷ്ടമായ ആത്മാവുമായി, ബ്ലോഗില്‍ ജീവിക്കുന്നത്.
ആത്മാവിന്റെ കരച്ചില്‍ ഒട്ടൊന്നു കുറഞ്ഞു എന്നു തോന്നിയപ്പോള്‍ ആത്മ പതിയെ എണീറ്റു,
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു,
ആത്മാവിനു ശരിയാണെന്നു തോന്നുന്നത് എഴുതിത്തുടങ്ങി...

This entry was posted on 11:03 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments