സുഖ ദുഃഖങ്ങള്‍ തുല്യ അളവില്‍...  

Posted by Askarali

എനിക്കെന്തായിരിക്കും ഇത്ര ഹൃദയവേദന എന്നിങ്ങനെ ഞാന്‍ ആലോചിക്കുകയായിരുന്നു
എപ്പോഴും സന്തോഷിക്കണം എന്നുള്ള അത്യാഗ്രഹത്തില്‍ നിന്നും ഉടലെടുക്കുന്നതാകാം ഈ വേദന!
എല്ലാം എനിക്ക് അനുകൂലമായി സംഭവിക്കണം എന്ന വാശി.
ആ മരങ്ങളില്‍ ഞാന്‍ സന്തോഷം കണ്ടെത്തി. മറ്റു പലര്‍ക്കും ഈ മരഭാഗ്യം ഇല്ലല്ലൊ എന്നൊക്കെ കരുതി അഹംങ്കരിച്ചു,
അതൊക്കെ ഇന്ന് തകര്‍ന്ന് തരിപ്പിണമായി.
ഇതുപോലെയാകും എല്ലാം..
നമ്മുടെ സുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ഒക്കെ പ്രകൃതി ഒരു വില നിശ്ചയിച്ചിട്ടുണ്ടാകും..

[ദുഃഖം വന്നപ്പോള്‍ ജ്ഞാനം കൈവരിച്ച ആത്മ]

വീണ്ടും..
'കയ്യ് വളരുന്നോ, കാലു വളരുന്നോ', എന്നു നോക്കി വളര്‍ത്തിയ വേപ്പ് മരം എവിടെ?!
മുളയെവിടെ?
‘കണ്ടു കണ്ടങ്ങിരിക്കും മരങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍..’ (വീണ്ടും ജ്ഞാനം വരുന്നു..)

---

മകന്‍ സ്ക്കൂളില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞു,
‘മോനേ ഒരു സര്‍പ്രൈസ് ഉണ്ട്, നമ്മുടെ വീട്ടിനു പുറകിലാണ് സര്‍പ്രൈസ്. എന്താണെന്ന് ഗസ്സ് ചെയ്യാമോ?’
മകന്‍- ‘സന്തോഷമോ വിഷമമോ?’
ഞാന്‍- ‘അത് ഓരോര്‍ത്തരുടെ കാഴ്ച്പ്പാടനുസരിച്ചിരിക്കും. എനിക്ക് ദുഃഖമാണോ എന്നൊന്നും നിര്‍വ്വചിക്കാനാവാത്ത ഒരവസ്ഥയില്‍ ഇരിക്കയാണ് എന്നാല്‍ സന്തോഷം അല്ല തീര്‍ച്ച.’
മകന്‍-‘കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റാത്തതാണോ?’ (എങ്കില്‍ അമ്മ രക്ഷപ്പെട്ടു)
ഞാന്‍- 'അല്ലാ'
മകന്‍- ‘ടി.വി? (എങ്കില്‍ അവന്‍ രക്ഷപ്പെട്ടു..വിഷമമാണെങ്കിലും പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റുമായിരിക്കാം..)
'ഇതു രണ്ടും ഇല്ലാതായാല്‍ ഗുണമാണെന്ന് മോന്‍ കരുതുന്നുണ്ടോ?' ഞാന്‍ തിരിച്ചു ചോദിച്ചു (ഉവ്വ് എന്ന് പറയുന്നെങ്കില്‍ ഇലയ്ക്കും മുള്ളിനും ദോഷമില്ലാത്ത രീതിയില്‍ എന്തെങ്കിലും ആക്ഷന്‍ എടുക്കാം എന്ന് കരുതി).
അവന്‍ പറഞ്ഞു, 'ഇല്ല കുറച്ചൊക്കെ വേണം.'
മകന്‍- ‘പിന്നെ നമ്മുടെ രാജ്യത്ത് അച്ചാര്‍ ബാന്‍ ചെയ്തോ?!’ (അത് അച്ചാര്‍ ആഡിക്റ്റ് ആയ അവനെ കാര്യമായി അഫക്റ്റ് ചെയ്യും, പക്ഷെ ആകെമൊത്തം ഭയങ്കര ഗുണമാണ്)
ഞാന്‍- ‘അതുമല്ലാ.. സസ്പെന്‍സ് വേണ്ടെങ്കില്‍ ഞാന്‍ പറയാം..’
‘വേണ്ട എനിക്ക് സ്വയം കാണണം’.. അവന്‍ പറഞ്ഞു..
ഫോണില്‍ സംസാരിച്ച്, സംസാരിച്ച് അവര്‍ വീടെത്തി.
ഓടി പുറകിലെത്തി.. നോക്കിയപ്പോള്‍, ബാക്ക്‍യാഡ് എം‌പ്റ്റി!
‘ഇതെങ്ങിനെ?!..അച്ഛന്‍ ചെയ്ത പണിയാണോ?’
(എനിക്കും തോന്നാതിരുന്നില്ല- ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ ‘ആ, കഴിഞ്ഞയാഴ്ചത്തെ മീറ്റിംഗില്‍ ചര്‍ച്ച ചെയ്തായിരുന്നു. പക്ഷെ, അത് അവിടെ അല്ലായിരുന്നു, മറ്റൊരിടമായിരുന്നു ക്ലിയര്‍ ചെയ്യണമെന്ന് പറഞ്ഞത്..എന്നൊക്കെ ബിസിയുടെ ഇടയില്‍..പറഞ്ഞ് ഫോണ്‍ വച്ച ഓര്‍മ്മ)
ഞാന്‍: ‘അപ്പോള്‍ അവരെല്ലാം കൂടി ഒരുക്കിയ കെണിയായിരിക്കുമോ മോനേ?’ മോന്‍ ഉടന്‍ വന്ന് വായ് പൊത്തി.
‘അമ്മേ അങ്ങിനെ ഇല്ലാത്തതൊന്നും ആലോചിക്കല്ലേ..’ (അമ്മ ഇല്ലാത്തത് സങ്കല്പിച്ചുണ്ടാക്കി വഴക്കുണ്ടാക്കാന്‍ മിടുക്കിയാണെന്ന അവനു നന്നായറിയാം)
'എങ്കിപ്പിന്നെ ആലോചിക്കണ്ട അല്ലെ?, എന്നാലും എന്റെ വേപ്പ്! അവസാനം ഒരു നോക്കു കാണാന്‍ കൂടി പറ്റാതെ വെട്ടിക്കൊണ്ടു പോയില്ലേ ആ ദുഷ്ടന്മാര്‍!'
‘സാരമില്ല അമ്മേ..’
‘എങ്കിപ്പിന്നെ സാരമില്ല അല്ലെ,’
സാരമില്ല.

This entry was posted on 10:43 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments