ഗംഗയുടെ ഓണം  

Posted by Askarali

മൂന്നു നാലു ദിവസം മുന്‍പാണ് ഓണം ഇത്ര അടുത്തെത്തിയത് അംഗീകരിക്കാന്‍ ഗംഗയുടെ മന‍സ്സ് കൂട്ടാക്കിയത്.
‘ഓ! ഇനിയിപ്പം ഓണം വരുന്നു..’ (അതിന്റെ പിന്നിലെ എഫര്‍ട്ട്!-മാവേലിക്ക് ഏതു നേരത്താണോ ആര്‍മാദിക്കാന്‍ തോന്നിയത്?!)
കുട്ടികള്‍ക്ക് പരീക്ഷ. ഒരാള്‍ക്ക് ഹോസ്റ്റലില്‍ നിന്ന് വീട്ടില്‍ വരാന്‍ കൂടി നേരമില്ല. ഭര്‍ത്താവിന് ജോലിയുണ്ട്.
കേരള അസോസിയേഷന്‍ കാര്‍ ഇതിനകം തന്നെ സദ്യയൊരുക്കി ആളെക്കൂട്ടി കഴിപ്പിച്ചയച്ചു കഴിഞ്ഞു; ഏഷാനെറ്റ് നിറയെ ഓണവിശേഷങ്ങളുമായി വരും..; ഇതിനിടയില്‍ താന്‍ മാത്രം കയ്യുംകെട്ടിയിരുന്ന് ഓണം കാണുന്നതെങ്ങിനെ?!

ഓണത്തിനെ തന്റെ വീട്ടിലും വരുത്തണ്ടെ?
തന്റെ മക്കള്‍ക്കും ഓണം എന്തെന്നൊക്കെ അറിയണം/അറിയാം. അത് കൊണ്ട് ഇനി ഒഴിഞ്ഞു മാറുന്ന പ്രശ്നമേ ഇല്ല. സാധാരണ വീട്ടുജോലികളുടെ ഇടയില്‍ ഗംഗയ്ക്ക് ഓണസ്പെഷ്യലുകള്‍ വാങ്ങാന്‍ പോകാന്‍ സമയം കിട്ടുന്നുമില്ല.

നാട്ടുകാര്‍ക്കൊക്കെ ഓണവും ഓണസദ്യയും ഒരുക്കുന്ന തിരക്കിലും ആര്‍മാദത്തിലും പെട്ടു നടക്കുന്നു കഥാനായകന്‍.. കാട്ടില്‍ നടക്കുന്ന സിംഹത്തിനെ പിടിച്ച് വീട്ടിലാക്കുന്ന പാടാണിനി അതിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. എങ്കിലും അഭ്യര്‍ത്ഥിക്കാതെ നിര്‍വ്വാഹമില്ലല്ലൊ..

ഗംഗ ഫോണ്‍ ചെയ്തു, “പിന്നേ, തിരിച്ചു വരുന്നവഴി എന്നെ ഒന്നു 24- hour shop il കൊണ്ടുപോകാമോ?” (24 മണിക്കൂര്‍ ഷോപ്പില്‍ പോകാനേ ഗംഗയുടെ ഭര്‍ത്താവിനെ കിട്ടൂ കാരണം അദ്ദേഹം തിരിച്ചു വരുമ്പോഴേക്കും മറ്റു കടകളൊക്കെ അടച്ചുപൂട്ടിയിട്ടുണ്ടാകും!)

“അയ്യോ! ഇന്നു തന്നെ പോകണോ?” (ഫുള്‍ എനര്‍ജിയും വെളിയില്‍ ചിലവിട്ട ക്ഷീണസ്വരം!)

“വേണം വേണം മോളുടെ ആവശ്യമാണ്.” (മകളോട് മാത്രം ഒരല്പം വീക്ക്നെസ്സ് ഉണ്ടെന്നതിനാല്‍ അവളെ മുന്നോട്ടു വച്ചു)
“എങ്കിപ്പിന്നെ പെട്ടെന്നിറങ്ങ്” (ഗംഗ പണ്ടേ പറഞ്ഞിട്ടുണ്ട് ആടുമാടുകളെ വിളിക്കുമ്പോലെ ഗംഗയെ വിളിക്കരുതെന്ന്!)
‘എത്ര മിനിട്ട് എടുക്കും എത്താന്‍?
'അഞ്ച്.'
'ഓ.കെ.'
ഗംഗ ഓടിപ്പിടച്ച് ചുരീദാറിടുന്നു..മുടിചീകുന്നു... (പ്രായം കൂടും തോറും ഒന്നു ട്ച്ചപ്പ് ചെയ്യാതെ വെളിയില്‍ പോകാനും പറ്റില്ല!)
ഒരുക്കം പൂര്‍ത്തിയാകും മുന്‍പ് പുറത്ത് ഹോണ്‍; ഓടി ചെന്നില്ലെങ്കില്‍ കാറിലിരുന്ന് ഓരോ ഡയലോഗ് (ഫോണ്‍ ചെവിയിലില്ലെങ്കില്‍) ശ്രവിച്ചാല്‍ പിന്നെ ഇന്നത്തെയ്ക്ക് മാത്രമല്ല മൂന്നു ദിവസത്തേയ്ക്ക് അതുമതി. പക്ഷെ, അതിനിടയില്‍ ഓണം കടന്നുപൊയ്ക്കളയില്ലേ! പിണങ്ങാനൊന്നും തല്‍ക്കാലം സമയമില്ല. 'ദാ വരുന്നു.. വന്നു..' ഗംഗ ഗേറ്റിലെത്തി, കാറില്‍ കയറി.
'പാം..'?
'എന്താ ഇത്ര താമസിച്ചത്? 10 മിനിട്ടായി വെയിറ്റ് ചെയ്യുന്നു..' (ഗംഗയുടെ ഭര്‍ത്താവ് പരിഭവത്തില്‍-പരിഭവവും വഴക്കും തമ്മില്‍ നേരിയ ഒരു വരയേ ഉള്ളേ ഗംഗേ.. സൂക്ഷിച്ചോ..)
“ഞാന്‍ കണ്ടതല്ലെ കാറു വരുന്നത് 10 ഒന്നുമായില്ല് 2 മിനിട്ട് ആയേ ഉള്ളൂ..”
ണീം.. ണീം.. (ഹാന്റ് ഫോണ്‍)
'ഹലോ..ആ സാറാണോ?!'
'നമ്മുടെ ഷോ എങ്ങിനെയുണ്ടായിരുന്നു?...'
ഭാഗ്യം! ഇനി സമാധാനമായി, സ്ലോ മോഷനില്‍ 24 അവ്വറില്‍ എത്താം, സാധങ്ങള്‍ വാങ്ങാം.. നോ പ്രശ്നം..

24 മണിക്കൂറില്‍ നിന്നും, ഇഞ്ചി, നാരങ്ങ, വെള്ളരി എന്നിവ വാങ്ങി.. ഇതൊക്കെ വാങ്ങിയാല്‍ ആദ്യം അതങ്ങു വയ്ക്കാം. പിന്നെ ബാക്കിയൊക്കെ എളുപ്പമാകും..
അടുത്ത ദിവസവും അതിനടുത്ത ദിവസവും സാധാരണ വീട്ടുജോലിക്കിടയില്‍ ഇഞ്ചിയെയും നാരങ്ങയെയും ഒന്നു നോക്കാന്‍ കൂടി സമയം കിട്ടാതെ ഗംഗ വലഞ്ഞു. അടുക്കളേലോട്ടു കയറിയാലുടന്‍ വിളിയായി. ‘ഗംഗേ.. വരൂ.. ഞങ്ങളെ എടുക്കൂ.., തൊലിക്കൂ.., അരിയൂ.., കറിയാക്കൂ.. ഞങ്ങള്‍ നിങ്ങളുടെ അന്നനാളത്തിലൂടെ ശിരകളിലാകെ രോമാഞ്ചം നല്‍കി ഓണം ഗംഭീരമാക്കാം ഗ്യാരന്റി’

'മക്കളേ, വെയിറ്റ്.. വെയിറ്റ്..'

വെളിയില്‍ മുറ്റം; ഒരല്പം ചുറ്റുവട്ടം ഒക്കെ ആകെ അലങ്കോലമായിക്കിടക്കുന്നു
ഓണത്തിന് ആദ്യം തൊടിയൊക്കെ വൃത്തിയാക്കണ്ടേ?! അരദിവസമെടുത്തു എല്ലാം ഒന്നു വെടിപ്പാക്കാന്‍. മൂന്നുനാല് വലിയ ഗാര്‍ബേജ് ബാഗില്‍ എല്ലാം വെളിയില്‍ കെട്ടി വച്ചപ്പോ എന്തെന്നില്ലാത്ത ആശ്വാസം! ഓണം വരുന്നതുകൊണ്ടുള്ള ഒരു ഗുണം!

പിറ്റേന്ന് ഭാഗ്യത്തിന്, 8 മണിക്ക് ഭാഗ്യത്തിനു വന്ന കഥാനായകന്‍, അടുത്തുള്ള മലയാളി കടയില്‍ ഡ്രോപ്പ് ചെയ്തിട്ട്, കാറില്‍ ഫോണ്‍ കോണ്‍ഫറന്‍സ് പൊടി പൊടിക്കുമ്പോള്‍..

ഗംഗ കാലു നീട്ടി വലിച്ച് നടന്നു.. 15 മിനിറ്റസ് ആണ് തന്നിട്ടുള്ളത്. അതുകഴിഞ്ഞാല്‍ കഥാനായകനു ഫോണിനു വെളിയില്‍ മീറ്റിംഗിനു പോണം!
കടയില്‍ കയറി ആക്രാന്തത്തോടെ ഒരു ബാഗ് വലിച്ചെടുത്തു..
ഓണം സ്പെഷ്യലുമായി ‘വനിത,ഗൃഹലക്ഷി.., ഒക്കെ മാടി വിളിക്കുന്നു.. ‘അങ്ങോട്ട് മാറി നില്‍ക്ക്, നിങ്ങളെ ഒക്കെ കൊണ്ടുപോയാല്‍ പിന്നെ ഒന്നും നടക്കില്ല..’
ഗംഗ ആദ്യം പോയി ഒരു ശര്‍ക്കര പെരട്ടി, പിന്നെ രണ്ട് കായ വറുത്തത്, മിക്ചര്‍, മുറുക്ക്, (ഇന്നലെ ഇഞ്ചി നാരങ്ങ ഒക്കെ വാങ്ങി വച്ചിട്ടുണ്ടല്ലൊ) എടുത്തു ഇപ്പോള്‍ അവസാനത്തെതും തികഞ്ഞു.. ഇനിയിപ്പം നടുക്കത്തെത്
ഓ..കെ
വെജിറ്റബിള്‍സ്!
ഓണം സ്പെഷ്യലായി ഒരു മലയാളി പയ്യന്‍സ് കത്തിയുമായി അടുത്തു വന്നു
‘ചേന വേണോ ചേച്ചീ..?’
അവന്‍ ചേന വെട്ടി തന്നു. പിന്നെ കായ വെട്ടി, ഏത്തക്കായ വെട്ടിയപ്പോള്‍ കത്തി ചേച്ചിയുടെ കാലില്‍ വീണു വീണില്ല എന്ന മട്ടില്‍ താഴെ എത്തിയതൊഴിച്ചാല്‍ കത്തിപ്രയോഗം ഗുണകരമായി പര്യവസാനിച്ചു എന്നു പറയാം.. ഒരുവിധം വെജിറ്റബിള്‍സ് ആയി.

ബാക്കി വെജിറ്റബിള്‍സ് പിറ്റേന്ന് ധൃതിപിടിച്ച് ഓടുന്നതിനിടയില്‍ ഗംഗയുടെ ഭര്‍ത്താവ് കൊണ്ടു കൊടുത്തു (കുറ്റം പറയരുതല്ലൊ,) മുരി‍ങ്ങക്കായ്, പടവലങ്ങ മുളക്, എക്സട്ര.
---
ഇനി ഏകദേശം പണി തുടങ്ങുകയേ നിര്‍വ്വാഹമുള്ളൂ. (ഷോപ്പിംഗിനു പോയതുകൊണ്ടോ വീടു വൃത്തിയാക്കി നടന്നതുകൊണ്ടോ നോ രക്ഷ!
ബ്ലോഗും എല്ലാം വിട്ട് ഒരു ദിവസം അടുക്കളയില്‍ കോണ്‍‍സണ്ട്രേറ്റ് ചെയ്തേ
പറ്റൂ ഗംഗേ..
അമ്മയെ ഒരിക്കല്‍ക്കൂടി നാട്ടില്‍ വിളിച്ചാലോ ഒരു ഉത്സാഹമൊക്കെ വരാന്‍?!
വിളിച്ചു..
ഓ. കെ.. തുടങ്ങാം..?
എന്നിട്ടും മൂഡ് ശരിയാകുന്നില്ലാ.. (ബ്ലോഗ് എഴുതുന്ന സുഖമില്ലല്ലൊ കറിവയ്ക്കുന്നതിന്!)
ഒരു ഫ്രണ്ടിനെ വിളിച്ചു.. ഓ.കെ
ആ കുട്ടിയും ഓണമൊരുക്കുന്നു!
പിന്നെ എനിക്കായാല്‍ എന്ത്! അല്ല പിന്നെ?
അല്ലെങ്കില്‍ പോയി അത്തം ഒന്നുകൂടി ഭേദഗതി ചെയ്തിട്ട് വരാം..
ഭേദഗതി ചെയ്തു.. ബ്ലോഗില്‍ ഇട്ടു..
ഇനി?
എങ്കിപ്പിന്നെ തുടങ്ങാം അല്ലെ?
തുടങ്ങാതെ നിവര്‍ത്തി ഇല്ലാല്ലൊ
ഗംഗ ഒടുവില്‍ അടുക്കളേലോട്ടു കയറി
...
ഗംഗ സ്നേഹം വരുത്തി വിളിച്ചു,
‘വാ ഇഞ്ചീ..’
ഇഞ്ചി വന്നു.. കൂടെ മറ്റു വെജിറ്റബിള്‍സും, പിന്നെ ഗംഗയും എല്ലാ‍വരും ചേര്‍ന്ന് ഒരുവിധം ഓണമൊരുക്കി.. തന്റെ പരിശ്രമഫലം കൊണ്ട് ഓണം വരുത്താന്‍ കഴിഞ്ഞതില്‍ ഗംഗയ്ക്കും സന്തോഷമായി!
അങ്ങിനെ എല്ലാവരും ഊണൊക്കെ കഴിഞ്ഞു; ഏഷാനെറ്റില്‍ ഓണപ്പാട്ടുകളും വീട്ടിലാകെ മുഴങ്ങി.. ഗംഗേടെ ഭര്‍ത്താവിന് കറികളൊക്കെ ഒരുവിധം ഇഷ്ടമായി.
---
പതിവില്ലാതെ മോള്‍ മുറ്റത്തിറങ്ങിയിരുന്ന് പഠിക്കുന്നു; ഗംഗ അവളുടെ അടുത്തങ്ങിനെ ഇരിക്കുമ്പോള്‍..,
ദാ ഓണക്കാറ്റ്!
20 വര്‍ഷമായി അനുഭവിക്കാത്ത ആ ഒരു ഫീലിംഗ്!
വിശ്വസിക്കാനാവുന്നില്ല!
ഒരു സുരക്ഷിതത്വം. അമ്മ അവധിയെടുത്ത് ഓണമൊരുക്കി, ഓണസദ്യയൊക്കെ കഴിഞ്ഞ് ഗ്രാമത്തില്‍ വീട്ടിനു വെളിയില്‍ ഇരിക്കുന്ന ഒരു പ്രതീതി. പോരാത്തതിന് അയല്‍‌പക്കത്തെ കോഴി നീട്ടി രണ്ട് വിളിയും!
ആകെ ഒരു കേരള അന്തരീക്ഷം! ഗംഗയ്ക്ക് ആര്‍മാദിക്കാനാണ് ആദ്യം തോന്നിയത്. പക്ഷെ, നെരെ വിപരീതമായി ഹൃദയത്തില്‍ വല്ലാത്ത ഒരു ശാന്തത! ആ ശാന്തത ദിവസം മുഴുവനും നിറഞ്ഞു നിന്നു.
അയല്പക്കത്തെ ഒന്നുരണ്ടു വീടുകളില്‍ പായസം കൊണ്ടു കൊടുത്തു..
ഒരാള്‍ വിശിഷ്യാ വന്നു.. (ബാക്കി ആരും വരില്ല. ഓണത്തിന് എല്ലാരും സ്വന്തം വീട്ടിലേ ഉണ്ണാവൂ പോലും!)
ഗംഗേടെ ഭര്‍ത്താവിനെ മുഖത്തും ഓണത്തിന്റെ ഒരു ലാഞ്ചന!
മകന് പായസവുമായി രാത്രി ഹോസ്റ്റലില്‍ എത്തി കൊടുത്തു വരുമ്പോള്‍ ഓണം പൂര്‍ണ്ണത എത്തി!
ഒടുവില്‍ രാത്രി തളര്‍ന്ന് കിടക്കുമ്പോഴും ആ ശാന്തത ഉണ്ടായിരുന്നു..
പക്ഷെ, പിന്നെ പെട്ടെന്ന് ആ ശാന്തത ഒരു നോസ്റ്റാല്‍ജിയ ആയി മാറിയത് എപ്പോഴാണെന്നറിയില്ല.
‘ഓണം വന്നു, ശരിയാണ്; പക്ഷെ, തന്റെ പ്രിയപ്പെട്ടവരൊക്കെ എവിടെ?
ആരെയും കണ്ടില്ലല്ലൊ?!’
മനസ്സ്/ഹൃദയം തേങ്ങി.
അമ്മ, (തനിക്ക് പായസം വച്ച് വിളമ്പിയ)
അച്ഛന്‍ (‘മോളേ കുളിച്ചിട്ട് വന്ന് ഉണ്ണാം..’)
അനിയന്‍ (ഊഞ്ഞാലില്‍ നിന്നിറങ്ങാത്ത)
പിന്നെ അയല്‍പക്കത്തെ ആരെയും കണ്ടില്ല!
ഓണക്കോടിയും ഉടുത്ത് കുളിച്ചൊരുങ്ങി കിടക്കുന്ന അമ്മുമ്മയെ കണ്ടില്ല! (ഇനി കാണാനേ പറ്റില്ല!)
അമ്മുമ്മയെ കാണാന്‍ വരുന്ന അപ്പച്ചിമാരെ കണ്ടില്ല..!
ഈ വീട്ടില്‍ താനും കുറെ വെജിറ്റബിള്‍സും, പിന്നെ ഒരു ഏഷ്യാനെറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ ! ബാക്കിയൊക്കെ ഭാവനയായിരുന്നു ഗംഗേ..
എവിടെയൊക്കെയോ എന്തൊക്കെയോ ഇടിഞ്ഞു തകരുന്ന ഒരു പ്രതീതി.
കെട്ടിയ കോട്ടകളൊക്കെ പോളിഞ്ഞു വീണോ!
*
പിറ്റേന്ന് മകള്‍ പരീക്ഷയ്ക്ക് പോയി, ഭര്‍ത്താവ് ജോലിക്കും പോയി കഴിഞ്ഞപ്പോള്‍ ഗംഗ നിശ്ചയിച്ചു, ‘തിരുവോണം പോലെ അവിട്ടത്തിനു തന്നെ പറ്റിക്കാനാവില്ലാ..’
ഗംഗ ഒന്നുകൂടി ഹൃദയത്തിനു ക്ലാസ്സെടുത്തു,
‘ഇത് അന്യ നാടു തന്നെയാണ്;
ഞാന്‍ തനിയെ പാടുപെട്ട് വരുത്തുന്ന ഓണമാണ്;
ചുറ്റിനും ഓണമൊന്നും ഇല്ല;
അയല്പക്കത്ത് കൂവുന്ന കോഴി ചീനന്‍ കൂട്ടില്‍ ഭാഗ്യത്തിനായി വളര്‍ത്തുന്ന ഒരേയൊരു കോഴിയാണ്..’
ഗംഗ ഏഷ്യാനെറ്റ് പതുക്കെ ഓഫാക്കി. (വെറുതെ മനുഷ്യനെ പറ്റിക്കാനായിട്ട് ഓരോന്ന് ഉടുത്തൊരുങ്ങി വരും!)
പിന്നെ പതിവായി കേള്‍ക്കാറുള്ള ഹിന്ദി കാസറ്റ് ഇട്ടു.
ഇപ്പോള്‍ എല്ലാം ബാലന്‍സ്ഡ് ആയോ ഗംഗേ?! ഗംഗ സ്വയം ചോദിച്ചു.
ഗംഗ ബ്ലോഗ് നോക്കി..
മലയാളീസ് എല്ലാം ഓണത്തിനു ആര്‍മാദിക്കാന്‍ പോയിട്ടുണ്ടാവും..
എങ്കിലും തന്നെപ്പോലെ അന്യനാട്ടില്‍ ഇന്‍സ്റ്റന്റ് ഓണം കോണ്ടാടിയവരും കാണും.. കാണാതിരിക്കില്ല. സമാധാനിച്ചു..
പിന്നെ പതിയെ അടുക്കളേലോട്ട് ചെന്നു.
ഇന്നുകൂടി പുഴുക്കലരി ചോറ് വയ്ക്കാം എന്നാലേ ഓണമാണെന്ന് തോന്നൂ..
ഈ ഓണത്തിന്റെ ഒരു കാര്യം!!!

This entry was posted on 10:46 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments