അക്ഷരങ്ങളുടെ രാജ്യം  

Posted by Askarali

അവള്‍ അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങിയത് പ്രൈമറി സ്ക്കൂളില്‍ പോയതുമുതലായിരുന്നു.

തനിക്ക് പറഞ്ഞ് പ്രകടിപ്പിക്കാനാവാത്ത പലതും അക്ഷരങ്ങളിലൂടെ മറ്റുള്ളവരുടെ ഹൃദയത്തില്‍ എത്തുമെന്നത് ഒരു ആശ്ചര്യമായിരുന്നു

രണ്ടാം ക്ലാസ്സില്‍ ടെസ്റ്റുകള്‍ ഇട്ട്, റിസള്‍ട്ട് പറയുമ്പോള്‍ മറ്റുള്ളവരോടൊന്നുമില്ലാത്ത ഒരു മതിപ്പ് ടീച്ചറില്‍ തന്‍ നേര്‍ക്ക് ഉണ്ടാകുന്നത്..

പിന്നെ, ഫോറിനില്‍ നിന്ന് നേരില്‍ കണ്ടിട്ടില്ലാത്ത വലിയമ്മയുടെ കത്തുമായി അമ്മ ഒരു വിജയശ്രീലാളിതയെപ്പോലെ വന്ന് ആ കത്ത് എല്ലാവരെയും വായിച്ചു കേള്‍പ്പിക്കുമ്പോള്‍..

ആ കത്ത് ഇംഗ്ലീഷിലായിരുന്നു. അവര്‍ ഒരു അന്യഭാഷക്കാരിയായിരുന്നതുകൊണ്ട് ഇംഗ്ലീഷിലെഴുതിയതാണ്.

ആ വലിയമ്മയെ എല്ലാവര്‍ക്കും മതിപ്പായിരുന്നു. അവര്‍ പണമോ ഒന്നും അയച്ചിരുന്നില്ല. ഇടയ്ക്കിടെ അന്യനാട്ടിലെ വിശേഷങ്ങള്‍ കത്തിലൂടെ എഴുതി അറിയിക്കുമായിരുന്നു. നേരില്‍ കണ്ട് സംസാരിക്കുന്ന സ്വന്തക്കാരെക്കാളും അമ്മയുടെ ഹൃദയത്തില്‍ വെറും അക്ഷരങ്ങള്‍ കൊണ്ട് ആ വലിയമ്മ വലിയ ഒരിടം ഉണ്ടാക്കിയെടുത്തത് അവളെ അല്‍ഭുതപ്പെടുത്തി!
തനിക്ക് പേരിട്ടതും ആ വലിയമ്മയാണ്.
ആ പേര് തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നതും കണ്ടു. വെറുതെ രണ്ട് അക്ഷരങ്ങള്‍ പ്രത്യേകതരത്തില്‍ യോജിച്ചപ്പോള്‍, അത് തനിക്ക് ഒരു പ്രത്യേകത തരുന്നത് അവള്‍ കണ്ടു!

ചില പ്രത്യേക പേരുള്ളവരെ കാണുമ്പോള്‍ അവള്‍ക്ക് ഇഷ്ടം തോന്നിയതും ആയിടയ്ക്കാണ്.
അവരുടെ രൂപമല്ല തന്നെ ആകര്‍ഷിച്ചത് എന്ന് അവള്‍ തെല്ലൊരത്ഭുതത്തോടെ ഓര്‍ത്തു.
ആ പേരുകള്‍ കടലാസില്‍ ആവര്‍ത്തിച്ചെഴുതുമ്പോല്‍ എന്തോ ഒരു നിര്‍വൃതി അവള്‍ അനുഭവിച്ചു.

പിണങ്ങിയിരുന്ന ഒരു കൂട്ടുകാരിയെ നേരിട്ട് സംസാരിച്ച് രമ്യതയിലെത്തിക്കാന്‍ മടിച്ച് കത്തിലൂടെ തന്റെ വിചാരങ്ങള്‍ എഴുതി അറിയിച്ച് പിണക്കം അവസാനിപ്പിച്ചത് അവള്‍ക്ക് അക്ഷരങ്ങളെ കൂടുതല്‍ മതിപ്പുണ്ടാക്കിച്ചു. കൂട്ടുകാരി തിരിച്ചും കത്തെഴുതി. നേരില്‍ കണ്ട സ്നേഹത്തെക്കാള്‍ അവളുടെ ഉള്ളില്‍ സ്നേഹമുണ്ടെന്ന് അക്ഷരങ്ങള്‍ കാട്ടിത്തന്നു!

പിന്നെ ഓണത്തിനും ക്രിസ്തുമസ്സിനും ബര്‍ത്ത്ഡേയ്ക്കും ഒക്കെ അക്ഷരങ്ങള്‍ വഴി മറ്റുള്ളവരോടുള്ള തന്റെ സ്നേഹം അറിയിക്കുക അവള്‍ക്കൊരു ഹരമായി മാറി.

വിവാഹപ്രായമായപ്പോഴും അവള്‍ അക്ഷരങ്ങളിലൂടെയാണ് തന്റെ ഭാവിവരനെപ്പറ്റി അറിഞ്ഞത്.
അച്ഛന് വലിയച്ഛന്‍ വരനെപ്പറ്റിയും കുടുമ്പത്തെപ്പറ്റിയും ഒക്കെ എഴുത് അറിയിച്ചതു കണ്ട് അവള്‍ ആ രൂപം ഭാവന ചെയ്തു.. പിന്നെ ഭാവനയില്‍ വിരിഞ്ഞ രൂപത്തെ സ്നേഹിച്ചു..

ആ പേരാണ് ഇനിമുതല്‍ തന്റെ പേരിനോടൊപ്പം ചേര്‍ത്തു വയ്ക്കേണ്ടത് എന്നോര്‍ത്തപ്പോല്‍ എന്തോ ഒരു സംതൃപ്തി. പേരുകള്‍ തമ്മില്‍ നല്ല ചേര്‍ച്ച. എഴുതി നോക്കി, എന്നിട്ടും ചേര്‍ച്ച.

അവള്‍ മനസ്സോ രൂപമോ ചേരുന്നോ എന്നു നോക്കാന്‍ ആഗ്രഹിച്ചതുമില്ല.

പേരില്‍ തോന്നിയ ചേര്‍ച്ച അവള്‍ ജീവിതത്തിലും അനുകരിക്കാന്‍ കിണഞ്ഞു ശ്രമിച്ചപ്പോള്‍ ജീവിതം വിജയിക്കുന്നു എന്നു തോന്നി.
പക്ഷെ, അയാള്‍ തന്റെ അക്ഷരങ്ങള്‍ വളച്ചും ചരിച്ചും എഴുതുന്നത് മറ്റാര്‍ക്കോ വേണ്ടിയാണെന്ന് പെട്ടെന്നവള്‍ക്ക് തോന്നി. മറ്റെന്തിനോ വേണ്ടിയാണ് അയാള്‍ ജീവിക്കുന്നതെന്നും തോന്നി. അയാളുടെ രാജ്യത്തില്‍ തനിക്ക് ഇടം ഇല്ലാതെ വിഷമിച്ചു.
പക്ഷെ, പോകെപ്പോകെ അയാളില്‍ അക്ഷരങ്ങളേ കാണാഞ്ഞ് അവള്‍ തരിച്ചുനിന്നു. അക്ഷരങ്ങളില്ലാത്ത അയാള്‍ തനിക്ക് തികച്ചും അന്യനായി തോന്നി.
ഏകാകിയായി അവള്‍ അലഞ്ഞു..

അവള്‍ വീണ്ടും അക്ഷരങ്ങളുടെ ലോകത്തില്‍ അഭയം പ്രാപിച്ചു.

പിന്നീടൊരിക്കല്‍ ഒരു പ്രത്യേക രീതിയില്‍ ചില അക്ഷരങ്ങള്‍ ചേര്‍ന്നു നിന്നപ്പോള്‍ അവള്‍ക്കു തോന്നി, ആ പേരുമായി തനിക്കെന്തോ ബന്ധമുണ്ടെന്നു!
ആ പേര് അക്ഷരങ്ങളിലൂടെ പതിയെ അവളോട് സംസാരിച്ചു തുടങ്ങി.
അവളും!

പിന്നീട് പേരുകള്‍/അക്ഷരങ്ങള്‍ മാത്രമുള്ള ഒരു രാജ്യത്ത് അവള്‍ എത്തിപ്പെട്ടു.

അവിടെ പല പ്രകാരത്തിലും അക്ഷരങ്ങള്‍ ചേര്‍ന്ന് മനുഷ്യരെ നിര്‍മ്മിക്കുന്നത് അവള്‍ കണ്ടു!

ചില കോമ്പിനേഷന്‍സ് അവള്‍ക്ക് വളരെ ഇഷ്ടമായി.

മറ്റു ചിലവ അകല്‍ച്ച തോന്നിപ്പിച്ചു.

ഒരു പ്രത്യേക പേര്‍ കാണുമ്പോള്‍ അകാരണമായി അവള്‍ക്ക് ആനന്ദം തോന്നി.

എന്നും ആ പേര് കാണണം എന്ന ആഗ്രഹം. ഒരു ദിവസം പോലും കണ്ടില്ലെങ്കില്‍ അവള്‍ക്ക് ജീവിക്കാനാവാതെ വന്നു.

അക്ഷരങ്ങളുടെ ലോകത്തില്‍ അവള്‍ ആ പ്രത്യേക പേരിനെ തേടി നടന്നു..

ഒടുവില്‍.. ചിരിച്ചുകൊണ്ട് അതിന്റെ ഉടമസ്ഥന്‍ മുന്നില്‍ വന്നു നിന്നു.
അപ്പോള്‍ അവള്‍ ഭയപ്പാടോടെ പിന്തിരിഞ്ഞു. അയാളുടെ തലയ്ക്കുമുകളില്‍ അക്ഷരങ്ങള്‍ കാണാഞ്ഞ്.
അക്ഷരങ്ങളില്ലാതെ, അക്ഷരങ്ങളിലല്ലാതെ ഒരു യധാര്‍ത്ഥ മനുഷ്യനെ അവള്‍ക്ക് ഇഷ്ടപ്പെടുവാന്‍
പ്രയാസമായി തോന്നി. ഇഷ്ടപ്പെടുന്നത് ആപല്‍ക്കരവും, അധര്‍മ്മവും ആണെന്നവള്‍ക്ക് ബോധ്യം വന്നു.. അവര്‍ക്ക് തമ്മില്‍ പറയാന്‍ ഒന്നുമില്ലാതായി. അവള്‍ക്ക് അയാള്‍ തികച്ചും അന്യനായും തോന്നി.
അയാളുടെ ആംഗ്യവിക്ഷേപങ്ങളൊക്കെ അവള്‍ക്ക് അപരിചിതമായിരുന്നു താനും..
അവളുടെ ധര്‍മ്മസങ്കടം മനസ്സിലാക്കിയ അക്ഷരങ്ങളുടെ രാജകുമാരന്‍ തിരിച്ച് അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് തന്നെ മടങ്ങിപ്പോയി..

അവിടെ അവള്‍ അയാള്‍ക്കായി കാത്തിരിക്കയായിരുന്നു..
അയാള്‍ രൂപമില്ലാത്ത; ശരീരമില്ലാത്ത വെറും അക്ഷരങ്ങളായി അവളുടെ മുന്നില്‍ നിന്നു.

അവള്‍ കുറെ അക്ഷരങ്ങള്‍ ചേര്‍ത്ത് ഒരു മാല്യം ചാര്‍ത്തി ആ പേരിനു ചാര്‍ത്തി! അക്ഷരങ്ങളുടെ രാജകുമാ‍രി!

അവള്‍ വെറും അക്ഷരങ്ങളുടെ മാത്രം ലോകത്തിലെ അന്തേവാസി.

[വെറുതെ മനസ്സില്‍ തോന്നിയത്]

This entry was posted on 10:36 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments