മീന്‍ പറഞ്ഞ കഥ!  

Posted by Askarali

മനുവിനും മീനയ്ക്കും ആന്ന്‌ വല്ലാത്ത ഉത്സാഹമായിരുന്നു. അമ്മയും അച്ഛനും ഓഫീസിൽ നിന്നും വന്നിട്ടില്ല. അമ്മുമ്മ അപ്പച്ചിയുടെ വീട്ടിൽ. ജോലിക്കാരി അങ്ങേതിലെ ചേച്ചിയോട്‌ കുശലം പറഞ്ഞു കൊണ്ട്‌ നിൽക്കുന്നു, തങ്ങളെ ശ്രദ്ധിക്കാനാരുമില്ല. സ്വതന്ത്രമായി കിട്ടിയ ഒരു നിമിഷം!

അവർക്കേറ്റവും ഇഷ്ടം അരുവിയിൽ കളിക്കാനാണ്‌. അമ്മ ഒരിക്കലും അനുവദിക്കാത്തതും അതാണ്‌. അതിൽ നിറച്ച്‌ ചേറും അഴിക്കുമാണെന്നും അസുഖം വരും എന്നും ഒക്കെ പറഞ്ഞ്‌ അമ്മ പേടിപ്പിക്കും. എന്നാൽ പിന്നെ ജോലിക്കു നിൽക്കുന്ന ചെറുമനും മറ്റും ഇത്ര ആരോഗ്യ​‍്യത്തോടെ ഇരുക്കുന്നതോ..?! അവരൊക്കെ അരുവിയിൽ മതിയാവോളം നീന്തി തുടിച്ച്‌ തിമിര്‍ക്കുന്നത് കാണാം. ചിലർ കൊച്ചു തോർത്തു മുണ്ട്‌ കൊണ്ടു വന്ന്‌ മീൻ പിടിച്ചു രസിക്കുന്നതും കണ്ടിട്ടുണ്ട്‌. മീനക്കിഷ്ടം അതാണ്‌.

അതുകൊണ്ട്‌ മീന ഒരു ചെറിയ തോർത്തും ഒരു കുപ്പിയും കരുതിയിട്ടുണ്ട്‌. അവർ ചെന്നപ്പോൾ അരുവി ശാന്തമായിരിക്കുന്നു. തെളിഞ്ഞൊഴുകുന്നു. ചെറിയ മീനുകൾ ഇഷ്ടം പോലെ. അപ്പച്ചിയുടെ മകൾ കുമാരി ചേച്ചി
പറഞ്ഞു തന്നത്‌ മാനത്തു കണ്ണി മീൻ എന്നാണ്‌.

മീനയും മനുവും കൂടി വളരെ ശ്രമപ്പെട്ട്‌ എങ്ങിനെയെങ്കിലും കുറച്ചു മീനിനെ തോർത്തിനകത്താക്കി. കുറച്ചൊക്കെ വീണ്ടും ചാടി വെള്ളത്തിൽ വീണു രക്ഷപ്പെട്ടു. ഒരു കൊച്ചു മീനിനെ മീനയ്ക്കു കിട്ടി. മീനയുടെ കുപ്പിയിൽ കിടന്ന്‌ അത്‌ തുള്ളിക്കളിച്ചപ്പോൾ മീനയ്ക്ക്‌ വല്ലാത്ത ഉത്സാഹം.

ഇനി തനിച്ചിരിക്കുമ്പോഴൊക്കെ, ആ മീനിന്റെ കളികൾ നോക്കി ഇരുന്നാൽ മതിയല്ലോ. പക്ഷെ ഇതിനെന്താണ്‌ കഴിക്കാന്‍‌ കൊടുക്കേണ്ടത്‌?! ഒന്നും അറിയില്ല.

ഏതിനും സന്തോഷത്തോടെ മീന വീട്ടിൽ തിരിച്ചെത്തി. മീനുള്ള കുപ്പി മീനയുടെ മുറിയിൽ ഒഴിഞ്ഞ്‌ ഒരു സ്ഥലത്ത്‌ വച്ചു. അമ്മ കാണണ്ട, എങ്കിൽ പിന്നെ മീനും കുപ്പിയും എല്ലാം കൂടെ വലിച്ചൊരേറു കൊടുത്താലും മതി.

മീന മീനിനു കുറച്ചു ചോറു കൊണ്ടുവന്ന്‌ ഇട്ടുകൊടുത്തു. അതു തിന്നുന്ന ലക്ഷണമേയില്ല. പഴയതു പോലെ ഓടിക്കളിക്കുന്നുമില്ല. എന്തു പറ്റി?! ഇതിന്റെ ഉത്സാഹമൊക്കെ എവിടെപ്പോയി! മീന മീനിനെ നോക്കിയിരുന്നു..
അപ്പോൾ അതാ മീനുണ്ട്‌ സംസാരിക്കുന്നു.!

"മീനക്കുട്ടീ, നിനക്കു സന്തോഷമായോ എന്നെ ഇതിനകത്തു പിടിച്ചിട്ടപ്പോൾ..? എനിക്കാണെങ്കിൽ ശ്വാസം മുട്ടിതുടങ്ങിയിരിക്കുന്നു. ഞാൻ എന്റെ അമ്മയും അച്ചനും സഹോദരങ്ങളുമൊത്ത്‌ കളിച്ചു കൊണ്ട്‌ ഇരിക്കയല്ലായിരുന്നോ, എന്തിനാ മീനക്കുട്ടീ ' എന്നെ ഇതിനകത്തു പിടിച്ചിട്ടത്‌?
ഞാൻ കുട്ടിയോട്‌ എന്തു തെറ്റാ ചെയ്‌തത്‌?
എന്നെ അവരിൽ നിന്നും പിരിച്ചിട്ട്‌ കുട്ടിക്കെന്താണ്‌ കിട്ടിയത്‌..?
കുട്ടി ഒന്നാലോചിച്ചു നോക്കിക്കേ, കുട്ടിയുടെ അമ്മയും അച്ചനും ഒരു ദിവസം ഓഫീസിൽ നിന്നും ഒരൽപം വരാൻ വൈകിയാൽ കുട്ടിക്ക്‌ വിഷമം
വരില്ലേ..? അപ്പോൾ അവരിൽ നിന്നും കുട്ടിയെ ഇതുപോലെ പിരിച്ച്‌ മാറ്റിയാൽ കുട്ടിക്കുള്ള വിഷമം എത്രയായിരിക്കും.? മീന ഓർത്തു നോക്കിക്കേ ഇനി ഒരിക്കലും അച്ഛന്റേയും അമ്മയുടേയും സ്നേഹവാത്സല്യം
നുകരാനാകാതെ, സഹോദരരോടൊത്ത്‌ കളിക്കാനാകാതെ, മീനക്കു ജീവിക്കാനാകുമോ..?"

മീനയ്ക്കും സങ്കടം വന്നു. എന്തൊക്കെയാ ഈ മീൻ പറയുന്നത്‌. അച്ഛനേയും അമ്മയേയും പിരിയണെമെന്നോ. അയ്യോ ഓർക്കാൻ കൂടി വയ്യ. മീനയ്ക്കു സങ്കടം വന്നു. വേണ്ട ഈ മീൻ സന്തോഷവതിയാണെന്നാണ്‌
താൻ കരുത്തിയത്‌. ഇല്ല.അതിനൊരു സന്തോഷവുമില്ല. അതു കരയുകയാണ്. പാവം! മീനയ്ക്കും സങ്കടം വന്നു തുടങ്ങി.

മീന മനുവിനെ വിളിച്ചു."മനൂ എന്റെ കൂടെ ഒരിക്കൾ കൂടി അരുവിയിൽ വരാമോ..? "

"ഉം, എന്തിനാ..?"

"അതേ, ഈ മീനിനെ നമുക്കു വേണ്ട."

വേണ്ടെങ്കില്‍ വലിച്ചൊരേറു കൊടുത്താല്‍ പോരെ എന്ന ഭാവം മനുവിന്റെ മുഖത്ത് ഒരു നിമിഷം മിന്നി മറഞ്ഞു, പിന്നെ മിനിയുടെ കരയാന്‍ പോകുന്ന ഭാവത്തിലുള്ള നില്പ് കണ്ട് ഭാവം മാറ്റി ചോദിച്ചു,
"നീയല്ലേ പറഞ്ഞത്‌ നിനക്കതിനെ വലിയ ഇഷ്ടമാണെന്നു. പിന്നെ എന്തു പറ്റി ഇപ്പോള്‍..?"
"വേണ്ട മനൂ ഇതു കരയുകയാ, അതിന്റെ അച്ഛനേയും അമ്മയേയും
പിരിഞ്ഞ സങ്കടം സഹിക്കാനാവാതെ. നമ്മളെ ആരെങ്കിലും
നമ്മുടെ അച്ഛന്റേയും അമ്മയുടേയും അടുത്തു നിന്നും പിരിച്ചാൽ സങ്കടം വരില്ലേ..? സഹിക്കാനാകുമോ..?"

മനു ചിരിച്ചു. "ഓഹോ അതാണൊ കാര്യം. ശരി , എങ്കിൽ തിരിച്ചു കൊണ്ടിട്ടേ ക്കാം."

മിനി മീനിനേയും എടുത്തു കൊണ്ട്‌ അരുവിയിലേയ്ക്കു നടന്നു. മീൻ കുപ്പിയില്‍ കിടന്ന് തന്നെ നന്ദി സൂചകമായി നോക്കുന്നതു പോലെ തോന്നി മീനയ്ക്ക്‌.

മീനിനെ കൊണ്ട്‌ തിരിച്ച്‌ അതേ സ്ഥലത്തു തന്നെ കൊണ്ടിട്ടപ്പോൾ അതിനെ പ്രതീക്ഷിച്ചെന്നപോലെ ഒരു പറ്റം മീനുകൾ എതിരേൽക്കാൻ നിന്നിരുന്നു. അതിനെ വെള്ളത്തിൽ ഇട്ടപ്പോൾ സന്തോഷത്തോടെ ആ മീനു കൂട്ടത്തോടോപ്പം തൊട്ടുരുമ്മി, മുത്തമിട്ട്, കുശലപ്രശ്നനങ്ങള്‍ നടത്തി പിന്നെ, തുള്ളിക്കളിച്ചു സന്തോഷിക്കുന്നത്‌ കണ്ട്‌ മീനയുടെ കണ്ണു നിറഞ്ഞു. അതു പോകാൻ നേരം മീനയുടെ അടുത്ത്‌ വന്ന്‌ മീനയുടെ കാലിൽ ഒന്നു കൂടി ഉരുമിയിട്ട്‌ പോയി..

മീനയും എന്തോ വലിയ കാര്യം ചെയ്‌ത സംതൃപ്തിയോടെ വീട്ടിലേയ്ക്കും നടന്നു. ഈ സന്തോഷം കിട്ടുമായിരുന്നോ അതിന്റെ സങ്കടം അവഗണിച്ച്‌, അതിനെ കുപ്പിയിൽ ഇട്ട്‌, ശ്വാസം മുട്ടിച്ച്‌ കോന്നിരുന്നെങ്കിൽ! ഇല്ലേ ഇല്ല..

ദൂരെ നിന്നും അമ്മയും അച്ഛനും വരുന്നതു കണ്ട്‌ മീനയുടെ മുഖം സന്തോഷം കൊണ്ട്‌ വിടർന്നു. ഓടിച്ചെന്ന്‌ അമ്മയെ കെട്ടിപ്പിടിക്കുമ്പോൾ മീനയുടെ മനസ്സിൽ നിറച്ച്‌ മീനിന്റെ കഥയായിരുന്നു. പക്ഷെ, പറയാൻ പേടി. അമ്മ വഴക്കു പറഞ്ഞാലോ തനിച്ചു അരുവിയിൽ പോയി കളിച്ചതിന്‌ ! വേണ്ട. മീന സന്തോഷം എല്ലാം ഉള്ളിലൊതുക്കി, അമ്മ കൊണ്ടു വന്ന മിഠായിയും തിന്ന്‌, അനിയനോടൊപ്പം കളിച്ചു ചിരിച്ച്, എല്ലാം മറന്നു.

This entry was posted on 10:38 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments