മീരയുടെ ദുഃഖം  

Posted by Askarali

ഈയിടെയാ‍യി എന്തു ചെയ്താലും 'എറര്‍' തന്നെ. പെണ്ണായി ജനിച്ചതുകൊണ്ടാണോ എല്ലാം 'എറര്‍' ആകുന്നത്?! തൊട്ടതും പിടിച്ചതും ഒക്കെ 'എററോട് എറര്‍'. എഴുതുന്നത് 'എറര്‍', ഡിലീറ്റ് ചെയ്ത് വീണ്ടും പബ്ലിഷ് ചെയ്താല്‍ വീണ്ടും 'എറര്‍', അല്പം എഴുതി ചേര്‍ക്കാം എന്നു കരുതിയാല്‍ അതും എറര്‍. എന്തുചെയ്യാന്‍! എറര്‍ ഒഴിഞ്ഞ് ഒരു നേരം ഇല്ല തന്നെ. ദാ നോക്കൂ, ഇതു ടൈപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അറിയാതെ കൈയ് തട്ടിയപ്പോ‍ള്‍ വീണ്ടും 'എറര്‍' (Your request could not be processed. Please try again.) സത്യത്തില്‍ ഞാനീ കമ്പ്യൂട്ടറിനോട് ഒന്നും റിക്വസ്റ്റ് ചെയ്യാനോ ഒന്നിനും പോയില്ല. എന്നിട്ടും.. സാ‍രമില്ല. എല്ലാം നല്ലതിനായിരിക്കും..

ഏതിനും വന്ന കാര്യം പറയട്ടെ, അതെ, എന്റെ മീരയെ കിട്ടിയ കഥ..

അതിനിടയ്ക്ക് ഒരു കാര്യം കൂടി എഴുതിക്കോട്ടെ, ആത്മയ്ക്ക് ചില ദിവസങ്ങളില്‍ ഇഷ്ടമ്പോലെ സമയം കിട്ടും. കമ്പ്യൂട്ടറിന്റെ മുന്നില്‍ വന്ന് ബ്ലിങ്കി ഇരിക്കും. ങ്ഹേ! ഒരക്ഷരം എഴുതാന്‍ തോന്നില്ല. എന്നാല്‍ ചിലപ്പോള്‍ പിടിപ്പത് പണിയുണ്ടകും, വീട്ടില്‍ യജമാനന്‍ ഉണ്ടാകും, മക്കളുണ്ടാകും, ജോലിയും കാര്യങ്ങളുമായി നില്‍ക്കാനും ഇരിക്കാനും സമയം കിട്ടാതെ ആകെ ടെന്‍ഷനടിച്ചു നടക്കുമ്പോള്‍ അതാ വാഗ്ദേവത പ്രത്യക്ഷപ്പെടുന്നു..! അപ്പോള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് , ഇടയ്ക്ക് കിട്ടുന്ന സമയങ്ങളില്‍ ബ്ലോഗ് എഴുതുമ്പോള്‍ കിട്ടുന്ന ഒരു സംതൃപ്തി അതിനി മാതൃഭൂമിയിലോ കലാകൌമുദിയിലോ‍ ഒക്കെ എഴുതിയത് പബ്ലിഷ് ചെയ്തു വന്നാലും കിട്ടില്ലാ തന്നെ (ആത്മ ആത്മയുടെ കാര്യമാണേ പറയുന്നത്ത്. പ്യുര്‍ലി പെര്‍സണല്‍)

അങ്ങിനെ മീരയുടെ കഥ...

ആത്മ ഡിഗ്രി അവസാന വര്‍ഷത്തിന്റെ അവസാന ദിവസം.. (ഈ നാട്ടില്‍ ഡിഗ്രി എന്നൊക്കെ പതുക്കെ പറയണം. കാരണം ഇവിടെ ഡിഗ്രിക്കൊക്കെ തീ പിടിച്ച വിലയാണ്! അതുകൊണ്ടു തന്നെ നാട്ടിലെ ഡിഗ്രിക്ക് പ്രീ-സ്ക്കൂളിനും മുന്‍പുള്ള വല്ല ഗ്രേഡുമേ നല്‍കൂ ഇവിടുള്ളവര്‍. പക്ഷെ, ഒരൂ ഫ്രണ്ടിന്റെ മകനെ ആസ്റ്റ്റേലിയയില്‍ പഠിക്കാനായി പോയിന്റ് നോക്കിയപ്പോഴല്ലേ പൂരം! എഞിജിനീയറിംഗിനെക്കാളും പോയിന്റ് വേണം ആത്മ പഠിച്ച സബ്ജക്റ്റ് എടുത്തു പഠിക്കാന്‍! പിന്നല്ല!)

അതൊക്കെ പോകട്ടെ, ഇനി സബ്ജക്റ്റില്‍ നിന്നും വഴുതില്ല തീര്‍ച്ച.

മീരയുടേ കഥ പറയട്ടെ,

ഡിഗ്രി അവസാനവര്‍ഷം.. മൂടിക്കെട്ടിത്തുടങ്ങിയ കോളേജ് ഹോസ്റ്റല്‍.. ഒരോ സൌഹൃദങ്ങളായി വിടപറഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്നു... അവസാനത്തെ ദിവസം ആത്മയ്ക്ക് ഹൃദയം വെട്ടിപിളര്‍ക്കുന്ന വേദന നല്‍കിയിരുന്നു. എന്തിനെന്ന് ചോദിച്ചാല്‍ എന്തിനെന്നറിയില്ല. മൂന്നു വര്‍ഷമായി സ്വന്തം വീടായി കരുതി ജീവിച്ച ഒരു സൌധം നാളെമുതല്‍ അന്യമാവുകയാണ് എന്നതു തന്നെ നടുക്കുന്ന ഒരു യാധാര്‍ത്ഥ്യമായി പല്ലിളിച്ചു കാട്ടി. ഇനി അടുത്ത കോര്‍സിനു ചേരാന്‍ പറ്റിയാലേ ഇവിടെ ജീവിക്കാനാവൂ. ചേരാന്‍ പറ്റിയില്ലെങ്കില്‍ ഇവിടെ താന്‍ തീര്‍ത്തും അന്യ. സ്വന്തമെന്നു കരുതിയവരൊക്കെ ഒരുദിവസം കൊണ്ട് അന്യരാകുന്നു.. എവിടേയ്ക്കെല്ലാമോ പോകുന്നു.. ഒരു സുരക്ഷിതത്വമില്ലായ്മ. നാളെ താനും യാത്ര തിരിക്കും. തന്റെ നാട്ടിലുള്ള മറ്റു രണ്ടുപേരോടൊപ്പം. അതുവരെ പകുതിയും കൂടൊഴിഞ്ഞു കഴിഞ്ഞ ആ കെട്ടിടത്തെ മൂടുന്ന ഏകാന്തത, ശൂന്യത ഒക്കെ ആത്മയെ പരിഭ്രാന്തയാക്കി. തനിക്ക് തടുക്കാനാവാത്ത വിധം ഒരു വഴിത്തിരിവ്.

ആത്മയുടെ ഉള്ള് തേങ്ങി. വലിയ പ്രേമബന്ധമൊന്നും കാത്തു സൂക്ഷിക്കാനില്ലാത്തതുകൊണ്ടോ, ആത്മ കൂട്ടുകാരെയൊക്കെ വളരെ ഡീപ്പ് ആയി സ്നേഹിച്ചിരുന്നു. ചിലരോടൊക്കെ ആരാധാനയായിരുന്നു. ആരാധന എന്നു വച്ചാല്‍ അരാധന മൂത്ത് അടുക്കാന്‍ പോലും
സാധിക്കാത്ത വിധം ആരാധന. ഹൃദയത്തിന്റെ നൊമ്പരം ആരോട് പറഞ്ഞറിയിക്കാന്‍! ഒരു ഒന്നൊന്നര ആഴ്ച ഹൃദയത്തിനെ മറ്റെവിടെയെങ്കിലും മാറ്റി നിക്ഷേപിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാ‍ര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്ന ദിവസങ്ങള്‍‍..

ഇന്നത്തെപ്പോലെ ഫോണ്‍ എല്ലായിടത്തും എത്തിയിട്ടില്ല, ഇ-മെയില്‍ സ്വപ്നം കാണാന്‍ കൂടി പറ്റാതിരുന്ന കാലം. ആകെ രക്ഷ എഴുത്തെഴുതല്‍ തന്നെ. പക്ഷെ വല്ലപ്പോഴും എഴുതുന്ന എഴുത്തുകള്‍ ഒരുമിച്ചു ജീവിക്കുമ്പോലെയാവില്ലല്ലൊ. വെറുതെ ഓര്‍മ്മകള്‍ പുതുക്കാം എന്നു മാത്രം. തിരുവല്ല,തൃശൂര്‍, റാന്നി, കോന്നി,പത്തനംതിട്ട, കൊല്ലം, കോട്ടയം, ആറ്റിങ്ങല്‍, ഗള്‍‍ഫ്, മലേഷ്യ, തുടങ്ങി പലയിടത്തൂന്നും ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഏതാണ്ട് ഒരു കുടുംമ്പം അല്ലെങ്കില്‍ അയല്‍പക്കം പോലെ കഴിഞ്ഞിരുന്നവര്‍ ഇനി വെറും അപരിചിതരായി...

അത്മ ഷോപ്പിംഗിന് കൂട്ടുകാരോടൊത്ത് നടന്നെങ്കിലും, അവര്‍ വാങ്ങിക്കൂട്ടിയ സൌന്ദര്യവസ്തുക്കളിലോ കൌതുകവസ്തുക്കളിലോ ഒന്നും ആത്മയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. അല്ലെങ്കിലും ഒരുങ്ങാന്‍ സ്വതവേ മടിയായിരുന്നു താനും. ആരെ കാണിക്കാന്‍ എന്ന ഒരു ചിന്തയാണ് മിനക്കെട്ട ആ പണിക്ക് പോകുമ്പോള്‍ തലപൊക്കുക. അതും ഇനി കുറച്ചു കാലം ഗ്രാമത്തില്‍. അവിടെ ആരെയും ഒട്ടും കാണിക്കണ്ട താനും.

അങ്ങിനെ ആത്മാവു നഷ്ടപ്പെട്ട ആത്മ കൂട്ടുകാരോടൊപ്പം നില്‍ക്കുമ്പോള്‍ പെട്ടെന്ന് ആ കടയിലെ ഷോ കേസിന്റെ ഏറ്റവും മുകളില്‍ ഇരിക്കുന്ന, വെള്ള സാരിയും കയ്യില്‍ ഒരു വാദ്യോപകരണവുമായി, ഇഹലോകത്തില്‍ ഒന്നിലുമല്ല മനസ്സ്, അതിലും ഉയര്‍ന്ന ഏതോ തലത്തില്‍ എത്തി നിര്‍വൃതിയില്‍ ആണ്ടിരിക്കുന്ന ആ കുലീന സുന്ദരിയില്‍ കണ്ണുകളുടക്കി. ആരായിരിക്കാം ഇവള്‍?! അവളെപ്പറ്റി കൂടുതലറിയാന്‍ വല്ലാ‍ത്തൊരാ‍ഗ്രഹം നാമ്പിട്ടു. അവള്‍ക്കെവിടെനിന്നു കിട്ടി ഈ ശാന്ത ഭാവം! എന്താണ് അവള്‍ ഉള്ളില്‍ ഒതുക്കുന്ന ആ സുന്ദരമായ ദുഃഖം! അവളുടെ ദുഃഖം പോലും ആത്മയ്ക്ക് ഇഷ്ടപ്പെട്ടു. ആ ദുഃഖം എന്താണെങ്കിലും ആത്മയ്ക്കിഷ്ടപ്പെട്ട എന്തോ ഒരു ദുഃഖമായി തോന്നി. ആത്മ അപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുഃഖം; വേര്‍പിരിവുകള്‍; അതിനൊക്കെ അതീതമായ എന്തോ ഒരു ആനന്ദം നല്‍കുന്ന; അര്‍ത്ഥവത്തായ ഒരു ദുഃഖം.

ആത്മ കടക്കാരനോട് അവളെപ്പറ്റി ചോദിച്ചു. “ഇവളെ അറിയില്ലേ?!, ‘ഭക്ത മീര’. മീരയെപ്പറ്റി അല്‍പ്പം കൂടി വിവരിച്ചു അയാള്‍. നോര്‍ത്ത് ഇന്ത്യയിലുള്ള ഭക്തമീരയെപ്പറ്റി അതുവരെ കൂടുതലൊന്നും അറിയില്ല എന്നു സമ്മതിച്ചു കൊടുക്കാതെ വെറുതെ തലയാട്ടി.(ഏതിനും ഞാന്‍ നിങ്ങളെക്കാളും വിശദമായി ഒരിക്കല്‍ ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന ഈ രാജകുമാരിയെപ്പറ്റി താമസിയാതെ മനസ്സിലാക്കും..മനസ്സില്‍ പറഞ്ഞു) പക്ഷെ, അവളുടെ വില അറിഞ്ഞപ്പോള്‍ ആത്മ ഒന്നു ഞെട്ടി. തന്റെ കയ്യിലെ സമ്പാദ്യമെല്ലാം കൊടുത്താലേ അവളെ സ്വന്തമാക്കാനാവൂ. പക്ഷെ ഇനിയിപ്പോള്‍ സമ്പാദ്യത്തിന്റെ കാര്യമില്ല. നാട്ടിലല്ലെ, അവിടെ പ്രത്യേകിച്ച് കാശൊന്നും കയ്യില്‍ വയ്ക്കണ്ടല്ലൊ, എന്തെങ്കിലും ആവശ്യം വന്നാല്‍ അമ്മയോട് ചോദിക്കാം.(അല്ലെങ്കില്‍ കാഷ്നട്ട് പറിച്ച് വില്‍ക്കാം, കുരുമുളക് പറിച്ച് വില്‍ക്കാം..) എങ്കിലും തീര്‍ക്കാനൊരു മടി. മീരയെ മനസ്സില്ലാ മനസ്സോടെ ആ‍ കടയില്‍ ഉപേക്ഷിച്ച് ആത്മ ശോകമൂകമായ ഹോസ്റ്റലില്‍ തിരിച്ചെത്തി.

ആത്മ തിരിച്ചെത്തി ഉറങ്ങാന്‍ കിടക്കുമ്പോഴും ഉള്ളില്‍ അറിയാതെ മീരയുടെ രൂപം തെളിഞ്ഞു വന്നു. പെട്ടെന്ന് ഒരു നഷ്ടബോധം! എന്തോ ആ നിമിഷം മീര അടുത്തുണ്ടെങ്കില്‍ തന്റെ ദുഃഖങ്ങള്‍ ഒക്കെ ഒഴിയും എന്നപോലെ. തനിക്ക് ജീവിതത്തില്‍ ശാശ്വതമായി സ്വന്തമെന്ന് പറയാന്‍ ഒരു കൂട്ടുകാരി. വിട്ടുപിരിയാത്ത ഒരു തോഴി. അവളെ സ്വന്തമാക്കാന്‍ വല്ലാത്തൊരഭിനിവേശം. ഇതിനകം അവളെ മറ്റാരെങ്കിലും വാങ്ങിക്കഴിഞ്ഞിരിക്കുമൊ! തനിക്കവള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ (ആത്മയുടെ ഉപബോധ മനസ്സ്, എല്ലാ നഷ്ടങ്ങളും ഒരുമിച്ച് നികത്താന്‍ കണ്ടെത്തിയ അത്താണിയാകാം)

പിറ്റേ ദിവസം ഒരു കൂട്ടുകാരിയോടൊപ്പം ഓടിയും നടന്നും കിതച്ച്, ആത്മ ആ കടക്കു മുന്നിലെത്തി. ആത്മയായിരുന്നിരിക്കണം ആദ്യത്തെ കസ്റ്റമര്‍. അയാള്‍ ആത്മയെ തിരിച്ചറിഞ്ഞു. ‘എന്റെ മീരയുണ്ടോ അകത്ത്’? എന്ന ആകാംഷയോടെ അയാളെ നോക്കി ആത്മയുടെ കണ്ണുകള്‍. അയാള്‍ ചിരിച്ചുകൊണ്ട് മീരയെയും കൊണ്ട് വന്നു. കാശുകൊടുത്ത് അവളെ സ്വന്തമാക്കുമ്പോള്‍ എന്തോ ഒരു നിര്‍വൃതി. ഹൃദയത്തോട് ചേര്‍ത്ത് പുല്‍കി അവളെയും കൊണ്ട് തിരിച്ച് ഹോസ്റ്റലിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു. ‘നിന്നെ എനിക്കു വേണം.നിന്റെ ദുഃഖം എന്താണെന്ന് എനിക്ക് പരിചയപ്പെടണം. ആ ദുഃഖത്തില്‍ എനിക്കും പങ്കുചേരണം. അലിഞ്ഞു ചേരണം. നമ്മുടെ ദുഃഖങ്ങള്‍ ഒന്നാകണം. ഇല്ല, നീയില്ലാതെ ഇനി എനിക്ക് ജീവിക്കാനാവില്ല...’
മീര ആത്മയുടെ കയ്യിലിരുന്ന് ദുഃഖത്തോടെ പുഞ്ചിരിച്ചു.

ശുഭം

This entry was posted on 10:18 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments