അവന്‍ ബ്രൂസിലിയായി...  

Posted by Askarali

മായയും മധുവും അവരുടെ കസിന്‍സും (രണ്ടുമൂന്ന് അപ്പച്ചിയും, മൂത്തയമ്മമാരും അമ്മാവന്മാരും എല്ലാരും കൂടി പത്തിരുപത്തഞ്ച് അണ്ണന്മാരും ചേച്ചിമാരും വരും) തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ട്. മായയക്കും മധുവിനും അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ മൂത്ത അണ്ണനു 28 നടുത്ത് പ്രായം വരും. മൂത്തയമ്മയുടെയും അമ്മാവന്മാരുടേയും മക്കളും പ്രായത്തില്‍ തങ്ങളേക്കാള്‍ വലിയ മൂപ്പുള്ളവരാണ്. അതുകൊണ്ട് എല്ലാവര്‍ക്കും തങ്ങള്‍ ‘കുട്ടനും’ ‘കുട്ടിയും’ ആയിരുന്നു. മായക്കും മധുവിനും തമ്മില്‍ തല്ലും കുശുമ്പും ഒക്കെ ഉണ്ടായിരുന്നെങ്കിലും കസിന്‍സിനോടൊക്കെ ഭക്തി കലര്‍ന്ന ഒരു മര്യാദയാണു. അനിയനു എപ്പോഴും കുത്തിമറിഞ്ഞ്, മിടുക്കനും, ബുദ്ധിജീവിയും, മായയുടെ ലീഡറും ആകണമെന്ന ഒരു വിചാരം മാത്രം. മായയാണെങ്കില്‍ ആരെങ്കിലും ഉഴപ്പിച്ചൊന്നു നോക്കിയാല്‍ മൂലയില്‍ പതുങ്ങുന്ന പ്രകൃതവും.

പെണ്ണാകുന്നത് എന്തോ കുറച്ചിലാണെന്നു ഇതിനകം ബോധ്യപ്പെട്ടതിനാല്‍ അനിയന്റെ ഡ്രസ്സുമിട്ട്, അനിയനെപ്പോലെ നടന്നിരുന്നു മായ‍. അനിയനെക്കൂടി പെണ്ണാക്കാനായി തന്റെ ഫ്രോക്ക് ഒക്കെ കാട്ടി വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ ആണായി തന്നെ തുടരാനാണ് ഭാവമെനു കണ്ട് മായ ‍ നയം മാറ്റുകയായിരുന്നു. 11 മാസം മാത്രം പ്രായം മൂപ്പുള്ള മായയെ ‘ചേച്ചി’ എന്നു വിളിക്കുന്ന പ്രശ്നം ഉദിക്കുന്നേ ഇല്ല എന്നും ഇതിനകം അവന്‍ വ്യക്തമാക്കിയിരുന്നു. മായ ഭീക്ഷണിപ്പെടുത്തിനോക്കി, കെഞ്ചി നോക്കി, ഒന്നിലും വഴങ്ങാതായപ്പോള്‍ തന്റെ സീനിയൊരിറ്റി തെളിയിക്കാനായി മായ‍ എടുത്ത അടവാണ്, അവനെ, ‘എടാ’ ‘പോടാ’ എന്നു വിളിക്കല്‍. എന്തോ അവന് ‘എടീ’ ‘പോടീ’ എന്നൊക്കെ വിളിക്കാതിരിക്കാന്‍ മാത്രം ഉള്ള വിശാലമനസ്സ് അന്നേ ഉണ്ടായിരുന്നു. (അതിനുകൂടി, പ്രായമായി കൂട്ടുകാരോട് മായയെ പരിചയപ്പെടുത്തുമ്പോള്‍‍ ‘ആ പോകുന്നത് എന്റെ ചേച്ചിയാണ്. അവള്‍... ’ എന്ന് ഒരു വാക്കുകൂടി അടുത്ത സെന്റന്‍സില്‍ ചേര്‍ത്ത് ആ കുറവ് തീര്‍ക്കുന്നതു കാണാം. ‘ചേച്ചി’ എന്ന് അവര്‍ പറയുകയാണെങ്കില്‍ കൂടെ ‘അവള്‍’ ‘നീ’ തുടങ്ങിയ വാക്കുകളും അവനറിയാതെ വരും. അതിപ്പോഴും തുടരുന്നു. ആരാണു മതിക്കപ്പെടേണ്ടത്, ആരാണ് ഭരിക്കാനുള്ളത്, ആരാണ് ഭരിക്കപ്പെടേണ്ടത് എന്നൊക്കെയുള്ള ആശയക്കുഴപ്പം.) 12 വയസ്സുവരെ അനിയനെപ്പോലെ മുടിയും വെട്ടിക്കുമായിരുന്നു അച്ഛന്‍. അനിയന്റെ വേഷവുമിട്ട് നടക്കുന്ന മായയെ അയല്പക്കക്കാര്‍ ‘കുട്ടാ‘ അല്ലെങ്കില്‍ ‘ചെറുക്കാ’ എന്നൊക്കെ പേരിന്റെ പുറകില്‍ ചേര്‍ത്ത് വിളിക്കുമ്പോള്‍ വലിയ ഒരു സംതൃപ്തിയായിരുന്നു. അങ്ങിനെ വലിയ ഗമയില്‍ ‘ആങ്ങിനെ ഞാനും ഒരാണായി’ എന്ന ഗമയില്‍ നടക്കുന്ന കാലം...

മായക്ക് പ്രായം ഏഴ് അനിയന് ആറ്. ഇനി മായ തന്നെ അവളുടെ കഥ പറയട്ടെ...

ആയിടയ്ക്കൊരിക്കല്‍, ഒരപ്പച്ചിയുടെ മകന്‍ ബാംഗ്ലൂരില്‍ നിന്നു വന്നു. വിവാഹാലോചനകള്‍ തകൃ‌തിയില്‍ നടക്കുന്ന കാലം. കുളിച്ച് കുട്ടപ്പനായി അമ്മുമ്മയെ കാണാനായി കുടുംബവീടായ ഞങ്ങളുടെ വീട്ടിലെത്തി. അമ്മുമ്മയും അണ്ണനും കട്ടിലിലും , ഞാനും അനിയനും ബാഗ്ലൂര്‍ കഥകേള്‍ക്കാനായി ആരാധനയോടെ വായും തുറന്ന് തറയിലും. മണി അണ്ണന്‍ കഥ പറഞ്ഞു തുടങ്ങി...
ഞങ്ങള്‍ അല്‍ഭുതം കൂറുന്ന മിഴികളുമായി കേള്‍ക്കാനും...അതിനിടയില്‍ എപ്പോഴോ മണിയണ്ണനില്‍ ഒരു വാനരത്തരം തലപൊക്കിയിരിക്കണം. ( കൊച്ചാണെങ്കിലും തന്റെ മുന്നിലിരിക്കുന്നത് തന്റെ കൊച്ചു മുറപ്പെണ്ണാണെന്നുള്ള ഒരു തോന്നലുമാകാം കാരണം) പതുക്കെ ആണ്‍വേഷം കെട്ടി ഞെളിഞ്ഞിരിക്കുന്ന എന്നോട് അല്പം തമാശകലര്‍ത്തി, ഒരു ചോദ്യം, "എന്നോടൊപ്പം പോരുന്നോ ബാഗ്ലൂരിലേയ്ക്ക്?"
ആ ചോദ്യത്തില്‍ ഒരു പന്തികേടുപോലെ രണ്ടുപേര്‍ക്കും തോന്നി. ചോദ്യം ചോദിച്ച രീതിയും. ഒന്നുകില്‍ രണ്ടുപേരോടുമായി ആ ചോദ്യം ചോദിക്കണമായിരുന്നു. മായയെ മാത്രം നോക്കി ചോദിച്ചതേ ഒരു വലിയ തെറ്റ്. ( ഇതൊക്കെ അറിയാന്‍ പ്രായം ആറും ഏഴുമൊക്കെ മതി) ഞാനും എന്റെ അനിയനും ഒപ്പം ഞെട്ടി, ഇളിഭ്യരായി. ‘അയ്യേ ഇയാളെയാണോ തങ്ങള്‍ ഇത്രന്നേരം ബഹുമാനിച്ചത് ’എന്ന ഒരു ജാള്യതയും ഒപ്പം അനിയന്റെ ആങ്ങളത്വം ആദ്യമായി ഉണരുകയും, എന്നില്‍ ഒരു പെണ്ണിന്റെ ഇന്‍ഫീരിയോരിറ്റി പ്രകടമാവുകയും, അത് എന്റെയും അനിയന്റെയും ഇടയില്‍ ഒരു ഗ്യാപ്പ് വരുത്തുന്നതും കണ്ട്, അനിയന്‍ എന്റെ നേര്‍ക്ക് , ‘പടക്കു തിരിക്കും മുന്‍പ് സഹധര്‍മ്മിണിയോട് അനുവാദം ചോദിക്കുന്ന’; അല്ലെങ്കില്‍, ‘ദുര്യോദനനോട് അനുവാദം ചോദിച്ച് പടക്കളത്തില്‍ ഇറങ്ങുന്ന കര്‍ണ്ണനെപ്പോലെ’ ഒന്നു നോക്കിയിട്ട്, അണ്ണന്റെ നേര്‍ക്ക് ഒറ്റ കുതിപ്പ്. അണ്ണന്‍ ആദ്യം പകച്ചു, പിന്നെ തമാശയായി കരുതി ചെറുത്തു. അനിയന്‍ ഇതൊന്നും അറിയുന്നില്ല. അവന്റെ മനസ്സില്‍ ആയിടെ കണ്ട ബ്രൂസിലി പടം മാത്രം. അവന്‍ ബ്രൂസിലിയായി... അവന്‍ മണിയണ്ണന്റെ ബാഗ്ലൂര്‍ ഗ്ലാമര്‍ ഒന്നൊന്നായി പിച്ചിച്ചീന്തി കാറ്റില്‍ പറത്തുന്നത് ഞാന്‍, നായകന്‍ വില്ലനുമായി ഫൈറ്റ് ചെയ്യുമ്പോല്‍ പിന്നില്‍ നിന്ന് സപ്പോര്‍ട്ട് ചെയ്യുകയും വേണമെങ്കില്‍ ഒരു ചെറിയ ഹെല്പ് ചെയ്യുകയുമാവാം എന്നപോലെ നില്‍ക്കുന്ന നായികയെപ്പോലെ പിറകില്‍ നിന്ന് ആസ്വദിക്കയും അഭിനന്ദിക്കുകയും. അപ്പച്ചിയുടെ മകന്‍ ധീരനായകന്‍ അനിയനേയും അതിലേറെ ഇത് ശരിക്കും പെണ്ണു തന്നെയോ എന്നു ഒരു ചെറിയ ‘ഷെയി’മോടെ എന്റെ നേര്‍ക്കും ഒന്ന് പാളി നോക്കി , ഒടുവില്‍ ബാഗ്ലൂര്‍ ഗ്ലാമറൊക്കെ കൊഴിച്ചു കളഞ്ഞ് വെറും അണ്ണനായി മുങ്ങി. ( ഇപ്പോള്‍ ഓര്‍ക്കുമ്പോല്‍ മായക്ക് ഒരു ചെറിയ വിഷമം ഇല്ലാതില്ല. എങ്കിലും വലിയ അണ്ണനല്ലേ, അങ്ങിനെ ചോദിക്കാമോ?) പുറത്താരോടും പറയാനും പറ്റില്ലല്ലൊ. കൊച്ചു പിള്ളേര്‍ തോല്‍പ്പിച്ച കാര്യം. പീക്രി പില്ലേര്‍, അതും നല്ലവരിലും നല്ലവരായ അമ്മാവന്റെ സന്താനങ്ങള്‍ അങ്ങിനെ കാരണമില്ലാതെ ആരെയും ഉപദ്രവിക്കില്ല എന്നു ബഹുജനത്തിനറിയാവുന്നതുകൊണ്ടും, അതിലും വലിയ ഭയം എന്റെ അമ്മയായ ‘അമ്മായി’യെയും ആയിരുന്നതുകൊണ്ട് എനിക്കു നല്ല ധൈര്യമായിരുന്നു പുറത്ത് പറയാന്‍ പറ്റിയ സംഭവമല്ല എന്ന്. അങ്ങിനെ എന്ന് എന്റെ അനിയന്‍ ഒരാണായി. ഞാന്‍ ഒരു വെറും പെണ്ണും. അനിയന്‍ വീണ്ടും ബ്രൂസിലിത്തരം കാട്ടി. ഇത്തവണ ഇരയാരെന്നോ? സാക്ഷാല്‍ ഈ ഞാന്‍. അത് അടുത്ത ലക്കത്തില്‍...

This entry was posted on 10:48 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments