ബ്ലോഗ് മനുഷ്യര്‍  

Posted by Askarali

‘ബ്ലോഗ് മനുഷ്യര്‍’ എന്നാല്‍ ഒരു പ്രത്യേക തരം വര്‍ഗ്ഗക്കാരാണ് . ഇവര്‍ 21 ആം‍ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി പറയപ്പെടുന്നു. ഇവര്‍ക്ക് തങ്ങള്‍ മനസ്സില്‍ വിചാരിക്കുന്ന ഏതു രൂപത്തിലും
അവതരിക്കാം എന്നതാണ് ഇവരുടെ പ്രത്യേകത. ഇവര്‍ക്ക് രൂപം ഭാവം ശബ്ദം ചലനങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. ആവശ്യം വേണ്ടത് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ്. ഈ കഴിവുള്ളവര്‍
ഒരുമിച്ചു കൂടുന്ന ഒരിടമാണ് ‘ബ്ലോഗ് ലോകം’.

മനുഷ്യര്‍ എന്നാല്‍ പ്രധാനമായും ഒരു രൂപം വേണം എന്ന് ഏവരും ഐക്യകണ്ഠേന സമ്മതിക്കുന്ന കാര്യമാണല്ലൊ. പിന്നെ ശബ്ദം, ഭാവം സ്വഭാവം സൌന്ദര്യം എല്ലാം കൂടി ചേര്‍ന്നാണ് ഒരു മനുഷ്യന്‍ പൂര്‍ണ്ണനാവുന്നത്. എന്നാല്‍, ബ്ലോഗ് മനുഷ്യര്‍ക്ക് രൂപമില്ല, എന്നതാണ് അവരുടെ ഒന്നാമത്തെ പ്രത്യേകത. രൂപമില്ലതെ, ശബ്ദമില്ലാതെ, ഭാവമില്ലാതെ ലിംഗഭേദമില്ലാതെ, വെറും അക്ഷരങ്ങള്‍ കൊണ്ട് അവര്‍ അന്യോന്യം പരിചയപ്പെടുന്നു. അതും കയ്യക്ഷരമല്ല, എഴുത്തിന്റെ ശൈലിയാണ് മനുഷ്യന് വ്യക്തിത്വം നല്‍കുന്നത്. ഒരാള്‍ക്ക് തന്നെ എത്രമാത്രം അക്ഷരങ്ങളിലൂടെ പ്രതിഫലിപ്പിക്കാനാവുമോ, എങ്ങിനെയെല്ലാം രൂപപ്പെടുത്താനാവുമോ എന്നതനുസരിച്ചാണ് ബ്ലോഗ് മനുഷ്യരുടെ നിലനില്‍പ്പുതന്നെ.

ആണാവാനോ പെണ്ണാവാനോ ഇരട്ടകളാവനോ അനവധി രൂപങ്ങളില്‍ അവതരിക്കാനോ എന്നുവേണ്ട, അനന്ത സാധ്യതകളുള്ള ഒരു ലോകമാണ് ഈ ബ്ലോഗ് മനുഷ്യരുടേത് .
ഒരാള്‍ക്ക് മറ്റൊരാളുടെ ഒരു അവതാരത്തോട് ഇഷ്ടം തോന്നുമ്പോള്‍ മറ്റൊരവതാരത്തെ വെറുക്കാനും തോന്നാം. രണ്ടും അനുഭവിക്കുന്നത് ഒരു മനുഷ്യനാണെങ്കിലും. ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നമാതിരി, ‘ലവ് അറ്റ് ഫസ്റ്റ് റീഡിംഗ്’(പോസ്റ്റ് സറ്റൈല്‍ ഓഫ് റൈറ്റിംഗ്) എന്നാണ് ഇവിടെ സൌഹൃദങ്ങളുടെ തുടക്കം. ഒരു സ്ത്രീ പുരുഷനായി മാറി മറ്റൊരു സ്ത്രീയെ പ്രേമിച്ച് ഒടുവില്‍ കയ്യൊഴിഞ്ഞ് പോകാം. ഒരിക്കലും ഇരുവരും അന്യോന്യം അറിയാത്ത എന്നും രഹസ്യമായി ഇരിക്കും സത്യം. ബാധിക്കപ്പെടുന്നത്/കളങ്കപ്പെടുന്നത്, ഹൃദയങ്ങള്‍/ആത്മാക്കള്‍ മാത്രം. പുരുഷനു സ്ത്രീയായും. വയസ്സനു ചെറുപ്പക്കാരനായും ഒരു ചെറുപ്പക്കാരിയെ സ്നേഹിക്കാം. ഒടുവില്‍ പ്രേമം തീവ്രമാകുമ്പോള്‍ പരസ്പരം വെളിപ്പെടാനാവാതെ വൃദ്ധന്‍ അടവുമാറ്റി യാത്ര പറയുമ്പോല്‍ വിരഹവേദന സഹിക്കാതെ ആത്മഹത്യക്കുപോലും മുതിരുന്ന പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ ഡീപ് ഡിപ്രഷനില്‍ അകപ്പെടുന്നവര്‍ നിരവധി.

അടുക്കളജോലിയുമായി മല്ലടിക്കുന്ന കേരളത്തിലെ വീട്ടമ്മ (കമ്പ്യൂട്ടര്‍ ഗ്രാഹ്യമുള്ള) യ്ക്ക് നാലക്കം (ഇപ്പോള്‍ ആറോ ഏഴോ ഒക്കെയായിരിക്കാം) ശമ്പളമുള്ള വലിയ ഓഫീസ് മാനേജറുടെ കാമുകിയാവാം. പാത്രം കഴുകിയ കയ്യ് നൈറ്റിയില്‍ തുടച്ചിട്ട് വന്ന കീബോഡില്‍ പരതും, ‘എന്റെ ഡിയര്‍, ഞാന്‍ ഇന്നലെ കാണാത്തതുകൊണ്ട് ഉറങ്ങാനായില്ല. കറങ്ങുന്ന കസേരയില്‍ സെക്രട്ടിയുടെ അടുത്തിരിക്കുന്ന മാനേജര്‍ ഒറ്റവരിയില്‍ സാന്ത്വനപ്പെടുത്തും, ‘നിന്റെ ഏട്ടനെ മനസ്സില്‍ ധ്യാനിച്ചു കിടക്കൂ ഉറക്കം വരും’. അടുക്കളക്കാരി നിശ്വസിക്കുന്നു. താന്‍ ഈ ജന്മം പ്രേമിക്കാതെ നരകിച്ചതിന് ദൈവം തന്ന നിധി. അവള്‍ കരിപിടിച്ച് നൈറ്റിയില്‍ കണ്ണുതുടക്കുന്നു. കുളിക്കാന്‍ കൂടി മറന്ന് കമ്പ്യൂട്ടറില്‍ തുറിച്ചു നോക്കി അടുത്ത മെയിലു വരാനായി കാത്തിരിക്കുന്നു. കണ്ടില്ലെങ്കില്‍ പരവേശത്തോടെ നെട്ടോട്ടമോടുന്നു. ‘യു ഹാവെ ഗോട്ട് എ മെയില്‍‍’ എന്നുള്ള ആ 1 എന്ന നമ്പരില്‍ അവളുടെ ജീവിതമേ കുടുങ്ങിക്കിടക്കുമ്പോലെ, വിറക്കുന്ന കരങ്ങളോടെ അവല്‍ ക്ലിക്ക് ചെയ്യുന്നു, മെയില്‍ ഓപ്പണ്‍ ചെയ്യുന്നു. അവളുടെ ജീവിതം, ചിന്തകള്‍ ഒക്കെ അതനുസരിച്ച് ചിട്ടപ്പെടുത്തുന്നു. അന്നുമുഴുവന്‍ അവള്‍ക്ക് ജീവിതത്തില്‍ നിന്നും മറ്റൊന്നും വേണ്ട. കരിപുരണ്ട ജീവിതം അവള്‍ പാടെ മറക്കുന്നു. അവളും വെറുതെ, അമേരിക്കയിലോ മലേഷ്യയിലോ ഉള്ള ഓഫീസര്‍ വന്ന് തന്റെ കരിപുരണ്ട ജീവിതം അവസാനിപ്പിച്ച്, തന്നെ പുഷ്പകവിമാനത്തിലേറ്റി അകലെയെങ്ങോ പറന്നകലുന്നതും സ്വപ്നം കണ്ട് അവള്‍ തന്റെ കഷ്ടപ്പാടുകള്‍ മറക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ അതാണോ സ്ഥിതി?! ഓഫീസര്‍ തന്റെ ബെന്‍സില്‍ കയറി കൂളായി സ്വന്തം ഭവനത്തില്‍ പോയി സൊസൈറ്റി ലേഡിയായ ഭാര്യയെയും കൂട്ടി പിക്നിക്കിനു പോകുന്നു, അല്ലെങ്കില്‍ സിനിമ, പാര്‍ക്ക്, പാര്‍ട്ടി തുടങ്ങി ജീവിതം അര്‍മാദിക്കുന്നു... പാവം വീട്ടമ്മയുടെ സ്ഥിതി വേറെ വല്ലതും ആയിക്കൂടെന്നില്ല. (ഓഫീസര്‍ കരിപുരണ്ട മനുഷിയെ നേരില്‍ കാണുന്ന മാത്രയില്‍ തകരുന്ന ഒരു സത്യം എത്ര തന്മയത്വമായി ഈ ബ്ലോഗ് മനുഷ്യര്‍ അനുഭവിക്കുന്നു എന്നത് ഗവേഷണ വിഷയമാണ്). ഇടക്ക് വീട്ടമ്മയ്ക്ക് ആധി കൂടുന്നു തന്റെ പ്രിയതമന്‍‍ തന്നെ വിട്ട് മറ്റാര്‍ക്കെങ്കിലും മെയില്‍ അയക്കുമോ, അടുക്കുമോ, തന്റെ ‘യു ഹാവ് ഗോട്ട് എ മെയില്‍’ ജീവിതത്തില്‍ നിന്നേ ഡിലീറ്റ് ആയിപ്പോകുമോ, കരിപുരണ്ട ജീവിതം വീണ്ടും ഇരുട്ടിലായിപ്പോകുമോ പല ആശങ്കകള്‍ കയറി, അവള്‍ ഒന്നുകൂടി തീവ്രമായി കത്തെഴുതുന്നു. മാനേജര്‍ നല്ലയാളാണെങ്കില്‍ സമാധാനിപ്പിക്കുന്നു. ചിലര്‍ക്ക് ഇത്തരത്തില്‍ രണ്ടുമൂന്നു അല്ലെങ്കില്‍ അതിലധികവും സൌഹൃദങ്ങള്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും ജസ്റ്റ് ‘ടൈം പാസ്’; ഒരു രണ്ടുവരി എഴുതുന്ന പാടേ ഉള്ളൂ. ഒരു ഹൃദയം വിലയ്ക്കു വാങ്ങാ‍ന്‍!.

അങ്ങിനെ, അനന്ത സാധ്യതകളുള്ള ഒരു ലോകമാണ് ബ്ലോഗ് ലോകം അല്ലെങ്കില്‍ ഇന്റര്‍നറ്റ് ലോകം. പേടിതൊണ്ടന് വില്ലനായി അവതരിക്കാം, മറ്റുള്ളവരെ ഭയപ്പെടുത്താം വിരൂപയ്ക്ക് സുന്ദരിയായി അവതരിക്കാം തുടങ്ങി പുറം ലോകത്ത അസാധ്യമായതും നഷ്ടപ്പെടുന്നതുമായ ഏതു റോളുകളും ഇവിടെ അനുഭവിച്ചു തൃപ്തിപ്പെടാം.

ഇത് ആത്മാക്കളുടെ ലോകമാണോ? അങ്ങിനെ ഒന്നുണ്ടോ?
(വെറുതെ മനസ്സില്‍ തോന്നിയത്)

[പരിചയമുള്ളവര്‍ തമ്മിലും പരസ്പരം ചാറ്റ് ചെയ്യാനും ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും ഒക്കെ ഇത് പ്രയോജനം ചെയ്യും. ഇന്ന് ലോകത്തെവിടെ ജീവിച്ചാലും പരസ്പരം ബന്ധപ്പെടാനും അറിയാനും സഹകരിക്കാനും ഒക്കെ ഉതകുന്ന ഒരു ലോകമാണ് ഇന്റര്‍ണ്റ്റ് ലോകം.]

This entry was posted on 10:15 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments