സ്ത്രീ ഹൃദയം  

Posted by Askarali

മായക്ക് മായയുടെ അമ്മുമ്മയെപ്പറ്റി പറയുവാനാണെങ്കിൽ ഇനിയുമുണ്ട്‌.
അമ്മുമ്മയുടെ ക്ഷമ, വിനയം, ബാലിശമായ ചില രീതികൾ ഒക്കെയും മായക്ക്‌ ഇഷ്ടമായിരുന്നു.

അമ്മുമ്മ തന്നെ പറഞ്ഞിരുന്നു, അമ്മുമ്മ ആറു ആണ്മക്കള്‍ക്കു ശേഷം ഉണ്ടായ പെണ്‍കുട്ടിയായതു കൊണ്ട് എല്ലാവരുടെയും ചെല്ലക്കുട്ടിയായിരുന്നത്രെ. തന്റെ ചേട്ടന്മാര്‍ ദൂരെയുള്ള സ്ക്കൂളില്‍ പഠിക്കാന്‍ പോയപ്പോള്‍ അമ്മുമ്മയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ അവരോടൊപ്പം സ്ക്കൂളില്‍-കുടിപ്പള്ളിക്കൂട ത്തില്‍- പോയി പഠിക്കാന്‍ അനുവദിക്കപ്പെട്ടതും ഒക്കെ. പെണ്ണുങ്ങള്‍ പള്ളിക്കൂടത്തില്‍ പഠിപ്പൊക്കെ വന്നു തുടങ്ങുന്നതേ ഉള്ളായിരുന്നു അന്നൊക്കെ.

അമ്മുമ്മയുടെ അനിയത്തിയുടെ ഭർത്താവിന്‌, വകയിൽ മറ്റൊരു അനിയത്തിയിൽ (ഭർത്താവും മരിച്ചുപോയ) ഒരു കുഞ്ഞുണ്ടായ വിവരം അമ്മുമ്മ നേരിട്ട കഥ ( അമ്മുമ്മതന്നെ പറഞ്ഞു കേട്ടതാണ്‌),
അമ്മുമ്മയുടെ വിശാലമനസ്ക്കത വെളിപ്പിടുത്തുന്നു. കഥ ഇപ്രകാരം...
ഒരിക്കല്‍ അമ്മുമ്മ അൽപ്പം അകലെയുള്ള അമ്മുമ്മയുടെ അനിയത്തിയുടെ വീട്ടിൽ പോവുകയായി രുന്നു . അമ്മുമ്മയെ കണ്ട ഉടൻ വയലിൽ ഞാറു നടുന്ന കുറേ സ്ത്രീകൾ ഓടി ചെന്ന്‌ പറഞ്ഞു, "അറിഞ്ഞാ തമ്പിരാട്ടീ ( അന്ന്‌ അവർ തമ്പിരാട്ടീ/തമ്പ്രാ എന്നു വിളിയ്ക്കും- നായന്മാരെ. നായന്മാര്‍‌ ക്ഷത്രിയരെ തമ്പുരാട്ടീ/ തമ്പുരാന്‍ എന്നു വിളിയ്ക്കും) കാരിയം? അവിടത്തെ കൊച്ചമ്പ്രാട്ടിക്ക് വയറ്റിലുണ്ടെന്ന്!”. രഹസ്യം പ്രഖ്യാപിച്ചിട്ട് അടക്കിപ്പിടിച്ച ചിരിയുമായി അവര്‍ ‘കാണാന്‍ പോകുന്ന പൂരം’ കാണാന്‍ നിന്നു( അവര്‍ പ്രതീക്ഷിച്ചത് അമ്മുമ്മ മാറത്തലച്ച് കരയുമെന്നോ, ആക്രോശിക്കു മെന്നോ ഒക്കെയാകും. അന്നും, ഇന്നും, എന്നും, സ്ത്രീകള്‍ക്കാര്‍ക്കും ക്ഷമിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ ല്ലൊ ഭര്‍ത്താവിന്റെ അവിഹിത ബന്ധം). പക്ഷെ, അമ്മുമ്മയുടെ ഭാവപകർച്ച കാണാൻ നിന്ന അവരോട്‌ അമ്മുമ്മ കൂളായി പറഞ്ഞു, "അവൾക്ക്‌ ഗര്‍ഭമുണ്ടെങ്കിൽ അവൾ പ്രസവിക്കും" എന്നു പറഞ്ഞ്‌ ഒറ്റ നടത്തം. പൂരം കാണാന്‍ നിന്നവര്‍ നിരാശരായി എന്നുമാത്രമല്ല , അന്തംവിട്ട് അങ്ങിനെ ആ പോക്കും നോക്കി കണ്ണും മിഴിച്ച് കുറേ നേരം നിന്നു ബോധം തെളിഞ്ഞു കിട്ടാ‍ന്‍.

ആ ‘കുഞ്ഞമ്മുമ്മ’ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കി, മാത്രമല്ല, ആ കുട്ടിയെ വളർത്തുന്ന ചിലവും പഠിത്ത കാര്യങ്ങളും ഒക്കെ വഹിച്ചതും അമ്മുമ്മയായിരുന്നു. മറ്റൊരു മകനെപ്പോലെ അമ്മുമ്മ ആ മകനെ വളർത്തി. അദ്ദേഹം വലിയ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായി, അമ്മുമ്മയുടെ മക്കളെക്കാള്‍ നല്ല നിലയില്‍ ജീവിക്കുകയും ചെയ്തു. ആ അമ്മാവൻ ഇടയ്ക്കൊക്കെ അമ്മുമ്മയെ കാണാൻ വരുന്നത്‌ സ്വന്തം അമ്മയെ കാണാൻ വരുമ്പോലെയായിരുന്നു... ഓണക്കോടിയും പൊകയിലയും(അമ്മുമ്മ മുറുക്കില്ലെ ങ്കിലും) ഒക്കെയായി ഓണം കാണാന്‍ വരുമായിരു‍ന്നു. വളരെ നേരം അമ്മുമ്മയുടെ അടുത്തിരുന്ന്‌ വിശേഷങ്ങൾ പറയുമായിരുന്നു. (പക്ഷെ മായയുടെ അമ്മ അങ്ങിനെയേ അല്ല. മായയുടെ അച്ഛന്‍ ജോലിക്കാരിയേയോ, പത്തക്കമ്പില്‍ ചേലചുറ്റിയ ആരെയെങ്കിലും ഒന്നു നോക്കിയാലോ മിണ്ടിയാലോ അന്ന് വീട്ടില്‍ ബൂകമ്പമായിരിക്കും. അന്ന് മായ ശപഥം ചെയ്തതാണ്, താന്‍ വലുതാകുമ്പോള്‍ തന്റെ ഭര്‍ത്താവ് എന്തു കാട്ടിയാലും വിശാലമനസ്ക്കതയോടെ നേരിടണം എന്ന്. പക്ഷെ കാര്യത്തോടടുക്കുമ്പോഴല്ലേ സീരിയസ്സ്നസ്സ് മനസ്സിലാകുന്നത്. ഏതൊരു കഠിന ഹൃദയയും വിശാലമനസ്ക്കയും തോറ്റുപോകുന്ന ഒരു പ്രതിസന്ധിയാണതെന്ന്. അമ്മ കാര്യമുണ്ടായിട്ട് വഴക്കുണ്ടാക്കിയെങ്കില്‍, മായ കാര്യമെയില്ലാതെ തന്നെ ഭൂകമ്പമുണ്ടാക്കി. ‘മാനത്തു കാണുമ്പോഴേ.. എന്ന ചൊല്ലുപോലെ...)

അമ്മുമ്മ അമ്മുമ്മയുടെ മരുമകളെ (മായയുടെ അമ്മയെ) നോക്കിയതും മായയ്ക്ക്‌ മതിപ്പുണ്ടാക്കും വിധ മായിരുന്നു. മായയുടെ അമ്മ അച്ഛനെ അപേക്ഷിച്ച്‌ സാമ്പത്തികമായി അൽപ്പം മോശപ്പെട്ട കുടുംബ ത്തിലേതായിരുന്നു(അമ്മ കേൾക്കണ്ട, അമ്മയ്ക്ക്‌ പക്ഷെ ഗവഃ ജോലിയുണ്ടായിരുന്നു- ആ ജോലി യില്‍ നിന്നും കിട്ടിയ ശംബളമായിരുന്നു, ക്ഷയിച്ചു തുടങ്ങിയ ജന്മി കുടുംബത്തിനെ പലപ്പോഴും നേരെ നിർത്തിയതും). അതുകൊണ്ട്, മായയുടെ അമ്മ വലിയ ആശങ്കയോടെയായിരുന്നു വിവാ‍ഹം കഴിഞ്ഞ് അമ്മുമ്മയുടെ വീട്ടിൽ എത്തിയത്‌. അമ്മുമ്മ അമ്മയെ സ്വീകരിച്ചതോ? ഒരു കൂട്ടം താക്കോൽ കയ്യിൽ ഭദ്രമായി ഏൽപ്പിച്ചും( വീട്‌ പഴയതായിരു ന്നെങ്കിലും, വച്ചുപൂട്ടാൽ ഒന്നുമില്ലായിരുന്നെങ്കിലും താക്കോലുകൾ ഒരുപാടുണ്ടായിരുന്നു എന്ന്‌ അമ്മ ഇടയ്ക്കൊക്കെ കളിയാക്കി പറയും). സ്വന്തം പെണ്മക്കളെയും അവരുടെ മക്കളെക്കാളും വലിയ വാത്സല്യവും സ്നേഹവും മതിപ്പും ഒക്കെ എപ്പോഴും അമ്മുമ്മയ്ക്ക്‌ അച്ഛനോടും അച്ഛന്റെ ഭാര്യയോടും മക്കളോടും തന്നെയായിരുന്നു. അമ്മ എത്ര വഴക്കുപറഞ്ഞാലും അമ്മുമ്മയ്ക്ക്‌ അമ്മയോട്‌ സഹതാപം കലർന്ന ഒരു സ്നേഹം മാത്രമേ അവസാനം വരെ കണ്ടിട്ടുള്ളു. ( ഓഫീസ്‌ ജോലിയും, വീട്ട്‌ ജോലിയും, കൃഷിക്കാര്യങ്ങളും, ഒക്കെയായി മല്ലടിച്ചു ജീവിക്കുന്ന അമ്മയോട്‌ അമ്മുമ്മയ്ക്ക്‌ ബഹുമാന്മായിരുന്നെന്നും തോന്നിയിട്ടുണ്ട്.)


അമ്മുമ്മക്ക് ഇടക്കിടെ ബാലിശ സ്വഭാവവും ഉണ്ടായിരുന്നു. ആഹാരം കഴിച്ചു കഴിഞ്ഞ്, എന്തെങ്കിലും ഇടക്ക്‌ വായ്‌ നന്നാക്കാൻ വേണം. ഒരു പഴമോ, അൽപ്പം ശർക്കരയോ, പഞ്ചസാരയോ, ചിലപ്പോൾ പുളി, അങ്ങിനെ കുട്ടികളെപ്പോലെ ഇടക്കിടയ്ക്ക്‌ ഓരോന്ന്‌ ചോദിച്ച്‌ അടുക്കളയിലെത്തി അമ്മാമ്മയെ (അമ്മയുടെ അമ്മയെ)നിരന്തരം ശല്യപ്പെടുത്തുന്ന സ്വഭാവവും ഉണ്ടായിരുന്നു. അമ്മയുടെ അമ്മ അല്‍പ്പം പരിഭവത്തോടെയാണെങ്കിലും എല്ലാം കൊണ്ടു കൊടുക്കും. അവര്‍ ചങ്ങാതിമാരായിരുന്നു. മാങ്ങ സീസൺ ആണെങ്കിൽ അമ്മുമ്മ ആരും കാണാതെ സ്റ്റോറൂമിൽ പോയി, മതിയാവോളം കഴിക്കുമായിരുന്നു. തനിയേ അതിന്റെ തോലു വിരിഞ്ഞ്‌ ഉള്ളിലുള്ളത്‌ കഴിച്ചിട്ട്‌ ജനലിലൂടെ വെളിയിലേക്കെറിയും.ആറും ഏഴും ഒക്കെ ഒറ്റനില്‍പ്പിന് നിന്ന് വിരിഞ്ഞ് തിന്നു തിന്നില്ല എന്ന മട്ടില്‍ പുറത്തേക്ക് വലിച്ചെറിയും. അമ്മ ഓഫീസിൽ നിന്നു തിരിച്ചെത്തുമ്പോൾ നല്ല അമ്മായിയായി, അമ്മുമ്മയുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞ്‌ അങ്ങിനെ ‘ഞാനൊന്നുമറിഞ്ഞില്ലേരാമ നാരായണാ’ എന്ന മട്ടിൽ ഒരു കിടപ്പുണ്ട്‌. ‘ഇനി നീയായി നിന്റെ പാടായി. വഴക്കു പറയണമെങ്കിൽ ആയിക്കോ, ഭരിക്കണമെങ്കിൽ ആയിക്കോ, എന്തു ചെയ്‌താലും എന്നിൽ ഏശുകയില്ല’ എന്ന മട്ട്‌.


ഈ നിർവികാരതയാണു അമ്മ്യ്ക്ക്‌ സഹിക്കാൻ പറ്റാത്തത്. ഉള്ള കുരുത്തക്കേടുകൾ മുഴുവൻ ഒപ്പിച്ചു വച്ച്‌ അമ്മുമ്മ ഒരിടത്തും , അതിലും വലിയ കുരുത്തക്കേടുകൾ ഒപ്പിച്ചു വച്ച്‌ മായയുടെ അനിയനും, ഒപ്പം മായയും അങ്ങിനെ നല്ല പിള്ളമാരായി, അമ്മയുടെ പ്രതികരണവും പ്രതീക്ഷിച്ച്‌ ആ വീട്ടിൽ ഉണ്ടാകും. അമ്മയ്ക്ക്‌ വന്നാലുടൻ ആദ്യം ചെയ്യേണ്ടത്‌ പ്രതികരിക്കുക എന്നതാണു. അമ്മയ്ക്ക്‌ പ്രതികരിക്കാതെ ഒന്നും ചെയ്യാനുമാവില്ല[ഞങ്ങളുടെ കണക്കുസാര്‍ ചെയ്തിരുന്നതുപോലെ. അദ്ദേഹം ക്ലാസ്സില്‍ കയറിയാല്‍ ആദ്യം ചെയ്യുന്നത്. ആര്‍ക്കും പറയാനറിയാത്ത ഒരു കണക്ക് ബോഡില്‍ എഴുതും. എന്നിട്ട് ചെയ്യാന്‍ അറിയില്ലെങ്കില്‍ എണീറ്റു നില്‍ക്കാന്‍ പറയും. ഒരറ്റം തൊട്ട് അടി തുടങ്ങും. എല്ലാവര്‍ക്കും കിട്ടാ‍നുള്ളത് കിട്ടിക്കഴിഞ്ഞെന്നുറപ്പായാല്‍ പിന്നെ സാറിന് ഭയങ്കര സ്നേഹമാണ്. ഏതാണ്ടതുപോലെ]. ആദ്യം അനിയനെ പിടിച്ച്‌ രണ്ടു കൊടുക്കുക, പിന്നെ അടുത്തു നിൽക്കുന്ന മായയ്ക്കും " നീ അങ്ങിനെ ഇപ്പം നല്ല്‌ പിള്ള ചമയണ്ട" എന്ന മട്ടിൽ രണ്ടു കൊടുക്കുക (വലിയവായില്‍ നിലവിളിക്കുന്ന മകനെ സമാധാനിപ്പിക്കാനുമാവും ചിലപ്പോള്‍ മായയെ അടിക്കുന്നത്. അതിന്റെ സൈക്കോളജി അറിയാവുന്ന മായ അനിയനെപ്പോലെ കരയില്ല. അന്യായം പ്രവര്‍ത്തിച്ചിട്ട്
കണ്ണീരൊഴുക്കിയാല്‍ അന്യായക്കാരനെ ജയിപ്പിച്ചതുപോലാവില്ലെ), പിന്നെ വയസ്സായ അമ്മുമ്മയ്ക്കും ഒരു ഡോസ്‌-വഴക്ക്. എല്ലാം കഴിഞ്ഞ്‌ ജോലിക്കരിയുടെ വക കൊടുക്കാൻ അടുക്കളയിലേയ്ക്കും....‍

എല്ലാം കെട്ടടങ്ങുമ്പോള്‍ അമ്മ വീണ്ടും വരും പുന്നാരമോന്റെ കണ്ണീരൊപ്പാന്‍( പിന്നെ ബാഗില്‍ പതുക്കി വച്ചിരിക്കുന്ന കേക്കോ, മിഠായിയോ ഒക്കെ തരാനും). വാതിലിന്റെ മറവില്‍ അപമാനം മറയ്ക്കാന്‍ പതുങ്ങി നില്‍ക്കുന്ന മായയോട് ചിലപ്പോള്‍ “ ഈ പെണ്ണെന്താ ഇങ്ങിനെ? നിനക്ക് ഒന്നു കരഞ്ഞാലെന്താ? മായ അമ്മയെ കണ്ണുരുട്ടി കാണിക്കും. അമ്മ മനോഗതമെന്നോണം പറയും, ‘വല്ലാത്ത മനക്കട്ടി തന്നെ. എങ്കിലും ഇത്ര കൊച്ചിലേ ഇങ്ങിനെ എല്ലാം ഉള്ളിലൊതുക്കുന്നത് നന്നല്ല’. ‘കരയെടീ’ എന്നൊക്കെ പറഞ്ഞ് വീണ്ടും ഒരു വിരട്ട്. പണിമുടക്കി നില്‍ക്കുന്ന കണ്ണീരിനെ‍ മായ എവിടുന്ന് നിര്‍മ്മിച്ചു കൊടുക്കാന്‍?! അമ്മയും മായയുമായി ഒരു കോള്‍ഡ് വാര്‍ കഴിഞ്ഞ് ഒടുവില്‍ ആരുമാരും ജയിക്കാതെ സമനിലയില്‍ പിരിഞ്ഞ് പോകും...

( ഒരു പക്ഷെ, ഭാവിയില്‍ ഇങ്ങിനെ ഒരുപാട് അന്യായങ്ങള്‍ താങ്ങേണ്ട കുട്ടിയാണെന്നു കണ്ട് ദൈവം
തമ്പുരാന്‍ കൊടുത്ത മനക്കട്ടിയാകും മായക്ക്.) പിന്നീട് പല അവസരങ്ങളിലും, ഇങ്ങിനെ തോല്‍വി യെയും അപമാനങ്ങളെയും നിസ്സാഹായതകളെയും ഒക്കെ ഇതേ നിസ്സംഗതയോടെ നേരിട്ടതുകൊണ്ട് ഒരുപാട് പേര്‍ക്ക് മായയോട് ദേഷ്യവും അസഹ്യതയും (പിന്നീട് അവരുടെ ദേഷ്യം കെട്ടടങ്ങുമ്പോള്‍ ഒരു പക്ഷെ പശ്ചാത്താപവും തോന്നിയിട്ടുണ്ടാകാം) തോന്നിയിട്ടുണ്ട്.

എന്തു ചെയ്യാം... ഓരോരുത്തരെ ഓരോ പോലെ ദൈവം സൃഷ്ടിക്കുന്നു. അദ്ദേഹത്തിന് എല്ലാറ്റിനും
ഒരുദ്ദേശ്യം കാണാതിരിക്കില്ല. ഞാന്‍ മെനക്കെട്ടിരുന്ന് ഈ ബ്ലോഗെഴുതുന്നതും ദൈവഹിതമാകാം.
നല്ലതിനോ ചീത്തയ്ക്കോ എന്നൊക്കെ അദ്ദേഹത്തിനു മാത്രമറിയാം...

[ഇതൊരു കഥയാണ്. അനുഭവകഥയല്ല്ല. 120 വര്‍ഷം മുന്‍പ് ഭൂമിയില്‍ ഉണ്ടായിരുന്ന കുറെ മനുഷ്യരാണ് കഥാപാത്രങ്ങള്‍. പക്ഷെ, ഇടയ്ക്കിടയ്ക്ക് അല്‍പ്പം ചില യാധാര്‍ത്ഥ്യങ്ങളും കടന്നുകൂടിപ്പോകുന്നു. ഒരു മായ മായയുടെ അമ്മുമ്മയെ ഓര്‍ക്കുന്നതാണ് കഥ... ]

This entry was posted on 11:01 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments