ഒരു സ്വപ്നം; നോസ്റ്റാള്‍ജിയ; വിധി.  

Posted by Askarali

ഒരു സ്വപ്നം; നോസ്റ്റാള്‍ജിയ്; വിധി.

രാവിലെ ഉറക്കമുണര്‍ന്നത് എന്തൊക്കെയോ ഉറക്കത്തില്‍ വിളിച്ചുകൂവിക്കൊണ്ടാണ്.“നിങ്ങള്‍ക്കിതു ചേര്‍ന്നതല്ല. ഇത് കൊലക്കുറ്റത്തിനു തുല്യമാണ്” എന്നായിരുന്നു അവസാനത്തെ വാചകം. ഒരു സ്വപ്നത്തിന്റെ അവസാന ഭാഗമായിരുന്നു. ആത്മ പതിയെ സ്വപ്നം അല്പം റീവൈന്റ് ചെയ്ത് നോക്കി. കുറച്ചൊക്കെ കിട്ടി. ഒരു അഫയറിന്റെ കാര്യമാണ്. സ്വപ്നത്ത്നു കാണാന്‍ പറ്റിയ ഒരു വിഷയമേ! വെറുതെ ഭയപ്പെടുത്താനായിട്ട്! ആത്മ മി. ആത്മയോട് അടിക്കുന്ന ഡയലോഗിന്റെ അവസാനത്തെ ലൈന്‍ ആയിരുന്നു മേല്‍ ഉദ്ധരിച്ചത്. അര്‍ത്ഥം എന്തെന്നാല്‍, പതിവ്രതയായി, ഭര്‍ത്താവിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു ഭാര്യ ഉള്ളപ്പോള്‍‍ മറ്റൊരുവളോടടുക്കുന്നത് ഭാര്യയെ എങ്ങിനെ ബാധിക്കും എന്ന ഭയാനമമായ പുനരാവിഷ്ക്കാരം! ഒരാത്മാവിനെ വധിച്ച്, മറ്റൊരു ആത്മാവിനെ സ്നേഹിക്കുന്നതിനെ ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു ആത്മ ചെയ്തത്. അതാണ് കൊലപാതകം എന്നൊക്കെ പറഞ്ഞത്. ഇതാണ് ആത്മയുടെ ഒരു വീക്ക് നസ്സ്. സെന്റിമെന്റലായാലുടന്‍ ഇത്തരം ഓരോ ഭീതികള്‍ വന്ന് സ്വപ്നത്തിലെങ്കിലും വിരട്ടിക്കളയും.

ടി.വി. സീരിയലുകളും ആത്മയെ ഇതുപോലെ പുറകെ നടന്ന് വേട്ടയാടിക്കൊണ്ടിരിക്കും. അതുകൊണ്ട് സീരിയലുകള്‍ കാണല്‍ പണ്ടേ മതിയാക്കി. (അതില്‍ കാണിക്കുന്ന വൈകൃതങ്ങല്‍ സ്വപ്നത്തിലൂടെ ആത്മയുടെ ജീവിതത്തില്‍ പുനരാവിഷ്ക്കരിക്കപ്പെടാന്‍ വരും).

മലയാളം നോവല്‍ വായനയും ഒക്കെ നിര്‍ത്തിയത് ഇതുകൊണ്ടായിരുന്നിരിക്കണം. അന്യനാട്ടില്‍ എത്തിപ്പെട്ടശേഷം ഒരു പത്തു വര്‍ഷത്തോളം മലയാളം സിനിമാഗാനങ്ങള്‍ കേള്‍ക്കില്ല്ലായിരുന്നു. രാവിലെയും വൈകിട്ടും ഒരു അരമണിക്കൂര്‍ മലയാളം പാട്ടുകള്‍ ഇവിടത്തെ റേഡിയോവില്‍ ഉണ്ട്. അഥവാ കേട്ടാല്‍ ഉടന്‍ പോയി നിര്‍ത്തിക്കളയും . അതുകേള്‍ക്കുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ നിന്ന് ഒരു അഗാധമായ മുറിവ് ഓര്‍മ്മവരും. സഹിക്കുവാന്‍ പ്രയാസമുള്ള ഒരവസ്ഥയായി തോന്നും.. ഉടന്‍ പോയി നിര്‍ത്തും.

നാട്ടില്‍ നിന്നു വന്ന മലയാളി സുഹൃത്തുക്കളുടെ ഇടയില്‍ പെട്ടാലും ഈ നോസ്റ്റാള്‍ജിയ വരും
അത് സഹിക്കാവുന്നതിലും അപ്പുറമായി തോന്നും ചിലപ്പോള്‍.. അതിനെക്കാളൊക്കെ ഒറ്റപ്പെടലാണ് ഭേദം എന്ന് സ്വയം ആശ്വസിച്ച്, ഇടക്കിടക്ക് വരുന്ന മലയാളി കൂട്ടങ്ങള്‍ കാണുമ്പോല്‍ ഓ, വെറുതെ, മനുഷ്യനെ പറ്റിക്കാനുള്ള വേലകള്‍ എന്ന് മനസ്സിനോട് പറഞ്ഞ്, ധൈര്യപ്പെടുത്തും
ഇപ്പോള്‍ തോന്നുന്നു, മലയാളം നോവലുകളും എന്നെ എന്തൊക്കെയോ തിരിച്ചുകിട്ടാനിടയില്ലാത്ത
നഷ്ടങ്ങളെ ഓര്‍മ്മിപ്പിക്കുമായിരുന്നിരിക്കണം.

ഇന്നലെ ജസീക്കയ്ക്ക് പേരൊക്കെ കിട്ടിയ സന്തോഷത്തില്‍ അങ്ങിനെ ഉറങ്ങാന്‍ കിടന്നതാണ്.
എന്നിട്ടു കണ്ട സ്വപ്നമോ! രാവിലെ എഴുന്നേറ്റിട്ടും ഒരു വിങ്ങല്‍. ഭയം. അരക്ഷിതാവസ്ഥ.
(മനസ്സിനെ അധികം ടച്ച് ചെയ്യാതെ അല്‍പ്പം ദൂരെനില്‍ക്കുന്ന എന്റെര്‍ടൈന്മെന്റ്, ബന്ധങ്ങള്‍ ഒക്കെയാണ് ആത്മയ്ക്ക് ഇപ്പോള്‍ ബലം). എന്റെ മലയാള നാടേ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആത്മയ്ക്ക് ഈ പറ്റു പറ്റില്ലാ..

പണ്ട് അകലെ ഹോസ്റ്റലില്‍ പഠിച്ചപ്പോള്‍ അവിടെ ആദ്യവര്‍ഷം കണ്ണും മേച്ചെരുവി(ഗ്രാമ ഭാഷ) നടക്കുന്നത് കണ്ട അമ്മയുടെ ഒരു കൂട്ടുകാരി അമ്മയോടു ചോദിച്ചു, ‘പാവം ഒരു കൊച്ച്, ഇതിനെ
വീട്ടില്‍ നിന്നും ഇത്രയും ദൂരെ കൊണ്ടാക്കണമായിരുന്നോ’ എന്ന്.
പിന്നീട് അത്തരം ഒരു ജീവിതം തന്നെയാണ് തന്നെ കാത്തു നിന്നിരുന്നതെന്ന് ദൈവത്തിനു മുന്‍ കൂട്ടി
അറിയാമായിരുന്നതുകൊണ്ട് ആദ്യമേ പ്രാക്റ്റീസ് നല്‍കിയതായിരുന്നിരിക്കണം. പക്ഷെ, ആത്മയെ
ആരും നിര്‍ബന്ധിച്ചല്ല എങ്ങും അയച്ചത്. വിധി ഒന്നുമാത്രം. വിധി എന്നൊന്നുണ്ടെങ്കില്‍.

ഇപ്പോള്‍ ഒരു കൊച്ച് ഷോപ്പിംഗ്/മാര്‍ക്കറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തി.


വഴിയില്‍ അധികം വയോജനങ്ങളാണ്. മുതുകു കൂനി, വേച്ചു വേച്ച്, എങ്കിലും തലയിലൊക്കെ ഡൈയൊക്കെ ചെയ്ത്, ചുണ്ടില്‍ ലിപ്റ്റിക്കൊക്കെ ഇട്ട്, ജീന്‍സും ടോപ്പുമൊക്കെ ഇട്ട് പോകുന്ന
ചൈനീസ് വയോജനങ്ങള്‍, ചുരീദാറില്‍ കയറി മോഡേണായ ഇന്ത്യന്‍ ലേഡിമാര്‍..
മിഡില്‍ ഏജ്ഡ് ആയവര്‍ ചുരുക്കമാണ്. അധിവവും ജോലിക്കൊക്കെ പോയിക്കാണും.
താടിയും നീണ്ട് വിറച്ച് വിറച്ച് മുന്നിലൂടെ പോകുന്ന ഒരപ്പുപ്പനെ/അമ്മാവനെ കണ്ടപ്പോല്‍ ഒരു കുസൃതി ചിന്ത തോന്നി,
‘അല്ലയോ അമ്മാവാ, താങ്ങള്‍ക്ക് ഈ പ്രായത്തില്‍ ഇനി സ്വപ്നം കാണാന്‍ പറ്റുമോ?
ആയ് കാലത്ത് നിറയെ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടോ നിങ്ങള്‍?
അതും അയവിറക്കിയാണോ ഇങ്ങിനെ സ്വപ്നത്തിലെന്നപോലെ നടക്കുന്നത്?
അഥവാ, നിങ്ങള്‍ സ്വപ്നമേ കണ്ടിട്ടില്ലെങ്കില്‍ കഷ്ടം! കഷ്ടം!
നിങ്ങള്‍ക്ക് ഈ പ്രായത്തില്‍ ഓര്‍ക്കാന്‍ ഒന്നും കാണില്ലല്ലൊ,
ഞാന്‍ നിങ്ങളുടെ ഈ അവസ്ഥയില്‍ ഒന്ന് അനുശോചിച്ചോട്ടെ”

ആത്മ എന്തിനാണ് ഇങ്ങനെ എല്ലാറ്റിനെയും ഭയക്കുന്നതും സ്വയം ഉള്ളിലേക്കൊതുങ്ങുന്നതും .
ആത്മയെ ‘പാവം’ എന്നൊക്കെ പലരും‍ പറയുമെങ്കിലും ആത്മയ്ക്കതു കേള്‍ക്കുമ്പോള്‍ വല്ലാത്ത
വിമ്മിഷ്ടമാണ്. പാവം കേട്ട് മടുത്തു. അതാണ് വല്ലപ്പോഴുമെങ്കിലും, അഹങ്കാരി, തന്റേടി എന്നൊക്കെ ചിലര്‍ വിളിക്കുമ്പോള്‍ എന്തോ ഒരു തൃപ്തി തോന്നുന്നത് ( അറ്റ് ലീസ്റ്റ് സംതിംഗ്)

പണ്ട്, പ്രൈമറി സ്ക്കൂളില്‍ പഠിക്കുമ്പോള്‍, അനിയന്‍ സ്ക്കൂളീന്ന് തിരിച്ചു വരുംവഴി, വഴിനീളെ അടികൂടിയും ഒക്കെയാണ് വരാറ്‌ . വീട്ടില്‍ ചെന്നാല്‍ അവന്റെ വേഷം ഒക്കെ ഇട്ട് നടന്ന് അവനോടൊപ്പം മത്സരിക്കുമെങ്കിലും , ഇവിടെ തന്റെ സഹോദരനെ രക്ഷിക്കാന്‍ തനിക്ക് ചെല്ലാന്‍ പറ്റില്ല. താന്‍ വെറും ഒരു പെണ്ണ്. അടികൂടുന്നത് നോക്കി നില്‍ക്കേണ്ടവള്‍ മാത്രം എന്ന് ബോധ്യം വരും. മുന്നോട്ടു വച്ച് കാല്‍ പിന്‍പോട്ട് വച്ച് അടി ശുഭപര്യവസാനിയായി തീരണേ എന്നു പ്രാര്‍ത്ഥിച്ചോണ്ട് നില്‍ക്കും അനിയന്റെ സ്ലേറ്റും പെന്‍സിലുമൊക്കെ കയ്യില്‍ വച്ചും കൊണ്ട്.
തുടരും..

This entry was posted on 10:19 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments