ജീവന്റെ വില  

Posted by Askarali

അവള്‍ ഗ്ലാസ്സിനകത്തെ അവസാനത്തെ ചോനനുറുംബും കയറിപ്പോകും വരെ കാത്തു നിന്നു. ക്ഷമയോടെ.
ഒരു ജീവനെ താനായിട്ട് ഇല്ലാതാക്കിക്കൂട.
കാരണം
തനിക്കതുപോലൊന്ന് ഉണ്ടാക്കാനാവില്ല
എന്നതുകൊണ്ടു തന്നെ.
അവള്‍ വളരെ ചെറിയ;
ആ ചലിക്കുന്ന വിസ്മയത്തെ;
ജീവനെ;
നോക്കി നിന്നു.
എല്ലാവരും രക്ഷപ്പെട്ടു എന്നുറപ്പായപ്പോള്‍
ഗ്ലാസ്സ് കഴുകി,
കമഴ്ത്തി.
അപ്പോഴാണ് കാലില്‍ അസഹ്യമായ ഒരു വേദന!
അവള്‍ കാലു കുടഞ്ഞു,
ഒരു കട്ടുറുംമ്പ്!
അവള്‍ ദേഷ്യത്തോടെ ഒരു ചവിട്ട് കൊടുത്തു.
തറയില്‍ കിടന്ന് ജീവനുവേണ്ടി പിടക്കുന്ന കട്ടുറുംമ്പിനെ കണ്ട്
അവള്‍ക്ക് ഒട്ടും സഹതാപം തോന്നിയില്ല.
എങ്കിലും തിരിഞ്ഞു നടക്കുംമ്പോള്‍ പിറുപിറുത്തു,
“എന്നെ കടിച്ചതുകൊണ്ടല്ലേ...”
പിന്നീട് പാത്രത്തില്‍ മീന്‍ വെട്ടി പൊരിക്കാനടുക്കുംമ്പോഴും
കോഴിക്കറി വയ്ക്കാന്‍ കോഴിയെ കഷണമാക്കുംമ്പോഴും
അവള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല.
അവള്‍ മൌനം ദീക്ഷിച്ചു.
------പിന്നീടൊരിക്കല്‍,
അബോര്‍ഷന്‍ ടേബിളില്‍
മറ്റൊരു നേര്‍ച്ചക്കോഴിയെപ്പോലെ
കിടക്കുമ്പോള്‍
അവള്‍ തീര്‍ത്തും നിസ്സംഗയായിരുന്നു.
കാരണം
അവള്‍ അബോധാവസ്ഥയിലായിരുന്നു.
വീണ്ടും ഉണര്‍ന്നപ്പോള്‍
ജീവന്റെ വില എന്തെന്ന്
ആദ്യമായി അവള്‍ അറിഞ്ഞു.
ഒപ്പം
തന്റെ ആത്മാവ്
തന്നില്‍ നിന്ന് പറന്നകലുന്നതും

This entry was posted on 10:42 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments