നാട്ടില്‍ പോക്ക്  

Posted by Askarali

അങ്ങിനെ പറഞ്ഞു പറഞ്ഞ് ഒടുവില്‍ ആത്മയുടെ നാട്ടില്‍ പോക്ക് ശരിയായി.
ആത്മ, മി. ആത്മയോടും മക്കളോടും ഒപ്പം പ്ലയിനില്‍ കയറി ഇരിപ്പുറപ്പിച്ചു.
തീര്‍ക്കാനുള്ള ജോലികളൊക്കെ തീര്‍ത്തെന്നും, എഴുതാനുള്ളതെല്ലാം ബ്ലോഗില്‍ എഴുതിക്കഴിഞ്ഞെന്നും ഒക്കെയുള്ള സംതൃപ്തിയില്‍ ആത്മ ഇരുന്നു.

ഇനിയാണ് അടുത്ത പരീക്ഷണം.
പ്ലയിന്‍ നിലത്തൂന്ന് പൊങ്ങുമ്പോള്‍ ആത്മയുടെ ആത്മാവ് അറിയാതെ സകലമാന ദൈവങ്ങളേയും വിളിക്കാന്‍ തുടങ്ങുന്നു (സൂജീ മാപ്പ്) ഹിന്ദു ദൈവങ്ങളെ മാത്രമല്ല, ഈ ഭൂമിയില്‍ ഉണ്ടായിട്ടുള്ള; കേട്ടറിവുള്ള; എല്ലാ ദൈവങ്ങളേയും വിളിക്കുന്നു, ‘ആത്മയെയും മക്കളെയും ഒക്കെ ഈ ഒരൊറ്റ പ്രാവശ്യം കൂടിയെങ്കിലും താഴെയിടല്ലെ’ എന്നു യാചിക്കുന്നു.
ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു.
മന്ദം മന്ദം ഗമിക്കുന്ന എയര്‍ ഹോസ്റ്റസ്സ് മാരെയും മി. എയര്‍ ഹോസ്റ്റസ്സുമാരെയും വളരെ പ്രശംസനീയമായി നോക്കി (എങ്കിലും സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ ധൈര്യത്തെ-ഭൂമീല്‍ ഒരു ജോലീം കിട്ടീലെ നിങ്ങള്‍ക്ക്?!) ധൈര്യപ്പെടാന്‍ ശ്രമിക്കുന്നു.
തൊട്ടു മുന്നില്‍ ഇരിക്കുന്ന ഇളം കുഞ്ഞുങ്ങളുടെ ആഹ്ലാദത്തിമിര്‍പ്പ് കണ്ട് ഒന്ന് റിലാക്സ് ആകുന്നു.
പാവം പിഞ്ചു ശരീരങ്ങള്‍.അവരും വേദന സഹിക്കണ്ടേ, അവര്‍ക്കാകാമെങ്കില്‍ തനിക്കുമാത്രം എന്തു പ്രത്യേകത (ശുഭാപ്തിദായകമായ ഒരു ചിന്തയും വരില്ല മനസ്സില്‍. ബ്ലോഗിനെപറ്റി ആലോചിച്ചു നോക്കി. ഇല്ല ഒന്നും ശാശ്വതമായില്ല, സ്വന്തം ജീവനല്ലാതെ.. ഹൊ! എന്തൊരു വെപ്രാളം!)

ഒടുവില്‍ പ്ലയിന്‍ ഏകദേശം മുകളില്‍ എത്തി. വലിയ കുലുക്കമൊന്നുമില്ല്ലാതെ (നിശ്ചലമായോ?! യന്ത്ര ത്തകരാറാ‍ണോ?!) ഒന്നും സംഭവിക്കാത്ത മട്ടില്‍ താമസംവിനാ ലലനാ മണികളും ലലനാമണനും കൂടി ചായ് കോഫീ എക്സട്രാ ഒക്കെ കൊണ്ട് വന്ന് വിതരണം തുടങ്ങി (പ്ലയിന്‍ നിലത്ത് നിന്നും ആപത്തൊന്നും കൂടാതെ ഉയര്‍ന്നതിന്റെ അഹ്ലാദപ്രകടനം പോലെ തോന്നും ആത്മയ്ക്ക്)

ആത്മയുടെ മുന്നില്‍ ഇരിക്കുന്ന ഫുഡ് ഐറ്റംസില്‍ നോക്കി, ആത്മ റിലാക്സാകാന്‍ തുടങ്ങിയതും
ദാ പ്ലയിന്‍.. ഒന്നു കുലുങ്ങി (തോന്നിയതാകും), അല്ല.. ഒന്നുകൂടി കുലുങ്ങി.. പിന്നെ തുടരെ തുടരെ.. ബ്രേക്ക് ഡാന്‍സ് കളിക്കുമ്പോലെ..
ആത്മയുടെ കപ്പും വെള്ളവും അതുപോലെ പൊങ്ങി നിലത്തെവിടെയോ പോയൊളിച്ചു.
മക്കള്‍ക്ക് ചെറിയ ഭയപ്പാടും ഒപ്പം തമാശയും.
പെട്ടെന്ന് ആത്മ(തലതിരിഞ്ഞ സ്വഭാവം ഉള്ള) യ്ക്ക് പെട്ടെന്ന് എല്ലാം ഒരു തമാശയായി അനുഭവപ്പെടാന്‍ തോന്നി.(‘എല്ലാ എക്സ്ട്രീമിറ്റികളും അവസാനം ഒരു ബിന്ധുവില്‍’- ഭയത്തിന്റെ പരമോന്നതയാവുമ്പോള്‍ പിന്നെ നിര്‍ഭയത്വമാകാം!)
‘അല്ല പിന്നെ പ്ലയിനിന്റെ ഒരു കളിയേ!!!’
ആത്മ മക്കളോട് ചിരിച്ച്കൊണ്ട് പറഞ്ഞു, ( അല്പം കടന്നകയ്യായിപ്പോയോ എന്ന് പിന്നീട് തോന്നി)
“മക്കളേ, എങ്കിപ്പിന്നെ നമുക്കിനി അടുത്ത ജന്മത്തില്‍ കാണാം.. ബൈ ബൈ..
അമ്മയ്ക്ക് വട്ടായതാണോ എന്നറിയാതെ അവര്‍ തല്‍ക്കാലം പ്ലയിനിന്റെ കുലുക്കം മറന്ന് മിഴിച്ചു നോക്കുന്നു.(അതായിരുന്നു ആത്മയ്ക്കും വേണ്ടത്)
ആത്മ പിന്നീട് രഹസ്യമായി പ്രാര്‍ത്ഥിക്കുന്നു..(സൂജി പറഞ്ഞപോലെ. ഇപ്രാവശ്യം ദൈവങ്ങളേ ചൂസ് ചെയ്യാനൊന്നും പോയില്ല) “എന്റെ ദൈവമേ രക്ഷിക്കണേ”
മി. ആത്മ അവിടെ ഇരുന്ന് എല്ലാം ശശ്രദ്ധം വീക്ഷിക്കുന്നു. (ആണുങ്ങള്‍ കരയാനും പേടിക്കാനും ഒന്നും പാടില്ലല്ലൊ, ധൈര്യം കാണിക്കണം! ഈ ആണുങ്ങളായി ജീവിക്കുവാന്‍ എന്തു കഷ്ടമാണെന്റെ ദൈവമേ! ആത്മയോട് സഹതാപം തോന്നി)

മി. ആത്മ ചിരിക്കുന്നു.

ഒടുവില്‍ പ്ലയിന്‍ കളി മതിയാക്കി മനുഷ്യരെ സ്വര്യമായി വിടാന്‍ തീരുമാനിക്കുന്നു
കര്‍ത്താവിനു സ്തോത്രം.

ഭൂമിയില്‍.. ഭാരതത്തില്‍ തൊടുമ്പോഴുള്ള ആത്മ നിര്‍വൃതി കാണൂ..

This entry was posted on 9:27 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments