ജീവിതയാഥാര്‍ത്ഥ്യങ്ങള്‍  

Posted by Askarali

നിരാശ
ജീവിതം വിരസമാകുമ്പോള്‍ അല്ലെങ്കില്‍ ജീവിതം നാം പ്രതീക്ഷിക്കുന്ന രീതിയില്‍ മുന്നോട്ടു നീങ്ങാതെ വരുമ്പോള്‍ നാം നിസ്സഹായരാകുന്നു. നിസ്സഹായതയില്‍ നിന്നു നിരാശയുണരുന്നു. നിരാശ നമ്മെ തളര്‍ത്തി ഓരോ ഞരമ്പുകളെയായി കാര്‍ന്നു തിന്നുന്നു... (ഇനിയും കൂടുതല്‍ എഴുതണമെന്നുണ്ടു, പക്ഷെ എന്തോ ഒരു തടസ്സം ഫീല്‍ ചെയ്യുന്നു..അറിവില്ലായ്മയാകാം...)

ചുരുക്കത്തില്‍, ‘ബ്ലോഗില്‍ എന്തെങ്കിലും എഴുതണമെങ്കില്‍ ജീവിതത്തില്‍ ഒരു മിനിമം നിലനില്‍പ്പെങ്കിലും വേണം. ഒരു എന്റര്‍ട്ടൈന്‍മെന്റ് എന്ന നിലയിലേ ബ്ലോഗിനു നിലനില്‍പ്പുള്ളൂ
(ഇപ്പോള്‍ കിട്ടിയ ചിന്ത)

നല്ല പോസ്റ്റ്
നല്ല പോസ്റ്റുമായി വരാം എന്ന് കമന്റില്‍ എഴുതി. പോസ്റ്റ് നല്ലതാണെന്ന് പോസ്റ്റ് എഴുതിയവര്‍ തന്നെ പറയുന്നതില്‍ കാര്യമില്ല. എങ്കിലും വെറുതെ പറയാം നല്ല പോസ്റ്റുമായി വീണ്ടും വരാം എന്ന്. സത്യം പറഞ്ഞാല്‍ ഐഡിയകളൊക്കെ ധാരാളമുണ്ട്, പക്ഷെ ജീവിത പ്രാരാബ്ധങ്ങള്‍ ശ്വാസം മുട്ടിക്കുമ്പോള്‍ അതൊക്കെ അതില്‍പ്പെട്ട് പിടഞ്ഞ് മരിക്കുകയാണ്‍് ചെയ്യാറ്. ചുരുക്കത്തില്‍ ജീവിതം ഒരിച്ചിരിയെങ്കിലും ഭദ്രമായി തോന്നിയാലേ ബ്ലോഗുപോലും എഴുതാനാവൂ. (കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യണം; പാസ്സ് വേഡ് അടിക്കണം തുടങ്ങി ബേസിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കൂടി വളരേ ഊര്‍ജ്ജം ആവശ്യമാണെന്നറിയുന്നത് ജീ‍വിതത്തില്‍ തോറ്റ് തളര്‍ന്നിരിക്കുമ്പോള്‍ മാത്രമാണ്!)

പക്ഷെ, നാം എന്തുകൊണ്ട് ജീവിതത്തില്‍ തളരുന്നു?!

നാം അത്യാഗ്രഹികള്‍ അല്ലെങ്കില്‍ ദുരാഗ്രഹികള്‍ ആകുമ്പോഴാണ് നാം തളരുന്നത് എന്നാണ് എന്റെ ഉത്തരം.

ഉദാഹരണത്തിന് സ്നേഹത്തില്‍ നിന്ന് തുടങ്ങാം...

എന്തൊക്കെയോ മഹത് ലക്ഷ്യങ്ങളുമായി ഭൂമിയില്‍ ജനിച്ചുവീഴുന്ന ഒരു കുഞ്ഞ് ധാരാളം സ്നേഹവുമായി വളരെ സംയമനവുമായാണ് ജനിക്കാറ്. ഉടന്‍ അച്ഛനും അമ്മയുമെടുത്ത് കൊഞ്ചിക്കാന്‍ തുടങ്ങുന്നു, കണ്ണേ, മണിയേ, മുത്തേ, എന്റെ ജീവനേ... എന്നൊക്കെ പറഞ്ഞ് ലാളനകലാല്‍ മൂടപ്പെടുന്ന കുഞ്ഞിന് ആകെ ആശയക്കുഴപ്പം; ഈ ചേഷ്ടകളൊക്കെ (കുട്ടിക്കളികള്‍) കണ്ട് കുഞ്ഞ് പുഞ്ചിരിക്കുന്നു. പിന്നെ പതിയെ പതിയെ അതിന് വഴങ്ങുന്നു. ‘ഓ, ഇതാണ് സ്നേഹം ഇതില്ലാതെ എനിക്ക് ജീവിക്കാനാവില്ല’ എന്ന് തീര്‍ച്ചപ്പെടുത്തുന്നു. എന്നാല്‍, കുഞ്ഞ് തങ്ങളുടെ സ്നേഹത്തിന് അടിമപ്പെട്ട് തുടങ്ങി എന്നു മനസ്സിലായിത്തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ക്ക് പഴയപോലെ സമയം കിട്ടിയെന്നു വരില്ല കൊഞ്ചിക്കാന്‍. മിടുക്കനായി, സ്വതന്ത്രനായി വന്ന കുഞ്ഞ്, സ്നേഹത്തിനു വേണ്ടി ചിണുങ്ങാന്‍ തുടങ്ങുന്നു. ഒടുവില്‍ സ്നേഹമൊന്നും വേണ്ട എന്നു കരുതി പതുക്കെ വളര്‍ന്ന് സ്വാശ്രയനാകുമ്പോള്‍, വരുന്നു... അടുത്ത സ്നേഹക്കെണിയുമായി കാമുകി. ‘നിന്നെ ഞാന്‍ എന്റെ അന്ത്യശ്വാസം വരെ സ്നേഹിക്കും’ എന്ന ഗ്യാരന്റിയോടെ...എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ കാമുകിയുടെ സ്നേഹം, ആര്‍ഭാടങ്ങളിലും മറ്റു കാര്യങ്ങളിലുമായി തിരിയുമ്പോള്‍ അവിടെയും നിരാശ...
വീണ്ടും സ്വയം പര്യാപ്തത പ്രാപിക്കാന്‍ തുടങ്ങുമ്പോള്‍ മക്കള്‍; അവരെ സ്നേഹിച്ച് സായൂജ്യമടയാം എന്നു കരുതി ഓമനിച്ച് (സൈക്കില്‍ ഒഫ് ലൈഫ്) വളര്‍ത്തുന്നു. അവര്‍ വലുതായി പറക്കമുറ്റുമ്പോള്‍ പറന്നകലുന്നു... വീണ്ടും തനിച്ച്. ഇനി എന്തിനെ സ്നേഹിക്കാന്‍?!
അല്ലേ, ഞാന്‍ ചോദിക്കുകയാണ്, ‘നമുക്കൊക്കെ എന്തുകൊണ്ട് നമ്മെത്തന്നെ സ്നേഹിച്ചുകൂടാ?!’

അതുപോലെയാണ് ബ്ലോഗെഴുത്തും

ഒരുത്തന്‍ നിഷ്ക്കളങ്കനായി ബ്ലോഗെഴുതാന്‍ വരും, കമന്റല്ല എന്റെ ലക്ഷ്യം, എഴുത്ത് മാത്രം. (കാശല്ല ലക്ഷ്യം, ആത്മസാഷാത്ക്കാരമാണെന്നൊക്കെ കലാകാരന്മാര്‍ പറയില്ലെ, അതുപോലെ.) അപ്പോള്‍ ഓരോരുത്തരായി കമന്റുകളുമായി വരുന്നു...ഇതുകണ്ട് വിറളിപിടിച്ച എഴുത്തുകാരന്‍ വാനത്തോളം ഉയരുന്നു. പിന്നെ എഴുത്തിനാണോ കമന്റിനാണൊ താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നറിയാതെ എഴുതിക്കൊണ്ടേ ഇരിക്കുന്നു... ഒരിക്കല്‍, കമന്റ് കിട്ടാതെ വരുമ്പോള്‍ അയാള്‍ തകര്‍ന്ന് തരിപ്പണമാകുന്നു.
‘ആല്ലേ, ഈ കമന്റുകളുടെ ഒരു ശക്തിയേ !!!’


ഞാന്‍ ഒരു ബ്ലോഗ് ആഡിക്റ്റ് ആണോ?

അല്ല. അന്യനാട്; മലയാളം മറന്നു തുടങ്ങുന്നമലയാളികള്‍; മലയാളം എന്നാല്‍ എന്തെന്നുപോലും അറിയാത്ത അയല്‍ക്കാര്‍; ധാരാളം സമയം; തനിമ; ടി. വി. (സീരിയല്‍) അഡിക്റ്റ് അല്ല; വീട്ടില്‍ എപ്പോഴും കുടുബാംഗങ്ങള്‍ പോയും വന്നും ഇരിക്കുന്നതുകൊണ്ട് അധികം വെളിയില്‍ പോകാനും പറ്റില്ല. ഇത്രയുമൊക്കെ പോരെ ബ്ലോഗ് എഴുതാന്‍ എസ്ക്യൂസുകള്‍. കൂടാതെ, ഒരു നല്ല ഒരു ബുക്ക് എടുത്ത് വായിക്കാമെന്നു കരുതുമ്പോള്‍, എന്തോ, അതിലും വലിയ ഒരു സാറ്റിസ്ഫാക്ഷന്‍ ബ്ലോഗ് എഴുതുമ്പോള്‍ കിട്ടുന്നു! (അത് മറിച്ചാകുമ്പോള്‍ ഒരുപക്ഷെ, നിര്‍ത്തിയേക്കാം)

ഇനി എന്തെഴുതാന്‍?!

എഴുതിയത്രയും എനിക്കു തന്നെ ബോറായി തോന്നുന്നു. അര്‍ക്കെങ്കിലും ബോറായി തോന്നുന്നില്ല എങ്കില്‍ ദയവായി അറിയിച്ചാല്‍ തുടരാം.. അറിയിച്ചില്ലെങ്കിലും ചിലപ്പോള്‍...

ദാ ഒരു സാഹിത്യ ശകലം കിട്ടിയതുമാതിരി!

ഇതിനെ തല്‍ക്കാലം ‘വേര്‍പാട്’ എന്ന് പേരിടാം

നീ എനിക്കാരുമല്ലെങ്കില്‍, എന്തേ,
നീ പോകുമ്പോള്‍ എന്റെ വീട് മൂകമാകുന്നത്?
എന്റെ ദിവസങ്ങള്‍ വിരസങ്ങളാകുന്നത്?
നീ ഇവിടില്ലാതിരിക്കുമ്പോള്‍, എന്തേ,
ഈ നാട് തീര്‍ത്തും അന്യമായിതോന്നുന്നത്?
നീ ഇവിടുള്ളപ്പോള്‍,
നിന്നെ കാണാനായില്ലെങ്കിലും,
നിന്റെ അവ്യക്ത സാന്നിദ്ധ്യം എന്നെ പുനര്‍ജ്ജീവിപ്പിക്കുന്നത്?
നിന്നെ ചുറ്റിപ്പറ്റി സ്വപ്നനങ്ങള്‍ ഒന്നും നെയ്യാനാവില്ലെങ്കിലും
നീ ഒരു സ്വപ്നമായി തിളങ്ങി നില്‍ക്കുന്നത്?

ഇനി പിന്നെ...

എന്താണ് ശാശ്വതമായി ഉള്ളതെന്ന് ഇന്നലെ ഒരു കമന്റില്‍ എഴുതിയപ്പോള്‍ കിട്ടിയ ചിന്തഎന്താണ് ശാശ്വതം?
ദൈവമെന്ന് പലരും പറഞ്ഞേക്കാം.
മാതാപിതാക്കള്‍ ദൈവത്തെപ്പോലെയാണെന്നും നമ്മെ ചെറുതിലെ ക്ലാസ്സുകളില്‍ പഠിപ്പിക്കും.
‘മാതാ പിതാ ഗുരു ദൈവം’ എന്നും ചൊല്ലുണ്ട് . ആദ്യം മാതാപിതാക്കള്‍. മാതാപിതാക്കള്‍ ദൈവത്തെപ്പോലെ എന്നൊക്കെ പറയുമ്പോള്‍ സമ്മതിച്ചുകൊടുക്കാന്‍ ഇന്നത്തെ (എന്നത്തെയും) തലമുറ ഉടന്‍ കൂട്ടാക്കില്ല. ചെറുതിലെ കയ്യില്‍ വടിയുമായി ആഹാരം കഴിപ്പിക്കയും ഹോംവര്‍ക്ക് ചെയ്യിക്കയും, തൊട്ടതിനും പിടിച്ചതിനുമൊക്കെ നിയന്ത്രണങ്ങളുമായി കൂടെയുണ്ടായിരുന്നവര്‍ എന്നു തോന്നും ചിലര്‍ക്ക് . എല്ലാവര്‍ക്കും സ്വാതന്ത്യം വേണം. സ്വതന്ത്രരാകാന്‍ ആദ്യം ചെയ്യുക മാതാപിതാക്കളില്‍ നിന്നകലുകയാണ്. എന്നാല്‍ അതുകൊണ്ട് നാം സ്വതന്ത്രരായോ? നാം അവര്‍ക്കുപകരം നമ്മുടെ സ്വാതന്ത്ര്യം മറ്റാര്‍ക്കൊക്കെയോ തീറെഴുതിക്കൊടുക്കുകയാവും. ഭാര്യക്ക്, നമ്മുടെ മക്കള്‍ക്ക്, സമൂഹത്തിന്... അവരുടെ ഒക്കെ മുന്നില്‍ നല്ലവരായി ജീവിക്കാന്‍ ശ്രമിക്കുന്ന നാം മാതാപിതാക്കളുടെ മുന്നില്‍ മാത്രം എന്തേ നല്ലവരാകാനാവാത്തത്?! ചിന്തിക്കേണ്ട വിഷയമാണ് (ചിന്തിച്ചോളൂ...)

എന്റെ ഉത്തരം..സ്വാതന്ത്ര്യത്തിനും, അക്സപ്റ്റന്‍സിനും വേണ്ടി മുറവിളി കൂട്ടുന്ന യുവത്വം, മാതാപിതാക്കളോട് കൂടുതല്‍ അടുത്തുനിന്നാല്‍ ‍ നമുക്ക് കിട്ടിയ സ്വാതന്ത്യം നഷ്ടപ്പെട്ടുപോകുമെന്ന ഭയമാകാം. നമ്മുടെ മുന്നോട്ടുള്ള വളര്‍ച്ചക്ക് അവര്‍ തടസ്സം നില്‍ക്കുമോ എന്നൊരു ഭയം. മാതാപിതാക്കളും അല്പം വിശാലത കാട്ടിയാല്‍ ഈ തടസ്സം മാറിക്കിട്ടും. തങ്ങള്‍ ചിറകിനടിയില്‍ ഒളിപ്പിച്ച് വളര്‍ത്തിയ മക്കള്‍ മാത്രമല്ല അവരിപ്പോള്‍,
അവര്‍ക്ക് പ്രത്യേകിച്ച് ബന്ധങ്ങളും കൂട്ടുകെട്ടും ഒക്കെ ആവശ്യമാണ് എന്ന് മനസ്സിലാക്കി അംഗീകരിക്കാന്‍ തയ്യാറായാല്‍ പ്രശ്നം തീര്‍ന്നു. അങ്ങോട്ടും ഇങ്ങോട്ടും അക്സപ്റ്റ് ചെയ്യാന്‍ കഴിയണം
അല്ലെങ്കില്‍ പരസ്പ്പരം അറിയാതെ അടിച്ചമര്‍ത്തിപ്പോകുന്നു. ‘ഹു ഇസ് ദി ബോസ് ഹിയര്‍’ എന്നോ മറ്റോ ഉള്ള ഇംഗ്ലീഷ് സീരിയല്‍ ഓര്‍മ്മവരുന്നു (നന്നായി ക്ണ്ടിട്ടില്ല.).
ഇംഗ്ലീഷുകാര്‍ കുത്തഴിഞ്ഞ് ജീവിതമെന്നൊക്കെ നാം കൊട്ടിഘോഷിക്കുമെങ്കിലും അവര്‍ റിലേഷന്‍ ഷിപ്പ് ഒക്കെ വളരെ നന്നായി കൈകാര്യം ചെയ്യുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇണയോടായാലും മാതാപിതാക്കളോടായാലും ഒരു ഫ്രണ്ട്ഷിപ്പ്/സത്യസന്ധത ആണ് വച്ചുപുലര്‍ത്തുന്നത്. അവരുടെ വസ്ത്രധാരണവും ഭാഷയും ഒക്കെ അനുകരിക്കുന്നതിനോടൊപ്പം അവരിലെ ഈ വിശാലതകൂടി കൈവശമാക്കിയാല്‍ ജയിച്ചു. (നാം അവരുടെ ദോഷവശങ്ങളാണ്
എന്നും നോക്കുന്നത് ) ഡൈവോര്‍സ് കഴിഞ്ഞും മക്കളെ രണ്ടുപേരും കൂടി നോക്കുന്നത്; പുതിയ ഇണയെ പരിചയപ്പെടുന്നത്; കൂട്ടുകാരെപ്പോലെ ജീവിതം തുടരുന്നത്... ഒക്കെ അവരിലെ നന്മയാണ്. അവര്‍ക്ക് വേണ്ടത് സത്യസന്ധത മാത്രം.
അച്ഛനുമമ്മമാരോടും അവര്‍ നന്നായി പെരുമാറുന്നുണ്ടെന്നാണ് എന്റെ അറിവ്‍. അവര്‍ തമ്മിലും
കൂട്ടുകാരെപ്പോലെയാണ് പെരുമാറ്റം. (നന്നായറിഞ്ഞുകൂടാത്തതിനെപ്പറ്റി കൂടുതല്‍ പറയുന്നില്ല)

പറഞ്ഞു വന്നത് ലോകത്തില്‍ ശാശ്വതമായി എന്തുണ്ട് എന്ന് ..

ഞാന്‍ ഒറ്റവാക്കില്‍ ഉത്തരം പറയും,
‘മക്കള്‍!’ .
അവര്‍ എന്നും; എപ്പോഴും; നാം മരിക്കുന്നതുവരെ; നമ്മുടെ മനസ്സില്‍/ ഹൃദയത്തില്‍ ജീവിക്കും.
സന്തോഷമായോ, വേദനയായോ എങ്ങിനെയായാലും ഒരു സത്യമായി, ഒരു അല്‍ഭുതമായി എന്നും നമ്മുടെ ഹൃദയത്തില്‍ അവര്‍ ഉണ്ടാകും. നമ്മുടെ ഉള്ളില്‍ ഉരുത്തിരിഞ്ഞ്, പൂര്‍ണ്ണ മനുഷ്യരായി വളര്‍ന്നവര്‍! നമ്മെ പൂര്‍ണ്ണരാക്കിയവര്‍!

ലോകത്തിലെ ഏറ്റവും വലിയ അല്‍ഭുതം എന്തെന്നു ചോദിച്ചാല്‍ അതിനും എന്റെ ഉത്തരം
‘മക്കള്‍’ തന്നെ. നാം ഉള്ളില്‍ ചുമന്ന് പ്രസവിക്കുന്ന മക്കള്‍; നമ്മിലൂടെ മറ്റൊരു മനുഷ്യന്‍ ഉണ്ടാകുന്നു എന്ന തിരിച്ചറിവ്; അത് നമ്മെ അല്‍ഭുതപ്പെടുത്തുന്നു. മനുഷ്യരാക്കുന്നു. നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നു, രൂപം നല്‍കുന്നു, ഭാവം നല്‍കുന്നു... (ഇതുപോലെ, നമ്മെ കണ്ട് ജീവിതം പടുത്തുയര്‍ത്തിയ നമ്മുടെ മാതാപിതാക്കളും നമ്മുടെ അല്‍ഭുതമായി മാറണം. അവരും സത്യമായി പിറകില്‍ നില്‍പ്പുണ്ട്. അവരില്ലാതെ നാം ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. ഇത് അക്സപ്റ്റ് ചെയ്യാന്‍ നമ്മള്‍ തയ്യാറായാല്‍ നാം നല്ല മക്കളുമായി )

തുടരാം.. തുടരാതെയുമിരിക്കാം..

വൈരുദ്ധ്യം

സ്നേഹത്തെപ്പറ്റി എഴുതിയപ്പോള്‍ നാം ദുരാഗ്രികള്‍ ആയതുകൊണ്ടാണ് സ്നേഹത്തിനുവേണ്ടി കേഴുന്നത് എന്നെഴുതി. ആ പോസ്റ്റും തൊട്ടു മുകളില്‍ എഴുതിയ പോസ്റ്റും തമ്മില്‍ ഒരു ചെറിയ വൈരുദ്ധ്യം തോന്നി. തിരുത്തട്ടെ,
സ്നേഹത്തെപ്പറ്റിയുള്ള പോസ്റ്റില്‍ ‘ജനിക്കുന്ന കുഞ്ഞിനെ സ്നേഹം കൊടുത്ത് വഷളാക്കുന്നു’ എന്നും എഴുതി. അടുത്തപോസ്റ്റില്‍ നമുക്ക് സ്നേഹിക്കാതിരിക്കാനാവില്ല എന്നും.
വ്യക്തമാക്കട്ടെ, ‘ജനിക്കും മുന്‍പ് കുഞ്ഞ് ദൈവത്തിന്റെ ലോകത്തുനിന്നും വരുന്നു. ദൈവത്തിന്റെ സ്നേഹത്താല്‍ സംതൃപ്തനായി. (ആത്മീയം) പക്ഷെ, ഭൂമിയില്‍ മനുഷ്യനായി ജീവിക്കണമെങ്കില്‍ സ്നേഹിക്കണം സ്നേഹിക്കപ്പെടണം, സ്നേഹബന്ധങ്ങള്‍ വേണം(ലൌകീകം). കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, സ്നേഹത്തെ പറ്റിയുള്ള പോസ്റ്റ് ആത്മീയ തലത്തില്‍, മക്കളെപ്പറ്റിയുള്ള പോസ്റ്റ് ലൌകീക തലത്തില്‍ ( ‘ഓ! ആരിപ്പോള്‍ എന്റെ പോസ്റ്റ് ഇത്ര വിശകലനം ചെയ്ത് വായിക്കാന്‍ വരുന്നു’ ഇങ്ങിനെ വിശദീകരിക്കാന്‍! എന്ന് തല്‍ക്കാലം ചിന്തിക്കുന്നില്ല)
തല്‍ക്കാലം ‘ഗൂഡ് ബൈ’ (ഏഷാനെറ്റിലെ ‘നമ്മള്‍ തമ്മിലെ’)

This entry was posted on 10:19 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments