കേള്‍ക്കാത്ത ശബ്ദം  

Posted by Askarali

വിരസമായ ഒരു നട്ടുച്ച സമയം. വായിക്കുവാന്‍ നല്ല ബുക്കുകളില്ല. ടി. വി യൊക്കെ ഇറങ്ങിതുടങ്ങിയതേ ഉള്ളു. ഹോസ്റ്റലില്‍ വച്ച്‌ ചിത്രഹാര്‍ ഒക്കെ കാണുമായിരുന്നു. ഇപ്പോൾ കിട്ടിയാൽ ഒരു പരിപാടിപോലും പാഴാക്കാതെ കണാമായിരുന്നു. ഒരു നല്ല ബുക്ക്‌ കിട്ടാനും വഴിയില്ല. ആകെ കൂട്ടിലടയ്ക്കപ്പെട്ട പ്രതീതി. ഹോസ്റ്റലിലായിരുന്നെങ്കില്‍ അടുത്ത്‌ പബ്ലിക്‌ ലൈബ്രറിയില്‍ പോയി ധാരാളം ബുക്കുകള്‍ എടുത്ത്‌ വായിക്കാന്‍ പറ്റിയ സമയം. ഇവിടെനിന്നും ബുക്ക്‌ എടുത്ത്‌ വായിക്കുവാനായി നഗരത്തില്‍ വരെ പോകുന്ന കാര്യവും നടക്കുന്നില്ല.

ജോലിത്തിരക്കുമായി നടക്കുന്ന അമ്മ. രാഷ്ട്രീയവും കൃഷിയും അമ്മുമ്മയെ നോക്കലും കോ ഓപ്പറേറ്റീവ്‌ സോസൈറ്റിയുടെ സെക്രട്ടറി സ്ഥാനവുമായി ബുസിയില്ലെങ്കിലും ബുസിയായി നടക്കുന്ന അച്ഛന്‍. അനിയന്‍ ഹോസ്ടലിലും. ജോലിക്കു നിൽക്കുന്ന പെണ്ണും സ്ക്കൂളില്‍ പോകുന്നതുകൊണ്ട്‌ അവളും ഭയങ്കര ബുസിയാണു. രാവിലെ ജോലിയൊക്കെ തീര്‍ത്ത്‌ സ്ക്കൂളില്‍ പോയി വരുന്നതിന്റെ ത്രില്ല്‌. എല്ലാം കൂടി കാണുമ്പോൾ മിനിയ്ക്ക് ആകെ ഒരു ഉപയോഗശൂന്യത തോന്നിത്തുടങ്ങി.

ആണായിയിരുന്നെങ്കില്‍ അടുത്തുള്ള ലൈബ്രറിയില്‍ പോവുകയോ അയല്‍പക്കങ്ങളില്‍ പോവുകയോ ഒക്കെ ആവാം. ഇത്‌ പെണ്ണായിപ്പോയില്ലേ! അതും കല്യാണപ്രായം ആയവള്‍. ജോലി പ്രായമെന്നോ, എം. എ. പ്രായമെന്നോ, എന്നൊന്നും എങ്ങും കേള്‍ക്കാന്‍ കൂടിയില്ല. ചുരുക്കം പറഞ്ഞാല്‍ ഉപയോഗമില്ലാത്ത, വലിയ വിലയൊന്നുമില്ലാത്ത ഒരു അധികപ്പറ്റുപോലെ തോന്നി തന്റെ അവസ്ഥ.

ഹോസ്റ്റലില്‍ കൂട്ടുകാരികളോടൊപ്പം അഞ്ചാറുവര്‍ഷം ചിലവഴിച്ചതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും ഭാഗ്യക്കേടുമായി തോന്നി മിനിക്ക്. പ്രിയപ്പെട്ട കുറേ സൗഹൃദങ്ങള്‍ കിട്ടിയെങ്കിലും പഠിത്തം കഴിഞ്ഞ്‌ ഓരോ ദിക്കില്‍ പോയി മറയുന്ന ബന്ധങ്ങള്‍. ഇന്നത്തെപ്പോലെ ടെലിഫോണും ഇന്റര്‍നെറ്റ്‌ ഉം ഒക്കെ സ്വപ്നം കാണാന്‍ കൂടി പറ്റാത്ത കാലം. വല്ലപ്പോഴും തപാലില്‍ വരുന്ന മറുപടികള്‍ക്കായി വേഴാമ്പലിന്റെപ്പോലെ കാത്തിരിക്കണം. എങ്കിലും കത്തുകളുടെ ദൈർഘ്യം കൂടുകയും ബന്ധത്തിന്റെ ദൃഢത കുറഞ്ഞു വരികയുമാണെന്ന അറിവും വല്ലാതെ മിനിയെ വല്ലാതെ വേദനിപ്പിച്ചു.

പലരുടെയും വിവാഹ ക്ഷണക്കത്തുകള്‍ വന്നു തുടങ്ങി. തന്റെ ഭാവി ഇനിയും അനിശ്ചിതമായി തന്നെ. തുടര്‍ന്ന്‌ പഠിക്കണമെന്ന മോഹമുണ്ട്‌. ഒന്നുമില്ലെങ്കിലും ഈ വിരസതയില്‍ നിന്നും രക്ഷപ്പെടാമല്ലോ. അതിനിടയിൽ മുൻപില്‍ നീണ്ടു കിടക്കുന്ന രണ്ടു മൂന്നു മാസം എങ്ങിനെ കടന്നു കിട്ടാമെന്ന അങ്കലാപ്പായിരുന്നു അവള്‍ക്ക്.

തൊണ്ണൂറു കഴിഞ്ഞ അമ്മുമ്മ ഇടയ്ക്കിടെ ബോധോധയം വരുമ്പോലെ തന്റെ മുന്നില്‍ വന്നു നിന്ന്‌ രാമായണത്തിലേയും ഭാഗവതത്തിലേയും കഥകള്‍ തന്മയത്വമായി വിസ്തരിച്ച്‌ പറഞ്ഞു കേള്‍പ്പിക്കുന്നതൊഴിച്ചാല്‍ മറ്റു യാതൊരു പ്രത്യേകതയുമില്ലാത്ത ജീവിതം. അമ്മുമ്മയുടെ കഥകൾക്കും ആവര്‍ത്തന വിരസത വന്നു തുടങ്ങിയിരുന്നു. എങ്കിലും അതു പ്രകടമാക്കാതെ, വലിയ ഏകാഗ്രത കാട്ടി ഇരിക്കും, അമ്മുമ്മയെ സന്തോഷിപ്പിക്കാൻ. ദുശ്ശളയും ദേവയാനി യുമൊക്കെ പലതവണ പല രീതിയിലും ഭാവത്തിലുമൊക്കെ പ്രത്യക്ഷപ്പെട്ടും മറഞ്ഞിട്ടുമുണ്ട്‌.

വായിച്ച പുസ്തകങ്ങള്‍ വീണ്ടും വായിക്കലും പിന്നെ അമ്മുമ്മയുടെ മുറിയില്‍ തന്നെ ചുരുണ്ടു കൂടി കിടക്കുകയും അനിശ്ചിതമായ ഭാവിയെ ഓർത്ത്‌ ഭയപ്പെടുകയും ചെയ്യുന്ന കാലം. ഗ്രാമത്തിലിണങ്ങാനും പറ്റുന്നില്ല പട്ടണത്തില്‍ തിരിച്ചു പോകാനും പറ്റാതെ ത്രിശ്ശങ്കു സ്വര്‍ഗ്ഗം പോലെ. പട്ടണത്തില്‍ തിരിച്ചുപോയാലും പലരും പലവഴിക്ക്‌ പോയ അവിടെ ആരും കാണില്ല. സ്നേഹബന്ധങ്ങളൊന്നും ശാശ്വതമല്ല എന്നൊക്കെ വേദാന്ത ചിന്തകളുടെയൊക്കെ തുടക്കവുമായി മല്ലടിച്ച്‌ അങ്ങിനെ കിടക്കുമ്പോള്‍ വളരെ മധുരമായി ഈണത്തിള്‍ നീട്ടിയ ഒരു വിളി കേള്‍ക്കാം.

മിനിക്കുട്ടീ....

ആ വിളി കേള്‍ക്കുമ്പോള്‍ മിനിയുടെ വിരസത തെല്ലൊന്നു മാറും. കുന്നിന്റെ അക്കരെ താമസിക്കുന്ന ചന്ദ്രിക ചേച്ചിയാണ്! അഞ്ചടിയേ ഉയരമുള്ളുവെങ്കിലും നാക്കിനു നല്ല നീളമാണ്! നിര്‍ത്താതെയുള്ള സംസാരം. അവര്‍ വന്നാല്‍ വെറുതേ കേട്ടുകൊണ്ടിരുന്നാല്‍ മതി. അമ്മുമ്മയുടെ പുരാണ കഥകളില്‍ നിന്നും വര്‍ത്തമാന കഥകളിലേയ്ക്കാണു അടുത്ത പ്രയാണം. അത്‌ കേരളത്തിലേതു മാത്രമല്ല. തമിഴ്നാട്ടിലേതും കാണും.

ചന്ദ്രികചേച്ചി ഉയരം വളരെ കുറഞ്ഞ ഒരു സ്ത്രീയാണ്. നല്ല വട്ടമുഖം, വിശാലമായ നെറ്റി, കൂര്‍മ്മതയുള്ള കണ്ണുകള്‍, നീണ്ടു അല്‍പ്പം വളഞ്ഞ ഭംഗിയുള്ള മൂക്ക്, ആകെക്കൂടി ലക്ഷണമൊത്ത, കുലീനമായ ഒരു മുഖം. പക്ഷെ, സംസാരം മാത്രം അല്പം ഓവര്‍.. ചന്ദ്രികചേച്ചി അധികം പഠിച്ചിട്ടുമില്ല. മൂത്ത പെണ്‍കുട്ടിയായതുകൊണ്ടാകും ഇളയവരെയൊക്കെ നോക്കലും മറ്റുമായി പഠിത്തം മുടങ്ങി. ഇളയവരൊക്കെ ഒരുവിധം നല്ല നിലയിലുമാണ്. മിലിറ്ററിയില്‍ സാമാന്യം നല്ല ജോലിയുള്ള (ഒത്ത
തടിയും പൊക്കവും ഒക്കെയുള്ള) ഭര്‍ത്താവും, അടക്കവും ഒതുക്കവും വിവരവും ഒക്കെയുള്ള, സ്ക്കൂളില്‍ പാഠിക്കുന്ന മൂന്ന് ആണ്മക്കളും.

ചന്ദ്രിക വീട്ടുജോലിയൊക്കെ ഒതുങ്ങുമ്പോള്‍ മക്കള്‍ സ്ക്കൂളീല്‍ നിന്നും വരുന്നതിനു മുന്‍പായി കുറച്ചു സമയം മിനിയോട് കഥകള്‍ പറയാനായി ഓടി വരുന്നതാണ്. ചന്ദ്രികച്ചേച്ചി വിവാഹം കഴിഞ്ഞ്‌ വളരെക്കാലം തമിഴ്‌ നാട്ടിലായിരുന്നു താമസിച്ചിരുന്നത്‌. അവിടുത്തെ കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത്‌ പുനരാവിഷ്കരിക്കുമ്പോൾ ഇടയ്ക്കിടക്ക്‌ തമിഴ്‌ വാക്കുകൾ ചേർത്ത്‌ മിനിയെ ഒന്ന്‌ ഇളക്കാനും അവർക്ക്‌ ഇഷ്ടമാണു. മിനിയുടെ നിസ്സഹായത കാണുമ്പോള്‍ അവരില്‍ വിജയശ്രീലാളിതയെപ്പോലെ ഒരു ചെറു പുഞ്ചിരി ചുണ്ടിന്റെ കോണി വിടരും.

ഇടയ്ക്ക് ചോദിക്കും, “വെള്ളത്തിന് എന്താ തമിഴില്‍ പറയുന്നതെന്ന് ഉനക്കു തെരിയുമാ?”?

മിനി ‍ പറയും “ഓ, അതെനിക്കറിയാം പാനി, തണ്ണീര്‍ എന്നൊക്കെയല്ലെ?,”(അഥവാ അറിയാമെങ്കിലും
ആരെങ്കിലും പരസ്യമായി വെല്ലുവിളിച്ചാല്‍ മിനിയുടെ ഉള്ള അറിവും കൂടി ഉള്ളൈ പോകുവേന്‍!)

അവര്‍ വീണ്ടും വെല്ലുവിളിക്കും, “എനിക്ക് വെള്ളം വേണം എന്നെങ്ങിനെ ചോദിക്കും?”

അതിപ്പോള്‍ എങ്ങിനെ ചോദിക്കാന്‍! മിനി കുഴങ്ങും, ‘എനക്ക് വെള്ളം കൊട്ങ്കോ..’ (അറിയാതെ വെള്ളമായിപ്പോയി)

ചന്ദ്രികച്ചേച്ചി ഉടന്‍ ചാടി വീഴും, “ദാ, ‘വെള്ളം’! ‘വെള്ളം’ അല്ല, ‘തണ്ണി’, ‘തണ്ണി’. വെള്ളം എന്നൊന്നും പറഞ്ഞാല്‍ തമിഴര്‍ക്ക് മനസ്സിലാവില്ല.

“ദാ കേട്ടോ,” എന്നും പറഞ്ഞ് അവര്‍ നീട്ടി വലിച്ച് വലിയൊരു ഡയലോഗ് കാച്ചി, ‘തണ്ണി ചോദിക്കുന്നതെങ്ങിനെ’ എന്നു വിവരിക്കും. കൂടെ ഫുൾസ്റ്റോപ്പിടാതെ നാലഞ്ചു സെന്റൻസും‌ കൂട്ടിച്ചേര്‍ക്കും. മിനി മിഴിച്ചിരിക്കും. (തമിഴിനോട് അത്ര പ്രതിപത്തിയൊന്നും ഇല്ലെങ്കിലും അവര്‍ അസ്സല്‍ തമിഴ്നാട്ടുകാരിയുടെ ടോണില്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ രസമാണ്)

താന്‍ തനിച്ച്‌ തമിഴ്‌ നാട്ടില്‍ ചെന്നു പെട്ടപ്പോള്‍ അടുത്തുള്ള തമിഴത്തി അമ്മ വന്നു സഹായിച്ചതും, ജ്വരം പിടിച്ചു കിടന്നപ്പോൾ പെറ്റമ്മയെപ്പോലെ ശുശ്രൂഷിച്ചതും, അമ്പലത്തിൽ കൂട്ടിക്കൊണ്ടുപോയതും, സ്ഥലങ്ങൾ കാട്ടിക്കൊടുത്തതുമൊക്കെ ഇടയ്ക്കിടയ്ക്ക്‌ തമിഴത്തിയുടെ സംഭാഷണങ്ങളും ചേർത്ത്‌ ചന്ദ്രിക ചേച്ചി വിവരിക്കും. “അതൊക്കെ ഒരു കാലം.. ഇപ്പോൾ ഇതാ ഈ കുന്നിന്റെ അറ്റത്ത്‌.” അവര്‍ നീട്ടി വലിച്ച് നെടുവീര്‍പ്പിടും. (ചന്ദ്രിക, താന്‍ ഇവിടത്തെ സാധാരണ ഗ്രാമപെണ്ണുങ്ങളെപ്പോലെയൊന്നും അല്ല എന്ന് കാട്ടി, മിനിയെ തന്റെ മഹത്വം അറിയിക്കാനുള്ള ശ്രമമാണ്. പക്ഷെ, അതിലും എത്ര ഭേദമാണ് കുന്നിന്‍ പുറത്തെ ചന്ദ്രികചേച്ചിയുംടെ ജീവിതം എന്നോര്‍ക്കും മിനി.)

നഷ്ടസ്വപ്നങ്ങളുമായി ഇരിക്കുന്ന മിനി അതിലും ഇളകിയില്ല എന്നറിയുമ്പോള്‍, അവര്‍ തുടരും.. “എന്റെ സഹോദരൻ സാറാണു നിനക്കറിയാമോ?”

“എന്റെ സഹോദരി എന്നെപ്പോലെയൊന്നുമല്ല. നല്ല പൊക്കവും, തടിയും, വെളുപ്പും ഒക്കെ ഉണ്ട്‌ നിന്റെ അമ്മയെപ്പോലെ”. (താന്‍ മാത്രമേ ഇങ്ങെനെയുള്ളു എന്നതിൽ തനിക്ക് വിഷമമൊന്നും ഇല്ല എന്ന ധ്വനി)

തന്റെ ഗോപിയണ്ണന്‍ വരുമ്പോള്‍ കൊണ്ടു വരുന്ന ഓരോ സാധനങ്ങളും (ഭര്‍ത്താവിനും നല്ല തടിയും പൊക്കവുമൊക്കെ ഉള്ള ആളാണ്. അതും എടുത്ത് പറയാന്‍ വലിയ താല്‍പ്പര്യമാണ്. തന്റെ പൊക്കക്കുറവ് നികത്താനായാവാം ഇടയ്ക്കിടെ അവരുടെയൊക്കെ മേന്മകൾ വിവരിക്കുന്നത്‌).

ചന്ദ്രിക എന്തു പറയുന്നതും മിനിക്കിഷ്ടമാണ്. എല്ലാറ്റിലും ഒരു നിഷ്കളങ്കതയും തന്മയത്വവും മിനി കണ്ടു. ഗ്രാമത്തിലെ മറ്റു വീട്ടുകാരുടെ കഥകളും പറയുമായിരുന്നു. മിക്കതും മിനിക്ക്‌ പുതിയ അറിവുകളായിരുന്നു. മിനിയുടെ അമ്മ ഓഫീസ്സിൽ നിന്നും തിരിച്ചെത്തുന്നതിനു മുന്‍പ്‌ അവർ സ്ഥലം വിടുകയും ചെയ്യും.

കഥ കെട്ടുകൊണ്ടിരിക്കുന്ന മിനിക്ക്‌ കൊടുക്കാന്‍ ഒരു വിശിഷ്ട വസ്തുവും കൊണ്ടാണു വരവ്‌. കുറച്ച്‌ പച്ചമാങ്ങ! അത്‌ കൊണ്ടുവന്ന്‌ സ്വന്തമായി അരിഞ്ഞ്‌ ഉപ്പും മുളകുമിട്ട്‌ കൊടുക്കും. മിനി കഴിക്കുന്നത്‌ നോക്കി ഇരിക്കും. തനിക്കത്‌ ഇഷ്ടമാണെന്ന്‌ അവർക്കെങ്ങനെ അറിയാമെന്നൊന്നൊന്നും മിനിക്കറിയില്ല.

മിനി പാതി മനസ്സ്‌ കഴിഞ്ഞുപോയ പട്ടണ ജീവിതത്തിലും ബാക്കി പകുതി ചന്ദ്രികച്ചേച്ചി പറയുന്ന ​ഗ്രാമക്കഥകളിലും തമിഴ്‌നാട്ടിലുമൊക്കെ വ്യാപരിപ്പിച്ചുകൊണ്ട്‌ ഇരിക്കും. മിനിയുടെ വിരസതയാല്‍ മൂടിക്കെട്ടിയ പല നട്ടുച്ചകളും ഈ വിധത്തിൽ ചന്ദ്രികച്ചേച്ചി വളരെ ലഘൂകരിച്ച്‌ കടത്തിവിടുമായിരുന്നു.

മിനിയെ അന്യനാട്ടില്‍ വിവാഹം കഴിച്ചയക്കുന്നു എന്നറിഞ്ഞപ്പോഴും അവർക്ക്‌ വലിയ വിഷമമായിരുന്നു. “ഇവിടെയൊന്നും ആരും ഇല്ലാത്ത പോലെ. എന്നാലും എന്റെ മിനിക്കുട്ടിയെ ഒന്നു കാണണമെങ്കില്‍ ഇനി എന്തു ചെയ്യാന്‍?” എന്നൊക്കെ പറയും.
മിനി തനിക്കുപോലും അനിശ്ചിതമായ ഭാവിയെപ്പറ്റി എന്തുപറഞ്ഞ്‌ സമാധാനിപ്പിക്കാന്‍! എങ്കിലും സമാധാനിപ്പിക്കും. “ഇടയ്ക്കൊക്കെ വരാമല്ലോ”.
“വരുമ്പോൾ ചന്ദ്രികച്ചേച്ചി വരും കാണാന്‍. എന്നാലും എനിക്കൊരു മകളില്ലാതെ പോയല്ലോ.?” (ചന്ദ്രികചേച്ചിക്ക്‌ മൂന്ന് ആണ്മക്കളാണ്).

*


പിന്നീട്, വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ്, അന്യനാട്ടില്‍ നിന്നും ചെന്നപ്പോൾ ചന്ദ്രികച്ചേച്ചി കാണാന്‍ വന്നു. മിനി എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടപോലെ ഇരിക്കുമ്പോൾ, (ആണുങ്ങള്‍ വിദേശത്തു പോകുന്നതുപോലെയല്ല പെണ്ണുങ്ങള്‍ വിവാഹം കഴിഞ്ഞ്‌ പോകുന്നത്‌. അത്‌ മറ്റൊരു വീട്ടില്‍ പോകുന്ന പോലെയാണു എന്നൊക്കെ പറഞ്ഞ്‌ മനസ്സിലാക്കാനും മനസ്സിലാക്കാതിരിക്കാനുമൊക്കെ കഷ്ടപ്പെടുമ്പോള്‍..)

മിനിയുടെ മൂകത കണ്ട്, ചന്ദ്രികച്ചേച്ചി പറഞ്ഞു, “എനിക്ക്‌ കാശൊന്നും വേണ്ട. അത്‌ ഗോപിയണ്ണന്‍ തരുന്നതൊക്കെ സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്‌. എനിക്കൊരു സാരി തന്നാല്‍ മതി. എന്റെ മിനിക്കുട്ടി തന്നത്തെന്ന്‌ പറഞ്ഞ്‌ ഉടുത്തോണ്ടു നടക്കാൻ”.

മിനി ഒരു സാരി കൊടുത്തു. (വിവാഹത്തിന്നു മുന്‍പ് താന്‍ വിദേശത്ത് പോകുന്നു എന്നറിഞ്ഞപ്പോള്‍
അമ്മയുടെ പെട്ടിയില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചു വച്ചിരുന്ന; അമ്മാവന്മാരും മറ്റും കൊണ്ടുവന്ന വിദേശ സാരികളില്‍ പകുതിയും അയല്‍ പക്കക്കാര്‍ക്ക് ദാനം ചെയ്യുകയായിരുന്നു ചെയ്തത്. പല വര്‍ണ്ണങ്ങളിലും ഭംഗിയിലും ഒക്കെയുള്ള സാരികള്‍! മകള്‍ വിദേശത്തു പോകുന്ന വൈഷമ്യമുള്ളതു കൊണ്ടാകും അമ്മ വഴക്കിനൊന്നും വന്നില്ല.)
പക്ഷെ, ഇപ്പോഴത്തെ സാരിയിലെ ഭംഗിയോ നിറമോ ഒന്നും മിനിയില്‍ പതിഞ്ഞില്ല. ആര്‍ക്കോ വേണ്ടി/ബോധിപ്പിക്കാനായി ജീവിക്കുന്ന ഒരു യന്ത്രമായി മാറിയിരുന്നു മിനി ഇതിനകം. തന്റെ കൊച്ചു കൊച്ച് ആഗ്രഹങ്ങള്‍ക്കൊന്നും ഒരു പ്രാധാന്യവുമില്ലാത്ത ഒരു വിചിത്രലോകത്തെത്തപ്പെട്ട നടുക്കത്തില്‍ നിന്നും ഇനിയും മുക്തയായിട്ടില്ലായിരുന്നു മിനി. മറ്റുള്ളവരുടെ വലിയലോകത്തില്‍ താന്‍
ഒരു കൊച്ചു പൊട്ടായി മറഞ്ഞപോലെ..

ചന്ദ്രികച്ചേച്ചി “ഇനി അടുത്ത പ്രാവശ്യം വരുമ്പോള്‍ വരാം” എന്നു കണ്ണിൽ പൊടിഞ്ഞു വരുന്ന കണ്ണീരിനിടയിലൂടെ നോക്കി പറഞ്ഞകന്നു.

ചന്ദ്രികച്ചേച്ചിയ്ക്ക്‌ തന്റെ ഉള്ളില്‍ അലയടിക്കുന്ന വിഷാദത്തിന്റെ ഒരംശം പോലും ഉൾക്കൊള്ളാൻ കഴിയില്ലെന്നറിയാവുന്നതുകൊണ്ട്‌ ഒരു പുഞ്ചിരിയോടെ യാത്രയാക്കി. വിദേശിയുടെ നിഗൂഢമായ പുഞ്ചിരി. ചന്ദ്രികച്ചേച്ചിയോട് പഴയ ലാഘവത്തോടെ സംസാരിക്കാനാവുന്നില്ലല്ലൊ, എന്നോര്‍ത്ത് വിഷാദിച്ചു. വിദേശിയുടെ തലക്കനമായി തെറ്റിധരിക്കുമോ! പ്രതീക്ഷകള്‍ തെറ്റിയ, ജീവിതവുമായി പൊരുത്തപ്പെടാന്‍ മടിക്കുന്ന മനസ്സാക്ഷിയുടെ വിങ്ങലാണ് ഇതെന്നൊക്കെ അലമുറയിട്ട് വിളിച്ച് അവരുടെ പുറകെ ചെന്ന് പഴയപോലെ കഥകള്‍ കേള്‍ക്കണമെന്നും ഒക്കെ തോന്നി.. കുറെ നോസ്റ്റാള്‍ജിയ തന്ന് അകന്നകന്ന് പോകുന്ന ആ കുറിയ രൂപം കണ്ടപ്പോള്‍ മനസ്സില്‍ വിദേശവാസംകൊണ്ട്, തനിക്ക് നഷ്ടമായതെന്തൊക്കെയെന്ന് തിരിച്ചറിയാന്‍ കൂടി പറ്റുന്നില്ലല്ലൊ എന്നോര്‍ത്ത് നോക്കി നിന്നു.

അന്യനാട്ടില്‍ ഏകാന്തതിയില്‍ പെട്ടുഴന്നപ്പോള്‍; തന്നം തനിയെ മക്കളെ വളര്‍ത്തിയപ്പോള്‍; ഒക്കെ ഇതുപോലെ എത്രയോ പേരുടെ സഹായഹസ്തവും സാന്ത്വനവുമാണ് താന്‍ ജിവിതത്തില്‍ നഷ്ടപ്പെടുത്തിയത്. ഒരിക്കലും ആര്‍ക്കും മനസ്സിലാകാത്ത നഷ്ടങ്ങള്‍.. മിനി ഓര്‍ത്തു.

*

അപ്രാവശ്യം മിനി ചെന്നപ്പോള്‍, ചന്ദ്രികച്ചേച്ചിയെ കണ്ടില്ല.

മിനി അമ്മയോടു ചോദിച്ചു: “ഇപ്രാവശ്യം ചന്ദ്രിക ചേച്ചിയെ കണ്ടില്ലല്ലോ?!”

“അയ്യോ, നിന്നോടു പറയാന്‍ മറന്നു, ചന്ദ്രിക തൂങ്ങി മരിച്ചു!”

മിനി സ്തംഭിച്ച പോലെ നിന്നു! എപ്പോഴും വാതോരാതെ സംസാരിക്കുന്ന, എല്ലാം തമാശയായി കണ്ട്‌ ചിരിക്കുന്ന ചന്ദ്രിക ചേച്ചി. ഒരു കഷണം കയറില്‍ കണ്ണും തുറിച്ച്‌ കിടന്ന്‌ ആടുന്ന രംഗം ഓര്‍ക്കാന്‍ കൂടി വയ്യ. ജീവിതത്തെയാകെ ഒരു കൊച്ചു കുട്ടികളുടെ ദൃഷ്ട്യാ നോക്കിയിരുന്ന ചന്ദ്രികച്ചേച്ചി. ‘ഏയ്‌, അമ്മയ്ക്‌ തെറ്റ്‌ പറ്റിയതാവും’.

മിനി വിശ്വാസം വരാതെ ഒരിക്കല്‍ക്കൂടി ചോദിച്ചു, “നമ്മുടെ അക്കരത്തെ ചന്ദ്രികചേച്ചി?.”

“അതേ ആ ചന്ദ്രിക തന്നെ. ചന്ദ്രികയുടെ മക്കള്‍ രണ്ടുപേര്‍ വിവാഹിതരായി. അവര്‍ ആരോ എന്തോ പറഞ്ഞെന്നോ എടുത്തെന്നോ ഒക്കെ പറഞ്ഞ്‌ അവിടെ ഇടക്കിടെ വഴക്കുണ്ടായിരുന്നു. ഒരു ദിവസം എല്ലാവരും ഉറങ്ങിക്കിടന്നപ്പോള്‍ അവൾ തനിയേ പോയി... രാവിലെ ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു.” ബാക്കി പൂര്‍ത്തിയാക്കാതെ അമ്മ നിര്‍ത്തി.

പറയുമ്പോള്‍ അമ്മയുടെ സ്വരത്തില്‍ നിസ്സംഗത നിഴലിച്ചിരുന്നു. ഇതുപോലെ പലേ സംഭവങ്ങളും കണ്ടു തഴമ്പിച്ചതുകൊണ്ടോ, അതോ, എല്ലാവരും ആ സത്യവുമായി ഇതിനകം താദാമ്യം പ്രാപിച്ചുകഴിഞ്ഞതുകൊണ്ടോ!” . ‍എങ്കിലും ചന്ദ്രികച്ചേച്ചിയുടെ മരണം ഒരു സ്വാഭാവികം പോലെ അമ്മ പറഞ്ഞപ്പോൾ മിനിയ്ക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി (പ്രവാസികളുടെ മറ്റൊരു നഷ്ടം). കുറച്ചുകൂടി ചൂഴ്‌ന്ന്‌ ചോദിച്ചാൽ ഒരുപക്ഷെ അലിവു ഊറുമായിരിക്കും. എങ്ങും എവിടെയും തന്റെ ദുഃഖങ്ങള്‍ പങ്കുവയ്ക്കാന്‍ എന്നും താന്‍ തനിച്ചേ ഉണ്ടാകൂ എന്ന് ബോധ്യം മിനിയെ കുറച്ചുകൂടി തളര്‍ത്തി.

എന്നാലും ചന്ദ്രികച്ചേച്ചിക്ക്‌ അങ്ങിനെ ചെയ്യാൻ തോന്നിയല്ലോ. ഒരു നിമിഷത്തിന്റെ ചാഞ്ചല്യം. അത്ര സഹിക്കാന്‍ വയ്യാതായല്ലോ പാവത്തിനു. ഒരു പക്ഷെ താന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍... ഉച്ചയ്ക്ക്‌ കരഞ്ഞുകൊണ്ട്‌ വന്ന്‌ തന്നോട്‌ കഥകള്‍ പറഞ്ഞ്‌ സമാധാനിക്കാമായിരുന്നിരിക്കണം. മരുമകള്‍ വരുമ്പോള്‍ തനിക്ക്‌ മകളില്ലാത്ത വിഷമം തീരും എന്നു പ്രത്യാശിച്ച ചന്ദ്രിക ചേച്ചി. മരുമകള്‍ക്ക്‌ കൊടുക്കാന്‍ ഒത്തിരി സ്നേഹം ഒളിപ്പിച്ചു വച്ചിരുന്ന ചന്ദ്രികചേച്ചി.

ഇത്തവണ വിദേശിയുടെ സാരി വിലയില്ലാതെ ഇരുന്നു. ഉടുത്തുകൊണ്ടു നടന്ന്‌ പറയാന്‍ ‍ആളില്ലാതെ. സാരി ചോദിക്കാന്‍ പഴയ സ്നേഹബന്ധങ്ങളൊക്കെ ഉണ്ടാകുമെന്ന തിരിച്ചറിവില്‍ ചന്ദ്രികചേച്ചിക്ക് അല്‍പ്പം കൂടി നല്ല ഒരു സാരിയുമായാണ് മീന അപ്രാവശ്യം നാട്ടില്‍ വന്നതും..

ഓര്‍മ്മയിലൂടെ നാട്ടില്‍ വിഹരിച്ചു കൊണ്ടിരുന്ന മിനി പെട്ടെന്ന് പുറത്തൊരു വിളി കേട്ടു,

“മിനിക്കുട്ടീ..”.

മിനി ശരിക്കും ഞെട്ടിപ്പോയി! ആത്മാവുണ്ടെന്നു പറയുന്നത് നേരാണോ?! എങ്കിലും ഇത്ര ദൂരെ ഈ അന്യനാട്ടില്‍ തന്നെ തേടി എത്തിയോ?! മിനി ഭയപ്പാടോടെ പുറത്തിറങ്ങിയപ്പോള്‍.. മകള്‍ പതിവില്ലാതെ കുസൃതി ചിരിയുമായി നില്‍ക്കുന്നു! അവള്‍ വിളിച്ചതാണ്! എന്തേ അവര്‍ക്ക്‌ ഇന്നിങ്ങനെ പതിവില്ലാതെ നീട്ടി വിളിക്കാൻ തോന്നിയത്‌?! ‘അമ്മാ..’ എന്നു വിളിച്ചു വരാറുള്ള അവൾക്കെന്തു തോന്നി തന്നെ തന്റെ ഗ്രാമത്തില്‍, ചന്ദ്രികചേച്ചി വിളിക്കുന്ന അതേ വിളി, അതേ ഈണത്തില്‍ വിളിക്കാന്‍?! അവള്‍ കേട്ടിട്ടും ഇല്ല തന്നെ ആരും അങ്ങിനെ വിളിക്കുന്നത്‌. എന്നിട്ടും...

മിനി മകള്‍ ഭയന്നുപോയാലോ എന്നു കരുതി അപ്പോള്‍ അതേ പറ്റി പറഞ്ഞില്ല. പിന്നീട്‌ കുറച്ചു കഴിഞ്ഞ്‌ വെറുതേ ഇരിക്കുമ്പോള്‍ പറഞ്ഞു: “മോള്‍‌ അമ്മയെ ‘മിനിക്കുട്ടീ’ എന്നു നീട്ടിവിളിച്ച്‌ കയറി വന്നില്ലേ?, അതുപോലെ അമ്മയെ വിളിക്കുന്ന ഒരു ആന്റി നാട്ടിലുണ്ടായിരുന്നു. പക്ഷെ മരിച്ചുപോയി. അമ്മ ആ ആന്റിയെപ്പറ്റി ഓര്‍ത്തുകൊണ്ടിരുന്നപ്പോഴാണു മോള്‍ അങ്ങിനെ വിളിച്ചതു.”

അവളും അത്ഭുത പരതന്ത്രയായി മിനിയെ മിഴിച്ചു നോക്കി!

മിനി പറഞ്ഞു, “പേടിക്കണ്ട. നിമിത്തമാകും. സാരമില്ല.”

മകളെ അങ്ങിനെ സമാധാനിപ്പിച്ചെങ്കിലും മിനിയുടെ ഹൃദയത്തിനുള്ളിലെവിടെയോ ഒരു നീറ്റല്‍. ഇനി ഒരിക്കലും കേള്‍ക്കാനിടയില്ലാത്ത ആ വിളിയെക്കുറിച്ചോര്‍ത്തപ്പോള്‍.

This entry was posted on 10:30 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments