ഒരു മദ്ധ്യാഹ്നത്തില്‍..  

Posted by Askarali

‘ഇന്ന് നമുക്ക് ഉച്ച ഭക്ഷണം വെളിയില്‍ നിന്നും കഴിക്കാം’
മി. ആത്മ വിളിച്ചു പറയുന്നു.

ആത്മ ഓടി ചാടി ഒരുങ്ങുന്നു. പരിഭവങ്ങളൊക്കെ മറന്നു. ‘ചട്ടീം കലോമാവമ്പൊ തട്ടീം മുട്ടീമൊക്കെ..’ എന്നല്ലെ? ‘സാരമില്ല. താന്‍ അതൊക്കെ എപ്പോഴേ മറന്നു.’

അവർ ഫുഡ് കോർട്ടിൽ ഇരുന്ന് ആഹാരം കഴിക്കുന്നു..

ആത്മയുടെ കണ്ണുകള്‍ മൂന്നു പെണ്‍മക്കളുടെ അമ്മയെ തിരയുന്നു‍..
ഇല്ല. അവര്‍ ഇന്നും വന്നിട്ടില്ല.

വയസ്സായ ഒരമ്മുമ്മ, വയസ്സാ‍യ ഒരപ്പുപ്പന്‍ ഒക്കെ ഭക്ഷണവുമായി മല്ലയുദ്ധത്തില്‍..

കുറെ ടീനേജുകാര്‍ വളരെ ഒച്ചവച്ച് സംസാരിച്ചുകൊണ്ട് ഭക്ഷിക്കുന്നു.

ഒരു മിഡിലേജുകാരി മൌനമായി ഇരുന്ന ഭക്ഷിക്കുന്നു (ഭര്‍ത്താവി പറ്റിച്ചതോ മറ്റോ ആകും ഈ വിഷാദം)

ആഹാരം കഴിച്ചു കഴിഞ്ഞ്..

‘നമുക്ക് എം. ഒ. എം. ഓഫീസില്‍ പോണം’

‘പോകാം’(വെറുതെ ഫോളോ ചെയ്താല്‍ മതിയല്ലൊ)

അവിടെ നല്ല എയര്‍ക്കോണ്‍ റൂം, അധികം തിരക്കില്ലാത്ത ക്യു. നിറയെ ‘ഫോം’കള്‍ ഫില്ലുചെയ്തുകൊണ്ടിരിക്കുന്ന ‍ ഭര്‍ത്താവിനെ ഫോം ഫില്ലു ചെയ്യാന്‍ സഹായിക്കുന്ന ആത്മ (ഉള്ളില്‍ നിന്ന് അറിയാതെ ഒരു നെടുവീര്‍പ്പ് ഉയരുന്നു, ‘എന്നാലും തന്റെ പഠിപ്പുകൊണ്ട് ഇങ്ങിനെ ഫോം കളൊക്കെ ഫില്‍ ചെയ്ത് നാലു കാശ് സമ്പാദിക്കാ‍നായില്ലല്ലൊ- പഠിത്തം വേസ്റ്റ്, ജീവിതം വേസ്റ്റ്.. താനും വേസ്റ്റ്.)

‘ഒപ്റ്റിമിസ്റ്റ് ആയി ചിന്തിക്കൂ ആത്മേ..’ (മനസ്സാക്ഷി!)
‘ഓ. ക്കെ- എല്ലാം നല്ലതിനായിരുന്നു’
‘പഠിത്തം വേസ്റ്റായില്ല.., ജീവിതം വേസ്റ്റായില്ല.., താനും വേസ്റ്റായില്ല. ’
‘നിനക്കു സന്തോഷമായല്ലൊ മനസ്സക്ഷിയേ? എങ്കില്‍ അല്പം മയങ്ങിക്കോളു.’

തങ്ങളുടെ നമ്പര്‍ വിളിക്കുന്നതുവരെ തൂങ്ങി തൂങ്ങി കാത്തിരിക്കുന്ന അയാളും അവളും.
ഉച്ചഭക്ഷണത്തിന്റെ ഘനം. ഉച്ചയുറക്കത്തിന്റെ ക്ഷീണം.
അപ്പോള്‍ പിന്നില്‍ നിന്ന് ഒരു മണിനാദം,
‘എസ്ക്ക്യൂസ് മി സാര്‍’,
‘ഏസ്’, മി. ആത്മ അറ്റന്‍ഷനായി.
ഉറക്കം വിട്ട് ആത്മയും കണ്‍ മിഴിക്കുന്നു!
‘എനിക്ക് നിങ്ങളെ സഹായിക്കാനാകുമോ?’ ( ബാക്കി അവരുടെ സംഭാക്ഷണം ഇംഗ്ലീഷില്‍ എഴുതാന്‍ ആഗ്രഹമില്ലാഞ്ഞല്ല. തെറ്റിപ്പോയാല്‍ കഥയുടെ രസം അങ്ങു പോകും- അയാള്‍ മുറി ഇംഗ്ലീഷിലാണു പറഞ്ഞതെങ്കിലും.. ആ ഇംഗ്ലീഷിന്റെ കാര്യം പോകാന്‍ പറ.- നമുക്ക് കഥ തുടരാം..)

ആ മണിനാദം മാനേജറുടെയായിരുന്നു. അദ്ദേഹം കണ്ണാടിക്കൂട്ടിനകത്തിരുന്നു അവരുടെ ആക്രാന്ത
പ്പെട്ടുള്ള ഫോം ഫില്‍ ചെയ്യലും, മത്സരിച്ചുള്ള ഉറക്കവുമൊക്കെ കണ്ട്, സഹതാപാദ്രനായി
പുറത്ത് പ്രത്യക്ഷപ്പെട്ടതായിരുന്നു! ( അവരെ ക്യൂവില്‍‍ വൈറ്റ് ചെയ്യിക്കാതെ,നേരിട്ടു തന്നെ എല്ലാം
ചെയ്തു തരാന്‍ സന്നദ്ധനായി)

തങ്ങള്‍ ഉള്ളെ ആനയിക്കപ്പെട്ടു .

സീറ്റുകളില്‍ ഇരുത്തപ്പെട്ടു . (ആത്മയ്ക്കിനി പ്രത്യേകിച്ചു റോളൊന്നും ഇല്ല. മാനേജറെ ആരാധനയോടെയും മി.ആത്മയെ സഹതാപത്തോടെയും മാറി മാറി നോക്കല്‍ മാത്രം.)

അദ്ദേഹം ഫോം വാങ്ങി പരിശോധിച്ച്, ‘ഒരു വര്‍ഷത്തെയ്ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ മൂന്നു വര്‍ഷത്തേയ്ക്ക് ആക്കാം’ എന്നു പറഞ്ഞ്, അതിനും ഉള്ളേയുള്ള ഒരു മുറിയിലേയ്ക്ക് പോയി മറയുന്നു.

മി.ആത്മ ആത്മയെ നോക്കുന്നു; ആത്മ ‍ മി.ആത്മയെ നോക്കുന്നു.. ‘അണ്‍ബിലീവബിള്‍’ എന്ന് പരസ്പരം സമ്മതിക്കുന്നു. ( ഈ ഒരു കാര്യത്തിലെങ്കിലും നമ്മള്‍ക്ക് ചേര്‍ച്ചയ്ണ്ടല്ലൊ)

പിന്നീട് ഉള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന വാക്കുകള്‍ ആദ്യം മി. ന്റെ വായ്ക്കകത്തൂടെ പുറത്തു ചാടുന്നു ‘എന്നാലും ഇങ്ങിനെയും മനുഷ്യരോ!’

ആത്മ- ‘ചേട്ടന്‍‍ (‘നീ’ എന്നു മര്യാദകൊടുത്ത്/സ്നേഹത്തോടെ വിളിക്കും- ഇത്തിരി കൊച്ചാക്കാന്‍ ഇതേ വഴിയുള്ളു) പലര്‍ക്കും ഇങ്ങനെ ഓടി നടന്ന് നിഷ്ക്കാമ കര്‍മ്മം ചെയ്യുകയല്ലേ, ദൈവം
അതിനു പ്രതിഫലം ഇങ്ങിനെയൊക്കെയായിരിക്കും തിരിച്ചു തരിക’.

മി. ആത്മ:- ‘ഏതിനും വിശ്വസിക്കാന്‍ പ്രയാസം. ആയാള്‍ വര്‍ക്കഹോളിക്ക് ആയിരിക്കും ഒരു പക്ഷെ’ (മി.ആത്മയുടെ സ്വഭാവം.) ആളുകളെപ്പറ്റി നല്ല അഭിപ്രായം എന്നാലും പറയില്ല.

ആത്മ‍, ‘ചിലപ്പോല്‍ അയാള്‍ ഇതിനകത്തിരുന്ന് ബോറടിച്ച് ഒന്നും ചെയ്യാനില്ലാത്തോണ്ട് നമ്മളെ വിളിച്ചതാവും’ (തന്റെ സ്വഭാവം.) താനും മാനേജറുടെ നല്ല സ്വഭാവം പറഞ്ഞില്ല.

ഇപ്പോള്‍ ബാലന്‍സ്ഡ്. (രണ്ടുപേരും തുല്യ കുറ്റപ്പെടുത്തുലുകാര്‍‍)


ഇപ്പോള്‍‍ അകത്തുപോയ ഓഫീസര്‍ തിരിച്ചു വന്ന് ഫോം കൈമാറുന്നു. മി. ആത്മയ്ക്ക് കൈകൊടുക്കുന്നു. കൂപ്പുകൈ മാത്രം മതിയോ എന്നു ശങ്കിച്ചു നിന്ന ആത്മയ്ക്കും മൃദുലമായ ആ കൈകള്‍ നീട്ടി ഒരു ഹാന്‍ഡ് കൊടുക്കുന്നു.

ആത്മ, മി. ആത്മയോടൊപ്പം പൊങ്ങി പൊങ്ങി, വെളിയില്‍ വരുന്നു..

ഓഫീസിലിരിക്കുന്ന ലലനാമണികള്‍ തങ്ങളുടെ ജോലി ലഘൂകരിക്കപ്പെട്ടതിലും ഉച്ചമയക്കത്തിനിടയി
കാണാന്‍ പറ്റിയ ഒരു ലഘു നാടകത്തിന്റെ മാസ്മരികതയിലും പെട്ട്, മനോഹരമായി പുഞ്ചിരിക്കുന്നു.
മി. ആത്മയും ഒപ്പം ആത്മയും തിരിച്ചും മനോഹരമായി പുഞ്ചിരിച്ച് സംതൃപ്തിയോടെ വെളിയില്‍ പോകുന്നു..

‘കൊച്ചു കണ്ണുകളും വിളറിയ നിര്‍വ്വികാര മുഖവും ഉള്ള ഇവര്‍ക്കും അപ്പോള്‍ നല്ല ഒരു ഉള്ളം ഉണ്ട് !!!
ഇവരും മനുഷ്യർ തന്നെ.’ ആത്മ ആത്മഗതം ചെയ്യുന്നു..

This entry was posted on 9:24 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments