ഒരു അഫ്ഗാന്‍ കഥ..  

Posted by Askarali

A Thousand Splendid Suns

Khalid Hosseini യുടെ ഈ നോവല്‍, അഫ്ഗാനില്‍ വിദേശികളുടെ ഭരണം കൊണ്ടുള്ള കെടുതികളും, തത്സമയം അഫ്ഗാന്‍‍ പെണ്ണുങ്ങള്‍ തങ്ങളുടെ മതത്തിന്റെ പേരില്‍, അനുഭവിക്കുന്ന അനീതിയുടെ തീവ്രതയും എടുത്തുകാട്ടുന്നു..

കഥയോടൊപ്പം ചരിത്രവും യോജിപ്പിക്കുമ്പോള്‍ കഥയ്ക്ക് കൂടുതല്‍ യാഥാര്‍ത്ഥ്യം കൈവരുന്നു. ഒപ്പം അത് നമ്മെ വല്ലാതെ വേട്ടയാടുകയും ചെയ്യുന്നു.. പക്ഷെ കഥയും രാഷ്ട്രീയവും കൂടി കൂട്ടിക്കുഴയല്‍ പാകത്തിനാകാത്തതുകൊണ്ടോ, 'kite runner' നെപ്പോലെ കഥയുമായി കൂടുതല്‍ ഇഴുകിച്ചേരാന്‍ പലപ്പോഴും കഴിയാതെ വരികയും ചെയ്യുന്നുണ്ട്. എങ്കിലും കഥയിലെ പല രംഗങ്ങളും ഹൃദയസ്പര്‍ശ്ശമാം വിധം അവിസ്മരണീയമായി നില്‍ക്കുന്നവയാണ്..

കഥ പ്രധാനമായും മറിയം, ലൈല എന്നീ യുവതികളെ കേന്ദ്രീകരിച്ചാണ്.
വളരെ നീണ്ട കഥ ചുരുക്കത്തില്‍ വിവരിക്കാം..

മറിയം, ജലീല്‍ എന്ന ധനികന് തന്റെ വീട്ടുജോലിക്കാരിയില്‍ അവിഹിതമായി ഉണ്ടായ മകളാണ്. ഗര്‍ഭമുണ്ടെന്നു അറിയുമ്പോള്‍ തന്നെ മറിയയുടെ അമ്മയെ ആള്‍പാര്‍പ്പില്ലാത്ത ഒരു കുറ്റിക്കാട്ടിനുള്ളില്‍ ഒരു കൂരകെട്ടി, അവര്‍ രഹസ്യമായി മാറ്റുന്നു. അവിടെ വച്ച് മറിയം ജനിക്കുന്നു. മറിയത്തിന് പുറം ലോകത്തെപ്പറ്റി യാതൊരറിവുമില്ല. മറിയവും അമ്മയും പിന്നെ വല്ലപ്പോഴും ഖുറാന്‍ പഠിപ്പിക്കാന്‍ വരുന്ന മുല്ലായും..

മറിയയുടെ അമ്മയില്‍ എപ്പോഴും പൊതുവേ, പണക്കാരോടും, വിശിഷ്യാ, ജലീലിനോടും പക നിറഞ്ഞു നിന്നിരുന്നു.. ഒരു പെസ്സിമിസ്റ്റിക്ക് ആയി ചിന്തിക്കുന്ന് സ്ത്രീ. മറിയം ആയിരുന്നു അവരുടെയും ലോകം. മറിയയെ തന്റെ ഭാഗം ചിന്തിപ്പിക്കാന്‍ മാതാവു ഇടയ്ക്കിടെ ശ്രമിക്കുന്നുണ്ടെങ്കിലും മറിയയ്ക്ക് പിതാവിനോടായിരുന്നു ആരാധന.

ജലീലിന് ന്യായമായി മൂന്ന് ഭാര്യമാരും അവരിലുണ്ടായ‍ മക്കളും കൂടെ താമസമുണ്ടെങ്കിലും മറിയത്തോട് ഒരു പ്രത്യേക വാത്സല്യം
പ്രകടമാക്കിയിരുന്നു. മറിയത്തോട് ജലീലിന്റെ ഭാഗം ന്യായീകരിക്കാന്‍ ജലീലും ശ്രമിക്കുന്നു.

മറിയത്തിന് ജലീല്‍ എന്നാല്‍ അവളുടെ എല്ലാമാണ്. അയാള്‍ പുറം ലോകത്തെപ്പറ്റി പറയുന്നതും, അയാള്‍ പറയുന്ന കഥകളും , ഇമാജിനേഷന്‍സും, ഒറ്റവരയില്‍ ആനയെ വരയ്ക്കാനുള്ള കഴിവും ഒക്കെ മറിയയ്ക്ക് അല്‍ഭുതങ്ങളാണ്.

മറിയത്തിന് സ്വാഭാവികമായും ജലീലിന്റെ മറ്റു മക്കളോടൊപ്പം അയാളുടെ അംഗീകരത്തോടെ ജീവിക്കാന്‍ ആഗ്രഹം ജനിക്കുന്നു. അത് അവള്‍ ജലീലിനോടെ തുറന്നു പറയുകയും അയാള്‍ ഗത്യന്തരമില്ലാതെ, ഒരുദിവസം കൂട്ടിക്കൊണ്ട് പോകാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു..

മറിയ ജലീലിന്റെ വരവിനായി കാത്തിരുന്നു..പക്ഷെ അയാള്‍ വന്നില്ല! അക്ഷമയായ മറിയ ജലീലിനെ തേടിപ്പോകാന്‍ തുനിയുന്നു..

മറിയയുടെ അമ്മ മുന്നറിയിപ്പു നല്‍കുന്നു, ജലീല്‍ പറയുന്നത് അപ്പടി വിശ്വസിക്കരുതെന്നും. മറിയത്തിന് ശരിക്കും താന്‍ മാത്രമേ കാണൂ എന്നും..എങ്കിലും മറിയ ജലീലിനെ കാണാതായപ്പോള്‍, ജലീലിന്റെ സ്നേഹത്തില്‍ വിശ്വസിച്ച് അയാളെ തേടി അയാളുടെ ബംഗ്ലാവില്‍ എത്തുന്നു..അവിടെ അവള്‍ക്ക് തികഞ്ഞ അവഗണന മാത്രമായിരുന്നു കിട്ടിയത്. വീടിനു വെളിയില്‍ കൊടും തണുപ്പത്ത് കിടന്നുറങ്ങി, രാവിലെ ജോലിക്കാരനെക്കൊണ്ട് മറിയത്തിനെ തിരിച്ചു കുടിലിലെത്തിക്കുമ്പോള്‍ മറിയം ആദ്യമായി തന്റെ അമ്മയെ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.. അമ്മയെ കാണാന്‍ തിടുക്കപ്പെട്ടു ചെല്ലുന്ന മറിയത്തെ എതിരേറ്റത് മരത്തില്‍ തൂങ്ങിയാടുന്ന അവളുടെ പ്രിയപ്പെട്ട അമ്മയുടെ ശവശരീരമായിരുന്നു! അതോടെ മറിയത്തിന്റെ ലോകവും അവസാനിക്കുന്നു..

പിന്നീട് ജലീല്‍ സ്വന്തം ഭവനത്തില്‍ ഒരു മുറിയില്‍ അവളെ പാര്‍പ്പിക്കുന്നു..റഷീദിന്റെ മറ്റു ഭാര്യമാര്‍ ചേര്‍ന്ന്, മറിയത്തെ റഷീദ് എന്ന ഒരു ക്രൂരനും മുരടനും രണ്ടാം കെട്ടുകാരനും മറിയയെക്കാളും 30 വയസ്സിനു പ്രായക്കൂടുതലും ഉള്ള വികൃതനായ ഒരു വ്യാപാരിയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റി വഴികളൊന്നും ഇല്ല എന്നു മനസ്സിലാക്കിയ മറിയ ജലീലിന്റെ അഭിമാനം
രക്ഷിക്കാനായി റഷീദിനെ വരിക്കുന്നു.

അവള്‍ അയാളോടൊപ്പം യാത്രയാകുമ്പോള്‍ ജലീല്‍ കൂടെ സമാധാനിപ്പിക്കാന്‍ അനുധാവനം ചെയ്യുമ്പോള്‍ ഒന്നും മാത്രം പറഞ്ഞു, “ ഞാന്‍ നിങ്ങളെ ആരാധിച്ചിരുന്നു.. നിങ്ങള്‍ക്കുവേണ്ടി കാത്തിരുന്നിരുന്നു.. പക്ഷെ, നിങ്ങള്‍ക്ക് ഞാന്‍ ഒരു അപമാനമായിരുന്നു, ഇനിയൊരിക്കലും നമ്മള്‍ തമ്മില്‍ കാണാന്‍ ഇടയാകരുത്.. നമ്മള്‍ തമ്മില്‍ ഇനി യാതൊന്നും അവശേഷിക്കുന്നില്ല. “

തന്റെ പിതാവിനെ ദൈവതുല്യനായി അരാധിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന പതിമൂന്നു വയസ്സായ ഒരു മകള്‍ തന്റെ ജീവിതം തകര്‍ത്ത അച്ഛനോട് പറഞ്ഞ വാക്കുകളാണിത്! തന്നെക്കാള്‍ മുപ്പതുവയസ്സു കൂടിയ ഒരാളിന്റെ ഭാര്യയാകാന്‍ തയ്യാറെടുത്ത് മറിയം പിരിയുമ്പോള്‍ ജലീലിന്റെ ഉള്ളില്‍ വിഷമവും ഒപ്പം കുറ്റബോധവും നിറഞ്ഞു നിന്നിരുന്നു.. മറിയം തികച്ചും -തനിക്കുപോലും അപരിചതമായ രീതിയില്‍ പെട്ടെന്ന്- പക്വതയെത്തിയ ഒരു സ്ത്രീയായും!

മറിയം, കാബൂളില്‍, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുന്നു. അപക്വമായ തന്റെ ശരീരത്തില്‍ റഷീദ് നടത്തുന്ന പരാക്രമങ്ങള്‍ പോലും വേദനയോടെ സഹിച്ച് അവള്‍ അയാള്‍ക്ക് ആഹാരമൊരുക്കി, വീടൊരുക്കി, അയാള്‍ നിര്‍ബന്ധിച്ചുടുപ്പിച്ച ലോഹമാതിരി തലമുതല്‍ പാദം വരെ മറയുന്ന ബൂര്‍ക്ക (പര്‍ദ്ദ?) യും ധരിച്ച് അയാളോടൊപ്പം ജീവിക്കാന്‍ ശ്രമിച്ചു.. അയാളുടെ നല്ല ബീവിയായി അറിയപ്പെടാന്‍.. എന്നിട്ടും തുടരെ തുടരെയുള്ള അബോര്‍ഷന്‍ അവളുടെ പ്രതീക്ഷകളൊക്കെ
തകര്‍ത്തു. റഷീദില്‍ മറിയത്തോട് വെറുപ്പ് മാത്രം അവശേഷിച്ചു. മറിയ അയാളിലെ മനുഷ്യത്വം പുറത്തുകൊണ്ടുവരാനായി വെറുതെ, ഓരോന്നു പറഞ്ഞു നോക്കുമ്പോള്‍ അയാള്‍ രോക്ഷത്തോടെ വെളിയില്‍ പോയി ഒരു പിടി ചരല്‍ മണ്ണ് കൊണ്ട് വന്ന് അവളുടെ വായില്‍ നിറച്ചിട്ട് വിഴുങ്ങിക്കുന്നതോടെ, റാഷീദിന്റെ ക്രൂരത പൂര്‍ണ്ണമാകുന്നു..‍ അതില്പിന്നെ, മറിയ ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ജീവിക്കുന്ന ഒരു മനുഷ്യജീവിയായി അധഃപ്പതിക്കുന്നു..

അവളുടെ ഉള്ളില്‍ മുല്ലാ പറഞ്ഞ വാക്കുകള്‍ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു "എല്ലാ മനുഷ്യരും ഈ ഭൂമിയില്‍ എന്തെങ്കിലു ഒരു കര്‍ത്തവ്യം നിര്‍വ്വഹിക്കുവാനായി ജനിക്കുന്നു.." മറിയ തന്റെ കര്‍ത്തവ്യത്തിനായി കാത്തിരുന്നു.. കൂരിരുട്ടില്‍.. തനിമയില്‍.. ക്രൂരതയില്‍..

മറിയത്തിന്റെ കര്‍ത്തവ്യം ലൈലയുടെ രൂപത്തില്‍ ജനിച്ചിരുന്നു അപ്പോഴേയ്ക്കും..

ലൈല!

ക്രൂരമായ 15 വര്‍ഷം മറിയ റഷീദിനോടൊപ്പം കഴിയുമ്പോള്‍ അയല്പക്കത്ത്, കോളേജ് പ്രൊഫസറുടെ മകള്‍ ലൈല എന്ന സുന്ദരി തികഞ്ഞ സ്വാതന്ത്രത്തോടെ പഠിച്ച് മിടുക്കിയായി വളരുന്നുണ്ടായിരുന്നു.. അവള്‍ തന്റെ കളിക്കൂട്ടുകാരന്‍ (ഒരു മൈന്‍ അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട) ‘താരി’ക്കുമായി പ്രണയത്തിലാകുന്നു. കാലുനഷ്ടപ്പെട്ടെങ്കിലും കൃത്രിമ കാലുമായി, താരിക്ക് വളരെ ധൈര്യശാലിയും, പഠിത്തത്തില്‍ നിപുണനും ഒക്കെയായിരുന്നു..

പക്ഷെ, അഫ്ഗാന്‍ യുദ്ധം അവരുടെ സ്വപനങ്ങളൊക്കെ തകര്‍ക്കുന്നു. ആദ്യം ലൈലയുടെ വീട്ടില്‍ മൂത്ത രണ്ടു സഹോദരന്മാരെയും യുദ്ധത്തിനു ബലികൊടുക്കേണ്ടി വരുന്ന അമ്മയുടെ പരിദേവനങ്ങള്‍ കൊണ്ട് നിറയുന്നു. പിന്നീട് യുദ്ധം താരിക്കിനെ ലൈലയില്‍ നിന്നു പിരിക്കുന്നു. യുദ്ധക്കെടുതിയില്‍ താരിക്കും കുടുംബവും പാകിസ്ഥാനില്‍ പോകുന്നു. ഒടുവില്‍ യാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്ന ലൈലയുടെ കുറുംബത്തില്‍ ‘യുദ്ധ റോക്കറ്റ്’ വീണ് അച്ഛനും അമ്മയും തല്‍ക്ഷണം മരിക്കുമെങ്കിലും ലൈല സാരമായ പരിക്കുകളോടെ രക്ഷപ്പെട്ട്, റഷീദിന്റെ വീട്ടില്‍ എത്തിപ്പെടുന്നു!

ലൈലയുടെ താരുണ്യം റഷീദില്‍ മകള്‍ എന്ന ഭാവത്തിലുപരി വെറും ഒരു സ്ത്രീയോടുള്ള വെറിമാത്രമാകുമ്പോള്‍ അയാള്‍ വെറുതെ കള്ളക്കെണികള്‍ ഒരുക്കുന്നു. താരിക്കും ലൈലയും കാമിതാക്കളാണെന്നറിയാവുന്ന‍ റഷീദ് ഒരാളെ കൈക്കൂലികൊടുത്ത് താരിക്ക് ദയനീയമായി യുദ്ധത്തില്‍ മരിച്ചതായും മറ്റും കള്ളകഥയുണ്ടാക്കി ലൈലയെ വിശ്വസിപ്പിക്കുന്നു.

ആകെ തകര്‍ന്ന ലൈല, താരിക്കിന്റെ കുഞ്ഞ് വയറ്റില്‍ വളരുന്നു എന്നുകൂടി അറിയുമ്പോള്‍, റഷീദിന്റെ ഭാര്യയാകാന്‍ സമ്മതിക്കുന്നു. പെണ്ണുങ്ങള്‍ അവിഹിതബന്ധത്തില്‍ ഗര്‍ഭമുണ്ടായാല്‍ പരസ്യമായി കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു അവിടത്തെ അന്നത്തെ ശിക്ഷ. പെണ്ണുങ്ങള്‍‍ക്ക് തനിയെ ആണ്‍ തുണയില്ലാതെ തനിയേ നടക്കാന്‍ അനുവാദമില്ല, പഠിക്കാന്‍ അനുവാദമില്ല, ജോലിചെയ്യാന്‍ അനുവാദമില്ല.അവര്‍ വീട്ടിനകത്ത് അടഞ്ഞു കൂടി ഇരിക്കുക മാത്രം. ലൈലയെപ്പോലെ വിദ്യാഭ്യാസയോഗ്യത യുള്ളവരൊക്കെ താലിബാനെ ഭയന്ന് നിയമത്തിനു മുന്നില്‍ അടിയറവ് പറഞ്ഞു.

ലൈല റഷീദിനെ വിവാഹം കഴിക്കുന്നതോടെ മറിയത്തിന് അവളോട് തോന്നിയിരുന്ന പുത്രീ നിര്‍വ്വിശേഷമായ സ്നേഹം വെറുപ്പായി മാറുന്നു.. മറിയ അവളെ പലപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നു. ലൈല മറിയത്തെ, സ്നേഹിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഇരുവരും വേറെ നിവര്‍ത്തിയില്ലാതെ അന്യോന്യം കുറ്റപ്പെടുത്തി ജീവിക്കുന്നു. അതില്‍ അവര്‍ ആശ്വാസം കണ്ടെത്തുന്നു.

ഒടുവിലൊടുവില്‍ റഷീദിന്റെ ക്രൂരത രണ്ടുപേരേയും തമ്മില്‍ കൂട്ടിയിണക്കുന്നു. ഒരമ്മയും മകളും പോലെ.. ഈ ലോകത്തിലെ ഒറ്റപ്പെട്ട രണ്ടു മനുഷ്യജീവികള്‍ അന്യോന്യം സ്നേഹിച്ചു തുടങ്ങുന്നു. റഷീദ് വെളിയില്‍ പോകുന്ന സമയങ്ങളില്‍ അവര്‍ അന്യോന്യം‍ കഥകളും രഹസ്യങ്ങളും പങ്കുവച്ചു. അവര്‍ റഷീദിന്റെ ക്രൂരതകള്‍ ഒരുമിച്ച് നിന്ന് ചെറുത്തു..

ഒടുവില്‍ ലൈല ശേഖരിച്ചു വച്ച കാശുമായി ആ നരകത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്ന അവരുടെ പദ്ധതി പരാജയപ്പെട്ട് തിരിച്ച് റഷീദിന്റെ വീട്ടില്‍ തന്നെ എത്തപ്പെടുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളെ എന്തു ക്രൂരമായാണ് ആണുങ്ങള്‍ കൊടുമപ്പെടുത്തിയതെന്നും അവരെ രക്ഷിക്കാന്‍ ഗവണ്മെന്റോ, നിയമങ്ങളോ ഒന്നും തന്നെ ഇല്ല എന്നതും കണ്ടു കണ്ട് നാം സ്തബ്ദരായിപ്പോകുന്നു!

തിരിച്ചെത്തിയ പെണ്ണുങ്ങളെ വായുകടക്കാത്ത മുറിയില്‍ അടച്ചിട്ട്, പ്രാണ വായുവിനും, ഒരിറ്റ് വെള്ളത്തിനും വേണ്ടി കെഞ്ചും വിധം അയാള്‍ ദ്രോഹിക്കുന്നു.. തന്റെ കുഞ്ഞിന്റെ (അസീസ) ദയനീയാവ്സ്ഥയായിരുന്നിരിക്കണം ലൈലയേയും ഒപ്പം അവരെ ജീവനെക്കാളേറെ സ്നേഹിച്ചു തുടങ്ങിയ മറിയത്തിനെയും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചത്!

റഷീദിനെ വീണ്ടും ലൈല സ്വീകരിച്ചതില്‍ അയാളുടെ ഒരു മകനെ പ്രസവിക്കുന്നു അവള്‍. ആ പ്രസവം തന്നെ ലൈലയ്ക്ക് ഒരു ജീവന്മരണ പോരാട്ടമായിരുന്നു. അനസ്തേഷ്യയില്ലാതെ ലൈലയുടെ വയറുകീറുമ്പോള്‍, അടുത്ത് നിസ്സഹായയായി നോക്കി നിന്നിരുന്ന മറിയയ്ക്ക് ആശ്ചര്യം ‘എന്തേ ലൈല വാവിട്ടലറാന്‍ ഇത്ര താമസമെടുത്തു!’ എന്നതായിരുന്നു.. ലൈലയും കുഞ്ഞും ജീവിക്കുന്നു!

ഒരു മകനെ കിട്ടിയ റഷീദ് അല്പം കൂടി മയപ്പെടുന്നു.. അത് മറിയയ്ക്കും ലൈലക്കും അസീസയ്ക്കും (ലൈലയുടെയും താരിക്കിന്റെയും മകള്‍) വീട്ടില്‍ കുറച്ച് നല്ല നിമിഷങ്ങള്‍ നല്‍കുന്നു. മറിയ അസീസയ്ക്ക് കഥകള്‍ പറഞ്ഞുകൊടുത്തും സാല്‍മായ് യുടെ (മകന്റെ) കളികള്‍ കണ്ടും ഒക്കെ അവര്‍ റഷീദിന്റെ ക്രൂരതകള്‍ മറന്നു..

പക്ഷെ, വീണ്ടു വിധി ക്രൂരയായി! റഷീദിന്റെ കട കത്തിയതോടെ വരുമാനം നിന്ന അവര്‍ പലപ്പോഴും മുഴുപ്പട്ടിണിയില്‍ ആയി. അപ്പോഴും റഷീദില്‍ അവശേഷിക്കുന്നത് പെണ്ണുങ്ങളോടുള്ള ക്രൂരത, അവഹേളന മാത്രം. അയാളും മകനും കഴിച്ചിട്ട് ബാക്കിയുള്ള ഉച്ഛിഷ്ടത്തില്‍ ജീവിക്കാനനുവദിക്കപ്പെട്ട അസീസയും മറിയവും ലൈലയും.. ഇതിനിടയില്‍ റഷീദ് അസീസയെ ഒരു അനാഥാലയത്തിലാക്കുന്നു. അതു ലൈലയെയും മറിയത്തെയും കൂടുതല്‍ തളര്‍ത്തുന്നു, വഴിയില്‍ പെണ്ണുങ്ങള്‍ തനിച്ച് സഞ്ചരിച്ചാല്‍ ഓടിച്ചിട്ടടിക്കുന്ന സൈന്യത്തിന്റെ കയ്യില്‍ നിന്നും അടിയും തൊഴിയും വാങ്ങിയും ദേഹം മുഴുവന്‍ മുറിഞ്ഞും എങ്കിലും ലൈല ഇടയ്ക്കിടെ അസീസയെ അനാഥാലയത്തില്‍ പോയി കാണുന്നു. റഷീദിന്റെ ക്രൂരതകള്‍ സഹിച്ചു ശീലിച്ചത് ലൈലയ്ക്ക് ഇവിടെ സഹായകമായി. എങ്കിലും ഇടയ്ക്കൊരിക്കല്‍ അവള്‍ സ്വയം പറയുന്നു,‘ഒരു മനുഷ്യശരീരത്തിന് ഇത്രയും താഡനങ്ങള്‍ ഏറ്റിട്ടും ശരിയായി പ്രവര്‍ത്തിക്കാനാവുമെന്നത് ആശ്ചര്യം തന്നെ!’ എന്ന്..

ഇതിനിടെ അപ്രതീക്ഷിതമായി മറ്റൊന്ന് സംഭവിക്കുന്നു. ഒരുദിവസം പ്രതീക്ഷിക്കാത്ത ഒരതിഥി അവരെ തേടിയെത്തുന്നു!
ജീവനോടെ നില്‍ക്കുന്ന താരിക്കിനെ കണ്ട് ലൈല സ്ഥബ്ദയാകുന്നു. അവരുടെ കണ്ടുമുട്ടല്‍ തന്റെ മകന്‍, സാല്‍മ വഴി അപ്പോഴപ്പോള്‍‍ അറിയുന്ന റഷീദ്, മറിയയുടെ സഹായത്തോടെ, ലൈലയും താരിക്കും മക്കളും ഒളിച്ചോടാന്‍ ഇരുന്ന ദിവസം വീണ്ടും പൈശാചികതയോടെ ലൈലയെ ക്രൂരമായി മര്‍ദ്ദിച്ച്, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ രക്ഷയ്ക്കായി പരിഭ്രമിച്ചോടുന്ന മറിയ കയ്യില്‍ കിട്ടിയ ആയുധമെടുത്ത് റഷീദിന്റെ തലയ്ക്കടിച്ച് ലൈലയെ മരണത്തില്‍ നിന്നു രക്ഷിക്കുന്നു. റഷീദ് തങ്ങളെ കൊലപ്പെടുത്തുമെന്നുറപ്പായ മറിയ വീണ്ടും റഷീദിനെ പ്രഹരിക്കുന്നു. റഷീദ് താഴെവീണ് മരിക്കുമ്പോള്‍ മറിയയ്ക്കൊപ്പം നാമും എന്തോ ഒരു‍ ക്രൂരജന്തു മരിച്ചുകിട്ടിയപോലെ ആശ്വസിച്ചുപോകുന്നു..

മറിയ കൊലക്കുറ്റം സ്വയം സമ്മതിച്ച് ലൈലയെ താരി‍ക്കിനും മക്കള്‍ക്കുമൊപ്പം യാത്രയാക്കുന്നു. വധശിക്ഷയുടെ അന്ത്യ നിമിഷങ്ങളിലും മറിയയ്ക്ക് ലൈലയെയും അസീസയെയും രക്ഷപ്പെടുത്തിയ സംതൃപ്തി മാത്രമായിരുന്നു മനസ്സില്‍..

ലൈലയും താരിക്കും പാകിസ്ഥാനില്‍ സയീദ് എന്ന ഹോട്ടലുടമയുടെ കീഴില്‍ ജോലിചെയ്ത്, ഒരുവിധം നന്നായി ജീവിക്കുന്നു. തനിക്ക് കിട്ടിയ പുതിയ ജീവിതത്തിന് ലൈല എപ്പോഴും കടപ്പെട്ടിരിക്കുന്നത് മറിയയോട് മാത്രം.

പിന്നീട് കാബൂള്‍ സ്വതന്ത്രമാകുമ്പോള്‍ അതിലെ ഭാഗമാകാന്‍ ലൈല താരിക്കിനോടൊപ്പം ജന്മനാട്ടിലേയ്ക്ക് ‍ തിരിക്കുന്നു.
വഴിയില്‍, മറിയത്തിന്റെ സ്ഥലമായ ‘ഹീററ്റി’ല്‍ തങ്ങി ലൈല മറിയ പറഞ്ഞറിഞ്ഞ എല്ലായിടത്തും പോകുന്നു. മറിയയുടെ കാട്ടിനുള്ളില്‍ കുടിliല്‍,മറിയ ജലീലിനെ പ്രതീക്ഷിച്ച് നിന്നയിടthth.. ഒക്കെ.. മറിയയുടെ പിതാവ് മറിയയ്ക്കായി വച്ചിരുന്ന ഒരു പെട്ടി മുല്ലയുടെ മകന്‍ ഹംസ ലൈലയെ ഏല്‍പ്പിക്കുന്നു. അതില്‍ ഒരു വീഡിയോ ടേപ്പും,(ഒരു കാര്‍ട്ടൂണ്‍ സിനിമ!) അല്പം സ്വത്തിന്റെ ആധാരവും. ലൈലയോട് മാപ്പപേക്ഷിക്കുന്ന ഒരു കത്തും.. പണക്കാരനായ ജലീല്‍ തന്റെ മകള്‍ മറിയയെ സ്നേഹിച്ചിരുന്നു എന്നിട്ടും അവളെ രക്ഷിക്കാന്‍ അയാള്‍ക്കാകാഞ്ഞതിന്റെ നൊമ്പരമായിരുന്നു കത്തിലുടനീളം.
എല്ലാം നെഞ്ചോടടുക്കി, ലൈല യാത്രയാകുന്നു.. തിരിച്ച് അഫ്ഗാനിസ്ഥാനിലേക്ക്..

അവിടെ, കുറച്ചൊക്കെ സ്വാതന്ത്രം കിട്ടിയ സ്ത്രീകള്‍ പഠിച്ചു തുടങ്ങുന്നു, ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നു. അതിനിടയില്‍ ലൈല പണ്ട് അസീസ ജീവിച്ച അനാഥാലയത്തില്‍ പോയി കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കയും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ലൈലയോടൊപ്പം താരിക്കും സഹായത്തിനെത്തുന്നു.

അവര്‍ക്കും മക്കളും പ്രത്യാശയോടെ, സ്വതന്ത്രമായി (?) അഫ്ഗാനിസ്ഥാനില്‍ ജീവിക്കാമെന്ന് അവര്‍ വീണ്ടും സ്വപ്നം കണ്ട് തുടങ്ങുന്നു..

പക്ഷെ, അഫ്ഗാന്‍ സ്തീകളുടെ സ്വാതന്ത്ര്യമൊക്കെ ഇനിയും എത്രയോ അകലെ എന്ന് ഈ ആര്‍ട്ടിക്കിള്‍ വായിച്ചാല്‍ മനസ്സിലാകും..,

This entry was posted on 10:42 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments