ഊഞ്ഞാല്‍ ആടി... ആടി... പറന്ന്.. പറന്ന്...  

Posted by Askarali

കുട്ടികളുടെ ഉള്ളില്‍ ഓണം കടന്നു വരുന്നത്‌ അത്തപ്പൂക്കളത്തിലൂടെയും ഊഞ്ഞാലിലൂടെയുമാണല്ലൊ. മായയുടേ മനസ്സിലും ഓണം വന്നു. പൂക്കള്‍ക്കൊക്കെ അതുവരെയില്ലായിരുന്ന നിറവും ഭംഗിയും. അതു ശേഖരിക്കാനുള്ള ഓട്ടവും. വഴിയോരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നില്‍ക്കുന്ന തുമ്പപ്പൂവിന്റെയും കോളാമ്പിപ്പൂവിന്റേയും മാഹാത്മ്യവും അതിനുള്ളില്‍ ഒളിച്ചിരുന്ന സൌന്ദര്യവും ഒക്കെ അല്‍പ്പം കൌതുകത്തോടെ മായ നോക്കി നിന്നു. പുലര്‍ച്ചെയുള്ള മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പൂക്കള്‍ ശേഖരിച്ച്‌ ചാണകം മെഴുകിയ തറയില്‍ അത്തമിടുമ്പോള്‍ അരുകിലായി മാടി വിളിച്ചുകൊണ്ട്‌ ഊഞ്ഞാല്‍ കിടപ്പുണ്ടാകും ഓണത്തിന്റെ ഏറ്റവും വലിയ പ്രതീകമായി.

മായയുടെ അച്ഛന്‍ എല്ലാ വര്‍ഷവും പണിക്കാരെക്കൊണ്ട്‌ പുത്തന്‍ കയറുവാങ്ങി അസ്തിപ്ലാവിന്റെ (മായയുടെ അപ്പുപ്പന്റെ അസ്തിവച്ചിരിക്കുന്നത്‌ ആ പ്ലാവിന്റെ ചുവട്ടിലാണു. ജനിച്ച വര്‍ഷവും മരിച്ച വര്‍ഷവുമൊക്കെ രേഖപ്പെടുത്തിയിട്ടുള്ള, എന്നും വൈകിട്ട് വിളക്കു വയ്ക്കാറുള്ള, അപ്പച്ചി ഇടയ്ക്കിടെ വിളക്കു വയ്ക്കാന്‍ വരുന്നതറ; എപ്പോഴും കിടക്കുന്ന അമ്മുമ്മ ഇടയ്ക്കൊക്കെ ആരുടെയെങ്കിലും കയ്‌ പിടിച്ച്‌ വന്ന്‌ സന്ദര്‍ശ്ശിക്കാറുള്ള അപ്പുപ്പന്റെ ഇടം) ചായ്ഞ്ഞ കൊമ്പിലാണു വര്‍ഷങ്ങളായി ഊഞ്ഞാലിടുന്നത്‌. ഊഞ്ഞാലില്‍ എത്ര ആടിയാലും മതി വരില്ല. അമ്മയില്ലാത്തപ്പോള്‍ വായനയും കഴിപ്പും ഒക്കെ അതിലിരുന്ന്‌ നടത്താന്‍ മത്സരമാണു മധുവും മായയും.

പക്ഷെ ഊഞ്ഞാല്‍ നല്ലാതാണെങ്കിലും അടുത്ത വീട്ടില്‍ ഊഞ്ഞാവള്ളികൊണ്ട്‌ കുട്ടികളെല്ലാവരും കൂടി ഇട്ട്‌ ആടി തിമിര്‍ക്കുന്ന ഊഞ്ഞാലാണു ഓണത്തിന്റെ ശരിക്കുള്ള ഊഞ്ഞാലെന്ന്‌ മായക്കും മധുവിനും അറിയാം. തങ്ങള്‍ സ്വാര്‍ദ്ധരെപ്പോലെ പുതിയ ഊഞ്ഞാലില്‍ തനിച്ചിരുന്ന്‌ ആടുമ്പോള്‍, "മാനുഷരെല്ലാരും ഒന്നുപോലെ... ഒത്തിരി കുട്ടികള്‍‍ ഒന്നിച്ച്‌ സന്തോഷിക്കുന്ന ആരവം കേള്‍ക്കാം അപ്പുറത്ത് . അമ്മയെ ഭയന്ന്‌ മിണ്ടാതിരിക്കും

അന്ന്‌ ഓണാവധി കഴിഞ്ഞ്‌ അമ്മ ജോലിക്ക്‌ പോയ ദിവസമാണു. തങ്ങള്‍ക്ക്‌ സ്ക്കൂള്‍ തുറന്നിട്ടുമില്ല. ഒരുച്ചയ്ക്ക്‌ മധുവും മായയും കൂടി പൊയ്പ്പോയ ഓണത്തിന്റെയും അത്തപ്പൂവിന്റെയും സദ്യയുടെയുമൊക്കെ വിചാരത്തില്‍ മുങ്ങി ഊഞ്ഞാലില്‍ കളിക്കയായിരുന്നു. അപ്പോഴതാ അപ്പുറത്ത്‌ ആരവും. മധു രണ്ടാമതൊന്നാലോചിക്കാതെ ഒറ്റ ഓട്ടം. എന്തെന്നറിയാനുള്ള ആകാംഷയോടെ മായ പുറകെയും .

അവിടെ അയല്‍പക്കത്തുള്ള മിക്ക കുട്ടികളുമുണ്ട്‌. ഊഴം വച്ച്‌ ഓരോരുത്തരായി മാറി മാറി ആടുകയാണു. അവരുടെ ആ ചിട്ടയും സൌഹാര്‍ദ്ദവും മറ്റും കണ്ടപ്പോള്‍ തങ്ങള്‍ അവരുടെ മുന്നില്‍ നിസ്സാരരാണെന്ന്‌ തോന്നി. അപ്പോള്‍ ആരോ, "ഇനി മായയുടെ ഊഴമാണു’ എന്നു പറയുന്ന കേട്ട്‌ മായ ഒന്നമ്പരന്നു. ആരോ ഒക്കെക്കൂടി മായക്കായി ഊഞ്ഞാല്‍ ഒഴിച്ച്‌ മാറി നിന്നു. മാടിവിളിക്കുന്ന, ഊഞ്ഞാല്‍. ഊഞ്ഞാവള്ളികൊണ്ടിട്ട, പകുതിയും പൊട്ടിക്കഴിഞ്ഞ വള്ളിയിലും തെറ്റുന്ന കമ്പിലേയ്ക്കുമൊക്കെനോക്കി മായ ധൈര്യത്തോടെ കയറി. ആടിയപ്പോള്‍ നല്ല രസം. പിന്നെ എഴുന്നേറ്റുനിന്നായി. അപ്പോഴാണു കുഴപ്പമായത്‌. ഗോപന്‍ എന്നൊരു വിരുതന്‍ പുറകില്‍ നിന്നും തള്ളാന്‍ തുടങ്ങി. മിനിയ്ക്ക്‌ നിര്‍ത്താന്‍പറ്റുന്നില്ല. ഉയരത്തില്‍...ഉയരത്തിലേയ്ക്ക്‌...പ്ലാവിന്റെ ശിഖരങ്ങളില്‍ തട്ടുംവിധം. മായക്ക്‌ ഭയമായി. ഗോപന്‍ നിര്‍ത്തുന്നുമില്ല. വല്ലാത്ത ആവേശവും ക്രൂരതപോലെ എന്തോ ഒന്ന്‌ അവനില്‍ തെളിഞ്ഞു . പൊട്ടാന്‍ തുടങ്ങിയ ആ വള്ളികളെ അവഗണിച്ച്‌ അവന്‍ ഇനിയും ശക്തമായി ഊഞ്ഞാലിനെ ഉന്തി.

ഒടുവില്‍... മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലൂടെ മായയെയുംകൊണ്ട്‌ ഊഞ്ഞാല്‍ പറന്നകലുന്നതു നോക്കി അവന്‍ ഓടി മറയുകയും ചെയ്തു.

മായ മരങ്ങളുടെ ഇടയിലൂടെ പറന്ന്‌... പറന്ന്‌...ചില്ലകളില്‍ തട്ടി, തട്ടി, തട്ടി... ഒടുവില്‍ താഴെ ഭൂമിയില്‍ പതിച്ചു. മറ്റുകുട്ടികള്‍ സ്തബ്ദരായി ഒരു നിമിഷം നിന്നുപോയി.

ശ്വാസം കിട്ടാതെ ദേഹമാസകലം വേദനയുമായി ഭൂമിയില്‍ പതിച്ച മായയുടെ അടുത്ത്‌ മധുവും കൂട്ടുകാരന്‍ ബാലുവും ഓടിയെത്തി. അവര്‍ക്കെന്തു ചെയ്യണമെന്നറിയില്ല. ശ്വാസതടസ്സം കാരണം മായയ്ക്ക്‌ പറയാനുമാവുന്നില്ല. ഒടുവില്‍ ബാലുവിന് എന്തോ തോന്നി മിനിയുടെ മുതുകില്‍ തടവി. അപ്പോഴാണു മായക്ക് ശ്വാസം കിട്ടിയത്‌. ദൈവം തോന്നിച്ചതാകും ബാലുവിനെയും. അവരും തീരെ ചെറിയ കുട്ടികളായിരുന്നു. മായ ബാലുവിനെ ആശ്വാസത്തെയോടെയും അല്‍ഭുത്തോടെയും നന്ദിയോടെയും നോക്കി, പതിയെ വീട്ടിലേക്ക് നടന്നു...

പുതുജീവന്‍ കിട്ടിയ മായ വീട്ടിലെത്തി. എവിടെയെങ്കിലും ഒന്നു കിടക്കണം. ശരീരമാസകലം വേദന. എന്തുചെയ്യണമെന്നറിയില്ല. 90 വയസ്സുള്ള അച്ഛാമ്മയ്ക്ക് ഒന്നും ചെയ്യാനാവില്ല. അമ്മാമ്മയോടു പറഞ്ഞാല്‍ മുറവിളി കൂട്ടി എന്തെങ്കിലുമൊക്കെകുഴപ്പം വരുത്തിവയ്ക്കും. അമ്മയെയാണു ഭയം.അമ്മ അറിഞ്ഞാല്‍ അതുത്ത വീട്ടിലെ ഊഞ്ഞാലില്‍ കളിക്കാന്‍ പോയത്‌ പിന്നെ ആകെ കുഴപ്പമാകും. അതുകൊണ്ട്‌ മിണ്ടാതെ ഒരു ഇരുട്ടുമുറിയുണ്ട്‌ അതിനകത്തു കയറി. അത്‌ സ്ട്ടോറൂമും കൂടിയായി ഉപയോഗിക്കുകയാണു. അവിടെ ഒരു കട്ടിലുണ്ട്‌. അതിനടിയില്‍ കയറി അഞ്ചുമിനിട്ട്‌ കിടന്നുകാണും. അങ്ങിനെകിടന്നപ്പോള്‍ മാ‍യക്കല്പം ആശ്വാസം തോന്നി. പക്ഷെ, അപ്പോള്‍ അമ്മയുടെ ശബ്ദം കേട്ടു. അമ്മ ഓഫീസ്സില്‍ നിന്നും തിരിച്ചെത്തിക്കഴിഞ്ഞു!. ഇനിയിപ്പോള്‍ ഉടന്‍ തന്നെ മായയെ ആന്വേക്ഷിക്കും. വിളിച്ചിട്ട് വിളി കേള്‍ക്കാഞ്ഞാല്‍ അടി, ചെല്ലാഞ്ഞാല്‍ അടി, ശരീരത്തിലെ പാടുകള്‍ കണ്ടാല്‍ അതിനും അടികിട്ടും, തീര്‍ച്ച.

അമ്മ മായയെ വിളിച്ചു, ‘മുട്ട എടുത്തുകൊണ്ടു വാടീ‘ എന്നോ മറ്റോ, തീരെവയ്യാഞ്ഞിട്ടും മായ എണീറ്റു മുട്ട അമ്മയുടെ കയ്യില്‍ കൊണ്ടുകൊടുത്തു. കഴിയും വിധം മാന്യയായി അമ്മയുടെ കണ്ണില്‍ പെടാതെ സ്ഥലം വിട്ടു. പക്ഷെ, അമ്മ അറിഞ്ഞിരുന്നെകില്‍ വഴക്കു പറഞ്ഞിട്ടായാലും എന്തെങ്കിലും പ്രധിവിധികള്‍ ചെയ്‌തേനെ.


അന്ന്‌ തലയ്ക്കടിയേറ്റതുകൊണ്ടാകുമോ മിനിയുടെ ബ്രൈന്‍ നന്നായി വര്‍ക്ക്‌ ചെയ്യുന്നില്ല എന്ന തോന്നല്‍ ഇപ്പോഴും ഉണ്ട്‌. മറ്റുള്ളവര്‍ ചിന്തിക്കുന്നത്പോലെയല്ല. അല്‍പ്പം മാറി, തലതിരിഞ്ഞ്‌ ചിന്തകള്‍. ഒരു പക്ഷെ തലച്ചോര്‍ ആകെ ഒന്ന്‌ റീ അറേഞ്ജ് ചെയ്‌തു കാണും അന്ന്‌. കുട്ടിയായിരുന്നപ്പോള്‍ മുതിര്‍ന്നവരെപ്പോലെയും, പ്രായമായി വരുമ്പോള്‍ കുട്ടികളെപ്പോലെയും തലതിരിഞ്ഞ പ്രകൃതം.

കുട്ടികളെ ആവശ്യത്തിനും ആവ്ശ്യമില്ലാത്തതിനും ഒക്കെ ഭയപ്പെടുത്താതെ, കഴിവതും അവരുടെ കൂട്ടുകാരായി, അവര്‍ക്ക് ആവശ്യമില്ലാത്ത പ്രത്യേകതകളൊന്നും കൊടുക്കാതെ നാലുക്കൊപ്പം വളര്ത്തിയാല്‍ ഭാവിയില്‍ അവര്‍ക്കും നാലുക്കൊപ്പം ജീവിക്കാനാവും ഒരു പക്ഷെ...
[അമ്മുമ്മയുടെ കഥ ഇനിയും കുറച്ചുകൂടി ഉണ്ട്. ]

This entry was posted on 11:00 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments