കോ‌-ഇന്‍സിഡന്‍സ്!  

Posted by Askarali

ചില കാര്യങ്ങള്‍ ഭയങ്കര കോ‌-ഇന്‍സിഡന്‍സ് ആണ്.
ചില കാര്യങ്ങള്‍ ഒരു ചങ്ങലപോലെ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു എന്നും തോന്നും ചിലപ്പോള്‍..
ഷോപ്പിംഗിനൊക്കെ പോകുമ്പോള്‍ ചില ദിവസങ്ങളില്‍ ബസ്സില്‍ ആദ്യം ഒരു അജാനബാഹുവായ മനുഷ്യനെ കാണും, അല്പം കഴിഞ്ഞ് അടുത്ത സ്റ്റോപ്പില്‍ ഒരു അജാനുബാഹിയെക്കാണും.. അപ്പോള്‍ വെളിയില്‍ നോക്കുമ്പോള്‍, രണ്ട് അജാനബാഹുക്കള്‍ (എസ്ട്രീമിലി ഫാറ്റ്) ആയ മനുഷ്യര്‍ അങ്ങിനെ മന്ദം മന്ദം നീങ്ങുന്നത് കാണാം. പിന്നെ, കഴിക്കാന്‍ ചെന്നിരിക്കുമ്പോള്‍, അടുത്ത ടേബിളില്‍ അതാ മറ്റൊരു അജാനബാഹു! അങ്ങിനെ ആ സമയം അജാനുബാഹുക്കളുടെ സമയമാണെന്ന് വേണമെങ്കില്‍ പറയാം..

ചിലപ്പോള്‍‍ ഇരട്ടക്കുട്ടികളെയായിരിക്കാം കണ്ടുമുട്ടുക, ഇരട്ട കൈക്കുഞ്ഞുങ്ങള്‍.. നര്‍സറിപ്പോക്കുകാര്‍, സ്ക്കൂളില്‍ പോകുന്നവര്‍, ഇരട്ട ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ഇരട്ട മന്ദബുദ്ധികള്‍, അന്ധന്മാര്‍.. അങ്ങിനെ ഒരു വിചിത്രമായി അനുഭവങ്ങള്‍ ആത്മയ്ക്ക് ഉണ്ടായിട്ടുണ്ട്.

അതുപോലെ കഴിഞ്ഞ ആഴ്ച കപ്പുകള്‍‍ പൊട്ടുന്ന ആഴ്ചയായിരുന്നു എന്നു തോന്നുന്നു. അതും ഒരു പ്രത്യേക കളറില്‍ ഉള്ള കപ്പുകള്‍ മാത്രം!
തുടരെ തുടരെ നാലെണ്ണം പൊട്ടി മറഞ്ഞു! ഇത്രയും നാള്‍ ഒരു കുഴപ്പവുമില്ലാതെ ആത്മയ്ക്ക് ചായ് സെര്‍വ് ചെയ്തുകൊണ്ടിരുന്നവ ഒരുമിച്ച് അപ്രത്യക്ഷമായെന്നു പറഞ്ഞാല്‍ അതിനെ എന്തു വിളിക്കാന്‍!

ഇനി ചില കോ ഇന്‍സിഡന്‍സ് (മിറക്കിള്‍) എന്നൊക്കെ പറയാം അല്ലെ?
ചില സിനിമകള്‍ ടി.വി യില്‍ വച്ചാല്‍ എപ്പോള്‍ വച്ചാലും, ഏതു സമയത്തു വച്ചാലും ഒരു നിശ്ചിത സംഭവത്തില്‍ നിന്നേ കാണാന്‍ പറ്റൂ. ആ സിനിമയുടെ ആദ്യം കാണരുത് എന്നതുകൊണ്ടോ?! ആ അറിയില്ല!

ഇനിയും വല്ലതും ഓര്‍മ്മ വരുമെങ്കില്‍ എഴുതാം..

[പിന്നെ, വിചാരിച്ചത്ര നന്നായി എഴുതാന്‍ പറ്റുന്നില്ല. ചുമ, ക്ഷീണം, മക്കളുടെ പഠിപ്പ്-ഇത്രയും നാള്‍ പിരിയാതെ കൂടെയുണ്ടായിട്ട് ഇനി ദൂരെയൊക്കെ പോയി പഠിക്കാനും മറ്റുമായി പിരിയുന്നത്- അതുമായി പൊരുത്തപ്പെടാനാകുമോ എന്ന ഉല്‍ക്കണ്ഠ; തുടങ്ങി ഒരു നൂറു വിഷമങ്ങള്‍/മാറ്റങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ എങ്ങിനെ സന്തോഷത്തോടെ എഴുതാന്‍! ശരിക്കും പറഞ്ഞാല്‍ ജീവിതത്തില്‍ അടിക്കടിയുള്ള മാറ്റങ്ങള്‍ ആത്മയെ ശ്വാസം മുട്ടിക്കുന്നു.. പക്ഷെ, മാറ്റങ്ങളാണല്ലോ ജീവിതം എന്നും പറയാം..അല്ലെ,]

ദാ അങ്ങിനെ എഴുതിക്കഴിഞ്ഞപ്പോള്‍ അടുത്ത പോയിന്റ് വരുന്നൂ!

നമ്മുടെ വിചാരങ്ങള്‍ തമ്മിലും മേല്‍ എഴുതിയപോലെ ഈ ചങ്ങല സ്വഭാവം ഉണ്ട്.

നമ്മള്‍ നല്ല കാര്യങ്ങള്‍ ആലോചിക്കുമെങ്കില്‍ അത് നമ്മെ കൂടുതല്‍ നല്ല ചിന്തകളിലേക്ക് തള്ളിവിടും.
പെസിമിസ്റ്റിക്കായി ചിന്തിച്ചുതുടങ്ങിയാല്‍ അത് നമ്മെ കൂടുതല്‍ പെസ്സിമിറ്റിക്കാക്കി, ആക്കി, ഒടുവില്‍ നശിപ്പിക്കും..
സ്നേഹിച്ചാല്‍, [സ്നേഹിക്കുന്ന മനസ്സുകളുടെ ഒരു നേര്‍ത്ത വേവ് (Wave)അന്തരീക്ഷത്തില്‍ ഉണ്ട്പോലും! (വിവേകാന്ദസ്വാമി പറഞ്ഞതാണ്)]
നമ്മുടെ സ്നേഹചിന്തകള്‍ അന്തരീക്ഷത്തിലെ അവ്യക്തമായ ആ വേവില്‍ പെട്ട് അറിയാതെ അങ്ങ് ഒഴുകിപ്പോകും എന്ന്..
അതുപോലെ വെറുപ്പായാലും വൈരാഗ്യമായാലും ഒക്കെ അത് അന്തരീക്ഷത്തില്‍ ഉള്ള വെറുപ്പ് ചിന്തകളുമായും വൈരാഗ്യചിന്തകളും ഒക്കെ ഉള്ള വേവില്‍ പെട്ട് കൂടുതല്‍ കൂടുതല്‍ പെരുകിക്കൊണ്ടേ ഇരിക്കുമത്രെ!

ചുരുക്കത്തില്‍ നാം തുടങ്ങിവയ്ക്കുകയേ വേണ്ടൂ, ‍പിന്നെ നമ്മുടെ കണ്ട്രോള്‍ വിട്ട് ഒരുപക്ഷെ, കാര്യങ്ങള്‍ അങ്ങ് നീങ്ങിക്കളയും എന്ന്!
ഭക്തിയായാലും, വിഭക്തിയായാലും; വലിയ ജീനിയസ്സ് ചിന്തകള്‍.. സയന്റിഫിക് ചിന്തകള്‍.. കമ്പ്യൂട്ടര്‍ ചിന്തകള്‍.. കാവ്യ ചിന്തകള്‍.. സാഹിത്യ ചിന്തകള്‍.. എന്നു വേണ്ട ഏതു ചിന്തകളായാലും;
കുശുമ്പ്, അസൂയ, ആധി, തുടങ്ങി എന്തായാലും നാം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഈ അദൃശ്യ ചങ്ങല നമ്മുടെ മുന്നോട്ടുള്ള ഗമനം എളുപ്പമാക്കിത്തരും (നല്ലതിലേയ്ക്കായാലും ചീത്തയിലേക്കായാലും).
ആദ്യത്തെ ഒരു സിഗററ്റ് വലിക്കാനേ ഉള്ളൂ മടി. പിന്നെ അറിയാതെ വലിച്ചുപോകും..
ആദ്യത്തെ ബിയര്‍ അറപ്പോടെ കുടിച്ച് ശീലിച്ച്.. ശീലിച്ച്.. പിന്നെ ബിയര്‍ അടിക്കാതെ ജീവിക്കാനാവില്ലെന്നാകും..
പെസ്സിമിസ്റ്റിക്കായി ചിന്തിച്ച്.. ചിന്തിച്ച്.. ഒടുവില്‍ അങ്ങിനെ ചിന്തിക്കാതെ ജീവിക്കാനേ ആവില്ലെന്നാകും..
അങ്ങിനെ പോകുന്നൂ കാര്യങ്ങള്‍..
ബോറായി തീരുന്നോ എന്നൊരാശങ്ക അതുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.

വായിച്ചതിനു നന്ദി!
നമസ്ക്കാരം!

This entry was posted on 10:35 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments