ഒരു പട്ടം പറപ്പിക്കലിന്റെ കഥ!  

Posted by Askarali

Khaled Hosseini യുടെ 'The Kite Runner' അഫ്ഗാനില്‍‍ (കാബൂളില്‍) നടന്ന കഥയാണ്. അമീര്‍ എന്ന അഫ്ഗാന്‍ ബാലനും ഹസ്സന്‍ എന്ന ഹസാറ ബാലനും തമ്മിലുള്ള പ്രത്യേക കൂട്ടുകെട്ടിന്റെ കഥ; അതിനിടയില്‍ അഫ്ഗാനില്‍ നടമാടിയിരുന്ന അനീതികളും റഷ്യയും അമേരിക്കയും താലിബാനും ഒക്കെ അവിടത്തെ ലോക്കല്‍ മനുഷ്യരെ ദ്രോഹിച്ച കഥയും പറയുന്നു..

അഫ്ഗാനികള്‍, അവിടെ ‘ഹസറ’ എന്ന വര്‍ഗ്ഗക്കാരെ വളരെ താഴ്ന്ന കൂട്ടത്തില്‍ പെടുത്തിയിരുന്നു. അവര്‍ മേല്‍ജാതിക്കാരാല്‍ വലരെയധികം ചൂഷണം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്ന കാലം. അതിനൊക്കെ വിപരീതമായി കഥാനായകന്റെ കുടുബം തങ്ങളുടെ വീട്ടുജോലിക്കാരായ ഒരു ഹസറ കുടുംബവുമായി വളരെ നല്ല ഒരു ആത്മബന്ധം സ്ഥാപിച്ചിരുന്നു.

അമീറിന്റെ ബാബ (പേര് പറയുന്നില്ല. കഥയിലുടനീളം ബാബ എന്നേ പറയുന്നുള്ളൂ), അഫ്ഗാനിസ്ഥാനിലെ ഒരു വലിയ പണക്കാരനും പ്രതാപിയും ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരനാണ് ഹസാറ വിഭാഗക്കാരായ അലിയും മകന്‍ ഹസ്സനും. അലി, ബാബയുടെ കളിക്കൂട്ടുകാരനും സഹായിയും ഒക്കെയായിരുന്നെങ്കില്‍; ഹസ്സന്‍, അമീറിന്റെയും വലം കയ്യായിരുന്നു. ഹസ്സന്‍ വളരെ ചുറുചുറുക്കുള്ള ഒരു കുട്ടിയായിരുന്നു. എന്നാല്‍ അമീര്‍ പുസ്തകപ്പുഴുവും അല്പം തണുത്ത പ്രകൃതക്കാരനുമായിരുന്നു. ബാബ പ്രതീക്ഷിക്കുന്ന ഗുണങ്ങളൊക്കെ ഹസ്സനില്‍ ആണെന്ന സത്യം അമീറിന് അവനോട് അസൂയ ഉണ്ടാക്കുന്നു. പലപ്പോഴും അമീര്‍ ഹസ്സനെ ചെറിയ കാര്യങ്ങളില്‍ വിഷമിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഹസ്സന്‍ നേരേ മറിച്ചാണ് ഹസ്സന്‍ അമീറിന്റെ ഭാവനയും അറിവും ഒക്കെ പരസ്യമായീ തന്നെ മതിക്കുന്നു, അവനെ ആരാധിക്കുന്നു. അവന്റെ അറിവിനെയും കഥപറയാനുള്ള കഴിവും ഒക്കെ ഹസ്സന്റെ ആരാധന പിടിച്ചുപറ്റി.


ബാബ കുട്ടികളെ രണ്ടുപേരെയും തുല്യമായി തന്നെ സ്നേഹിച്ചിരുന്നു. അമീറിന്റെ അമ്മ പ്രസവത്തില്‍ മരിച്ചതുകൊണ്ടും ഹസ്സന്റെ അമ്മ മറ്റാരോടോ കൂടി ഓടിപ്പോയതുകൊണ്ടും രണ്ടുപേരും അമ്മയില്ലാതെയാണ് വളരുന്നത്. ഒരു ‘ആയ’ യാണ് രണ്ടുപേര്‍ക്കും മുലപ്പാല്‍ കൊടുത്തു വളര്‍ത്തിയതും. ‘ഒരമ്മയുടെ പാല്‍ കുടിച്ചു വളര്‍ന്നാല്‍ സഹോദരന്മാരായി’ എന്ന ചൊല്ലും ഇടയ്ക്കിടെ പറയുന്നുണ്ട്.
എന്നാല്‍ തന്റെ പിതാവിന്റെ സ്നേഹമോ, അംഗീകാരമോ ഹസ്സനുള്ളിടത്തോളം തനിക്കു കിട്ടില്ലെന്ന് ഇതിനകം മനസ്സിലാക്കിയ അമീറിന് ഹസ്സനോടുള്ള അസൂയ കൂട്ടുന്നു. എന്നാല്‍ ആ അസൂയപോലും സ്നേഹമായി മാറ്റാന്‍ പോന്ന ഹൃദയ വിശാലത ഹസ്സനുണ്ട് താനും! വായിക്കാനറിഞ്ഞുകൂടാത്ത (ഹസറകള്‍ക്ക് പഠിക്കാന്‍ അനുവാദമില്ലായിരുന്നു, വീട്ടുജോലിക്കരായും മറ്റും ജീവിക്കുന്ന താഴ്ന്ന വര്‍ഗ്ഗത്തില്‍ പെടുത്തിയിരുന്നു അവരെ താലിബാന്‍‍ ഭരണകൂടം) ഹസ്സന് അമീര്‍ കഥബുക്കുകള്‍ വായിച്ചുകൊടുക്കുകയും ഇടയ്ക്കിടെ ഭാവന കലര്‍ത്തി കഥ തന്റെ ഇഷ്ടത്തിനസരിച്ച് മാറ്റിയും ഒക്കെ പറയുന്നു. അമീര്‍ മാറ്റി പറഞ്ഞ കഥയാണ് താന്‍ ഇതുവരെ കേട്ട കഥകളിലൊക്കെ മെച്ചമെന്നും ‘അമീര്‍ക്കാ, നിങ്ങള്‍ ശരിക്കും ലോകം അറിയുന്ന ഒരു കഥാകൃത്തായി ഒരിക്കല്‍ മാറും’ എന്നും പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഹസ്സന്‍ അമീറിലെ കഥാകാരനെ കണ്ടുപിടിക്കുകയായിരുന്നു. അന്നുതന്നെ അമീര്‍ തന്റെ ആദ്യത്തെ കഥ എഴുതുകയും ചെയ്തു.
മകനില്‍ നിന്നും വലിയൊരു ബിസിനസ്സ് കാരനെ പ്രതീക്ഷിച്ച ബാബയ്ക്ക് അവന്‍ കഥയെഴുതുന്നതില്‍ അഭിമാനമൊന്നും തോന്നിയില്ല മറിച്ച് നിരാശ നല്‍കിയിരുന്നു. ബാബയുടെ കൂട്ടുകാരന്‍ റഹിം ഖാന്‍ അമീറിനെ പ്രോത്സാഹിപ്പിച്ചിരുന്നു. അവന്റെ ആദ്യത്തെ കഥ കൊണ്ടുപോയി വായിച്ച് നല്ല അഭിപ്രായം അറിയിക്കുന്നു. ഒപ്പം കഥയെഴുതാന്‍ ഒരു ഡയറിയും!
ഹസ്സന്റെ ബര്‍ത്ഡേ ബാബ കൊണ്ടാടുന്നതും, അന്നത്തെ ദിവസം അവനു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും ഒക്കെ അമീറില്‍ ഈര്‍ഷ്യ വളര്‍ത്തുന്നു.
താന്‍ ഹസ്സനൊപ്പം സ്മാര്‍ട്ട് അല്ല എന്ന ഒരു ഇന്‍ഫീരിയോരിറ്റിയും അമീറില്‍ വളരുന്നു.. ഹസ്സന് ഇതൊക്കെ അറിയാമായിരുന്നെങ്കിലും അതൊക്കെ മറച്ചു വച്ച്, അമീറിനുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധനായി അവന്‍ എപ്പോഴും കൂടെയുണ്ടായിരുന്നു.

‘ആസെഫ്’ എന്ന കൌമാര വില്ലന്‍ അമീറിനെ ഉപദ്രവിക്കാന്‍ വരുമ്പോള്‍ ഹസ്സന്‍ തന്റെ ‘കമ്പും കോണിയും’( ഒരു വള്ളിയില്‍ കല്ലോ മറ്റു കൂര്‍ത്ത എന്തെങ്കിലുമോ ചേര്‍ത്ത് ഉന്നം വച്ച് വലിച്ച് വിടുന്ന ഹസറകളുടെ പണ്ടത്തെ രീതി, ഹസ്സനെ വെല്ലാന്‍ അതില്‍ ആരുമില്ലാതാനും) കൊണ്ട് അവരെ ഭീക്ഷണിപ്പെടുത്തി അയക്കുന്നതോടെ അവര്‍ക്ക് പൊതുവായി ഒരു ആജന്മ ശത്രു ഉണ്ടാകുന്നു. ഒടുവില്‍ കഥയിലെ മുഖ്യ വില്ലനും അസഫ് ആകുന്നു.

പട്ടം പറപ്പിക്കല്‍ മത്സരത്തില്‍ ഹസ്സന്റെ സഹായത്തോടെ (അമീര്‍ മുറിച്ചുവിടുന്ന പട്ടം എവിടെയാണെന്ന് കണ്ടുപിടിച്ച് ഓടിപ്പോയി എടുക്കുക;
ഹസ്സന് ആകാശത്തു നോക്കാതെ തന്നെ പട്ടത്തിന്റെ ഗതി പ്രവചിക്കാനാകുമത്രെ) അമീര്‍ ഒന്നാമനായതോടെ അമീറിന് തന്റെ അച്ഛന്റെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന്, അദ്ദേഹത്തിന്റെ മതിപ്പ് കിട്ടുമ്പോള്‍, ബലിയാടാകുന്നത് ഹസ്സന്‍ ആണ്. അമീറ് തോല്‍പ്പിച്ച പട്ടം എടുക്കാന്‍ ഓടിപ്പോയ ഹസ്സനെ അസഫും സംഘവും ലൈംഗീകമായി പീഡിപ്പിക്കുന്നു. ഹസ്സനെ അന്വേക്ഷിച്ചു അവിടെ എത്തിയ അമീര്‍, സ്വയ രക്ഷയ്ക്ക് വേണ്ടി ആ ക്രൂരത കണ്ടില്ലെന്നു നടിക്കുന്നു. എങ്കിലും
ഹസ്സന്‍ അപമാനിക്കപ്പെടുന്നതും താന്‍ രക്ഷയ്ക്കായി ചെന്നില്ല എന്നതും അമീറില്‍ വല്ലാത്ത കുറ്റബോധമുണ്ടാക്കുന്നു.
പിന്നീട്, ഹസ്സനെ കാണുമ്പോഴൊക്കെ അമീര്‍ കൂടുതല്‍ അസ്വസ്ഥനാക്കുന്നു.
ഹസ്സന്‍ തന്റ തെറ്റ് ബൊധ്യപ്പെടുത്തുന്ന ഒരു ഇത്തിള്‍ക്കണ്ണി മാത്രമായി അമീറിനു തോന്നുന്നു . അമീര്‍ പല കാരണങ്ങള്‍ ഉണ്ടാക്കി ഹസ്സനെയും അച്ഛനെയും വീട്ടില്‍ നിന്ന് മാറ്റുന്നു.

പിന്നീട് റഷ്യാക്കാര്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കുമ്പോള്‍ അനീതിയും അക്രമവും പെരുകുമ്പോള്‍ ജന്മികുടുംബങ്ങളൊക്കെ എങ്ങിനെയും രഹസ്യമാര്‍ഗ്ഗത്തിലൂടെ അയല്‍ നാട്ടിലേയ്ക്കും പിന്നീട് വിദേശത്തും പോയി രക്ഷപ്പെടുകയായിരുന്നു.

ബാബയും അമീറും പല ദുര്‍ഘടങ്ങളും തരണം ചെയ്ത് പാകിസ്ഥാനിലും തുടര്‍ന്ന് അമേരിക്കയിലും അഭയാര്‍ത്തികളായി‍ എത്തിപ്പെടുന്നു. അവിടെ ഒരിക്കല്‍ ലക്ഷപ്രഭുവായിരുന്ന ബാബ‍ ദിവസക്കൂലിചെയ്തും മറ്റും അമീറിനെ പഠിപ്പിക്കുന്നു. കഷ്ടപ്പാടിനിടയിലും ഹസ്സനില്ലാതെ ആദ്യമായി തന്റെ പിതാവിന്റെ സ്നേഹവും സുരക്ഷിതത്വവും അനുഭവിക്കുന്ന അമീര്‍ സംതൃപ്തനാണ്.

അമീര്‍ പഠിച്ച് ഡിഗ്രി എടുക്കുകയും ഒരു അഫ്ഗാന്‍ യുവതിയുമായി പ്രണയത്തിലാവുകയും പിതാവിന്റെ ആശീര്‍വ്വാദത്തോടെ വിവാഹിതനാവുകയും ചെയ്യുന്നു. രോഗിയായി തീരുന്ന ബാബ താമസിയാതെ മരിക്കുന്നു..
അമേരിക്കയില്‍ ഭാര്യയോടൊപ്പം സ്വച്ഛമായി, നല്ല ഒരു എഴുത്തുകാരനായി ജീവിക്കവെ, അമീറിന് അപ്രതീക്ഷിതമായി നാട്ടില്‍ നിന്നും റഹിം ഖാന്റെ ഒരു ഫോണ്‍കാള്‍ വരുന്നു..
അമീര്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന കുറ്റബോധവും മറ്റും നന്നായറിയാവുന്ന ഒരേ ഒരാള്‍ റഹിം ഖാനായിരുന്നു. റഹിംഖാന്‍ പറയുന്നു, “നിനക്ക് നിന്റെ തെറ്റ് തിരുത്താന്‍/നല്ലവനാകാന്‍, ഇതാ ഒരവസരം വന്നെത്തിയിരിക്കുന്നു, വരിക.”‍

റഹിംഖാന്റെ ആവശ്യ പ്രകാരം അമീര്‍ തിരിച്ച് അഫ്ഗാനിസ്ഥാനില്‍ വരുന്നതോടെയാണ് കഥയ്ക്ക് സീരിയസ്സ്നസ്സ് കൈവരുന്നത്.
അവിടെ വച്ച്, റഹീം ഖാന്‍ ഹസ്സന്റെ ബാക്കി കഥപറയുന്നു. ‘ഹസ്സന്‍ റഹിം ഖാന്‍ ഒഴിഞ്ഞു കിടന്ന ബാബ യുടെ ബഗ്ലാവ് നോക്കാനായി നിര്‍ബ്ബന്ധിച്ചു വിളിച്ചതുകൊണ്ട് വീണ്ടും അവിടെ ഭാര്യയോടും മകനോടും‍ ( സൊഹ്രാബ്) ഒപ്പം വന്നെന്നും, താലിബാന്‍ വീടൊഴിഞ്ഞുകൊടുക്കാന്‍ ആജ്ഞാപിച്ചപ്പോള്‍ വിസമ്മതിച്ച ഹസ്സനെയും ഭാര്യയെയും കൊലപ്പെടുത്തിയതും, അനാഥനായ സോഹ്രാബ് താലിബാന്‍ ഭരണത്തില്‍ അകപ്പെട്ട കാബൂളില്‍ ഏതോ അനാഥാലയത്തില്‍ കഷ്ടപ്പെടുകയാവും എന്നും , അവനെ രക്ഷിക്കുക വഴി മാത്രമേ നിനക്ക് നിന്റെ പാപങ്ങളില്‍ നിന്ന് മോചിതനാകാനാവൂ എന്നും ഉപദേശിക്കുന്നു.’ മറ്റൊരു നടുക്കുന്ന സത്യം കൂടി റഹിം ഖാന്‍ അമീറിനെ അറിയിക്കുന്നു, ‘ഹസ്സന്‍ ബാ‍ബയുടെ മകനായിരുന്നു എന്ന സത്യം!’ അത് അമീറിനെ വല്ലാതെ ഉലയ്ക്കുന്നു. തന്റെ പിതാവ് ഹസ്സന് പ്രത്യേകത കൊടുത്തതും, താന്‍ അവരെ തമ്മില്‍ അകറ്റിയതും ഒക്കെ അമീറിന്റെ തെറ്റിന്റെ കാഠിന്യം പലമടങ്ങ് കൂട്ടി.
ഗത്യന്തരമില്ലാതെ, അമീര്‍ സോഹ്രാബിനെ തേടി അപകടകരമായ കാബൂളിലേയ്ക്ക് യാത്രതിരിക്കുന്നു. സ്വതവേ തണുത്ത പ്രകൃതക്കാരനായ അമീര്‍ ഒരു വഴികാട്ടിയോടൊപ്പം അപകടകരമായ കാബൂളില്‍ എത്തുന്നു. താലിബാന്റെ ക്രൂരനായ നേതാവ് അസീഫ് തന്നെയാണെന്നും, അനാഥാലയത്തില്‍ കഷ്ടപ്പെട്ടിരുന്ന സൊഹ്രാബിനെ തന്റെ മിലിട്ടറി ഭവനത്തില്‍ തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി കൂട്ടുക്കൊണ്ടു പോയതാണെന്നും മനസ്സിലാക്കുന്നു. അമീറിന് അസീഫ് പണ്ട് ഹസ്സനെ ദ്രോഹിച്ച് രംഗം ഓര്‍മ്മ വരുന്നു.. എങ്ങിനെയും സോഹ്രാബിനെ അസീഫില്‍ നിന്നും മോചിപ്പിക്കണമെന്ന നിശ്ചയത്തോടെ, അമീര്‍ മിലിട്ടറി ഭവനത്തില്‍ എത്തിപ്പെടുന്നു. എന്നാല്‍ അസഫ് അമീറിനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അയാള്‍ സോഹ്രാബിന്റെ മുന്നില്‍ വച്ച് തന്നെ അമീറിനെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ ഹസ്സന്റെ അടവായ ‘കമ്പും കോണി’(?)യും എറിയലിലൂടെ സോഹ്രാബ് അസീഫിന്റെ ഒരു കണ്ണ് തകര്‍ത്ത്, രണ്ടുപേരും അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്യുന്നു!
അമീറിന്റെ സ്നേഹത്തില്‍ വിശ്വാസം തോന്നിയ സൊഹ്രാബ്, ( ഹസ്സനില്‍ നിന്നും അമീറിന്റെ കഥകള്‍ കേട്ട്, കേട്ട്, സോഹ്രാബിനും അമീറിനോട് ആരാധന കലര്‍ന്ന സ്നേഹമായിരുന്നു) ഇമിഗ്രേഷന്‍ പ്രശ്നത്താല്‍ തനിക്ക് അമീറിനോടൊപ്പം പോകാനാവില്ലെന്നും താന്‍ വീണ്ടും കാബൂളിലെ നരകത്തില്‍ തള്ളപ്പെടും എന്നുമുള്ള ഞടുക്കം ഉള്‍ക്കൊള്ളാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു.
ആത്മഹത്യയില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും സോഹ്രാബ് മൌനിയായിപ്പോകുന്നു. ഇതിനകം വളരെയധികം ക്രൂരതകള്‍ നേരില്‍ കണ്ടും അനുഭവിച്ചും ക്ഷീണിച്ചുപോയ ആ കുട്ടിയ്ക്ക് താന്‍ രക്ഷപ്പെട്ടു എന്ന സത്യം അംഗീകരിക്കാന്‍ ഉപബോധമനസ്സ് കൂട്ടാക്കാതെ തളര്‍ന്നുപോകുന്നു.
ഒടുവില്‍ വിസ ശരിയായി സോഹ്രാബിനെ അമീര്‍ അമേരിക്കയില്‍ എത്തിയ്ക്കുന്നു. ഒരു പിതാവിന്റെ സ്നേഹവാത്സല്യത്തോടെ അമീര്‍ അവന്റെ തിരിച്ചു വരവിനായി കാത്ത് ക്ഷമയോടെ ദിവസങ്ങള്‍ തള്ളിനീക്കുകയും ചെയ്യുന്നു.

ഒടുവില്‍ ഒരു ‘ഫണ്‍ ഫെയര്‍’ പോലുള്ള സ്ഥലത്തു വച്ച് അമീര്‍ സോഹ്രാബി നെ സന്തോഷിപ്പികാനായി ഒരു പട്ടം പറത്തുന്നതും, ഇരുവരുംകൂടി പട്ടം പറപ്പിച്ച് വിജയിക്കുമ്പോള്‍, അമീര്‍ ചോദിക്കുന്നു, “ഞാന്‍ ആ പട്ടം എട്ത്തുകൊണ്ടു വരട്ടെ?”എന്ന് അമീര്‍ ചോദിക്കുമ്പോള്‍ ആദ്യമായി സോഹ്രാബി ല്‍ നേരിയ ഒരു ചിരി പ്രകടമാകുന്നു. ഇത് സോഹ്രാബിന്റെ തിരിച്ചുവരവിന്റെ സൂചനയായി കണ്ട അമീര്‍, “നിനക്കുവേണ്ടി ആയിരം പ്രാവശ്യം വേണമെങ്കിലും...” എന്ന് പറഞ്ഞ് പട്ടത്തിനായി ഓടുന്നു.
(പണ്ട് ഹസ്സന്‍ അമീറിനു വേണ്ടി ചെയ്തപോലെ).

മക്കളില്ലാത്ത, അമീറും ഭാര്യയും, ഇതിനകം ‍ സോഹ്രാബിനെ തങ്ങളുടെ മകനായി സ്വീകരിച്ചു കഴിഞ്ഞിരുന്നു. സോഹ്രാബിനെ സ്നേഹിച്ച്, ജീവിക്കുമ്പോള്‍ തന്റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി അമീര്‍ ആശ്വസിക്കുന്നു. മുകളില്‍ നിന്ന് ഹസ്സന്റെ ആത്മാവ് അത് കണ്ട് സന്തോഷിക്കുകയായിരുന്നിരിക്കാം.

---
ആദ്യം മുതല്‍ അവസാനം വരെ ആകാംഷയോടെ വായിച്ച ഒരു പുസ്തകം!
അവസാനം അറിയാനായി വീര്‍പ്പടക്കി വായിച്ചു .ഒപ്പം, യുദ്ധം മനുഷ്യരെ ഏതെല്ലാം തരത്തില്‍ ദ്രോഹിക്കുമെന്നും, തരം താഴ്ത്തുമെന്നും കണ്ടു.
വായിച്ചുകൊണ്ടിരുന്നപ്പോള്‍ വല്ലാത്ത ഒരു ഭീതി കൈവന്നു. ഈ ഭൂമിയിലെ ജീ‍വിതം ഇത്രയും ദുരിതം നിറഞ്ഞതായി പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടെന്ന് ഓര്‍ക്കാന്‍ കൂടി പ്രയാസം. കോളേജ് ലക്ച്വറര്‍ തെരുവു തെണ്ടിയെക്കാളും ദയനീയമായി ചേരിയില്‍ അടിഞ്ഞുകിടക്കുന്നത് ; മനുഷ്യര്‍ ബലിമൃഗങ്ങളെക്കാള്‍ കൊടൂരമായി കൊലചെയ്യപ്പെടുന്നത്; അങ്ങിനെ പറയാനേറെ.

രഹസ്യങ്ങള്‍ ഒളിപ്പിച്ചുവച്ച ബാബ; തന്റെ മക്കളുടെ ഇടയില്‍ ന്യായപ്രാകാരമുള്ള മകന്‍ അമീറിനെക്കാള്‍ ഹസ്സനാണ് തന്റെ ഗുണങ്ങളൊക്കെ കിട്ടിയിരിക്കുന്നതെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ അവനെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് സ്നേഹിക്കാനാവുന്നുമില്ല. ഹസ്സന്‍ അമീറിന്റെ കളിക്കൂട്ടുകാരനായി സന്തതസഹചാരിയായി മാറുന്നത് കണ്ട് സന്തോഷിക്കുന്ന ബാബ അവരുടെ വേര്‍പിരിവില്‍ നിശ്ശബ്ദനായി ദുഃഖിച്ച ബാബയും ഒരല്‍ഭുതമാണ്.
കഥയിലുടനീളം അന്യായങ്ങളും, അക്രമങ്ങളും, അനീതികളും ഒക്കെയാണെങ്കിലും ഇവയുടെ ഇടയിലൂടെയും സത്യം ഒരു ചെറിയ നേര്‍ വരയിലൂടെ ഒടുവില്‍ പ്രകാശം കണ്ടെത്തുന്നതായും തോന്നി.
[കുറെ നാള്‍ മുന്‍പ് എഴുതി വച്ചിരുന്നതാണ് ; സമയം ഉള്ളവര്‍ക്ക്, ഇഷ്ടമുള്ളവര്‍ക്ക് വായിക്കാനായി...]

This entry was posted on 10:41 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments